ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം--അർത്ഥ സഹിതം



മഹാ ത്രിപുര സുന്ദരി ആയ ശ്രീ ലളിതാ  പരമേശ്വരിയുടെ മാഹാത്മ്യത്തെയും രൂപത്തെയും ഭാവത്തെയും വർണ്ണിക്കുന്ന ആയിരം നാമങ്ങൾ ഉൾക്കൊണ്ടതാണ് ശ്രീ ലളിത സഹസ്ര നാമ സ്തോത്രം.

ഈ പ്രപഞ്ചത്തിന്റെ കാരണം തന്നെ പരമാത്മാവ് ആണ്. ആ പരമാത്മാവ് തന്നിലെ ശക്തി ഉപയോഗിച്ചാണ് സൃഷ്ടി നടത്തുന്നത്. പരമാത്മാവിന്റെ ശക്തി സ്വരൂപമാണ് പരാശക്തി. ഇതേ പരാശക്തിയാണ് ലളിത പരമേശ്വരി ആയി അവതരിച്ചത്.

കഥ ഇങ്ങനെ ആണ്.

ദക്ഷ പ്രജാപതിയുടെ പുത്രി ആയിരുന്നല്ലോ സതി ദേവി. 
കാലാന്തരത്തിൽ ദക്ഷന് ശിവനിൽ ശത്രുത ഉണ്ടാകുന്നു. ശിവനെ അപമാനിക്കാൻ ദക്ഷൻ ഒരു യജ്ഞം നടത്തുന്നു. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെക്കുറിച്ച് യാഗത്തിനെത്തിയ എല്ലാവരുടെയും മുൻപിൽ ദോഷിച്ച് സംസാരിക്കുകയും ചെയ്യുന്നു. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു. ക്രോധത്താൽ ശിവൻ അയച്ച ഭൂതഗണങ്ങൾ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിക്കുന്നു. ശ്രീ 
മഹാദേവൻ ധ്യാനത്തിൽ ലയിക്കുന്നു.  
ഈ സമയം താരകാസുരന്റെ ദ്രോഹങ്ങൾ സഹിക്കാൻ വയ്യാതെ ദേവന്മാർ മഹാ വിഷ്ണു വിനെ സമീപിക്കുന്നു. ശിവ പുത്രൻ മാത്രമേ തന്നെ വധിക്കാൻ പാടുള്ളു എന്ന് താരകാസുരൻ വരം വാങ്ങിയിരുന്നു. മഹാദേവൻ ധ്യാനത്തിലാണ്. സതീ ദേവി ഹിമവാന്റെ മകൾ പാർവതി ആയി പുനർജനിച്ചിരുന്നു. ദേവന്മാരുടെ അഭ്യർഥന മാനിച്ചു പാർവതി ദേവി  ഭഗവാനെ ശുശ്രൂ ഷിക്കാൻ വന്നു ചേർന്നു. കൂടെ  കാമദേവനും രതീദേവിയും അവിടെ എത്തി. ശ്രീ പരമേശ്വരൻ ധ്യാനത്തിൽ നിന്ന് ഉണർന്നു നോക്കുമ്പോൾ തന്റെ നേർക്ക് പുഷ്പ ബാണങ്ങൾ എയ്യുന്ന കാമദേവനെ കാണുന്നു. കോപാകുലനായി കാമദേവനെ ഭസ്മമാക്കുന്നു .

ശിവ കോപത്തിന് പാത്രമായ കാമദേവൻ ചാരമാകുന്നു. ചിത്രകാമൻ എന്ന ശിവ ഗണം ആ ചാരം കൊണ്ട് ഒരു മനുഷ്യ രൂപം 
ഉണ്ടാക്കി. ശ്രീ മഹാദേവൻ അതിലേക്കു നോക്കിയപ്പോൾ ആ ചാരത്തിന് ജീവൻ വച്ചു. ഇതാണ് ഭണ്ഡാസുരൻ.  ഭഗവാന്റെ കോപിച്ചിരിക്കുന്ന സമയത്തു ജനിച്ചതിനാൽ അത് അസുരൻ ജന്മം ആയി തീർന്നു.  ഭണ്ഡാസുരൻ    ശതരുദ്രീയം ചൊല്ലി മഹാദേവനെ സ്തുതിച്ചപ്പോൾ ശ്രീ പരമേശ്വരൻ അറുപതിനായിരം വർഷം സ്വർഗ്ഗാധിപത്യം നൽകി അനുഗ്രഹിക്കുന്നു. അഹങ്കാരി ആയി തീർന്ന  ഭണ്ഡാസുരൻ ദേവന്മാരേയും മഹർഷിമാരെയും ദ്രോഹിക്കുന്നു

അപ്പോൾ നാരദ മഹർഷി യാഗം ചെയ്തു ദേവിയെ പ്രീതി പ്പെടുത്താൻ ഉപദേശിക്കുന്നു. അങ്ങനെ യാഗം ചെയ്തപ്പോൽ യാഗാഗ്നിയിൽ നിന്ന് ദേവി ഉദ്ഭവിച്ചു ഒരു കന്യകയ്ക്ക് അസുരനെ വധിക്കാൻ പ്രയാസം ആയതിനാൽ ദേവി ഒരു വരണ മാല്യം ആകാശത്തേക്ക് എറിഞ്ഞു എന്നും അത് ശ്രീ പരമേശ്വരന്റെ കഴുത്തിൽ വീണു. പിന്നീട്  നാലു ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ ദേവി ഭണ്ഡാസുരനെ വധിക്കുന്നു. ദേവന്മാരുടെ പ്രാർഥന സ്വീകരിച്ചു കാമ ദേവനെ പുനരുജ്ജീവിപ്പിക്കുന്നു. എന്നിട്ട് മഹാമേരുവിന്റെ ശിഖരത്തിൽ വിശ്വകർമ്മാവിനാലും മയനാലും നിർമിതമായ ശ്രീ പുരത്തിൽ ചിന്താമണി എന്ന ഗൃഹത്തിൽ വസിക്കുന്നു എന്നാണ് സങ്കല്പം.

ഇനി ലളിത സഹസ്ര നാമം ഉദ്ഭവിച്ചതിന്റെ കഥ ഇങ്ങനെ ആണ്:

ബ്രഹ്മ പുരാണത്തിലാണ് ഇതിനെ ക്കുറിച്ച് ഉള്ള വർണന കാണുന്നത്. ശ്രീ മഹാ വിഷ്ണു വിന്റെ അവതാരം ആയ ഹയഗ്രീവ ഋഷി അഗസ്ത്യ മഹർഷിക്കു ഉപദേശിച്ചു കൊടുത്തതാണ് ലളിത സഹസ്ര നാമം.

ലളിത പരമേശ്വരി തന്നെ കാമേശ്വരി തുടങ്ങിയ വാഗ് ദേവത മാരോട് തന്റെ ഭക്തന്മാർക്ക് ജപിക്കാനും ദേവിയെ അനുഭവ വേദ്യമാകാനും വേണ്ടി  ലളിത സഹസ്ര നാമം എഴുതാൻ ആവശ്യപ്പെട്ടു എന്നും അങ്ങനെ ഉണ്ടായതാണ് ദിവ്യ മന്ത്രങ്ങൾ അടങ്ങിയ ലളിത സഹസ്ര നാമം എന്നും പറയപ്പെടുന്നു.

ലളിത പരമേശ്വരി തന്നെ സിംഹസനത്തിൽ ഇരുന്ന് കൊണ്ട് മറ്റെല്ലാ ദേവി ദേവന്മാരെയും സാക്ഷി നിർത്തി വശിന്യാദി വാഗ് ദേവത മാരോട് ലളിത സഹസ്ര നാമം പാരായണം ചെയ്യാൻ ആവശ്യപ്പെടുന്നു. സന്തുഷ്ടയായ ദേവി വാശിന്യാദി വാഗ് ദേവത മാരാണ് ഈ സ്തോത്രം രചിച്ചത് എന്നും ഇത് ചൊല്ലുന്ന ഭക്തന്മാരുടെ എല്ലാ അഭീഷ്ടങ്ങളും താൻ സാധിച്ചു കൊടുക്കുമെന്നും ദേവി ഉറപ്പ് നൽകുന്നു. അത്രയ്ക്ക് മഹത്വം ഏറിയതാണ് ലളിത സഹസ്ര നാമം. 

ഏറ്റവും കൂടുതൽ ആളുകൾ ചൊല്ലുന്ന സ്തോത്രവും ഇത് തന്നെ.
സാമാന്യമായ അർഥം മനസിലാക്കി ജപിച്ചാൽ സ്വർണത്തിനു സുഗന്ധം വന്നതു  പോലെ ഏറെ ഹൃദ്യമായ അനുഭവം ആവുകയും ദേവി നമ്മുടെ ഉള്ളിൽ വന്നു നിറയുകയും ചെയ്യും.


ന്യാസഃ 

 അസ്യ ശ്രീലളിതാസഹസ്രനാമസ്തോത്രമാലാ മന്ത്രസ്യ വശിന്യാദിവാഗ്ദേവതാ ഋഷയഃ അനുഷ്ടുപ് ഛന്ദഃ 
 ശ്രീലളിതാപരമേശ്വരീ ദേവതാ 
 ശ്രീമദ്വാഗ്ഭവകൂടേതി ബീജം മധ്യകൂടേതി ശക്തിഃ 
 ശക്തികൂടേതി കീലകം ശ്രീലളിതാമഹാത്രിപുരസുന്ദരീ-
പ്രസാദസിദ്ധിദ്വാരാ ചിന്തിതഫലാവാപ്ത്യർഥേ ജപേ വിനിയോഗഃ 

 ധ്യാനം 

 സിന്ദൂരാരുണ വിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്‌ഫുരത്‌- താരാനായകശേഖരാം സ്മിതമുഖീ- മാപീനവക്ഷോരുഹാം
പാണിഭ്യാമളി പൂര്‍ണ്ണരത്നചഷകം രക്തോത്‌പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത്‌ പരാമംബികാം. 1

ചുമന്ന സിന്ദൂരത്തിന്റെ നിറമാണ് ദേവിയുടെ ശരീരം. മൂന്നു കണ്ണുകൾ ആണ് ദേവിക്ക് ഉള്ളത്. മൂന്നാമത്തേത് ജ്ഞാന ദൃഷ്ടിയാണ്. ദേവി ശിരസിൽ രത്നം പതിപ്പിച്ച കിരീടം ധരിച്ചിരിക്കുന്നു. ആ കിരീടത്തിൽ ചന്ദ്രക്കല തിളങ്ങുന്നു. തന്റെ മക്കളെ നോക്കി പുഞ്ചിരിയോടെ ദേവി ഇരിക്കുന്നു. ദേവിയുടെ നിറഞ്ഞ മാറിടം തന്റെ മക്കൾക്കായി വാത്സല്യം ചുരത്താൻ വെമ്പി നിൽക്കുന്നു. അത്രയ്ക്ക് സ്നേഹവും കാരുണ്യവും ആണ് ദേവിക്ക് ഉള്ളത്. ദേവിയുടെ രണ്ടു കൈകളിലും രത്നം പതിപ്പിച്ച മധു പാത്രം അതിൽ നിന്ന് തേൻ നുകരാൻ വണ്ടുകൾ കാത്തു നിൽക്കുന്നു. ദേവിയുടെ കൈകൾ ചെന്താമരപ്പൂവ് പോലെ ആണ്. അതിന്റെ സുഗന്ധം നുകരാൻ കൂടെ ആണ് വണ്ടുകൾ വന്നിരിക്കുന്നത്. സൗമ്യ ഭാവത്തിലാണ് ദേവി ഇരിക്കുന്നത്. മൃദുവായ ആ ദേവീ പാദങ്ങൾ രത്ന ഖചിതമായ ഒരു കുടത്തിനു മുകളിൽ ആണ് വച്ചിരിക്കുന്നത്.

 ധ്യായേത്‌ പദ്‌മാസനസ്‌ഥാം വികസിതവദനാം പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്‌-ഹേമപദ്‌മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമുര്‍ത്തിം സകലസുരനുതാം സര്‍വ്വസമ്പദ്‌പ്രദാത്രീം 2

താമരപ്പൂവിലാണ് ദേവി ഇരിക്കുന്നത്. ദേവിയുടെ മുഖം ചന്ദ്ര ബിംബം പോലെ വികസിച്ചു നിൽക്കുന്നു. ദേവി പുഞ്ചിരിക്കുന്നു എന്ന് സാരം. വിടർന്ന താമരയിതൾ പോലെ മനോഹരമായ ദേവിയുടെ കണ്ണുകൾ എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്നു. ഇത് ഭക്തന്മാരെ കാത്തു രക്ഷിക്കാൻ ആയിട്ടാണ് എന്ന് വർണിക്കുന്നു. സുവർണ്ണ ശോഭ പരത്തുന്നതാണ് ദേവിയുടെ വസ്ത്രം. കൈകളിൽ സ്വർണ താമരപ്പൂവ് പിടിച്ചിരിക്കുന്നു. അങ്ങനെ സർവ അലങ്കാരങ്ങളും ഉള്ള എപ്പോഴും അഭയം ഏകുന്ന ഭക്തന്മാരാൽ നമിക്കപ്പെടുന്ന ഭവാനിയുമാണ് ദേവി. സകല വിദ്യകളുടെയും ഇരിപ്പിടമാണ് ദേവി. ശാന്ത പ്രകൃതിയിൽ ദേവി വിരാജിക്കുന്നു. എല്ലാ ദേവീ ദേവന്മാരും അവിടുത്തെ വന്ദിക്കുന്നു. തന്നെ ഭജിക്കുന്നവർക്ക് എല്ലാ ഐശ്വര്യങ്ങളും ദേവി പ്രദാനം ചെയ്യുന്നു. സമ്പത്ത് എത്ര ഉണ്ടായാലും സന്തോഷം ഉണ്ടാകണം എന്നില്ല. തൃപ്തി എന്ന ഭാവം അത് ഉണ്ടെങ്കിലേ സന്തോഷം ഉണ്ടാകൂ. ആ ഭാവം വളരണം എങ്കിലും ദേവി അനുഗ്രഹിച്ചാൽ മാത്രമേ ലഭിക്കൂ. അങ്ങനെ ഒക്കെ ഉള്ള ദേവിയെ ഞാൻ ധ്യാനിക്കുന്നു


സകുങ്കുമ വിലേപനാമലികചുംബി കസ്തൂരികാം
സമന്ദ ഹസിതേക്ഷണാം സശര ചാപ പാശാങ്കുശാം |
അശേഷജന മോഹിനീം അരുണ മാല്യ ഭൂഷാംബരാം 
 ജപാകുസുമ ഭാസുരാം ജപവിധൗ സ്മരേ ദംബികാം ||

ദേവി തിരു നെറ്റിയിൽ ചുമന്ന കസ്തുരി തിലകം അണിഞ്ഞിരിക്കുന്നു. അതിന്റെ സുഗന്ധം നുകരാൻ എന്ന വണ്ണം വണ്ടുകൾ കാത്തു നിൽക്കുന്നു. ദേവി സദാ പുഞ്ചിരി തൂകിക്കൊണ്ടിരിക്കുന്നു. ദേവിയുടെ കൈകളിൽ ശരം, ചാപം, കയറ്,  തോട്ടി എന്നീ ആയുധങ്ങൾ ആണ് ഉള്ളത്. ദേവിയുടെ കയ്യിലെ സ്നേഹ പാശം ആരൊക്കെ തമ്മിൽ അ ടുക്കണം എന്ന് ഉണ്ടോ അപ്പോൾ അവർക്കിടയിൽ ദേവി ഈ സ്നേഹപാശം പ്രയോഗിക്കുന്നു അങ്ങനെ നമ്മുടെ വികാരങ്ങൾ എല്ലാം ദേവിയുടെ അധീനത്തിലാണ്. ദേവി പ്രസാദിച്ചാൽ മാത്രമാണ് നമുക്ക് മറ്റുള്ളവരോട് നന്നായി പെരുമാറാൻ കഴിയൂ.

കാമദേവനെ പ്പോലെ പുഷ്പ ബാണങ്ങൾ ആണ് ദേവിയുടെ കയ്യിൽ ഉള്ളത്. ദേവിയുടെ കഴുത്തിലെ ചെമ്പരത്തിയുടെ നിറമുള്ള ചുമന്ന മാല സകല ജനങ്ങളെയും ആകർഷിച്ചു നിർത്തുന്നു.



അരുണാം കരുണാ തരംഗിതാക്ഷീം 
ധൃത പാശാങ്കുശ പുഷ്പ ബാണചാപാം | 
അണിമാദിഭി രാവൃതാം മയൂഖൈ:
അഹമിത്യേവ വിഭാവയേ ഭവാനീം ||

അരുണ വർണത്തിലുള്ള ആ അമ്മയുടെ കണ്ണുകളിൽ നിന്ന് കരുണാ തരംഗം പ്ര വഹിക്കുകയാണ്. തന്റെ മക്കളോട് ഉള്ള സ്നേഹം ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നു. ദേവി കയ്യിൽ പാശം, അങ്കുശം, പുഷ്പ ബാണങ്ങൾ എന്നിവ പിടിച്ചിരിക്കുന്നു. അണിമ, ഗരിമ, ലഘിമ, മഹിമ ഈശിത്വം, വശിത്വം പ്രാപ്തി പ്രാകാശം എന്നീ അഷ്ട ഐശ്വര്യങ്ങൾ ദേവിയെ വലയം ചെയ്തു നിൽക്കുന്നു. ഞാൻ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ദേവി എന്നിൽ വന്നു നിറയണേ.

സ്തോത്രം

 

 ഓം ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമത്‌ സിംഹാസനേശ്വരീ ചിദഗ്നികുണ്ഡസംഭുതാ ദേവകാര്യസമുദ്യതാ   1

 ശ്രീമാതാ: സഹസ്ര നാമം തുടങ്ങുന്നത് തന്നെ അമ്മേ എന്ന് വിളിച്ചു കൊണ്ടാണ്. ശ്രീ ലളിതാ പരമേശ്വരി ലോകത്തിനു തന്നെ മാതാവാണ്അമ്മയുടെ മഹത്വം അത്രക്ക് വലുതാണ്. എല്ലാ ജീവ ജാലങ്ങൾക്കും ഏറ്റവും പ്രീയപ്പെട്ടത്  ജീവൻ പകുത്തു നൽകുന്ന അമ്മ തന്നെ ആണ്മാതാവാണ് സൃഷ്ടിക്ക് കാരണം ആകുന്നത്. അത് കൊണ്ട് തന്നെ ലോകത്തു ആരും അനാഥരാകുന്നില്ല. അങ്ങനെ തോന്നിയാലും ആരെങ്കിലും അവരുടെ സംരക്ഷണം ഏറ്റെടുക്കാൻ ഉണ്ടാകും. അങ്ങനെ പരമാത്മവായ ഭഗവാനെ അറിയുന്നതിലും എളുപ്പമാണ് ദേവിയോട് പ്രാർത്ഥിച്ചു മഹാദേവനെ പ്രസാദിപ്പിക്കുന്നത്.

 

 

 

ശ്രീമഹാരാജ്ഞി : ദേവി അമ്മ ആയി സ്‌നേഹിക്കുമ്പോൾ തന്നെ നമ്മെ നിയന്ത്രിക്കുന്ന മഹാ രാജ്ഞി കൂടെ ആണ്. കുട്ടികളെ നേർ വഴിക്ക് കൊണ്ട് പോകാൻ പലപ്പോഴും അമ്മമാർക്ക് അവരെ നിയന്ത്രിക്കേണ്ടിയും വരും. സ്ഥിതി അഥവാ സംരക്ഷണം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.

 

 

 

 

 

 

 

 

 

ശ്രീമത് സിംഹാസനേശ്വരി: മഹാ രാജ്ഞി എപ്പോഴും സിംഹാസനത്തിലാണ് ഇരിക്കുക.  മഹിഷാസുര നിഗ്രഹത്തിനു പോകുമ്പോൾ സിംഹമായിരുന്നു ദേവിയുടെ വാഹനം. സിംഹാരൂഢയായ ദേവിക്ക് എല്ലാം തൻറെ ഉള്ളിലേക്ക് എടുക്കാനും കഴിവുണ്ട്. അപ്പോളാണ് ഇവിടെ പ്രളയം സംഭവിക്കുന്നത്. സൃഷ്ടി സ്ഥിതി സംഹാരം മൂന്ന് പ്രവൃർത്തികളും ദേവിയുടെ അധീനതയിൽ ആണ് എന്ന് സാരം.

 

ചിദഗ്നികുണ്ഠ സംഭൂത: കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയിൽ നിന്നാണ് ദേവി ഉദ്ഭവിച്ചത്. ഇത് സ്ഥൂലാർഥം ആണ്. എപ്പോളാണോ സാധകൻ   ഹൃദയം ചുട്ടു പ്രാർത്ഥിക്കുന്നത് അപ്പോളാണ് ദേവി പ്രത്യക്ഷപ്പെടുക. എന്ന് സൂക്ഷ്മാർഥം എടുക്കാം. ദേവിയെ ലഭിക്കാൻ നിർമലമായ ഹൃദയത്തോടെ പ്രാർത്ഥിച്ചാൽ മതിയാകും എന്ന് സാരം.

 

ദേവ കാര്യ സമുദ്യത: ദേവന്മാരുടെ പ്രാർഥന സ്വീകരിച്ചിട്ടാണ് ദേവി അവതരിച്ചത്. ദേവ ശബ്ദം തന്നെ മഹത്തായത് എന്നാണ് അർത്ഥം. ദേവന്മാർക്ക് എല്ലാ സഹായങ്ങളും നൽകുന്നത് എപ്പോഴും ദേവി ആണ്.


ഉദ്യദ്ഭാനുസഹസ്രാഭാ ചതുർബാഹുസമന്വിതാ

 രാഗസ്വരൂപപാശാഢ്യാ ക്രോധാകാരാംകുശോജ്വലാ 2

 ഉദ്യദ്: ഉദിച്ചുയർന്നു 

ഭാനു: സൂര്യൻ 

സഹസ്രം: ആയിരം 

ആഭ: ശോഭ 

രാഗം: സ്നേഹം 

പാശം:കയറ് 

അങ്കുശം: തോട്ടി 

 

 

ഉദ്യദ്ഭാനുസഹസ്രാഭാ ചതുർബാഹുസമന്വിതാ യാഗാഗ്നിയിൽ നിന്ന് ആയിരം സൂര്യന്മാർ ഒന്നിച്ചു ഉദിച്ചു ഉയരുന്ന പ്രഭയോടെ നാലു കൈകളോടു കൂടിയ ദേവി പ്രത്യക്ഷ യായി.  

 

 

രാഗസ്വരൂപപാശാഢ്യാദേവിയുടെ കയ്യിലുള്ളത് സ്നേഹപാശം ആണ്. സ്നേഹം കൊണ്ട് മാത്രമേ ഒരാളിനെ അനുസരിപ്പിക്കാൻ  കഴിയുകയുള്ളൂ. ദേവി സർവം സഹ ആണ്. ദേവി സ്നേഹ പാശം കൊണ്ട് എല്ലാവരേയും പരസ്പരം  ബന്ധിപ്പിച്ചിരിക്കുന്നു

 

ക്രോധാകാരാംകുശോജ്വലാ: ഇനി ക്രോധം വന്നാൽ അമ്മ കയ്യിലുള്ള തോട്ടി കൊണ്ട് നമ്മെ നിയന്ത്രിച്ചു നിർത്തുന്നു. നമ്മുടെ വികാരങ്ങൾ എല്ലാം ദേവിയുടെ നിയന്ത്രണത്തിൽ ആണ്  അങ്ങനെ ഉള്ള അമ്മയെ ഉപാസിച്ചാൽ നമ്മുടെ വികാരങ്ങൾ നിയന്ത്രിക്കാൻ വാത്സല്യ നിധി ആയ അമ്മ നമ്മെ സഹായിക്കും

 

 

 

 

 

 

 

മനോരൂപേക്ഷുകോദണ്ഡാ പഞ്ചതന്മാത്രസായകാ

നിജാരുണപ്രഭാപുരമജ്ജദ്‌ ബ്രഹ്മാണ്ഡമണ്ഡലാ 3

 

 

മനം: മനസ് 

ഇക്ഷു :കരിമ്പ് 

കോദണ്ഡം : വില്ല് 

നിജ :തന്റെ 

അരുണ: ചുമന്ന നിറം

മജ്ജത് : മയങ്ങി പോകുന്നു 

 

 

മനോരൂപേക്ഷുകോദണ്ഡാ: മനസ് ആകുന്ന കരിമ്പു വില്ല് ആണ് ദേവി യുടെ കയ്യിൽ ഉള്ളത്

പഞ്ചതന്മാത്രസായകാ: പഞ്ചേന്ദ്രിയങ്ങൾ ആണ് അതിലെ അസ്ത്രങ്ങൾ. ശബ്ദം  സ്പർശം  രൂപം,  രസം,  ഗന്ധം എന്നിവയാണ് പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് നാം അനുഭവിക്കുന്ന വികാരങ്ങൾ. അതായത് നമ്മുടെ ചിന്ത വാക്ക് പ്രവൃത്തി എല്ലാം ദേവിയുടെ നിയന്ത്രണത്തിലാണ്. അപ്പോൾ അവയെ നിയന്ത്രിക്കാൻ ദേവിയെ ഉപാസിച്ചാൽ മതിയാകും.

നിജാരുണപ്രഭാപുരമജ്ജദ്‌ ബ്രഹ്മാണ്ഡമണ്ഡലാ: ദേവി യുടെ അരുണ വർണത്തിൽ സമസ്ത ബ്രഹ്മാണ്ഡവും ആകർഷിക്കപ്പെടുന്നു. സമസ്ത ലോകവും ഒരു വീട് ആയി സങ്കല്പിച്ചാൽ  അവിടുത്തെ വാത്സല്യ നിധി ആയഎല്ലാവരെയും ഒരുമിപ്പിച്ചു നിർത്തുന്ന അമ്മ ആണ്  ശ്രീ ലളിതാ പരമേശ്വരി എന്ന് സാരം.


ദേവിയുടെ കയ്യിലെ കരിമ്പ് വില്ല് ഭക്തരുടെ മനസും പഞ്ചേന്ദ്രിയങ്ങൾ അതിലെ അസ്ത്രങ്ങളും ആണ്. അതായത് വികാരങ്ങൾ നിയന്ത്രിക്കാൻ ദേവിയെ ഉപാസിക്കണം. അമ്മയുടെ അരുണ വർണത്തിൽ സമസ്ത ബ്രഹ്മാണ്ഡവും ആകർഷിക്കപ്പെടുന്നു. ഈ ലോകം ഒരു കുടുംബമാണെങ്കിൽ അവിടുത്തെ വാത്സല്യ നിധി ആയ എല്ലാവരെയും ഒരുമിപ്പിച്ചു നിർത്തുന്ന ജഗത് ജനനി ആണ് ശ്രീ മഹാ ദേവി.

 ചമ്പകാശോകപുന്നാഗസൗഗന്ധിക ലസത്‌ കചാ

കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിതാ : 4

 ലസത് :-  അലങ്കരിക്കുക 

കചാ:-   കേശം (തലമുടി )

കുരുവിന്ദം: മാണിക്യം 

മണി: രത്‌നം 

ശ്രേണി: നിര (കൂട്ടം)

കോടീരം: കിരീടം 

മണ്ഡിതാ: അലങ്കരിക്കപ്പെട്ട

ചമ്പകാശോകപുന്നാഗസൗഗന്ധിക ലസത്‌ കചാചമ്പകം അശോകം പുന്നാഗം സൗഗന്ധികം എന്നീ പൂക്കൾ ചൂടി സുഗന്ധം വമിക്കുന്ന കേശമാണ് ദേവിയുടേത്. അമ്മയെ ഓർക്കുമ്പോൾ സുഗന്ധം ആണ് മക്കൾക്ക് ഓർമ വരിക.

കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിതാ :: മാണിക്യ രത്‌ന നിരയാൽ മനോഹര മാക്കിയ സ്വർണ്ണ കിരീടം ദേവി ധരിച്ചിരിക്കുന്നു

അഷ്‌ടമീചന്ദ്ര വിഭ്രാജദ്  അളികസ്ഥലശോഭിതാ

മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേഷകാ 5 

അഷ്ടമി : എട്ടാം ദിവസം 

അളികസ്ഥലം : നെറ്റിത്തടം 

വിശേഷകാ: ചന്ദനക്കുറി 

മൃഗനാഭി:കസ്തൂരി 


അഷ്‌ടമീചന്ദ്ര വിഭ്രാജദ്  അളികസ്ഥലശോഭിതാ: അഷ്ടമി ദിവസത്തെ ചന്ദ്രൻ (അർദ്ധ വൃത്താകൃതി) എങ്ങനെ ആണോ അത് പോലുള്ള നെറ്റിത്തടം ആണ് ദേവിക്ക് ഉള്ളത്

മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേഷകാ: എപ്പോഴും ദേവീ ദേവന്മാരുടെ മുഖം ചന്ദ്രനോടാണ് ഉപമിക്കുന്നത്. ചന്ദ്രൻ എപ്പോഴും കുളിർ മയാണ് പ്രദാനം ചെയ്യുന്നത്. ഒപ്പം അതിയായ സൗന്ദര്യവും കാണാം. അതായത് ദേവിയുടെ മുഖത്തു നോക്കിയാൽ എല്ലാ ദുഃഖങ്ങളും അകന്നു പോകും എന്ന് സാരം.   അവിടെ കസ്തൂരി   കൊണ്ട് തിലകം ചാർത്തിയിരിക്കുന്നുഅതിനു മുകളിലെ തിരു നെറ്റിക്കുറി ചന്ദ്രന്റെ മുഖത്തെ കളങ്കം പോലെ ശോഭിക്കുന്നു. ഇവിടെ അത് ഒരു അലങ്കാരമാണ്.

 വദനസ്മരമാംഗല്യഗൃഹതോരണചില്ലികാ

വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ 6

 വദനം : മുഖം 

സ്മരൻ : കാമദേവൻ 

ചില്ലിക : പുരികക്കൊടി 

വക്ത്രം : മുഖം 

പരീവാഹം : പ്രവഹിക്കുന്നത് പോലെ 

ചലൻ : ഇളകിക്കൊണ്ടിരിക്കുന്നു 

മീനം    : മത്സ്യങ്ങൾ 


 

 വദനസ്മരമാംഗല്യഗൃഹതോരണചില്ലികാ:  കാമ ദേവന്റെ മംഗള ഭവനത്തിനു മുന്നിൽ ചാർത്തിയ അർദ്ധ വൃത്താകൃതി ഉള്ള കമാനം പോലെ ആണ് ദേവിയുടെ പുരികക്കൊടികൾ. ദേവിയുടെ മുഖം കാമദേവന്റെ മംഗള ഭവനം പോലെ അതി സുന്ദരമാണ്. അവിടെ തോരണം ചാർത്തിയത് പോലെ നല്ല ആകൃതിയിലുള്ള  പുരികക്കൊടി കളോട് കൂടിയ ദേവി.  

 

വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ ദേവിയുടെ മുഖം ഐശ്വര്യ പൂർണമാണ്. സൗന്ദര്യമാകുന്ന നദിയിൽ പിടക്കുന്ന മീനുകൾ പോലെ ആണ് ദേവിയുടെ കണ്ണുകൾ.   അമ്മ തന്റെ ഭക്തരെ ഇട തടവില്ലാതെ കടാക്ഷിക്കുന്നു എന്ന് സാരം

 

കുഞ്ഞുങ്ങൾ പറഞ്ഞില്ല എങ്കിലും അവരുടെ ആവശ്യങ്ങൾ അമ്മമാർ അറിഞ്ഞു ചെയ്തു കൊടുക്കുന്നു. ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ എന്ത് ചെയ്യുമ്പോഴും അമ്മയുടെ കണ്ണുകൾ കുട്ടിയുടെ നേരെ ആയിരിക്കുംഅതുപോലെ  ജഗത് ജനനി ആയ ശ്രീ ലളിത ദേവി തന്റെ മക്കൾക്ക് ചുറ്റും ദൃഷ്ടി പായിച്ചു കൊണ്ട് അവരെ കാത്ത് രക്ഷിക്കുന്നു  എന്ന് അർഥമെടുക്കാം

നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിതാ

താരാകാന്തിതിരസ്‌കാരിനാസാഭരണഭാസുരാ

 നാസാദണ്ഡം: മൂക്ക് 

താരം: നക്ഷത്രം 

തിരസ്‌കാരി: തിരസ്കരിക്കപ്പെടും 

ഭാസുരം: ഭംഗി 

 

നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിത:  പുതുതായി  വിടർന്ന ചെമ്പക പ്പൂവിന്റെ ശോഭയെ വെല്ലുന്നതാണ്  ദേവിയുടെ മൂക്ക്.

താരാകാന്തിതിരസ്‌കാരിനാസാഭരണഭാസുരാദേവിയുടെ മൂക്കുത്തിയുടെ തിളക്കത്തിനു മുന്നിൽ നക്ഷത്രങ്ങളുടെ ശോഭ പോലും നിഷ്പ്രഭമാകും.

ഏറ്റവും തിളക്കം ഉള്ളത് നക്ഷത്രങ്ങൾക്ക് ആണ്. അതിനേക്കാൾ ഭംഗി ഉള്ള മൂക്കുത്തി ധരിച്ചു സുന്ദരി ആയ ദേവി. നമ്മൾ ജപിക്കുമ്പോൾ ഇതൊക്കെ മനസ്സിൽ കൊണ്ടു വന്നാൽ ആസ്വദിച്ച് ജപിക്കാൻ കഴിയും.

 

കദംബമഞ്ജരീക്ലിപ്ത കർണ്ണപൂരമനോഹരാ

താടങ്കയുഗളീഭുതതപനോഡുപമണ്ഡലാ 8

കദംബം: കടമ്പിൻ പൂവ് 

ക്ലിപ്തം : ചാർത്തപ്പെട്ട 

താടങ്കം --തോടകൾ (കമ്മലുകൾ

തപനമണ്ഡലം -സൂര്യ മണ്ഡലം 

ഉഡുപ മണ്ഡലം: ചന്ദ്ര മണ്ഡലം 

 

കദംബമഞ്ജരീക്ലിപ്ത കർണ്ണപൂരമനോഹരാ : കാതിനു മുകളിലായി കടമ്പിൻ പൂവ് ധരിച്ചിരിക്കുന്നു. അങ്ങനെ മനോഹരമായ കാതുകൾ ഉള്ള ദേവിപണ്ട് സ്ത്രീകൾ കാതിന് മുകളിൽ പൂവ് ചൂടുന്ന സമ്പ്രദായം ഉണ്ടായിരുന്നു, അതാണ് ഇവിടെ ഓർമ്മിക്കുന്നത്

 താടങ്കയുഗളീഭുതതപനോഡുപമണ്ഡലാ :  ദേവി യുടെ കമ്മലുകൾ സൂര്യനും ചന്ദ്രനും ആണ്. അത് കൊണ്ട് തന്നെ അവയുടെ ശോഭ അവർണനീയമാണ്.

 പദ്‌മരാഗശിലാദർശപരിഭാവികപോല ഭൂ :

നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ 9

ആദർശം: കണ്ണാടി 

പരിഭാവി: പരാജയപ്പെടുത്തും 

വിദ്രുമം: പവിഴം  

ന്യക്കാരി: തർക്കിക്കുക 

രദനം: ചുണ്ടുകൾ 

 

 പദ്‌മരാഗശിലാദർശപരിഭാവികപോല ഭൂ :: പദ്മരാഗം എന്ന രത്‌ന ക്കല്ല് ഉരച്ചു ഒരു കണ്ണാടി ആക്കി മാറ്റിയാൽ എത്ര തിളക്കം ഉണ്ടാകുമോ അതിനും മീതെയാണ് ദേവിയുടെ കവിൾ ത്തടത്തിന്റെ തിളക്കം. പത്മരാഗം എന്ന കല്ല് ധരിച്ചാൽ എല്ലാ ഐശ്വര്യവും ഹരി ഭക്തിയും ഉണ്ടാകും എന്നാണ് സങ്കൽപം.


നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ : ഇപ്പോൾ ഉണ്ടാക്കിയ  പവിഴത്തിന്റെ ഐശ്വര്യ ത്തിനേക്കാൾ കാന്തി ഏറിയ ചുണ്ടുകൾ ഉള്ള  ശ്രീ ലളിത പരമേശ്വരി

ചെന്തൊണ്ടി പ്പഴം പോലെ ചുമന്ന ചുണ്ടുകൾ ആണ് ദേവിയുടേത്എപ്പോഴും ദേവീ ദേവന്മാരുടെ ചുണ്ടുകളെ തൊണ്ടിപ്പഴത്തിനോട് ആണ് ഉപമിക്കാറ്.


പദ്‌മരാഗശിലാദർശപരിഭാവികപോല ഭൂ :

നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ 9

പദ്മരാഗ ക്കല്ല് കൊണ്ട് ഉണ്ടാക്കിയ കണ്ണാടിയെക്കാൾ തിളക്കമുണ്ട് അമ്മയുടെ കവിൾത്തടങ്ങൾക്ക്. പത്മരാഗം എന്ന കല്ല് ധരിച്ചാൽ എല്ലാ ഐശ്വര്യവും ഹരി ഭക്തിയും ഉണ്ടാകും എന്നാണ് സങ്കൽപംഇപ്പോൾ ഉണ്ടാക്കിയ  പവിഴത്തിന്റെ ഐശ്വര്യ ത്തിനേക്കാൾ കാന്തി ഏറിയ ചുണ്ടുകൾ ആണ് അമ്മയുടേത്.

 ശുദ്ധവിദ്യാംകുരാകാരദ്വിജപങ്‌ക്തിദ്വയോജ്വലാ

കർപ്പൂരവീടികാമോദസമാകർഷദ്ദിഗന്തരാ 10

ശുദ്ധവിദ്യ: ശ്രീവിദ്യ (ഷോഡശ വിദ്യ)--16 അക്ഷരങ്ങൾ ഉള്ള മന്ത്രം 

വീടിക: താംബൂലം 

ആമോദം: സന്തോഷം 

  ശുദ്ധവിദ്യാംകുരാകാരദ്വിജപങ്‌ക്തിദ്വയോജ്വലാ: ദേവിയുടെ ദന്ത നിര കണ്ടാൽ ശ്രീവിദ്യ ആണോ മുളച്ചു വരുന്നത് എന്ന് സംശയിച്ചു പോകും. അത്ര അഴക് ആണ് ദേവിയുടെ പല്ലുകൾക്ക്ഒരു വരിയിൽ പതിനാറു പല്ലുകൾ ആണല്ലോ. അത് പോലെ ഷോഡശ വിദ്യക്കും പതിനാറ് അക്ഷരങ്ങൾ ആണ് ഉള്ളത്. ശ്രീ വിദ്യാ ഉപാസകരുടെ ഉള്ളിൽ അത്  പ്രകാശത്തോടെ ഇരിക്കും  എന്നാണ് പറയാറ്. അതു പോലെ തിളക്കമേറിയതു ആണ് ദേവിയുടെ പല്ലുകൾ എന്ന് സൂചിപ്പിക്കുന്നു. രണ്ട് തവണ വരുന്നത് കൊണ്ടാണ് പല്ലുകൾക്ക് ദ്വിജം എന്ന പേര് വന്നത്

 കർപ്പൂരവീടികാമോദസമാകർഷദ്ദിഗന്തരാ : ഏലക്ക, ഇലവങ്ഗം, കസ്തൂരി, കർപ്പൂരം, ജാതിക്ക, ജാതി പത്രി, ചുക്ക്, ചുണ്ണാമ്പ്, മാതള അല്ലി, നാളികേരം, അടക്ക, കുരുമുളക്കൃഷ്ണതുളസി എന്നിവ അടങ്ങിയ വെറ്റില ചുരുൾ ആണ് ദേവി മുറുക്കുന്നത്. അങ്ങനെ ആമോദത്തിൽ ഇരിക്കുന്ന ദേവി, അപ്പോൾ ഉണ്ടാകുന്ന സുഗന്ധത്തിൽ എല്ലാ ദിക്കുകളും ദേവിയിലേക്ക് ആകർഷിക്കപ്പെടുന്നു.


ശുദ്ധവിദ്യാംകുരാകാരദ്വിജപങ്‌ക്തിദ്വയോജ്വലാ

കർപ്പൂരവീടികാമോദസമാകർഷദ്ദിഗന്തരാ 10

ശുദ്ധ വിദ്യയുടെ മുളകളുടെ ആകാരത്തിലുള്ള രണ്ടു വരി ദന്ത നിരയുള്ള ദേവി. ശ്രീ വിദ്യ ദേവിയുടെ മുഖത്തു നിന്നാണ് ഉത്ഭവിക്കുന്നത്.  16 സുഗന്ധ ദ്രവ്യങ്ങൾ ചേർന്ന കർപ്പൂര വീടിക എന്ന വെറ്റില ചുരുൾ ആണ് ദേവി മുറുക്കുന്നത്അങ്ങനെ ആമോദത്തിൽ ഇരിക്കുന്ന ദേവിഅപ്പോൾ ഉണ്ടാകുന്ന സുഗന്ധത്തിൽ എല്ലാ ദിക്കുകളും ദേവിയിലേക്ക് ആകർഷിക്കപ്പെടുന്നു.

 നിജസല്ലാപമാധുര്യവിനിർഭത്സിത കച്ഛപി

മന്ദസ്മിതപ്രഭാപുരമജ്ജത്‌ കാമേശമാനസാ 11

 സല്ലാപം : സംഭാഷണം 

കച്ഛപി : സരസ്വതി ദേവിയുടെ വീണ 

വിനിർഭത്സിത : തർക്കിക്കുക 

  നിജസല്ലാപമാധുര്യവിനിർഭത്സിത കച്ഛപി: ദേവി ഒന്ന്മൊഴിഞ്ഞാൽ അത് സരസ്വതി ദേവിയുടെ വീണയെ പ്പോലും തോൽപ്പിച്ചു കളയും. അത്രയേറെ ഹൃദ്യമാണ് ദേവിയുടെ വാക് ചാതുരി.  

നാം  ആദ്യം കേൾക്കുന്ന ശബ്ദം അമ്മയുടേത് ആണ്.  (അമ്മയുടെ താരാട്ട്  എത്ര രാഗം ഇല്ലാത്തത് ആണെങ്കിലും കുട്ടി ഉറങ്ങിക്കോളും).  അമ്മയുടെ വാക്കുകൾക്ക് ഒരു കുട്ടിയിൽ വളരെ സ്വാധീനം ഉണ്ടാക്കാൻ കഴിയും.  വിശ്വ ജനനി ആയ ലളിതാ ദേവി യുടെ വാക്കുകൾ വളരെ ഹൃദ്യമാണ് അത്. സംഭാഷണ ചാതുരി തന്റെ മക്കളെ ഒരുമിപ്പിച്ചു നിര്ത്തുന്നു

 മന്ദസ്മിതപ്രഭാപുരമജ്ജത്‌ കാമേശമാനസാ : ദേവിയുടെ മന്ദ സ്മിത ശോഭയിൽ കാമേശൻ പോലും മയങ്ങി പ്പോകുന്നു. കാമങ്ങളെ കീഴടക്കിയ ആളാണ് കാമേശൻ. കാമേശൻ പോലും ദേവിയുടെ പുഞ്ചിരിയിൽ ആകൃഷ്ടനാകുന്നു. അത്രയ്ക്ക് സൗന്ദര്യമാണ് ദേവിയുടെ പുഞ്ചിരി.

  അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ

കാമേശബദ്ധമാംഗല്യ സുത്രശോഭിതകന്ധരാ 12

 

അനാകലിതം : ഉപമിക്കാൻ ആകാത്ത 

ചി ബുകം: താടി ഭാഗം 

ബദ്ധം : കെട്ടിയ 

കന്ധരം : കഴുത്ത് 

 അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ: ഒന്നിനോടും ഉപമിക്കാൻ ആകാത്ത രൂപ സൗന്ദര്യം ഉള്ള താടിയാണ് ദേവിക്ക് ഉള്ളത്. അത്രയ്ക്ക് അതുല്യ മായ താടിഭാഗം ആണ് അമ്മയുടേത്ദേവിയുടെ മുഖ  വർണ്ണന ഇവിടെ തീരുന്നു.

 

കാമേശബദ്ധമാംഗല്യ സുത്രശോഭിതകന്ധരാ : കാമേശൻ ചാർത്തിയ മംഗല്യ സൂത്രം ധരിച്ചു  സുന്ദരമായ കഴുത്തു ഉള്ള ദേവി.  (ദേവി യാഗാഗ്നിയിൽ നിന്ന് ഉയർന്നു വരുമ്പോൾ എല്ലാ ദേവി ദേവന്മാരും ദേവിയെ സ്തുതിച്ചു. അന്ന് ദേവന്മാരുടെ ആഗ്രഹ പ്രകാരം ദേവി ഒരു വരണ മാല്യം ആകാശത്തേക്ക് എറിഞ്ഞ അത് മഹാദേവന്റെ കഴുത്തിലാണ് വീണത്. അങ്ങനെ ദേവി ശ്രീ പരമേശ്വരനെ തന്റെ പതി ആയി സ്വീകരിച്ചു എന്നും ആണല്ലോ ആദ്യം കഥ പറഞ്ഞത്.)

കനകാംഗദകേയൂരകമനീയഭുജാന്വിതാ

രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതാ 13

 ഭുജം : കൈകൾ 

ഗ്രൈവേയം :  കണ്ഠാഭരണം

ലോലമുക്താഫലം: ഇളകി ക്കളിക്കുന്ന മുത്തു മണികൾ  

കനകാംഗദകേയൂരകമനീയഭുജാന്വിതാ: അംഗദം കേയൂരം എന്നീ തോൾ വളകൾ ചാർത്തിയ ദേവി.

രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതാ :രത്‌ന ഖചിത മായ കണ്ഠാഭരണം ധരിച്ചിരിക്കുന്നു ദേവി. ആഭരണം  ഇളകി കളിക്കുന്ന മുത്തു മണികളാൽ മോടി കൂട്ടിയിരിക്കുന്നു.

 കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ

നാഭ്യാലവാലരോമാളിലതാഫലകുചദ്വയീ 14

 

പ്രതി പണം : പകരമായി 

 

 കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീകാമേശൻ രത്‌ന തുല്യമായ പ്രണയം കൊടുത്തപ്പോൾ ദേവി പകരമായി തന്റെ രത്‌ന തുല്യമായ സ്തനങ്ങളെ നൽകി. വിസ്താരമേറിയ സ്ത നങ്ങളിൽ ദേവി തന്റെ പ്രണയം നിറച്ചു വച്ചിരിക്കുന്നു.

നാഭ്യാലവാലരോമാളിലതാഫലകുചദ്വയീ : നാഭിചുഴിയിൽ നിന്നു തുടങ്ങുന്ന രോമ രാജി ഒരു വള്ളി ചെടി പോലെ വളർന്നു അതിൽ ഫലങ്ങൾ പോലെ രണ്ട് കുചങ്ങൾ ഉള്ള ദേവി. ഇവിടെ വാത്സല്യ നിധിയായ ഒരു അമ്മയെ ആണ് വിവരിക്കുന്നത്. അമ്മ തന്റെ മക്കൾക്കായി അമൃതം തന്റെ സ്തനങ്ങളിൽ നിറച്ചിരിക്കുന്നു. 

ലക്ഷ്യരോമലതാധാരതാ സമുന്നേയമധ്യമാ

 സ്തനഭാരദളന്മധ്യപട്ടബന്ധവലിത്രയാ 15

 

ലക്ഷ്യരോമലതാധാരതാ സമുന്നേയമധ്യമാ:  രോമരാജിയ്ക്ക് ഒരു ആധാരം  ലക്ഷ്യമായി  വേണമല്ലോ അത് ദേവിയുടെ അരക്കെട്ട് ആണ് എന്ന് നമുക്ക് ഊഹിക്കാം. അത്രയ്ക്ക് കൃശമാണ് ദേവിയുടെ അരക്കെട്ട്. ഒതുങ്ങിയ അരക്കെട്ട് ആണ് സൗന്ദര്യ ലക്ഷണം

 സ്തനഭാരദളന്മധ്യപട്ടബന്ധവലിത്രയാ : ദേവിയുടെ വയറ്റിലെ മൂന്ന്ഞൊറിവുകൾ കണ്ടാൽ ദളത്തായ (വിശാലമായ) സ്തനങ്ങൾ കാരണം അരക്കെട്ട്ഒടിഞ്ഞു പോകാതിരി ക്കാൻ ഒരു കനക പട്ട  വലിച്ചു കെട്ടിയിരിക്കുന്നതു  പോലെ ആണ്  തോന്നുക. ഇതൊക്കെ കവി ഭാവന ആണ്. അത്രക്ക് ഒതുങ്ങിയ അരക്കെട്ടാണ് ദേവിക്ക് ഉള്ളത്. എന്നാൽ വിശാലമായ സ്തനങ്ങൾ കുഞ്ഞുങ്ങളോട് ഉള്ള വാത്സല്യത്തിന്റെ ലക്ഷണം ആണ്.

അരുണാരുണകൗസുംഭവസ്ത്രഭാസ്വത്‌കടീതടീ

രത്ന കിങ്ങിണികാ രമ്യ രശനാ ദാമഭൂഷിതാ 16

കൗസുംഭം :കുങ്കുമപ്പൂവ് 

കിങ്ങിണി :  അരഞ്ഞാൺ

രമ്യ : ഭംഗിയേറിയ 

രശന: കിലുങ്ങുന്ന 

ദാമം : ചരട് 

അരുണാരുണകൗസുംഭവസ്ത്രഭാസ്വത്‌കടീതടീ: ഉദിച്ചു വരുന്ന സൂര്യന്റെ നിറമാണ് ദേവിയുടെ വസ്ത്രത്തിന്കുങ്കുമപ്പൂവിന്റെ ശോഭയുള്ള ആ വസ്ത്രം  അരക്കെട്ടിനോട് ചേർന്നു നിന്ന്ദേവിയുടെ സൗന്ദര്യം കൂട്ടുന്നു.

രത്ന കിങ്ങിണികാ രമ്യ രശനാ ദാമഭൂഷിതാ : രത്‌നങ്ങൾ പതിപ്പിച്ചനിറയെ മുത്തു മണികൾ കോർത്ത ഭംഗിയേറിയ അരഞ്ഞാൺ ദേവി വസ്ത്രത്തിന് മുകളിൽ അണിഞ്ഞിരിക്കുന്നു. അങ്ങനെ അലങ്കരിക്കപ്പെട്ട ദേവി.

കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ

മാണിക്യമകുടാകാരജാനുദ്വയവിരാജിതാ 17

 അറിയപ്പെട്ട 

ഊരു : തുടകൾ 

ദ്വയം : രണ്ട് 

ജാനു: കാൽമുട്ട് 

 

കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാകാമേശന് മാത്രം വെളിപ്പെട്ട മാർദവമേറിയതും ഐശ്വര്യ പൂർണവുമായ തുടകളോട് കൂടിയ ദേവി. ദേവി പതിവ്രത ആണ്. സൂക്ഷ്മമായി പറഞ്ഞാൽ എല്ലാ കാമനകളും ഉപേക്ഷിച്ചു ഈശ്വരോന്മുഖമായ മനസിനാണ് ദേവിയുടെ ആന്തരിക രഹസ്യങ്ങൾ വെളിപ്പെടുക.

 മാണിക്യമകുടാകാരജാനുദ്വയവിരാജിതാ : മാണിക്യ രത്നത്തെ കടഞ്ഞു ഒരു കിരീടം ഉണ്ടാക്കിയിരിക്കുന്നത് പോലെ രണ്ട് കാൽമുട്ടുകൾ ഉള്ള ദേവി. മനോഹരമായ കാൽമുട്ടുകൾ എന്ന് അർത്ഥം 

ഇന്ദ്രഗോപപരിക്ഷിപ്തസ്മരതൂണാഭജംഘിക

ഗൂഢഗുൽഫാ കൂർമ്മപൃഷ്‌ഠജയിഷ്‌ണുപ്രപദാന്വിതാ 18

ഇന്ദ്രഗോപംമിന്നാമിനുങ്ങ്  

പരിക്ഷിപ്തം : പൊതിഞ്ഞിരിക്കുന്നു 

ജംഘകൾകാൽവണ്ണകൾ 

ഗൂഢം: രഹസ്യം (മറയ്ക്കപ്പെട്ട)

ഗുൽഫം : നിര്യാണി 

കൂർമ്മം: ആമ 

ഇന്ദ്രഗോപപരിക്ഷിപ്തസ്മരതൂണാഭജംഘി: മിന്നാമിനുങ്ങു പൊതിഞ്ഞതു  പോലെ ആണ് ദേവിയുടെ  കാൽ വണ്ണകൾ. അത്രക്കു തിളക്കമേറിയത് എന്ന് സൂചിപ്പിക്കുന്നു.

അവയുടെ രൂപ സൗന്ദര്യം കാമ ദേവന്റെ ആവനാഴി പോലെ ആണ് എന്ന് വിവരിക്കുന്നു.  മുകളിൽ വണ്ണം കൂടി താഴേക്കു വരുമ്പോൾ വണ്ണം കുറയുന്നതാണ് ആവനാഴി യുടെ പ്രത്യേകത. ദേവി അതീവ സുന്ദരി ആണ് എന്ന് വർണ്ണിക്കുകയാണ് ഉപമകൾ കൊണ്ട്.

 ഗൂഢഗുൽഫാ ദേവിയുടെ വസ്ത്രം കാൽ പാദവും കഴിഞ്ഞു നിലത്തു തട്ടുന്ന വിധം ആണ്. അങ്ങനെ  മറയ്ക്കപ്പെട്ട നിര്യാണി യോട് കൂടിയ ദേവി.

കൂർമ്മപൃഷ്‌ഠജയിഷ്‌ണുപ്രപദാന്വിതാ: ദേവിയുടെ പാദങ്ങൾ ആമയുടെ പൃഷ്ഠം പോലെ ഉയർന്നു പൊങ്ങിയതാണ്. ഇവയെല്ലാം സൗന്ദര്യ ലക്ഷണങ്ങൾ ആണ്.

  നഖദീധിതിസംച്ഛന്നനമജ്ജനതമോഗുണാ

പദദ്വയപ്രഭാജാലപരാകൃതസരോരുഹാ 19

ദീധിതി : ഉതിരുന്ന കാന്തി 

സംഛന്നം :ഇല്ലാതെ ആക്കുന്നു  

നമജ്ജനം: നമിക്കുന്ന ഭക്തർ 

പരാകൃതം: പരാജയം 

 നഖദീധിതിസംച്ഛന്നനമജ്ജനതമോഗുണാ: ദേവിയുടെ നഖത്തിൽ നിന്ന് ഉതിരുന്ന കാന്തി ദേവിയുടെ കാലടികൾ വന്ദിക്കുന്ന ഭക്തരുടെ എല്ലാ തമോ ഗുണങ്ങളും അകറ്റാൻ പോന്നതാണ്. അമ്മയുടെ പാദനമസ്കാരം എടുത്താൽ എല്ലാ അജ്ഞാനവും അകറ്റും.

 പദദ്വയപ്രഭാജാലപരാകൃതസരോരുഹാ: ദേവിയുടെ പാദത്തിൽ നിന്ന് വരുന്ന പ്രഭയുടെ മുന്നിൽ  താമരപ്പൂവ്  പോലും പരാജയപ്പെടുംതാമര പ്പൂവിനേക്കാൾ സുന്ദരവും മൃദുലവുമാണ്   ദേവിയുടെ രണ്ട്പാ ദങ്ങൾ.

 ശിഞ്ജാനമണി മഞ്ജീരമണ്ഡിത ശ്രീപദാംബുജാ

മരാളീമന്ദഗമനാ മഹാലാവണ്യശേവധിഃ 20 

ശിഞ്ജാനം: കിലുങ്ങുന്ന 

മഞ്ജീരം: ചിലമ്പ് 

മണ്ഡിതം : അലങ്കരിക്കപ്പെട്ട 

മരാളി: അരയന്നം 

ശേവധി -ഖജനാവ്

 ശിഞ്ജാനമണി മഞ്ജീരമണ്ഡിത ശ്രീപദാംബുജാ: ദേവിയുടെ കാലുകളെ അലങ്കരിച്ചു കൊണ്ട്  രത്‌നം പതിപ്പിച്ച ചിലമ്പുകൾ ആണ് ഉള്ളത്. അവ ദേവി ഒന്ന്  ഇളകി ഇരുന്നാൽ പോലും കിലുങ്ങുന്നു. ഇതു വരെ ഉള്ള നാമങ്ങൾ ദേവിയുടെ കേശാദിപാദ വർണ്ണന ആയിരുന്നു

 മരാളീമന്ദഗമനാ ദേവി നടക്കുന്നത് അരയന്ന പ്പിടയെ പോലെ ആണ്. യാതൊരു ധൃതിയും ഇല്ലാതെ അന്ന നട ആണ് ദേവിയുടേത്.

മഹാലാവണ്യശേവധിഃ : അതിയായ ലാവണ്യത്തിൻറെ ഖജനാവ് ആണ് ശ്രീ ലളിത പരമേശ്വരി എന്നാണ് ഇവിടെ പറയുന്നത്. മഹാ ത്രിപുര സുന്ദരി എന്നാണ് ദേവിയെ വർണ്ണിക്കുന്നത്. മൂന്ന് ലോകങ്ങളിലും വച്ച് ഏറ്റവും സുന്ദരി ആണ് ദേവി എന്നർഥം. എല്ലാ സൗന്ദര്യ സങ്കൽപ്പങ്ങളും ദേവിയിൽ നിന്നാണ് തുടങ്ങുന്നത്  എന്ന് നാം മനസിലാക്കണം.



 സർവ്വാരുണാഽനവദ്യാംഗീ സർവ്വാഭരണഭൂ ഷിതാ 
ശിവകാമേശ്വരാങ്കസ്ഥാ ശിവാ സ്വാധീനവല്ലഭാ 21

അനവദ്യം : വന്ദനം
അംഗം: ശരീരം  

 സർവ്വാരുണാഽനവദ്യാംഗീ സർവ്വാഭരണഭൂ ഷിതാ: ദേവി ആകെ ചുമപ്പു മയമാണ്. ദേവിയുടെ വസ്ത്രമാകട്ടെ ശരീരമാകട്ടെ ചുമന്ന നിറത്തിലാണ്.  എല്ലാവരാലും വന്ദിക്കപ്പെടുന്ന അവയവ ഭംഗി ഉള്ള ദേവി,  സർവ്വാഭരണ ഭൂഷിതയുമാണ്.

ശിവകാമേശ്വരാങ്കസ്ഥാ ശിവാ സ്വാധീനവല്ലഭാ : പരമാത്മ ചൈതന്യത്തോട് ചേർന്ന് നിൽക്കുന്ന പരാശക്തി ആണ് ദേവി. ഈ ലോകത്തെ എങ്ങനെ വേണമെങ്കിലും മാറ്റി മറിക്കാൻ ഉള്ള അനുവാദം ആ കാമേശൻ ദേവിക്ക് കൊടുത്തിരിക്കുന്നു.  തന്റെ അർദ്ധ ശരീരം തന്നെ പകുത്തു കൊടുത്തു, തന്റെ പേര് തന്നെ ദേവിക്ക് നൽകി ശ്രീ പരമേശ്വരൻ. അതാണ്  `ശിവ' എന്ന നാമം സൂചിപ്പിക്കുന്നത്. എല്ലാ മംഗളങ്ങളും പ്രദാനം  ചെയ്യുന്നവൾ എന്നാണ് `ശിവ'  ശബ്ദത്തിന്റെ  അർത്ഥം 

ആ ദേവിയെ പ്രാർത്ഥിച്ചാൽ എല്ലാ സാധകർക്കും തന്റെ വല്ലഭനെ സ്വാധീനത്തിൽ നിർത്താൻ കഴിയും. കന്യകമാർക്ക് അനുരൂപരായ പങ്കാളിയെ ലഭിക്കാനും ദേവീ ഉപാസന സഹായിക്കും.

 സുമേരുമദ്ധ്യശൃംഗസ്ഥാ ശ്രീമന്നഗരനായികാ 
ചിന്താമണി ഗൃഹാന്തഃസ്ഥാ പഞ്ചബ്രഹ്മാസനസ്ഥിതാ 22 

ശൃംഗം: കൊടുമുടി 
സ്ഥാ: സ്ഥിതി ചെയ്യുന്ന 

 സുമേരുമദ്ധ്യശൃംഗസ്ഥാ : 
സുമേരു  പർവതത്തിന്റെ മദ്ധ്യ ഭാഗത്തെ കൊടുമുടിയിലാണ് ദേവി വസിക്കുന്നത്. സുമേരു പർവതത്തിൽ  നാലു കൊടുമുടികൾ ഉണ്ട് എന്നും  മറ്റു മൂന്നു കൊടുമുടികളിൽ ത്രിമൂർത്തികൾ  വസിക്കുന്നുഎന്നുമാണ് സങ്കൽപം. 

ശ്രീമന്നഗരനായികാ: ഐശ്വര്യ പൂർണമായ ആ നഗരത്തിലെ നായിക ആണ് ദേവി. സൗഭാഗ്യപുരി എന്നും ആ നഗരം അറിയപ്പെടുന്നു. അവിടെ ചിന്താമണി എന്ന ഗൃഹത്തിൽ ദേവി വസിക്കുന്നു. 

ചിന്താമണി ഗൃഹാന്തഃസ്ഥാ : എല്ലാ ആഗ്രഹങ്ങളും സാധിച്ചു  തരുന്ന ഒരു രത്‌നമാണ് ചിന്താമണി. ഏതു ലോഹം അതിനോട് ചേർത്തു വച്ചാലും അത് സ്വർണം ആകും എന്നാണ് പറയുന്നത്. അപ്പോൾ ആ ഗൃഹത്തിനുള്ളിൽ വസിക്കുന്ന ദേവിയ്ക്ക് അസാധ്യമായി  ഒന്നും തന്നെ ഇല്ല എന്ന് സാരം.

മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ഹൃദയമാണ് ചിന്താമണി എന്ന ഗൃഹം. (നമ്മുടെ ചിന്തകൾ ആണ് നമ്മുടെ ഭാവി  തീരുമാനിക്കുന്നത്.) ആ ഹൃദയത്തിലാണ് ദേവി വസിക്കുന്നത്. എല്ലാം നമ്മുടെ ഉള്ളിൽ തന്നെ ആണ് ഉള്ളത് എന്ന് അർത്ഥം. അതിനെ ഉണർത്തി എടുക്കേണ്ടത് സാധകൻ തന്നെ ആണ്.

പഞ്ചബ്രഹ്മാസനസ്ഥിതാ: ദേവി ഇരിക്കുന്ന ആസനത്തിൻറെ നാലു  കാലുകൾ ത്രിമൂർത്തികളും, ഈശനും ആണ്.  സദാശിവൻ അതിനു മുകളിലെ  പലകയുമാണ് എന്നാണ് സങ്കല്പം. അതായത് ത്രിമൂർത്തികൾക്കും മേലെ ആണ് ദേവിയുടെ സ്ഥാനം. കാരണം എല്ലാ  ദേവീ ദേവന്മാരുടെയും ശക്തി രൂപമാണ് ശ്രീ ലളിത പരമേശ്വരി.

മഹാപദ്‌മാടവീസംസ്ഥാ കദംബവനവാസിനീ 
സുധാസാഗരമധ്യസ്ഥാ കാമാക്ഷീ കാമദായിനീ 23

അടവി : കാട് 
വനം:കാട് 
സുധ:അമൃത് 
സാഗരം: സമുദ്രം 
സുധാ സാഗരം: പാലാഴി 

ദേവിയുടെ വാസ സ്ഥാനങ്ങളെ ക്കുറിച്ചു ആണ് ഇനി പറയുന്നത്. 
മഹാപദ്‌മാടവീസംസ്ഥാ കദംബവനവാസിനീ : 
മഹത്തായ താമര പൊയ്കയിലും  കദമ്പവനത്തിലും  ദേവി വസിക്കുന്നു. 

ദേവിയുടെ വാസസ്ഥാനം മണിദ്വീപം എന്നാണ് അറിയപ്പെടുന്നത്.  ഇത് സുധാ സമുദ്രം എന്ന് വിളിക്കപ്പെടുന്ന സമുദ്രത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്
 
സുധാസാഗരമധ്യസ്ഥാ : പാലാഴിയിൽ ശ്രീ നാരായണനോട് ചേർന്നിരിക്കുന്നതും ആ ദേവി തന്നെ ആണ്. 

കാമാക്ഷീ : കാമോദ്ദീപകങ്ങളായ കണ്ണുകളോട് കൂടിയ ദേവി. ഇവിടെ പരമ പുരുഷാർദ്ധമായ കാമം എന്നാണ് അർഥം. ദേവിയുടെ രണ്ടു കണ്ണുകൾ സരസ്വതി ദേവിയും ലക്ഷ്മി ദേവിയും ആണ്. അങ്ങനെയും ദേവിയെ കാമാക്ഷി  എന്ന് വിളിക്കുന്നു.   

കാമദായിനീ ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന ദേവി. ദേവിയുടെ കടാക്ഷം കൊണ്ട്  തന്നെ സാധകന്റെ എല്ലാ ആഗ്രഹങ്ങളും സാധ്യമാകുന്നു.


 ദേവർഷിഗണസംഘാതസ്‌തൂയമാനാത്‌മവൈഭവാ
ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ 24 

ഗണം: കൂട്ടം
സ്തൂയം: സ്തുതിക്കുക 
ഉദ്യുക്ത: ഉദ്യമിച്ചിട്ട് 
  

 ദേവർഷിഗണസംഘാതസ്‌തൂയമാനാത്‌മവൈഭവാ:  എല്ലാ ദേവീ ദേവന്മാരാലും ഋഷി മാരാ ലും സ്തുതിക്ക ത്തക്ക സ്വന്തം ശക്തി വിശേഷമുള്ള ദേവി. ശക്തി ഇല്ലാതെ ആർക്കും ഒന്നും ചെയ്യാൻ സാധ്യമല്ല. അപ്പോൾ ശ്രീ ലളിതാ പരമേശ്വരി ആണ് എല്ലാവരിലേയും ശക്തി ഭാവം. അതു കൊണ്ടാണ്   ലളിതാ ദേവിയെ ദേവന്മാരും ഋഷി മാരും ഒക്കെ സ്തുതിക്കുന്നത്.

ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ: ഭണ്ഡാസുരനെ വധിക്കാനായി ദേവി തന്നെ പല രൂപം എടുത്തു ഒരു ശക്തി സേന ആയി മാറി.  ആ ശക്തി സേനയാണ് ഭണ്ഡാസുര വധം നടത്തുന്നത്. ദേവിയുടെ കയ്യിലെ ആയുധങ്ങളിൽ നിന്നാണ് ഓരോ സേന വിഭാഗവും   ആവിർഭവിച്ചത്. പാശത്തിൽ  നിന്ന് അശ്വാരൂഢ ദേവിയും അങ്കുശത്തിൽ നിന്ന് സമ്പത്കരി ദേവിയും വില്ലിൽ നിന്ന് മന്ത്രിണി ദേവിയും അമ്പുകളിൽ നിന്ന് വാരാഹി ദേവിയും ആവിർഭവിച്ചു. 


മ്പത്കരീ സമാരൂഢ സിന്ധുരവ്രജസേവിതാ
 അശ്വാരൂഢാധിഷ്‌ഠിതാശ്വകോടികോടിഭിരാവൃതാ 25 

സമ്പത്കരീ ദേവി

സിന്ധുരം: ആന
വ്രജം: കൂട്ടം 
ആരൂഢം: കയറിയ  
അശ്വം: കുതിര 

മ്പത്കരീ സമാരൂഢ സിന്ധുരവ്രജസേവിതാ: സമ്പത് കരീ ദേവിയാണ് ശക്‌തി സേനയിലെ ആദ്യത്തെ ദേവി.  ആനയുടെ പുറത്തു ആണ് ദേവി ഇരിക്കുന്നത്. ദേവിയും ആ ആനപ്പടയും ശക്തി സേനയെ സമ്പന്നമാക്കുന്നു.  `രണകോലാഹലം'  എന്നാണ് ദേവിയുടെ ആനയുടെ പേര്.  അങ്കുശമാണ് സമ്പത്കരി ദേവിയുടെ ആയുധം. നമ്മുടെ ഉള്ളിലെ ആസുരിക ഗുണങ്ങൾ ആണ് ഭണ്ഡാസുരൻ എന്നത്  കൊണ്ട് ഉദ്ദേശിക്കുന്നത്. സമ്പത്കരി  ദേവിയെ ഉപാസിച്ചാൽ നമ്മുടെ ക്രോധത്തെ നിയന്ത്രിച്ചു ആന്തരിക സംതൃപ്തിയും ജ്ഞാനവും അനുഭവിക്കാം.  ഒപ്പം അഹങ്കാരം ഇല്ലാതെ വിനയത്തോടെ കഴിയാൻ ദേവി സഹായിക്കും . നമ്മുടെ വികാരങ്ങളെ നിയന്ത്രിച്ചു ആന്തരിക സൗഖ്യത്തെ പ്രദാനം ചെയ്യുന്നത് സമ്പത് കരീ ദേവിയാണ്.
അശ്വാരൂഢാ ദേവി


 അശ്വാരൂഢാധിഷ്‌ഠിതാശ്വകോടികോടിഭിരാവൃതാ: അടുത്തത് അശ്വാരൂഢാ ദേവി --ലളിതാ പരമേശ്വരി ദേവിയുടെ കയ്യിലെ പാശത്തിൽ നിന്നുമാണ് അശ്വാരൂഢ ദേവി സൃഷ്ടിക്കപ്പെട്ടത്. 
കോടിക്കണക്കിന് അശ്വങ്ങളെ നയിച്ചു കൊണ്ട് തന്റെ `അപരാജിതം' എന്ന കുതിര പ്പുറത്തു അശ്വാരൂഢാ ദേവി ആ യുദ്ധരംഗത്തു ആവിർഭവിച്ചു. ഇന്ദ്രിയങ്ങളെ കുതിര കളോടാണ് ഉപമിക്കുന്നത്.  ഇന്ദ്രിയ നിഗ്രഹത്തിനു അശ്വാരൂഢ ദേവി സഹായിക്കുന്നു. നമ്മുടെ ഉള്ളിലെ രാഗം ആണ് ഇവിടെ നിയന്ത്രിക്കപ്പെടുന്നത്. എല്ലാ കെട്ടുകളും മുറിച്ചാലേ മനസു ഈശ്വരോന്മുഖം ആവുകയുള്ളൂ.


ചക്രരാജരഥാരൂഢസർവ്വായുധപരിഷ്‌കൃതാ ഗേയചക്രരഥാരൂഢമന്ത്രിണീപരിസേവിതാ 26

പരിഷ്കൃതം- പരിശോധിക്കുന്നവൾ
ഗേയചക്ര രഥം -കീർത്തിച്ചു പാടുവാൻ പോരുന്നത്ര മഹിമകളോട് കൂടിയ ചക്രരഥം.

ചക്രരാജരഥാരൂഢസർവ്വായുധപരിഷ്‌കൃതാ: ലളിതാ ദേവിയുടെ രഥം `ചക്രരാജരഥം' ആണ്. അതിൽ എല്ലാവിധ ആയുധങ്ങളോടും കൂടി  ദേവി യുദ്ധ സന്നദ്ധ ആയി എത്തി. 

ആനന്ദം കൊടിഅടയാളം ആയുള്ള ഒൻപതു തട്ടു കളോടു കൂടിയതാണ് ഈ രഥം. ഇതിന് 10 യോജന ഉന്നതിയും നാലു യോജന വിസ്തൃതിയുണ്ട്.
ചക്രരാജരഥം ശ്രീചക്രം ആണ്. അതായത്, ശ്രീ ചക്രത്തിൽ സ്ഥിതി ചെയ്തുകൊണ്ട് ഭക്തന് സകല വിധ സാധന കളിലും
അനുഗ്രഹം ചൊരിഞ്ഞു പരിലസിക്കുന്നവൾ എന്ന് സാരം
ഇവിടെ ചക്ര രഥം സൂര്യമണ്ഡലമത്രേ.

ഗേയചക്രരഥാരൂഢമന്ത്രിണീപരിസേവിതാ : ലളിതാദേവിയുടെ കരിമ്പുവില്ലില്‍ നിന്നുയിര്‍ത്ത സംഗീതദേവതയും അമ്മയുടെ സചിവയുമായ ശ്യാമളാംബികയാണ് മന്ത്രിണി.
ഗേയ ചക്രത്തിൽ ഇരിക്കുന്ന മന്ത്രിണി ദേവി മഹാ ത്രിപുര സുന്ദരിയായ കുണ്ഡലിനി ശക്തിയെ, സൂര്യമണ്ഡലത്തിൽ വർത്തിക്കുന്ന മധ്യ കൂട ദേവത, സഹസ്രാര ചക്രത്തിലെ ചന്ദ്ര മണ്ഡലത്തിൽ എത്താൻ സഹായിക്കുന്നു എന്ന് സാരം.
കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്‌കൃതാ ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ 27


വാരാഹി 



കിരി : പന്നി 

കിരി ചക്ര രഥം- പന്നിയുടെ ആകൃതിയിൽ ഉള്ള രഥമെന്നും , പന്നികളാൽ വലിക്കപെടുന്ന രഥം എന്നും അർഥം.
ചക്രം - സംസാര ചക്രം (സൃഷ്ടി,സ്ഥിതി,സംഹാര രൂപമായ സംസാര ചക്രം)
വഹ്നിപ്രാകാരം: അഗ്നിമയമായ കോട്ട 


കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്‌കൃത: 
ദണ്ഡനാഥാ ദേവി യ്ക്ക്  പന്നികൾ ആയിരുന്നു സേനാ വിഭാഗം.  ദേവിയുടെ സർവ സൈന്യാധിപത്യം ദണ്ഡനാഥാ  ദേവിക്ക് ആണ്. വാരാഹി എന്നൊരു നാമവും  ദണ്ഡനാഥാ  ദേവിക്ക് ഉണ്ട്.  ദണ്ഡനാഥാ  ദേവി ആണ് മുന്നിൽ നിന്ന് ശക്തി സേനയെ നയിക്കുന്നത്. ലളിതാ പരമേശ്വരിക്ക് മുന്നിലായി ദണ്ഡനാഥാ  ദേവി സഞ്ചരിക്കുന്നു എന്നാണ് സങ്കൽപം.
 
ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ : ഭാണ്ഠസുരനുമായി  നടക്കുമ്പോൾ യുദ്ധ ശേഷം അർദ്ധ രാത്രി  നാലു വശത്തു നിന്നും   യുദ്ധ നിയമത്തിനു എതിരായി ശക്തി  സേനയെ ആക്രമിച്ചു. മന്ത്രിണി ദേവിയും ദണ്ഡ നാഥാ ദേവിയും  ശക്തി സേനയെ  മഹേന്ദ്ര  പർവതത്തിന്റെ വടക്കു ഭാഗത്തു കൊണ്ട്  പാർപ്പിച്ചു. വീണ്ടും അസുരന്റെ ആക്രമം തടയാനായി ശക്തി സേനയുടെ ഒരു യുദ്ധ തന്ത്രം ആയിരുന്നു അഗ്നിമയമായ കോട്ട. സൈന്യത്തിന് ചുറ്റും അഗ്നി കൊണ്ട് ഒരു കോട്ട  നിർമിച്ചു സേനയെ സുരക്ഷിതമാക്കി.
അതിനായി ദേവി  നിയോഗിച്ചതു ജ്വാലാമാലിനികാദേവിയെ ആയിരുന്നു. അങ്ങനെ കോട്ട  ഉണ്ടാക്കിയപ്പോൾ ശ്രീ ലളിതാ പരമേശ്വരി അതിനു മധ്യ ഭാഗത്തു പ്രവേശിച്ചു യുദ്ധ സന്നദ്ധയായി.

ഭണ്ഡസൈന്യവധോദ്യുക്തശക്തിവിക്രമഹർഷിതാ 
നിത്യാ പരാക്രമാടോപനിരീക്ഷണസമുത്‌സുകാ 28

വിക്രമം: ദൃഢനിശ്ചയം 
ഹർഷിതാ: സന്തോഷിച്ചവൾ 

ഭണ്ഡസൈന്യവധോദ്യുക്തശക്തിവിക്രമഹർഷിതാ : ഭണ്ഡാസുരനെ വധിക്കാനുള്ള ശക്തി സേനയുടെ ദൃഢ നിശ്ചയം കണ്ട് ശ്രീ ലളിതാ ദേവി അതീവ സന്തുഷ്ടയായി. 

നിത്യാ പരാക്രമാടോപനിരീക്ഷണസമുത്‌സുകാ: നിത്യാ ദേവിമാരുടെ  പരാക്രമം അതീവ ഉത്സുകയായി  ദേവി വീക്ഷിക്കുക ആയിരുന്നു.  
നിത്യാ ദേവിമാർ ഇവരാണ്. പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർഥി, പഞ്ചമി,
ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പഞ്ചദശി. കാലചക്രം നിയന്ത്രിക്കുന്നത് നിത്യാ ദേവിമാരാണ്.

 ഭണ്ഡപുത്രവധോദ്യുക്തബാലാവിക്രമനന്ദിതാ മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിതാ29




ബാലാദേവി 

 ഭണ്ഡപുത്രവധോദ്യുക്തബാലാവിക്രമനന്ദിതാ: ഒൻപതു വയസു മാത്രം പ്രായമുള്ള ബാലാ ദേവി ഭണ്ഡാസുരന്റെ മുപ്പതു പുത്രന്മാരെ വധിച്ചു. അങ്ങനെ തന്റെ മകളുടെ കഴിവിൽ ആനന്ദിച്ച ശ്രീ  ലളിതാ പരമേശ്വരി .

മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിതാ: മന്ത്രിണി ദേവിയാൽ നടന്ന  വിഷംഗ വധത്തിൽ ഏറെ ആനന്ദിച്ച ശ്രീ ലളിതാ ദേവി.

നമ്മുടെ ഉള്ളിലെ ദുർഗുണങ്ങൾ  ആണ്  ഈ ഭണ്ഡപുത്രന്മാർ. ദേവ്യുപാസന കൊണ്ട്  നമ്മുടെ ദുർഗുണങ്ങൾ അകലുകയും അമ്മയെ കൂടുതൽ അറിയാനും കഴിയുന്നു. സൂര്യനെ കാണണം എങ്കിലും സൂര്യൻ ഉദിച്ചാലേ കഴിയൂ  എന്നത് പോലെ ദേവിയുടെ  അനുഗ്രഹം ഉണ്ടെങ്കിലേ ദേവിയെ അറിയാൻ നമുക്ക് കഴിയൂ. 

യുദ്ധം മുറുകിയപ്പോൾ ഭണ്ഡാസുരൻ തന്റെ ഇടത്തെ തോളിൽ  വലത്തേ തോളിൽ  നിന്നും രണ്ട് അസുരന്മാരെ സൃഷ്ടിച്ചു-- വിഷംഗനും വിശുക്രനും. നമ്മുടെ ശ്രദ്ധതിരിക്കുന്ന വിഷയങ്ങളെ ആണ് വിഷംഗൻ പ്രതി നിധാനം ചെയ്യുന്നത്. വിശുക്ര ശബ്ദം നിദ്ര, അലസത തുടങ്ങിയ നമ്മുടെ താമസിക ഗുണങ്ങൾ ആണ്.

വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതാ 
 കാമേശ്വരമുഖാലോക കൽപിതശ്രീഗണേശ്വര 30 

ഹരണം : കൊല്ലപ്പെടുക 

വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതാ : വാരാഹി ദേവിയാണ് വിശുക്രനെ വധിച്ചത് അതിൽ ആനന്ദിച്ച  ശ്രീ ലളിതാ പരമേശ്വരി . 

 കാമേശ്വരമുഖാലോക കൽപിതശ്രീഗണേശ്വര : യുദ്ധത്തിന് ഇടയിൽ ശ്രീ ലളിതാ ദേവി കാമേശ്വരനെ  നോക്കി    സുന്ദരമായി മന്ദഹസിച്ചു. അപ്പോൾ ദേവിയുടെ സങ്കല്പത്താൽ ജനിച്ചതായ ശ്രീ ഗണേശ്വരൻ. 
മഹാഗണേശനിർഭിന്നവിഘ്നയന്ത്രപ്രഹർഷിതാ ഭണ്ഡാസുരേന്ദ്രനിർമ്മുക്തശസ്ത്രപ്രത്യസ്ത്രവർഷിണീ 31

നിർഭിന്നം : തകർക്കപ്പെട്ട 
നിർമുക്തം: അയച്ചത് 

മഹാഗണേശനിർഭിന്നവിഘ്നയന്ത്രപ്രഹർഷിതാ: തന്റെ പുത്രന്മാരെല്ലാം വധിക്കപ്പെട്ടപ്പോൾ ഭണ്ഡാസുരൻ ഒരു വിഘ്ന യന്ത്രത്തെ  ശക്തി സേനയുടെ നേർക്ക് അയച്ചു. ശ്രീ ഗണേശ്വരൻ ഈ യന്ത്രത്തെ നശിപ്പിച്ചു സേനയെ കൂടുതൽ ശക്തരാക്കി.

ഭണ്ഡാസുരേന്ദ്രനിർമ്മുക്തശസ്ത്രപ്രത്യസ്ത്രവർഷിണീ : ഭണ്ഡാസുരൻ അയച്ച എല്ലാ അസ്ത്രങ്ങൾക്കും ദേവി പ്രത്യസ്ത്രം അയച്ചു.  അസ്ത്രമഴ തന്നെ ആയിരുന്നു  യുദ്ധക്കളത്തിൽ.

 കരാംഗുലിനഖോത്‌പന്നനാരായണദശാകൃതിഃ മഹാപാശുപതാസ്ത്രാഗ്നിനിർദ്ദഗ്‌ദ്ധാസുരസൈനികാ 32

കരം : കൈകൾ 

അംഗുലി : വിരലുകൾ 

 കരാംഗുലിനഖോത്‌പന്നനാരായണദശാകൃതിഃ: ദേവിയുടെ നഖത്തിൽ  നിന്ന് ശ്രീ  നാരായണന്റെ പത്തു അവതാരങ്ങൾ ദേവിയെ യുദ്ധത്തിൽ സഹായിക്കാൻ എത്തി.

മഹാപാശുപതാസ്ത്രാഗ്നിനിർദ്ദഗ്‌ദ്ധാസുരസൈനികാ : ദേവീ പാശുപതാസ്ത്രത്താൽ അമ്മ  ഭണ്ഡ സൈന്യത്തെ നാമാവശേഷമാക്കി.

അവതാരങ്ങൾ എല്ലാം ദേവി, ഭക്തനെ സംരക്ഷിക്കാൻ സൃഷ്ടിക്കുന്നത് ആണ്.
ദേവിയെ ആരാധിച്ചാൽ മറ്റെല്ലാ  ദേവന്മാരും നമ്മെ സഹായിക്കാൻ എത്തി  ച്ചേ രുന്നു. 

കാമേശ്വരാസ്ത്രനിർദ്ദഗ്‌ദ്ധസഭണ്ഡാസുരശൂന്യകാ ബ്രഹ്‌മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ 33

ബ്രഹ്മ: ബ്രഹ്മാവ് 
ഉപേന്ദ്രൻ: മഹാവിഷ്ണു 
മഹേന്ദ്രൻ: ശ്രീ പരമേശ്വരൻ 

കാമേശ്വരാസ്ത്രനിർദ്ദഗ്‌ദ്ധസഭണ്ഡാസുരശൂന്യകാ: കാമേശ്വരാസ്ത്രത്താൽ ദേവി ഭണ്ഡാസുരന്റെ ശൂന്യക എന്ന രാജധാനി നശിപ്പിച്ചു.  അങ്ങനെ യുദ്ധം അവസാനിക്കുന്നു. 

ബ്രഹ്‌മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ: ഭണ്ഡാസുരൻ വധിക്കപ്പെട്ടപ്പോൾ ത്രിമൂർത്തികളും മറ്റെല്ലാ ദേവീ ദേവന്മാരും ദേവിയുടെ മാഹാത്മ്യത്തെ  സ്തുതിച്ചു .

 ഉള്ളിലെ തമോ ഗുണങ്ങൾ  നശിപ്പിക്കപ്പെടുമ്പോൾ, ദേവിയെ നിഷ്കാമമായി പ്രാർത്ഥിക്കുന്ന  സാധകനെ സഹായിക്കാൻ സകല ദേവീ ദേവന്മാരെയും അമ്മ നിയോഗിക്കുന്നു എന്ന് സാരം. അങ്ങനെ തന്നെ ആശ്രയിക്കുന്ന   ഭക്തന്റെ  സംരക്ഷണം ദേവി സ്വയം ഏറ്റെടുക്കുന്നു .

 ഹരനേത്രാഗ്നിസന്ദഗ്‌ദ്ധകാമസഞ്ജീവനൗഷധിഃ: 
 ശ്രീ പരമേശ്വരനാൽ ഭസ്മമായി തീർന്ന കാമദേവന് മൃതസഞ്ജീവനി ഔഷധമായി തീർന്ന ദേവി. 

യുദ്ധം അവസാനിച്ച പ്പോൾ ദേവൻമാരുടെ അഭ്യർഥന പ്രകാരം ദേവി കാമദേവനെ  പുനരുജ്ജീവിപ്പിച്ചു.
കാമദേവൻ പൂർവാധികം ശക്തിയോടെയും  സൗന്ദര്യത്തോടെ പുനർജനിപ്പിച്ചു

ശ്രീമദ്‌വാഗ്‌ഭവകൂടൈകസ്വരൂപമുഖപങ്കജാ 34

 കണ്ഠാധഃകടിപര്യന്തമധ്യകൂടസ്വരുപിണീ ശക്തികൂടൈകതാപന്നകട്യധോഭാഗധാരിണീ 35 

 മൂലമന്ത്രാത്മികാ മൂലകൂടത്രയകളേബരാ 
 കുളാമൃതൈകരസികാ കുളസംകേതപാലിനീ 36 

 കുലാംഗനാ കുളാന്തസ്‌ഥാ കൗളിനീ കുളയോഗിനീ 
 അകുളാ സമയാന്തസ്‌ഥാ സമയാചാരതത്‌പരാ 37 

 1. മൂലാധാരം  2. സ്വാധിഷ്ഠാനം 3. മണിപൂരകം 4. അനാഹതം
5 . വിശുദ്ധി  6. ആജ്ഞ 7. സഹസ്രാരം  
 





 മൂലാധാരൈകനിലയാ ബ്രഹ്‌മഗ്രന്ഥിവിഭേദിനീ 
 മണിപൂരാന്തരുദിതാ വിഷ്‌ണുഗ്രന്ഥിവിഭേദിനീ 38 

 ആജ്ഞാചക്രാന്തരാളസ്‌ഥാ രുദ്രഗ്രന്ഥിവിഭേദിനീ 
 സഹസ്രാരാംബുജാരൂഢാ സുധാസാരാഭിവർഷിണീ 39


 തടില്ലതാസമരുചിഃ ഷട്ചക്രോപരിസംസ്‌ഥിതാ
മഹാസക്തിഃ കുണ്ഡലിനീ ബിസതന്തുതനീയസീ 40
**********************************

ഭവാനീ ഭാവനാഗമ്യാ ഭവാരണ്യകുഠാരികാ 
 ഭദ്രപ്രിയാ ഭദ്രമൂർത്തിർ ഭക്തസൗഭാഗ്യദായിനീ 41

ഭക്തിപ്രിയാ ഭക്തിഗമ്യാ ഭക്തിവശ്യാ ഭയാപഹാ 
 ശാംഭവീ ശാരദാരാധ്യാ ശർവ്വാണീ ശർമ്മദായിനീ 42 

 ശാംകരീ ശ്രീകരീ സാധ്വീ ശരച്ചന്ദ്രനിഭാനനാ 
 ശാതോദരീ ശാന്തിമതീ നിരാധാരാ നിരഞ്ജനാ 43 

 നിർല്ലേപാ നിർമ്മലാ നിത്യാ നിരാകാരാ നിരാകുലാ 
 നിർഗുണാ നിഷ്‌കളാ ശാന്താ നിഷ്‌കാമാ നിരുപപ്ലവാ44 

 നിത്യമുക്താ നിർവ്വികാരാ നിഷ്‌പ്രപഞ്ചാ നിരാശ്രയാ 
 നിത്യശുദ്ധാ നിത്യബുദ്ധാ നിരവദ്യാ നിരന്തരാ 45 

 നിഷ്‌കാരണാ നിഷ്‌കളങ്കാ നിരുപാധിർന്നിരീശ്വരാ 
 നീരാഗാ രാഗമഥനാ നിർമ്മദാ മദനാശിനീ 46 

 നിശ്ചിന്താ നിരഹങ്കാരാ നിർമ്മോഹാ മോഹനാശിനീ 
 നിർമ്മമാ മമതാഹന്ത്രീ നിഷ്‌പാപാ പാപനാശിനീ 47 

 നിഷ്‌ക്രോധാ ക്രോധശമനീ നിർല്ലോഭാ ലോഭനാശിനീ 
 നിസ്സംശയാ സംശയഘ്നീ നിർഭവാ ഭവനാശിനീ 48 

 നിർവികൽപാ നിരാബാധാ നിർഭേദാ ഭേദനാശിനീ 
 നിർന്നാശാ മൃത്യുമഥനീ നിഷ്‌ക്രിയാ നിഷ്പരിഗ്രഹാ 49 

 നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ 
 ദുർല്ലഭാ ദുർഗ്ഗമാ ദുർഗ്ഗാ ദുഃഖഹന്ത്രീ സുഖപ്രദാ 50 

**********************************************************

 ദുഷ്‌ടദൂരാ ദുരാചാരശമനീ ദോഷവർജ്ജിതാ 
 സർവ്വജ്ഞാ സാന്ദ്രകരുണാ സമാനാധികവർജ്‌ജിതാ 51 

 സർവ്വശക്തിമയീ സർവ്വമംഗളാ സദ്ഗതിപ്രദാ 
 സർവ്വേശ്വരീ സർവ്വമയീ സർവ്വമന്ത്രസ്വരൂപിണീ 52 

 സർവ്വയന്ത്രാത്മികാ സർവ്വതന്ത്രരൂപാ മനോന്മനീ 
 മാഹേശ്വരീ മഹാദേവീ മഹാലക്ഷ്‌മീമൃഡപ്രിയാ 53 

 മഹാരൂപാ മഹാപുജ്യാ മഹാപാതകനാശിനീ
മഹാമായാ മഹാസത്ത്വാ മഹാശക്തിർമ്മഹാരതിഃ 54 

മഹാഭോഗാ മഹൈശ്വര്യാ മഹാവീര്യാ മഹാബലാ മഹാബുദ്ധിർമ്മഹാസിദ്ധിർമ്മഹായോഗീശ്വരേശ്വരീ 55 

 മഹാതന്ത്രാ മഹാമന്ത്രാ മഹായന്ത്രാ മഹാസനാ മഹായാഗക്രമാരാധ്യാ മഹാഭൈരവപുജിതാ 56 മഹേശ്വരമഹാകൽപമഹാതാണ്ഡവസാക്ഷിണീ മഹാകാമേശമഹിഷീ മഹാത്രിപുരസുന്ദരീ 57 ചതുഃഷഷ്‌ട്യുപചാരാഢ്യാ ചതുഃഷഷ്‌ടികലാമയീ മഹാചതുഃഷഷ്‌ടികോടിയോഗിനീഗണസേവിതാ 58 മനുവിദ്യാ ചന്ദ്രവിദ്യാ ചന്ദ്രമണ്ഡലമധ്യഗാ ചാരുരൂപാ ചാരുഹാസാ ചാരുചന്ദ്രകലാധരാ 59 ചരാചരജഗന്നാഥാ ചക്രരാജനികേതനാ പാർവ്വതീ പദ്‌മനയനാ പദ്‌മരാഗസമപ്രഭാ 60 പഞ്ചപ്രേതാസനാസീനാ പഞ്ചബ്രഹ്‌മസ്വരൂപിണീ ചിന്മയീ പരമാനന്ദാ വിജ്ഞാനഘനരൂപിണീ 61 ധ്യാനധ്യാതൃധ്യേയരൂപാ ധർമ്മാധർമ്മവിവർജ്ജിതാ വിശ്വരൂപാ ജാഗരിണീ സ്വപന്തീ തൈജസാത്മികാ 62 സുപ്താ പ്രാജ്ഞാത്മികാ തുര്യാ സർവ്വാവസ്ഥാവിവർജ്ജിതാ സൃഷ്‌ടികർത്രീ ബ്രഹ്‌മരൂപാ ഗോപ്‌ത്രീ ഗോവിന്ദരൂപിണീ 63 സംഹാരിണീ രുദ്രരൂപാ തിരോധാനകരീശ്വരീ സദാശിവാഽനുഗ്രഹദാ പഞ്ചകൃത്യപരായണാ 64 ഭാനുമണ്ഡലമധ്യസ്‌ഥാ ഭൈരവീ ഭഗമാലിനീ പദ്‌മാസനാ ഭഗവതീ പദ്‌മനാഭസഹോദരീ 65 ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലീ സഹസ്രശീർഷവദനാ സഹസ്രാക്ഷീ സഹസ്രപാത്‌ 66 ആബ്രഹ്മകീടജനനീ വർണ്ണാശ്രമവിധായിനീ നിജാജ്ഞാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ 67 ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്‌ജധൂളികാ സകലാഗമസന്ദോഹശുക്തിസംപുടമൗക്തികാ 68 പുരുഷാർഥപ്രദാ പൂർണ്ണാ ഭോഗിനീ ഭുവനേശ്വരീ അംബികാഽനാദിനിധനാ ഹരിബ്രഹ്മേന്ദ്രസേവിതാ 69 നാരായണീ നാദരൂപാ നാമരൂപവിവർജ്ജിതാ ഹ്രീംകാരീ ഹ്രീമതി ഹൃദ്യാ ഹേയോപാദേയവർജ്ജിതാ 70 രാജരാജാർച്ചിതാ രാജ്ഞീ രമ്യാ രാജീവലോചനാ രഞ്ജിനീ രമണീ രസ്യാ രണത്‌കിംകിണിമേഖലാ 71 രമാ രാകേന്ദുവദനാ രതിരൂപാ രതിപ്രിയാ രക്ഷാകരീ രാക്ഷസഘ്നീ രാമാ രമണലമ്പടാ 72 കാമ്യാ കാമകലാരൂപാ കദംബകുസുമപ്രിയാ കല്യാണീ ജഗതീകന്ദാ കരുണാരസസാഗരാ 73 കലാവതീ കലാലാപാ കാന്താ കാദംബരീപ്രിയാ വരദാ വാമനയനാ വാരുണീമദവിഹ്വലാ 74 വിശ്വാധികാ വേദവേദ്യാ വിന്ധ്യാചലനിവാസിനീ വിധാത്രീ വേദജനനീ വിഷ്‌ണുമായാ വിലാസിനീ 75 ക്ഷേത്രസ്വരൂപാ ക്ഷേത്രേശീ ക്ഷേത്രക്ഷേത്രജ്ഞപാലിനീ ക്ഷയവൃദ്ധിവിനിർമുക്താ ക്ഷേത്രപാലസമർച്ചിതാ 76 വിജയാ വിമലാ വന്ദ്യാ വന്ദാരുജനവത്സലാ വാഗ്വാദിനീ വാമകേശീ വഹ്നിമണ്ഡലവാസിനീ 77 ഭക്തിമത്‌കൽപലതികാ പശുപാശവിമോചിനീ സംഹൃതാശേഷപാഷണ്ഡാ സദാചാരപ്രവർത്തികാ 78 താപത്രയാഗ്നിസംതപ്തസമാഹ്ലാദനചന്ദ്രികാ തരുണീ താപസാരാദ്ധ്യാ തനുമധ്യാ തമോഽപഹാ 79 ചിതിസ്തത്‌പദലക്ഷ്യാർത്‌ഥാ ചിദേകരസരൂപിണീ സ്വാത്‌മാനന്ദലവീഭൂതബ്രഹ്‌മാദ്യാനന്ദസന്തതിഃ 80 പരാ പ്രത്യൿചിതീരൂപാ പശ്യന്തീ പരദേവതാ മധ്യമാ വൈഖരീരൂപാ ഭക്തമാനസഹംസികാ 81 കാമേശ്വരപ്രാണനാഡീ കൃതജ്ഞാ കാമപൂജിതാ ശൃംഗാരരസസംപൂർണ്ണാ ജയാ ജാലന്ധരസ്ഥിതാ 82 ഓഡ്യാണപീഠനിലയാ ബിന്ദുമണ്ഡലവാസിനീ രഹോയാഗക്രമാരാധ്യാ രഹസ്തർപ്പണതർപ്പിതാ 83 സദ്യഃപ്രസാദിനീ വിശ്വസാക്ഷിണീ സാക്ഷിവർജ്ജിതാ ഷഡംഗദേവതായുക്താ ഷാഡ്ഗുണ്യപരിപൂരിതാ 84 നിത്യക്ലിന്നാ നിരുപമാ നിർവ്വാണസുഖദായിനീ നിത്യാ ഷോഡശികാരൂപാ ശ്രീകണ്ഠാർദ്ധശരീരിണീ 85 പ്രഭാവതീ പ്രഭാരൂപാ പ്രസിദ്ധാ പരമേശ്വരീ മൂലപ്രകൃതിരവ്യക്താ വ്യക്താവ്യക്തസ്വരൂപിണീ 86 വ്യാപിനീ വിവിധാകാരാ വിദ്യാവിദ്യാസ്വരൂപിണീ മഹാകാമേശനയനകുമുദാഹ്ലാദകൗമുദീ 87 ഭക്തഹാർദ്ദതമോഭേദഭാനുമദ്ഭാനുസന്തതിഃ ശിവദൂതീ ശിവാരാധ്യാ ശിവമൂർത്തിശ്ശിവംകരീ 88 ശിവപ്രിയാ ശിവപരാ ശിഷ്‌ടേഷ്‌ടാ ശിഷ്‌ടപൂജിതാ അപ്രമേയാ സ്വപ്രകാശാ മനോവാചാമഗോചരാ 89 ചിച്ഛക്തിശ്ചേതനാരൂപാ ജഡശക്തിർജ്ജഡാത്മികാ ഗായത്രീ വ്യാഹൃതിസ്സന്ധ്യാ ദ്വിജവൃന്ദനിഷേവിതാ 90 തത്വാസനാ തത്വമയീ പഞ്ചകോശാന്തരസ്ഥിതാ നിസ്സീമമഹിമാ നിത്യയൗവനാ മദശാലിനീ 91 മദഘൂർണ്ണിതരക്താക്ഷീ മദപാടലഗണ്ഡഭൂഃ ചന്ദനദ്രവദിഗ്ദ്ധാംഗീ ചാംപേയകുസുമപ്രിയാ 92 കുശലാ കോമളാകാരാ കുരുകുല്ലാ കുളേശ്വരീ കുളകുണ്ഡാലയാ കൗളമാർഗ്ഗതത്‌പരസേവിതാ 93 കുമാരഗണനാഥാംബാ തുഷ്‌ടിഃ പുഷ്‌ടിർമ്മതിർധൃതിഃ ശാന്തിഃ സ്വസ്തിമതീ കാന്തിർന്നന്ദിനീ വിഘ്നനാശിനീ 94 തേജോവതീ ത്രിണയനാ ലോലാക്ഷീ കാമരൂപിണീ മാലിനീ ഹംസിനീ മാതാ മലയാചലവാസിനീ 95 സുമുഖീ നളിനീ സുഭ്രുഃ ശോഭനാ സുരനായികാ കാളകണ്ഠീ കാന്തിമതീ ക്ഷോഭിണീ സുക്ഷ്‌മരൂപിണീ 96 വജ്രേശ്വരീ വാമദേവീ വയോവസ്ഥാവിവർജ്ജിതാ സിദ്ധേശ്വരീ സിദ്ധവിദ്യാ സിദ്ധമാതാ യശസ്വിനീ 97 വിശുദ്ധിചക്രനിലയാ രക്തവർണ്ണാ ത്രിലോചനാ ഖട്വാംഗാദിപ്രഹരണാ വദനൈകസമന്വിതാ 98 പായസാന്നപ്രിയാ ത്വൿസ്ഥാ പശുലോകഭയംകരീ അമൃതാദിമഹാശക്തിസംവൃതാ ഡാകിനീശ്വരീ 99 അനാഹതാബ്ജനിലയാ ശ്യാമാഭാ വദനദ്വയാ ദംഷ്‌ട്രോജ്വലാക്ഷമാലാദിധരാ രുധിരസംസ്‌ഥിതാ 100 കാളരാത്ര്യാദിശക്ത്യൗഘാവൃതാ സ്നിഗ്ധൗദനപ്രിയാ മഹാവീരേന്ദ്രവരദാ രാകിണ്യംബാസ്വരൂപിണീ 101 മണിപൂരാബ്ജനിലയാ വദനത്രയസംയുതാ വജ്രാദികായുധോപേതാ ഡാമര്യാദിഭിരാവൃതാ 102 രക്തവർണ്ണാ മാംസനിഷ്‌ഠാ ഗുഡാന്നപ്രീതമാനസാ സമസ്തഭക്തസുഖദാ ലാകിന്യംബാസ്വരൂപിണീ 103 സ്വാധിഷ്ഠാനാംബുജഗതാ ചതുർവ്വക്ത്രമനോഹരാ ശൂലാദ്യായുധസമ്പന്നാ പീതവർണ്ണാഽതിഗർവ്വിതാ 104 മേദോനിഷ്‌ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ ദധ്യന്നാസക്തഹൃദയാ കാകിനീരൂപധാരിണീ 105 മൂലാധാരാംബുജാരൂഢാ പഞ്ചവക്ത്രാഽസ്ഥിസംസ്ഥിതാ അംകുശാദിപ്രഹരണാ വരദാദിനിഷേവിതാ 106 മുദ്ഗൗദനാസക്തചിത്താ സാകിന്യംബാസ്വരൂപിണീ ആജ്ഞാചക്രാബ്ജനിലയാ ശുക്ലവർണ്ണാ ഷഡാനനാ 107 മജ്ജാസംസ്‌ഥാ ഹംസവതീ മുഖ്യശക്തിസമന്വിതാ ഹരിദ്രാന്നൈകരസികാ ഹാകിനീരൂപധാരിണീ 108 സഹസ്രദളപദ്‌മസ്‌ഥാ സർവ്വവർണ്ണോപശോഭിതാ സർവ്വായുധധരാ ശുക്ലസംസ്ഥിതാ സർവ്വതോമുഖീ 109 സർവ്വൗദനപ്രീതചിത്താ യാകിന്യംബാസ്വരൂപിണീ സ്വാഹാ സ്വധാ മതിർമ്മേധാ ശ്രുതിഃ സ്‌മൃതിരനുത്തമാ 110 പുണ്യകീർത്തിഃ പുണ്യലഭ്യാ പുണ്യശ്രവണകീർത്തനാ പുലോമജാർച്ചിതാ ബന്ധമോചിനീ ബർബരാളകാ 111 വിമർശരൂപിണീ വിദ്യാ വിയദാദിജഗത്‌പ്രസൂഃ സർവ്വവ്യാധിപ്രശമനീ സർവ്വമൃത്യുനിവാരിണീ 112 അഗ്രഗണ്യാഽചിന്ത്യരൂപാ കലികല്മഷനാശിനീ കാത്യായനീ കാലഹന്ത്രീ കമലാക്ഷനിഷേവിതാ 113 താംബൂലപൂരിതമുഖീ ദാഡിമീകുസുമപ്രഭാ മൃഗാക്ഷീ മോഹിനീ മുഖ്യാ മൃഡാനീ മിത്രരൂപിണീ 114 നിത്യതൃപ്താ ഭക്തിനിധിർന്നിയന്ത്രീ നിഖിലേശ്വരീ മൈത്ര്യാദിവാസനാലഭ്യാ മഹാപ്രളയസാക്ഷിണീ 115 പരാശക്തിഃ പരാനിഷ്‌ഠാ പ്രജ്ഞാനഘനരൂപിണീ മാധ്വീപാനാലസാ മത്താ മാതൃകാവർണ്ണരൂപിണീ 116 മഹാകൈലാസനിലയാ മൃണാളമൃദുദോർലതാ മഹനീയാ ദയാമൂർത്തിർമ്മഹാസാമ്രാജ്യശാലിനീ 117 ആത്മവിദ്യാ മഹാവിദ്യാ ശ്രീവിദ്യാ കാമസേവിതാ ശ്രീഷോഡശാക്ഷരീവിദ്യാ ത്രികൂടാ കാമകോടികാ 118 കടാക്ഷകിംകരീഭൂതകമലാകോടിസേവിതാ ശിരഃസ്‌ഥിതാ ചന്ദ്രനിഭാ ഫാലസേ്ഥന്ദ്രധനുഃപ്രഭാ 119 ഹൃദയസ്‌ഥാ രവിപ്രഖ്യാ ത്രികോണാന്തരദീപികാ ദാക്ഷായണീ ദൈത്യഹന്ത്രീ ദക്ഷയജ്ഞവിനാശിനീ 120 ദരാന്ദോളിതദീർഘാക്ഷീ ദരഹാസോജ്വലന്മുഖീ ഗുരുമൂർത്തിർഗുണനിധിർഗ്ഗോമാതാ ഗുഹജന്മഭൂഃ 121 ദേവേശീ ദണ്ഡനീതിസ്‌ഥാ ദഹരാകാശരൂപിണീ പ്രതിപന്മുഖ്യരാകാന്തതിഥിമണ്ഡലപൂജിതാ 122 കലാത്‌മികാ കലാനാഥാ കാവ്യാലാപവിനോദിനീ സചാമരരമാവാണീ സവ്യദക്ഷിണസേവിതാ 123 ആദിശക്തിരമേയാത്മാ പരമാ പാവനാകൃതിഃ അനേകകോടിബ്രഹ്മാണ്ഡജനനീ ദിവ്യവിഗ്രഹാ 124 ക്ലീംകാരീ കേവലാ ഗുഹ്യാ കൈവല്യപദായിനീ ത്രിപുരാ ത്രിജഗദ്‌വന്ദ്യാ ത്രിമൂർത്തിസ്ത്രിദശേശ്വരീ 125 ത്ര്യക്ഷരീ ദിവ്യഗന്ധാഢ്യാ സിന്ദൂരതിലകാഞ്ചിതാ ഉമാ ശൈലേന്ദ്രതനയാ ഗൗരീ ഗന്ധർവ്വസേവിതാ 126 വിശ്വഗർഭാ സ്വർണ്ണഗർഭാ വരദാ വാഗധീശ്വരീ ധ്യാനഗമ്യാപരിച്ഛേദ്യാ ജ്ഞാനദാ ജ്ഞാനവിഗ്രഹാ 127 സർവ്വവേദാന്തസംവേദ്യാ സത്യാനന്ദസ്വരൂപിണീ ലോപാമുദ്രാർച്ചിതാ ലീലാക്ലിപ്തബ്രഹ്മാണ്ഡമണ്ഡലാ 128 അദൃശ്യാ ദൃശ്യരഹിതാ വിജ്ഞാത്രീ വേദ്യവർജ്ജിതാ യോഗിനീ യോഗദാ യോഗ്യാ യോഗാനന്ദാ യുഗന്ധരാ 129 ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണീ സർവ്വാധാരാ സുപ്രതിഷ്ഠാ സദസദ്രൂപധാരിണീ 130 അഷ്‌ടമൂർത്തിരജാ ജൈത്രീ ലോകയാത്രാവിധായിനീ ഏകാകിനീ ഭൂമരൂപാ നിർദ്വൈതാ ദ്വൈതവർജിതാ 131 അന്നദാ വസുദാ വ്യദ്ധാ ബ്രഹ്മാത്മൈക്യസ്വരൂപിണീ ബൃഹതീ ബ്രാഹ്മണീ ബ്രാഹ്മീ ബ്രഹ്മാനന്ദാ ബലിപ്രിയാ 132 ഭാഷാരൂപാ ബൃഹത്‌സേനാ ഭാവാഭാവവിർജിതാ സുഖാരാധ്യാ ശുഭകരീ ശോഭനാസുലഭാഗതിഃ 133 രാജരാജേശ്വരീ രാജ്യദായിനീ രാജ്യവല്ലഭാ രാജത്‌കൃപാ രാജപീഠനിവേശിതനിജാശ്രിതാ 134 രാജ്യലക്ഷ്മീഃ കോശനാഥാ ചതുരംഗബലേശ്വരീ സമ്രാജ്യദായിനീ സത്യസന്ധാ സാഗരമേഖലാ 135 ദീക്ഷിതാ ദൈത്യശമനീ സർവ്വലോകവശംകരീ സർവ്വാർഥദാത്രീ സാവിത്രീ സച്ചിദാനന്ദരൂപിണീ 136 ദേശകാലാപരിച്ഛിന്നാ സർവ്വഗാ സർവ്വമോഹിനീ സരസ്വതീ ശാസ്ത്രമയീ ഗുഹാംബാ ഗുഹ്യരൂപിണീ 137 സർവ്വോപാധിവിനിർമ്മുക്താ സദാശിവപതിവ്രതാ സംപ്രദായേശ്വരീ സാധ്വീ ഗുരുമണ്ഡലരൂപിണീ 138 കുലോത്തീർണ്ണാ ഭഗാരാധ്യാ മായാ മധുമതീമഹീ ഗണാംബാ ഗുഹ്യകാരാധ്യാ കോമളാംഗീ ഗുരുപ്രിയാ 139 സ്വതന്ത്രാ സർവ്വന്ത്രേശീ ദക്ഷിണാമൂർത്തിരൂപിണീ സനകാദിസമാരാധ്യാ ശിവജ്ഞാനപ്രദായിനീ 140 ചിത്‌കലാഽഽനന്ദകലികാ പ്രേമരൂപാ പ്രിയംകരീ നാമപാരായണപ്രീതാ നന്ദിവിദ്യാ നടേശ്വരീ 141 മിഥ്യാജഗദധിഷ്‌ഠാനാ മുക്തിദാ മുക്തിരൂപിണീ ലാസ്യപ്രിയാ ലയകരീ ലജ്‌ജാ രംഭാദിവന്ദിതാ 142 ഭവദാവസുധാവൃഷ്‌ടിഃ പാപാരണ്യദവാനലാ ദൗർഭാഗ്യതൂലവാതൂലാ ജരാധ്വാന്തരവിപ്രഭാ 143 ഭാഗ്യബ്ധിചന്ദ്രികാ ഭക്തചിത്തകേകിഘനാഘനാ രോഗപർവ്വതദംഭോളിർമൃത്യുദാരുകുഠാരികാ 144 മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാശനാ അപർണ്ണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ 145 ക്ഷരാക്ഷരാത്‌മികാ സർവ്വലോകേശീ വിശ്വധാരിണീ ത്രിവർഗ്ഗദാത്രീ സുഭഗാ ത്ര്യംബകാ ത്രിഗുണാത്മികാ 146 സ്വർഗ്ഗാപവർഗ്ഗദാ ശുദ്ധാ ജപാപുഷ്പനിഭാകൃതിഃ ഓജോവതീ ദ്യുതിധരാ യജ്ഞരൂപാ പ്രിയവ്രതാ 147 ദുരാരാധ്യാ ദുരാധർഷാ പാടലീകുസുമപ്രിയാ മഹതീ മേരുനിലയാ മന്ദാരകുസുമപ്രിയാ 148 വീരാരാധ്യാ വിരാഡ്‌രൂപാ വിരജാ വിശ്വതോമുഖീ പ്രത്യഗ്രൂപാ പരാകാശാ പ്രാണദാ പ്രാണരൂപിണീ 149 മാർത്താണ്ഡഭൈരവാരാധ്യാ മന്ത്രിണീന്യസ്തരാജ്യധൂഃ ത്രിപുരേശീ ജയത്സേനാ നിസ്ത്രൈഗുണ്യാ പരാപരാ 150 സത്യജ്ഞാനാനന്ദരൂപാ സാമരസ്യപരായണാ കപർദ്ദിനീ കലാമാലാ കാമധുക്‌ കാമരൂപിണീ 151 കലാനിധിഃ കാവ്യകലാ രസജ്ഞാ രസശേവധിഃ പുഷ്‌ടാ പുരാതനാ പൂജ്യാ പുഷ്‌കരാ പുഷ്‌കരേക്ഷണാ 152 പരംജോതിഃ പരംധാമ പരമാണുഃ പരാത്‌പരാ പാശഹസ്താ പാശഹന്ത്രീ പരമന്ത്രവിഭേദിനീ 153 മൂർത്താഽമൂർത്താ നിത്യതൃപ്താ മുനിമാനസഹംസികാ സത്യവ്രതാ സത്യരൂപാ സർവാന്തര്യാമിണീ സതീ 154 ബ്രഹ്‌മാണീ ബ്രഹ്‌മജനനീ ബഹുരൂപാ ബുധാർച്ചിതാ പ്രസവിത്രീ പ്രചണ്ഡാജ്ഞാ പ്രതിഷ്‌ഠാ പ്രകടാകൃതിഃ 155 പ്രാണേശ്വരീ പ്രാണദാത്രീ പഞ്ചാശത്‌പീഠരൂപിണീ വിശൃംഖലാ വിവിക്തസ്ഥാ വീരമാതാ വിയത്‌പ്രസൂഃ 156 മുകുന്ദാ മുക്തിനിലയാ മൂലവിഗ്രഹരൂപിണീ ഭാവജ്ഞാ ഭവരോഗഘ്നീ ഭവചക്രപ്രവർത്തിനീ 157 ഛന്ദസ്സാരാ ശാസ്ത്രസാരാ മന്ത്രസാരാ തലോദരീ ഉദാരകീർത്തിരുദ്ദാമവൈഭവാ വർണ്ണരൂപിണീ 158 ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ സർവ്വോപനിഷദുദ്‌ഘുഷ്‌ടാ ശാന്ത്യതീതകലാത്മികാ 159 ഗംഭീരാ ഗഗനാന്തസ്‌ഥാ ഗർവ്വിതാ ഗാനലോലുപാ കൽപനാരഹിതാ കാഷ്‌ഠാഽകാന്താ കാന്താർദ്ധവിഗ്രഹാ 160 കാര്യകാരണനിർമ്മുക്താ കാമകേളിതരംഗിതാ കനത്‌കനകതാടംകാ ലീലാവിഗ്രഹധാരിണീ 161 അജാക്ഷയവിനിർമ്മുക്താ മുഗ്‌ദ്ധാ ക്ഷിപ്രപ്രസാദിനീ അന്തർമ്മുഖസമാരാദ്ധ്യാ ബഹിർമ്മുഖസുദുർലഭാ 162 ത്രയീ ത്രിവർഗ്ഗനിലയാ ത്രിസ്‌ഥാ ത്രിപുരമാലിനീ നിരാമയാ നിരാംലംബാ സ്വാത്‌മാരാമാ സുധാസൃതിഃ 163 സംസാരപംകനിർമ്മഗ്നസമുദ്ധരണപണ്ഡിതാ യജ്ഞപ്രിയാ യജ്ഞകർത്രീ യജമാനസ്വരൂപിണീ 164 ധർമ്മാധാരാ ധനാദ്ധ്യക്ഷാ ധനധാന്യവിവർദ്ധിനീ വിപ്രപ്രിയാ വിപ്രരൂപാ വിശ്വഭ്രമണകാരിണീ 165 വിശ്വഗ്രാസാ വിദ്രുമാഭാ വൈഷ്‌ണവീ വിഷ്‌ണുരൂപിണീ അയോനിർയോനിനിലയാ കൂടസ്‌ഥാ കുളരൂപിണീ 165 വീരഗോഷ്‌ഠീപ്രിയാ വീരാ നൈഷ്‌കർമ്യാ നാദരൂപിണീ വിജ്ഞാനകലനാ കല്യാ വിദഗ്ദ്ധാ ബൈന്ദവാസനാ 167 തത്ത്വാധികാ തത്ത്വമയീ തത്ത്വമർത്ഥസ്വരൂപിണീ സാമഗാനപ്രിയാ സൗമ്യാ സദാശിവകുടുംബിനീ 168 സവ്യാപസവ്യമാർഗ്ഗസ്ഥാ സർവ്വാപദ്‌വിനിവാരിണീ സ്വസ്‌ഥാ സ്വഭാവമധുരാ ധീരാ ധീരസമർച്ചിതാ 169 ചൈതന്യാർഘ്യസമാരാധ്യാ ചൈതന്യകുസുമപ്രിയാ സദോദിതാ സദാതുഷ്‌ടാ തരുണാദിത്യപാടലാ 170 ദക്ഷിണാദക്ഷിണാരാധ്യാ ദരസ്മേരമുഖാംബുജാ കൗളിനീ കേവലഽനാർഘ്യകൈവല്യപദദായിനീ 171 സ്തോത്രപ്രിയാ സ്തുതിമതീ ശ്രുതിസംസ്തുതവൈഭവാ മനസ്വിനീ മാനവതീ മഹേശീ മംഗളാകൃതിഃ 172 വിശ്വമാതാ ജഗദ്ധാത്രീ വിശാലാക്ഷീ വിരാഗിണീ പ്രഗല്ഭാ പരമോദാരാ പരാമോദാ മനോമയീ 173 വ്യോമകേശീ വിമാനസ്‌ഥാ വജ്രിണീ വാമകേശ്വരീ പഞ്ചയജ്ഞപ്രിയാ പഞ്ചപ്രേതമഞ്ചാധിശായിനീ 174 പഞ്ചമീ പഞ്ചഭുതേശീ പഞ്ചസംഖ്യോപചാരിണീ ശാശ്വതീ ശാശ്വതൈശ്വര്യാ ശർമ്മദാ ശംഭുമോഹിനീ 175 ധരാധരസുതാ ധന്യാ ധർമ്മിണീ ധർമ്മവർദ്ധിനീ ലോകാതീതാ ഗുണാതീതാ സർവ്വാതീതാ ശമാത്മികാ 176 ബന്ധൂകകുസുമപ്രഖ്യാ ബാലാ ലീലാവിനോദിനീ സുമംഗലീ സുഖകരീ സുവേഷാഢ്യാ സുവാസിനീ 177 സുവാസിന്യർച്ചനപ്രീതാ ശോഭനാ ശുദ്ധമാനസാ ബിന്ദുതർപ്പണസന്തുഷ്ടാ പൂർവ്വജാ ത്രിപുരാംബികാ 178 ദശമുദ്രാസമാരാധ്യാ ത്രിപുരാ ശ്രീവശംകരീ ജ്ഞാനമുദ്രാ ജ്ഞാനഗമ്യാ ജ്ഞാനജ്ഞേയസ്വരൂപിണീ 179 യോനിമുദ്രാ ത്രിഖണ്ഡേശീ ത്രിഗുണാംബാ ത്രികോണഗാ അനഘാദ്ഭുതചാരിത്രാ വാഞ്ഛിതാർഥപ്രദായിനീ 180 അഭ്യാസാതിശയജ്ഞാതാ ഷഡദ്ധ്വാതീതരൂപിണീ അവ്യാജകരുണാമൂർത്തിരജ്ഞാനദ്ധ്വാന്തദീപികാ 181 ആബാലഗോപവിദിതാ സർവ്വാനുല്ലംഘ്യശാസനാ ശ്രീചക്രരാജനിലയാ ശ്രീമത്‌ ത്രിപുരസുന്ദരീ 182 ശ്രീശിവാ ശിവശക്ത്യൈക്യരൂപിണീ ലളിതാംബികാ ഏവം ശ്രീലളിതാ ദേവ്യാ നാമ്നാം സാഹസ്രകം ജഗുഃ 183 ഇതി ശ്രീ ബ്രഹ്മാണ്ഡ പുരാണേ ഉത്തരഖണ്ഡേ ശ്രീ ഹയഗ്രീവാഗസ്ത്യ സംവാദേ ശ്രീലളിതാ സഹസ്രനാമസ്തോത്ര കഥനം സമ്പൂർണം നിത്യവും ദേവിയുടെ ലളിതാ സഹസ്രനാമം ജപിച്ചാല്‍ സൗഭാഗ്യം അടിക്കടി വര്‍ദ്ധിച്ചുവരും, നിശ്‌ചയം.

Comments

Popular posts from this blog

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം-അർത്ഥ സഹിതം (101-183)

udhava

ഗായത്രി