ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം--അർത്ഥ സഹിതം
മഹാ ത്രിപുര സുന്ദരി ആയ ശ്രീ ലളിതാ പരമേശ്വരിയുടെ മാഹാത്മ്യത്തെയും രൂപത്തെയും ഭാവത്തെയും വർണ്ണിക്കുന്ന ആയിരം നാമങ്ങൾ ഉൾക്കൊണ്ടതാണ് ശ്രീ ലളിത സഹസ്ര നാമ സ്തോത്രം. ഈ പ്രപഞ്ചത്തിന്റെ കാരണം തന്നെ പരമാത്മാവ് ആണ്. ആ പരമാത്മാവ് തന്നിലെ ശക്തി ഉപയോഗിച്ചാണ് സൃഷ്ടി നടത്തുന്നത്. പരമാത്മാവിന്റെ ശക്തി സ്വരൂപമാണ് പരാശക്തി. ഇതേ പരാശക്തിയാണ് ലളിത പരമേശ്വരി ആയി അവതരിച്ചത്. കഥ ഇങ്ങനെ ആണ്. ദക്ഷ പ്രജാപതിയുടെ പുത്രി ആയിരുന്നല്ലോ സതി ദേവി. കാലാന്തരത്തിൽ ദക്ഷന് ശിവനിൽ ശത്രുത ഉണ്ടാകുന്നു. ശിവനെ അപമാനിക്കാൻ ദക്ഷൻ ഒരു യജ്ഞം നടത്തുന്നു. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന് ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെക്കുറിച്ച് യാഗത്തിനെത്തിയ എല്ലാവരുടെയും മുൻപിൽ ദോഷിച്ച് സംസാരിക്കുകയും ചെയ്യുന്നു. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ് എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു. ക്രോധത്താൽ ശിവൻ അയച്ച ഭൂതഗണങ്ങൾ ദക്ഷനെ വധിച്ചുവെങ്കിലും പ...