ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം-അർത്ഥ സഹിതം (101-183)

 ത്ര്യക്ഷരീ ദിവ്യഗന്ധാഢ്യാ സിന്ദൂരതിലകാഞ്ചിതാ 

ഉമാ ശൈലേന്ദ്രതനയാ ഗൗരീ ഗന്ധർവ്വസേവിതാ 126 

 ത്ര്യക്ഷരീ: അ+ഉ+മ് (ഓം) പ്രണവ മന്ത്രം ആയിരിക്കുന്ന ദേവി 

 ദിവ്യഗന്ധാഢ്യാ: ദേവിയോട് അടുത്ത് നിൽക്കുന്നവരാണ് യോഗികൾ അവർക്ക് എല്ലാം പ്രത്യേക സുഗന്ധം ആണ് എന്ന് പറയുന്നു. ദേവിയുടെ സമീപത്തു ചെന്നാൽ തന്നെ ദിവ്യമായ സുഗന്ധം ആണ് എന്നാണ് ഇവിടെ പറയുന്നത്.   

സിന്ദൂരതിലകാഞ്ചിതാ: സിന്ദൂര തിലകത്താൽ ശോഭിക്കുന്ന ദേവി  

ഉമാ: പാർവതി ആയി വന്നതും  ആ  ദേവി തന്നെ ആണ്.

ശൈലേന്ദ്രതനയാ: ഹിമവാന്റെ പുത്രി ആയതും അമ്മ തന്നെ ആണ്. 
ഗൗരീ: സ്വർണ വർണ്ണം   ഗൗര വർണ്ണം വെളുത്ത നിറം എന്നുംഅർഥം പറയാം. 
ഗന്ധർവ്വസേവിതാ: ഗന്ധർ വന്മാരാൽ 
ആരാധിക്ക പ്പെടുന്ന ദേവി.ദേവ ലോകത്തെ സംഗീതജ്ഞർ ആണ് ഗന്ധർവന്മാർ. ദേവി ആണല്ലോ പതിനാറു കലകളുടെയും ഉത്ഭവ സ്ഥാനം. അതുകൊണ്ടു ഗന്ധർവൻമാർ ദേവി ഉപാസകരായി ഭവിക്കുന്നു.

വിശ്വഗർഭാ സ്വർണ്ണഗർഭാ വരദാ വാഗധീശ്വരീ 
ധ്യാനഗമ്യാപരിച്ഛേദ്യാ ജ്ഞാനദാ ജ്ഞാനവിഗ്രഹാ 127

വിശ്വഗർഭാ: വിശ്വത്തെ ഉള്ളിൽ ഒതുക്കിയ ദേവി 
 സ്വർണ്ണഗർഭാ: ലോക സൃഷ്ടിയിൽ ആദ്യം ഉണ്ടായത് ഒരു അണ്ഡമാണ്. അതാണ് ഹിരണ്യഗർഭം  എന്ന് പറയുന്നത്. അത് ദേവിയുടെ ഉള്ളിൽ നിന്നാണ് വന്നത്.
 അവരദാ: അസുര സംഹാരിണി ആണ് ദേവി.
 വാഗധീശ്വരീ: വാക്കുകൾക്ക് അധീശ്വരി ആയ ദേവി.
ധ്യാനഗമ്യാ: ധ്യാനം കൊണ്ട് മാത്രമാണ് ദേവിയെ അനുഭവിക്കാൻ കഴിയുന്നത്. പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് ദേവിയെ അറിയാൻ പറ്റില്ല. 
അപരിച്ഛേദ്യാ: ഒന്നിൽ നിന്ന് എടുത്തു മാറ്റാൻ  കഴിയാത്തത്.  
ജ്ഞാനദാ:  ജ്ഞാനം ദാനം ചെയ്യുന്നവൾ ആണ് ദേവി. അമ്മ പ്രസാദിച്ചാൽ പാമരനും പണ്ഡിതൻ ആകുമെന്ന് കാളിദാസന്റെ കഥ നമ്മെ ഓർമിപ്പിക്കുന്നു. 

ബുദ്ധിവളർച്ചയില്ലാത്തവനായി വളർന്ന കാളിദാസനെ പണ്ഡിതയായ ഒരു യുവതി വിവാഹം ചെയ്തെന്നും അധികം താമസിയാതെ കാളിദാസനു സാമാന്യബുദ്ധിപോലും ഇല്ലെന്നു മനസ്സിലാക്കി വീടിനു പുറത്താക്കുകയും ചെയ്തു എന്നാണ് കഥ അങ്ങനെ അലഞ്ഞുതിരിയുമ്പോൾ ഒരു വൃദ്ധയുടെ ഉപദേശമനുസരിച്ച്‌ ബുദ്ധിവളർച്ചയുണ്ടാകാനായി കാളിദാസൻ തൊട്ടടുത്ത കാളീക്ഷേത്രത്തിൽ എത്തി. തത്സമയം ദേവി പുറത്തുപോയിരുന്നതിനാൽ കാളിദാസൻ അകത്തുകയറി വാതിലടച്ചത്രെ. തിരിച്ചുവന്ന ദേവി അകത്താര്‌ എന്നു ചോദിച്ചപ്പോൾ കാളിദാസൻ പുറത്താര്‌ എന്ന മറുചോദ്യമുന്നയിച്ചു. പുറത്തു കാളി എന്നു ദേവി പറഞ്ഞപ്പോൾ അകത്തു ദാസൻ എന്നു കാളിദാസൻ മറുപടി നൽകി. കാളിദാസന്റെ ബുദ്ധിശൂന്യത തിരിച്ചറിഞ്ഞ ദേവി നാക്കുപുറത്തു നീട്ടാനാവശ്യപ്പെടുകയും അപ്രകാരം ചെയ്ത കാളിദാസനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുകയും ചെയ്തത്രെ. വിദ്യാരംഭം ദേവിയിൽ നിന്നു ലഭിച്ചതിനാലാണ്‌ കാളിദാസന്റെ കവിതകൾക്കിത്ര മഹത്ത്വം വന്നതെന്നാണ്‌ വിശ്വാസം.

ജ്ഞാനവിഗ്രഹാ: ജ്ഞാനം തന്നെ ശരീരം എടുത്തു വന്ന ദേവി.

 സർവ്വവേദാന്തസംവേദ്യാ സത്യാനന്ദസ്വരൂപിണീ 
ലോപാമുദ്രാർച്ചിതാ ലീലാക്ലിപ്തബ്രഹ്മാണ്ഡമണ്ഡലാ 128 

 സർവ്വവേദാന്തസംവേദ്യാ: ഗുരുവിനു ശിഷ്യപ്പെട്ടാണ് വേദാന്തങ്ങൾ പഠിക്കേണ്ടത്. അങ്ങനെ മാത്രമാണ് ദേവിയുടെ തത്വങ്ങൾ അറിയാൻ പറ്റൂ  സത്യാനന്ദസ്വരൂപിണീ: സത്യമായിട്ട് ഉള്ളത് ദേവി മാത്രമാണ്. അതിന്റെ സ്വരൂപം ആനന്ദമാണ്. 
ലോപാമുദ്രാർച്ചിതാ:  അഗസ്ത്യന്റെ പത്‌നി ആണ് ലോപാ മുദ്ര. പ്രസ്തരായ ശ്രീ വിദ്യ ഉപാസകരിൽ ഒരാൾ ആണ് ലോപമുദ്ര. 
ലീലാക്ലിപ്തബ്രഹ്മാണ്ഡമണ്ഡലാ: ലോകത്തെ നിയന്ത്രിക്കാൻ ഒരാൾ ഉള്ളത് പോലെ ആണ് എല്ലാം സംവിധാനം ചെയ്തിരിക്കുന്നത്. സൂര്യൻ  ഉദി ക്കുന്നതും അസ്തമിക്കുന്നതും, കാലാവസ്ഥാ വ്യതിയാനങ്ങളും തുടങ്ങി സകല കാര്യങ്ങളും കൃത്യമായി സംഭവിക്കുന്നു. ദേവിക്ക് അതൊക്കെ വെറും ലീലയാണ്. 

അദൃശ്യാ ദൃശ്യരഹിതാ വിജ്ഞാത്രീ വേദ്യവർജ്ജിതാ 
യോഗിനീ യോഗദാ യോഗ്യാ യോഗാനന്ദാ യുഗന്ധരാ 129

അദൃശ്യാ: കണ്ണുകൾക്ക് കാണാൻ കഴിയാത്ത ദേവി.
ദൃശ്യരഹിതാ: ദേവിയുടെ സഹായത്തോടെ ആണ് നാം ഈ ലോകം കാണുന്നത്. എപ്രകാരമാണോ കണ്ണുകൾക്കു  പരസ്പരം കാണാൻ കഴിയാത്തതു പോലെ  ലോകം കാണിച്ചു തരുന്ന ദേവിയെ  നമുക്ക് കാണാൻ പറ്റുന്നില്ല. 
വിജ്ഞാത്രീ: ബ്രഹ്മ ജ്ഞാനം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദേവി 
വേദ്യവർജ്ജിതാ: ദേവിക്ക് അറിയേണ്ടതായി ഒന്നും തന്നെ ഇല്ല. എല്ലാം അറിഞ്ഞാൽ പിന്നെ  എന്ത് അറിയാനാണ്. എന്നാൽ ദേവി ഒരിക്കലും അതിൽ അഹങ്കരിക്കുന്നില്ല.തന്നെ ഉപാസിക്കുന്ന ഭക്തരും അങ്ങനെ ആകണം എന്നാണ് ദേവി ആഗ്രഹിക്കുന്നത്. നമുക്ക് ഉള്ളത് എല്ലാം ഭഗവതി  തന്നത് ആണ്. നമ്മുടേതായി ഉള്ളത് പിന്നെ അഹങ്കാരം മാത്രമാണ്. 
യോഗിനീ: യോഗം എന്നാൽ പരമാത്മാവായ ശ്രീ പരമേശ്വരനോട് കൂടി ചേർന്ന് ഇരിക്കുന്ന അവസ്ഥ. കാമേശനുമായി കൂടി ചേർന്ന് ഇരിക്കുന്ന ദേവി എന്ന് അർത്ഥമെടുക്കാം.
യോഗദാ: ജിജ്ഞാസുക്കൾക്കു എല്ലാ യോഗവും പ്രദാനം ചെയ്യുന്ന ദേവി. എന്ത് പ്രവൃത്തി ചെയ്യുമ്പോഴും ഈശ്വരന് സമർപ്പിച്ചു ചെയ്താൽ കർമ്മംഫലം നമ്മെ ബാധിക്കാതെ പോകും. ഇതാണ് കർമ്മയോഗം. ഇത് പോലെ ഭക്തി യോഗം. ജ്ഞാനയോഗം തുടങ്ങിയ  സർവ ജ്ഞാനവും പകർന്നു നൽകുന്നതു  ദേവിയാണ്.
 യോഗ്യാ: എല്ലാ യോഗത്തോടും കൂടിയവൾ 
 യോഗാനന്ദാ: യോഗാവസ്ഥയിൽ ഇരിക്കുന്നത് കൊണ്ട് ആനന്ദം അനുഭവിക്കുന്ന ദേവി. 
 യുഗന്ധരാ: യുഗത്തെ തന്നെ ധരിച്ചിരിക്കുന്ന ദേവി. ഓരോ യുഗവും തന്നിൽ ലയിപ്പിക്കുകയും പിന്നെ പുനഃസൃഷ്ടി നടത്തുകയും ചെയ്യുന്നത് ദേവിയാണ്.

 ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണീ 
സർവ്വാധാരാ സുപ്രതിഷ്ഠാ സദസദ്രൂപധാരിണീ 130 

 ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണീ : ഒരു മാറ്റം കൊണ്ട് വരണം എങ്കിൽ അതിനുള്ള ദൃഢനിശ്ചയം വേണം. തീരുമാനം എടുത്തു കഴിഞ്ഞാൽ പിന്നെ അതിനെ കുറിച്ചുള്ള പൂർണമായ അറിവാണ് നേടേണ്ടത്. ഇതെല്ലാം അയാൽ പിന്നെ മാറ്റം കൊണ്ട് വരാനുള്ള ആത്മാർത്ഥമായ പരിശ്രമം തുടങ്ങണം. ഇതെല്ലാം ദേവി ഉപാസന കൊണ്ടാണ് സാധ്യമാകുന്നത്.
സർവ്വാധാരാ: സകല ചരാചരങ്ങൽക്കും ആധാരം ദേവി മാത്രമാണ്. 
സുപ്രതിഷ്ഠാ:  ഒരിക്കൽ പ്രതിഷ്ഠിച്ചാൽ പിന്നെ ദേവി ആ ജീവനെ ഉപേക്ഷിച്ചു പോകുന്നില്ല. 
സദസദ്രൂപധാരിണീ: സത്തായിരിക്കുന്നതും അസത്തായി ഇരിക്കുന്നതും ദേവി തന്നെ ആണ്.

അഷ്‌ടമൂർത്തിരജാ ജൈത്രീ ലോകയാത്രാവിധായിനീ 
ഏകാകിനീ ഭൂമരൂപാ നിർദ്വൈതാ ദ്വൈതവർജിതാ 131 

അഷ്‌ടമൂർത്തി: ലക്ഷ്മി, മേധാ, ധര, പുഷ്ടി, ഗൗരി, തുഷ്ടി, പ്രഭ, ധൃതി ആണ് അഷ്ട മൂർത്തികൾ എന്ന് അറിയപ്പെടുന്നത്.
അജാ ജൈത്രീ: അജ്ഞാനത്തെ ജയിക്കുന്നവൾ ആണ് ദേവി. ദേവി  പ്രാർത്ഥിച്ചാൽ എല്ലാ അജ്ഞാനവും നീങ്ങി അറിവിന്റെ പുതിയ മേഖലകളിൽ എത്തി പരിശുദ്ധനാകും ഭക്തൻ.
ലോകയാത്രാവിധായിനീ: ലോകത്തെ സംവിധാനം ചെയ്യുന്നവൾ. ഈ ലോകത്തു എന്ത് സംഭവിക്കുന്നതും ഒരു ക്രമത്തിൽ ആണ്.  എല്ലാം നിയന്ത്രിക്കുന്നത് പോലെ. എന്നാൽ അങ്ങനെ ഒരാളെ  കാണാൻ ബുദ്ധിമുട്ടാണ്.
ഏകാകിനീ: ദേവി മാത്രമേ ഉള്ളൂ  ഒരേ ഒരു ശക്തി ആയി. പ്രപഞ്ചോത്പത്തി മുതൽ പ്രളയം വരെ ഒരു മാറ്റവും ഇല്ലാതെ സാക്ഷി ആയി ദേവി ആ കാമേശനോടൊത്തു നിലനിൽക്കുന്നു. ശിവനും  ശക്തിയും ഒന്ന് ആയാണ് ഇവിടെ കണക്കാക്കുന്നത്.
 ഭൂമരൂപാ: എല്ലായിടവും വ്യാപിച്ചിരിക്കുന്നത്.  ഈ പ്രപഞ്ചം മുഴുവൻ വ്യാപിച്ചിരിക്കുന്ന ചൈതന്യം ആണ് ദേവി. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ  കഴിയില്ല എന്നാലും അനുഭവിക്കാൻ കഴിയും. ഈ ദൃശ്യ പ്രപഞ്ചം തന്നെ ദേവിയുടെ വിരാഡ് രൂപമാണ്.
നിർദ്വൈതാ: ദ്വൈത (രണ്ട്എന്ന) ഭാവം ഇല്ലാത്ത അവസ്ഥ. ഈ ലോകത്തു പല ദൈവങ്ങൾ ഇല്ല. ഒരേ ഒരു ഈശ്വരൻ മാത്രമേ ഉള്ളൂ. ഓരോ ആളുകൾ ഓരോ പേരിൽ വിളിക്കുന്നു. വ്യത്യസ്തമായ ആചാരങ്ങൾ വച്ച് പുലർത്തുന്നു. എന്നാൽ എല്ലാവരുടെയും ലക്ഷ്യസ്ഥാനം ഒന്ന് തന്നെ.  
ദ്വൈതവർജിതാ: ദ്വൈത ഭാവത്തിനു അതീതയായ ദേവി .

അന്നദാ വസുദാ വ്യദ്ധാ ബ്രഹ്മാത്മൈക്യസ്വരൂപിണീ 
ബൃഹതീ ബ്രാഹ്മണീ ബ്രാഹ്മീ ബ്രഹ്മാനന്ദാ ബലിപ്രിയാ 132 

അന്നദാ: അന്നപൂർണേശ്വരി  ആണ് ദേവി. ഗർഭാവസ്ഥ മുതൽ ജീവിതാവസാനം വരെ  ജീവനെ കാത്തു രക്ഷിക്കുന്നത് ദേവി ആണ്. നമുക്ക് ഭക്ഷണം കഴിക്കാം എന്നല്ലാതെ  അതൊക്കെ ശരീരത്തിന് പ്രയോജനപ്പെടുത്തുന്നത് ദേവിയാണ്. പോഷണം പ്രദാനം ചെയ്യുന്നത് അമ്മ ആണ്.  
വസുദാ: സകല ജീവ ജാലങ്ങൾക്കും വേണ്ട ധനധാന്യങ്ങൾ എല്ലാം പ്രകൃതിയിൽ സൃഷ്ടിക്കുന്നുണ്ട്.  മറ്റുള്ളവർക്ക് ഉള്ളതും കൂടെ കവർന്നെടുക്കുമ്പോൾ ആണ് ഇവിടെ ദാരിദ്ര്യം വരുന്നത്.  
വ്യദ്ധാ: പണ്ടേ ഉള്ളത്. പ്രപഞ്ച സൃഷ്ടി മുതൽ പ്രളയം വരെ ഇവിടെ നിലകൊള്ളുന്നതു ദേവി ആണ്.  ഇവിടെ  ദേവിയുടെ പക്വതയെ കാണിക്കുന്നു. 
ബ്രഹ്മാത്മൈക്യസ്വരൂപിണീ: ജീവാത്മാവും പരമാത്മാവും ഒന്ന് തന്നെ ആണ് എന്നതാണ് അദ്വൈത സിദ്ധാന്തം പ്രഖ്യാപിക്കുന്നത്. ദേവിയുടെ അംശമായ ജീവാത്മാവ്‌ എപ്പോഴും ദേവിയിൽ ലയിക്കാൻ ആണ് ആഗ്രഹിക്കുന്നത്. 
ബൃഹതീ: ബൃഹത്തായത് ആണ് ദേവിയുടെ രൂപം.
ബ്രാഹ്മണീ: സത്വ ഗുണ പ്രധാനനാണ് ബ്രാഹ്മണൻ. അതിന്റെ സ്ത്രീ ലിംഗം ആണ് ബ്രാഹ്മണീ.
ബ്രാഹ്മീ: വാക്കിന്റെ അധിദേവത ആയ സരസ്വതി ദേവി  ഇരിക്കുന്ന ദേവി.
ബ്രഹ്മാനന്ദാ: ബ്രഹ്മാനന്ദത്തിൽ ലയിച്ചിരിക്കുന്ന ദേവി. ദേവിയെ പൂജിക്കുമ്പോൾ ഭക്തനും ബ്രഹ്മാനന്ദത്തിൽ ലയിക്കാൻ കഴിയുന്നു.
ബലിപ്രിയാ: നമ്മുടെ ഞാൻ എന്ന ഭാവം ആണ് ബലി നല്കാൻ ഉള്ളത്.

ഭാഷാരൂപാ ബൃഹത്‌സേനാ ഭാവാഭാവവിർജിതാ 
സുഖാരാധ്യാ ശുഭകരീ ശോഭനാസുലഭാഗതിഃ 133 

ഭാഷാരൂപാ: ദേവി തന്നെ ആണ്  ഭാഷ ആയി ഇരിക്കുന്നത്. ഭാഷ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം എന്ന് പറയാൻ കാരണം ഇതാണ്. 
ബൃഹത്‌സേനാ: ബൃഹത്തായ സേനയോടു കൂടിയ ദേവി. 64 കോടി  യോഗിനിമാർ, ഭണ്ഡാസുര വധത്തിനു രൂപമെടുത്ത ശക്തി സേന അങ്ങനെ ബൃഹത്തായ സേനയാണ് ദേവിക്ക് ഉള്ളത്.
 ഭാവാഭാവവിർജിതാ: ഉണ്ടാവുകയുമില്ല മറയുന്നുമില്ല. ശുദ്ധ ചൈതന്യമായി ദേവി എന്നും  ഇവിടെ നിലനിൽക്കുന്നു.
സുഖാരാധ്യാ: യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ആരാധിച്ചു പ്രസാദിപ്പിക്കാൻ കഴിയുന്ന ദേവി. 

സാധാരണയായി കാണുന്ന ഒരു പ്രവണത ആണ് ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ ജ്യോതിഷാലയങ്ങൾ കയറി ഇറങ്ങി പരിഹാരം കാണാൻ ശ്രമിക്കുന്നത്. ഇങ്ങനെ കടക്കെണിയിൽ പെടാതെ  നാമം ജപിച്ചു ആ കഷ്ടകാലങ്ങൾ തരണം ചെയ്യുകയാണ് വേണ്ടത്.
നിഷ്കാമ മായി ആരാധിച്ചു പ്രീതിപ്പെടുത്തണം ദേവിയെ.   
ശുഭകരീ: മംഗളം തരുന്ന ദേവി. കിട്ടുന്നത്  എല്ലാം ദേവിയുടെ പ്രസാദം ആയി  കാണാൻ കഴിയുമ്പോൾ  ആണ് സന്തോഷം ലഭിക്കുന്നത്.
ശോഭനാ സുലഭാഗതിഃ: സുലഭമായി ലഭിക്കുന്ന ഒരു ലക്ഷ്യ സ്ഥാനം ആണ് ദേവി. ദേവിയോട്  അടുക്കുന്ന ഭക്തന്റെ ഭാവി ശോഭനമായിതീരുന്നു.
  

രാജരാജേശ്വരീ രാജ്യദായിനീ രാജ്യവല്ലഭാ 
രാജത്‌കൃപാ രാജപീഠനിവേശിതനിജാശ്രിതാ 134 


രാജരാജേശ്വരീ:  രാജ രാജേശ്വരൻ  മഹാദേവൻ ആണ്. അദ്ദേഹത്തിന്റെ പത്നി  ആയതു കൊണ്ട് ദേവി രാജരാജേശ്വരീ എന്ന് അറിയപ്പെടുന്നു. ചക്രവർത്തിമാരാൽ ആരാധിക്കപ്പെടുന്ന ദേവി എന്നും അർത്ഥമെടുക്കാം. മനു, കുബേരൻ എന്നിവർ പ്രശസ്തരായ ശ്രീ വിദ്യാ ഉപാസകരായിരുന്നു. ദേവീ ദാസന്മാരായി ആണ് അവർ രാജ്യം ഭരിച്ചത്.
രാജ്യദായിനീ: ഭക്തന്റെ ആഗ്രഹവും  അർഹതയും അനുസരിച്ചു സ്വർഗം മോക്ഷം എല്ലാം തരാൻ കഴിവുള്ള ദേവി. 
രാജ്യവല്ലഭാ: എല്ലാ രാജ്യങ്ങൾക്കും രക്ഷകയാണ് ദേവി. 
രാജത്‌കൃപാ: നിരുപാധികം കൃപ ചൊരിയുന്ന ദേവി. 
 രാജപീഠനിവേശിതനിജാശ്രിതാ: തന്നെ ആശ്രയിക്കുന്നവരെ രാജപീഠത്തിൽ ഇരുത്തുന്ന ദേവി. ശ്രേയസു തന്നു അനുഗഹിക്കുന്ന ദേവി. 

രാജ്യലക്ഷ്മീഃ കോശനാഥാ ചതുരംഗബലേശ്വരീ 
സാമ്രാജ്യദായിനീ സത്യസന്ധാ സാഗരമേഖലാ 135 

രാജ്യലക്ഷ്മീഃ ഐശ്വര്യ സ്വരൂപിണി ആയ ദേവി. ദേവ്യുപാസകരെയും അമ്മ  ആ തലത്തിലേക്ക് ഉയർത്തുന്നു. 
കോശനാഥാ:  ഐശ്വര്യത്തിന്റെ ഖജനാവ് ആയി ഇരിക്കുന്ന അമ്മ. ലൗകിക ജീവിതത്തിൽ പോലും എത്രയൊക്കെ ദാരിദ്ര്യം ഉണ്ടെങ്കിലും ഒരു അമ്മ അതൊക്കെ അവഗണിച്ചു കൊണ്ട് തന്നെ തന്റെ മക്കളെ സംരക്ഷിക്കുന്നു. അപ്പോൾ സകല ചരാചരങ്ങളുടെയും അമ്മ ആയ ദേവിയുടെ കാരുണ്യം എത്ര വലുത് ആയിരിക്കും എന്ന് ഊഹിക്കാമല്ലോ,
ചതുരംഗബലേശ്വരീ: ചതുരംഗ പ്പട തന്നെ സ്വന്തമായി ഉള്ള ദേവി.
സാമ്രാജ്യദായിനീ:  ചക്രവർത്തി പദം കൊടുക്കുന്നവളാണ്  ദേവി. ദേവ്യുപാസന കൊണ്ട് ഭക്തന് സമ ദർശനം കിട്ടുന്നു.  സാധകർക്കു എല്ലാവിധ  ഐശ്വര്യവും നൽകി കാത്തു രക്ഷിക്കുന്ന ദേവി. ജയ പരാജയങ്ങളോ ലാഭ നഷ്ടങ്ങളോ ഒന്നും ബാധിക്കാതെ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്ന അവസ്ഥയാണ് സമദർശനം. അതാണ് ചക്രവർത്തി പദം എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.
സത്യസന്ധാ: സത്യത്തെ പരിരക്ഷിക്കുന്നവൾ ആണ് ദേവി. തന്റെ ഭക്തരും അങ്ങനെ വേണം എന്ന് ദേവിക്ക് നിർബന്ധം ഉണ്ട്.  
സാഗരമേഖലാ: സമുദ്രം അരഞ്ഞാണം ആയി ധരിച്ചിരിക്കുന്ന ഭൂമി ദേവിയും ശ്രീ  ലളിതാ പര മേശ്വരി തന്നെ. 


ദീക്ഷിതാ ദൈത്യശമനീ സർവ്വലോകവശംകരീ 
സർവ്വാർഥദാത്രീ സാവിത്രീ സച്ചിദാനന്ദരൂപിണീ 136 

ദീക്ഷിതാ: ലക്ഷ്യ ബോധത്തോടെ ഉള്ള വ്രത നിഷ്ഠ യാണ് ദീക്ഷ എന്ന് പറയുന്നത്. സന്യാസ ദീക്ഷ, മന്ത്ര ദീക്ഷ  അങ്ങനെ നിഷ്ഠ പാലിക്കാൻ ഉള്ള ശക്തി തരുന്നതും ദേവി ആണ്. 
ദൈത്യശമനീ: അസുര നിഗ്രഹം അതാണ് ദേവിയുടെ ദൗത്യം,  ഭക്തന്റെ ഉള്ളിലെ ആസുരിക ഗുണങ്ങളും ദേവി നശിപ്പിക്കുന്നു.
സർവ്വലോകവശംകരീ: സർവ ലോകങ്ങളും തന്നിലേക്ക് ആകർഷിച്ചു നിര്ത്തുന്നു ദേവി.
സർവ്വാർഥദാത്രീ: സർവ അർത്ഥ കാമങ്ങളും നൽകുന്ന ദേവി.  
സാവിത്രീ: സവിതാവിന്റെ  ജനയിത്രി  ആയി ഇരിക്കുന്ന ദേവി.
സച്ചിദാനന്ദരൂപിണീ: സത് ചിത് ആനന്ദം. സത് എന്നാൽ ഉണ്മ ചിത് എന്നാൽ ബോധം. ദേവിയെ സച്ചിദാനന്ദ സ്വരൂപിണി എന്ന് വിശേഷിപ്പിക്കുന്നു.  

ദേശകാലാപരിച്ഛിന്നാ സർവ്വഗാ സർവ്വമോഹിനീ 
സരസ്വതീ ശാസ്ത്രമയീ ഗുഹാംബാ ഗുഹ്യരൂപിണീ 137

ദേശകാലാപരിച്ഛിന്നാ: അമ്മ ദേശ കാലങ്ങൾക്കു അതീതയാണ്.  
സർവ്വഗാ: എല്ലായിടത്തും നിറഞ്ഞിരിക്കുന്നത് ആ ഭഗവതി ആണ്. 
സർവ്വമോഹിനീ: മായാ വലയത്തിൽ പെടുത്തി മറ്റുള്ളവരെ മോഹിപ്പിക്കാൻ ദേവിക്ക് കഴിവുണ്ട്. 
സരസ്വതീ:  വാഗ് ദേവത ആയ സരസ്വതി ആയി ഇരിക്കുന്നതും ശ്രീ ഭഗവതി തന്നെ. 
ശാസ്ത്രമയീ: ദേവിയിൽ നിന്നാണ് എല്ലാ ശാസ്ത്രങ്ങളും ഉണ്ടായത്. അതായതു ദേവിയുടെ അവയവങ്ങളിൽ നിന്നാണ് ശാസ്ത്രങ്ങൾ ഉണ്ടായത്.   

* ശ്വാസത്തിൽ നിന്ന് വേദങ്ങൾ, 
**ദേവിയുടെ നാവിൽ നിന്ന് സരസ്വതി  ദേവി ഉണ്ടായി എന്നാണ് പറയുന്നത്. **അഭിമാനത്തിൽ നിന്ന് മഹാ മന്ത്രങ്ങൾ ഉണ്ടായി. 
**കവിൾത്തടത്തിൽ നിന്ന് വേദാംഗങ്ങൾ ഉണ്ടായി. 
**ദേവിയുടെ കണ്ഠത്തിനു മേൽ ഭാഗത്തു നിന്ന് മീമാംസ, തന്ത്രങ്ങൾ എന്നിവ ഉണ്ടായി. 
**കാവ്യാലാപനത്തിൽ നിന്ന് കാവ്യ, നാടകാദി കലകൾ ഉണ്ടായി. 
** കണ്ഠ മധ്യത്തിൽ നിന്നാണ് ആയുർവേദം ഉണ്ടായത് .  
**ദേവിയുടെ കക്ഷത്തിൽ നിന്നാണ് കാമ ശാസ്ത്രം ഉണ്ടായത്  എന്നാണ് പറയുന്നത്. 
ഗുഹാംബാ: സുബ്രഹ്മണ്യന്റെ അമ്മ.
ഗുഹ്യരൂപിണീ:  രഹസ്യമായി നിലകൊള്ളുന്നവൾ. ദേവിയുടെ ചൈതന്യം നമുക്ക് അനുഭവിക്കാൻ കഴിയും എന്നല്ലാതെ ദേവിയെ നഗ്ന നേത്രങ്ങളാൽ കാണാൻ പറ്റില്ല.

സർവ്വോപാധിവിനിർമ്മുക്താ സദാശിവപതിവ്രതാ 
സംപ്രദായേശ്വരീ സാധ്വീ ഗുരുമണ്ഡലരൂപിണീ 138

 സർവ്വോപാധിവിനിർമ്മുക്താ: ദേവിക്ക് ഇവിടെ എന്തെങ്കിലും  ചെയ്യാൻ ഒരു ഉപാധികളും ആവശ്യമില്ല. ജീവരാശിക്ക്‌ ആണ് ഇവിടെ എന്ത് ചെയ്യാനും ശരീരം എന്ന ഉപാധി ആവശ്യമായി വരുന്നത്.
 സദാശിവപതിവ്രതാ: സദാശിവനെ മാത്രം സ്മരിച്ചു അദ്ദേഹത്തെ പതി ആയി കിട്ടാൻ വ്രതം എടുക്കുന്ന ദേവി.  
സമ്പ്രദായേശ്വരീ: സമ്പ്രദായങ്ങൾക്ക്  ഈശ്വരി ആയ അമ്മ.   ഗുരുമുഖത്തു നിന്ന് പഠിക്കുന്ന താന്ത്രിക വിദ്യകൾക്ക്  ആണ് സമ്പ്രദായം എന്ന് പറയുന്നത്. ആ  സമ്പ്രദായങ്ങൾ  ദേവി ആണ് ആവിഷ്ക്കരിച്ചത്.
സാധ്വീ: പതിവ്രത ആയ ദേവി.
 ഗുരുമണ്ഡലരൂപിണീ: സകല ഗുരുക്കന്മാരായി ഭക്തന്റെ മുന്നിൽ വരുന്നത് ദേവിയാണ്. ദേവിയെ അറിയണം എന്ന് ഭക്തൻ ആഗ്രഹിക്കുമ്പോൾ ഗുരുവിനെ  നമ്മുടെ മുന്നിൽ  എത്തിക്കുന്നത് ദേവി ആണ്.

 കുലോത്തീർണ്ണാ ഭഗാരാധ്യാ മായാ മധുമതീമഹീ 
ഗണാംബാ ഗുഹ്യകാരാധ്യാ കോമളാംഗീ ഗുരുപ്രിയാ 139 

കുലോത്തീർണ്ണാ: ദേവിയെ  ഒരു കുലത്തിന്റെ ഭാഗം ആക്കാൻ കഴിയില്ല. അതിനെല്ലാം അതീത ആയവൾ ആണ് അമ്മ.
ഭഗാരാധ്യാ: ഭഗം എന്നാൽ ശ്രീ, ഐശ്വര്യം, വീര്യം,യശസ്, ജ്ഞാനം വൈരാഗ്യം ഇവയൊക്കെ  ദേവതമാരായി  കണ്ടാൽ അവരാൽ ആരാധിക്കപ്പെടുന്ന ദേവി .
മായാ: ഇരുട്ടത്ത് കയറു കണ്ടാൽ പാമ്പ് എന്ന് തോന്നുന്നത് മായ കൊണ്ടാണ്. അത് അല്ല എന്ന് അ റിയാൻ വെളിച്ചം വേണം. ഇങ്ങനെ ഇല്ലാത്തതു ഉണ്ടെന്നു തോന്നുന്നത് അജ്ഞാനമാണ്‌. ജ്ഞാന പ്രകാശം വന്നു കഴിഞ്ഞാൽ സത്യം തിരിച്ചു അറിയാൻ കഴിയും. ഇങ്ങനെ മായാ പ്രപഞ്ചം ആയി നിലകൊള്ളുന്നതും ശ്രീ ലളിതാ പരമേശ്വരി തന്നെ ആണ്. 
മധുമതീ: ആരിലും സ്നേഹം ജനിപ്പിക്കുന്ന ഭഗവതി. 

ദേവിയെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഭക്തന് ലിംഗ ഭേദങ്ങളോ, ദേശ  ഭേദങ്ങളോ ഒന്നും ബാധിക്കാതെ എല്ലാവരെയും സ്നേഹിക്കാൻ കഴിവ് തരുന്നു. അപ്പോളാണ് ഈ ഭൂമി സ്വർഗം ആയി തീരുന്നത്.
മഹീ:  സകല ചരാചരങ്ങൾക്കും ആഹാര വിഹാരങ്ങൾ നൽകുന്ന,   വാസസ്ഥാനം ആയ ഭൂമി ദേവി ആയി നിലകൊള്ളുന്നതും ശ്രീ ലളിത ദേവി തന്നെ ആണ്.
ഗണാംബാ:  മഹാദേവന്റെ ഭൂത ഗണങ്ങൾക്ക്  അമ്മ എന്നും ഗണനായകൻ ആയ ഗണേശന്റെ അമ്മ എന്നും അർഥം എടുക്കാം.
ഗുഹ്യകാരാധ്യാ: കിന്നരന്മാർ, കിംപുരുഷന്മാർ, യക്ഷഗന്ധർവന്മാർ  ഗുഹ്യകന്മാർ ഇവരെല്ലാം ദേവ ലോകത്തെ കലാകാരൻമാർ ആണ്. ഇവരാൽ ആരാധിക്കപ്പെടുന്ന ദേവി. ദേവി ആരാധന എപ്പോഴും രഹസ്യമായി ആണ് നടക്കുന്നത്. അങ്ങനെ രഹസ്യമായി ആരാധിക്കപ്പെടുന്ന ദേവി എന്ന അർഥത്തിലും ഗുഹ്യകാരാധ്യ എന്ന്  പറയാം. 
കോമളാംഗീ: അതി സുന്ദരമായ അംഗങ്ങളോട് കൂടിയ ദേവി. സകല സൗന്ദര്യ സങ്കൽപങ്ങളും ദേവിയിൽ നിന്നാണ് തുടങ്ങുന്നത്.
ഗുരുപ്രിയാ: ശ്രീ പരമേശ്വരൻ ആണ് ആദി  ഗുരു. അങ്ങനെ ശ്രീ പരമേശ്വരന് പ്രിയ ആയ ദേവി.

സ്വതന്ത്രാ സർവ്വന്ത്രേശീ ദക്ഷിണാമൂർത്തിരൂപിണീ 
സനകാദിസമാരാധ്യാ ശിവജ്ഞാനപ്രദായിനീ 140 

സ്വതന്ത്രാ: മമതയില്ലാത്തതു കൊണ്ട് ദേവിക്ക് കെട്ടുപാടുകൾ ഇല്ല. ആരാലും നിയന്ത്രിക്കപ്പെടാത്ത ദേവി.  
സർവ്വതന്ത്രേശീ: സർവ തന്ത്രങ്ങളുടെയും ഈശ്വരി. ദേവിയാണ്
 എല്ലാ തന്ത്ര വിദ്യകളും  ആവിഷ്കരിച്ചത്.  
ദക്ഷിണാമൂർത്തിരൂപിണീ: തെക്കു ഭാഗത്തേക്ക് മുഖം തിരിച്ചു ഇരിക്കുന്ന ദേവൻ. ഗുരുക്കന്മാരിൽ ഏറ്റവും ശ്രേഷ്ഠനാണ് ദക്ഷിണാമൂർത്തി. മൗന ഭാഷയിലൂടെ ആണ് ജ്ഞാനം പകർന്നു കൊടുക്കുന്നത്ദക്ഷിണാമൂർത്തിക്കു ശക്തി വിശേഷം നൽകുന്നത്  ദേവി ആയതു കൊണ്ട് ദേവിയെ ദക്ഷിണാമൂർത്തി രൂപിണി എന്ന് വിശേഷിപ്പിക്കുന്നു.
സനകാദിസമാരാധ്യാ: സനകാദികളാൽ ആരാധിക്കപ്പെടുന്ന ദേവി.  എന്നും കുഞ്ഞുങ്ങളായി ഇരിക്കുന്നവരാണ് സനകാദികൾ. സനകാദികളുടെ  ഗുരുവാണ് ദക്ഷിണാ മൂർത്തി.   
ശിവജ്ഞാനപ്രദായിനീ: മഹത്തായ ജ്ഞാനം പ്രദാനം ചെയ്യുന്ന ദേവി. 

ചിത്‌കലാഽഽനന്ദകലികാ പ്രേമരൂപാ പ്രിയംകരീ 
നാമപാരായണപ്രീതാ നന്ദിവിദ്യാ നടേശ്വരീ 141 

ചിത്‌കല: ചിത്താകുന്ന (ബ്രഹ്മം) അംശം എടുത്താണ് ദേവി പലതായി കാണപ്പെടുന്നത്. അമ്മക്ക് സ്നേഹം പ്രകടിപ്പിക്കാൻ ആയിട്ടാണ് പലതായി രൂപം എടുത്തത്.
ആനന്ദകലികാ: ഭക്തി  ഒരു പൂമൊട്ട് ആയിട്ടാണ്  ആദ്യം രൂപം എടുക്കുന്നത്. അതിനെ വികസിപ്പിക്കേണ്ട ഉത്തരവാദിത്വം ഭക്തന്റേതു ആണ്. സത്‌സംഗത്തിലൂടെ നാമ സ്മരണയിലൂടെ അത് വികസിപ്പിച്ചാൽ ആനന്ദം അനുഭവിക്കാൻ കഴിയും. സാധനകൾ എടുക്കാത്ത വ്യക്തിയുടെ ഉള്ളിൽ ഈ പൂമൊട്ട് വികസിക്കാതെ അങ്ങനെ തന്നെ നിലകൊള്ളുന്നു.
പ്രേമരൂപാ: പ്രേമം രൂപം എടുത്ത ദേവി.  
സഹജ പ്രേമം ദൈവിക പ്രേമം എന്ന് സ്നേഹത്തിനെ വിഭജിച്ചിട്ടുണ്ട്. തന്റെ ബന്ധുക്കളോട് ഉള്ള സ്നേഹം ആണ് സഹജ പ്രേമം. എന്നാൽ എല്ലാവരും ദൈവത്തിന്റെ അംശം ആയി കണ്ട്  നിസ്വാർത്ഥമായി അവരെ സ്നേഹിക്കുന്നതാണ് ദൈവിക പ്രേമം. ദേവീ ഭക്തർക്ക് ദൈവിക പ്രേമം ആണ് മനസ്സിൽ ഉണ്ടാകേണ്ടത്. അങ്ങനെ ഉണ്ടാകാൻ ദേവി തന്നെ അനുഗ്രഹിക്കണം. അപ്പോഴാണ് ``വസുധൈവ കുടുംബകം" എന്ന മഹാ സങ്കൽപം സാധ്യമാകുന്നത്. ഈ വാക്യത്തിന്റെ അർത്ഥം "ലോകം ഒരു കുടുംബമാണ്"  എന്നാണ്.
പ്രിയംകരീ: ഭക്തന് പ്രിയമായതു മാത്രം നൽകുന്ന ദേവി. ഭക്തന് അഹിതം ആയതു ഒന്നും ദേവി ചെയ്യില്ല. സാധകൻ ആഗ്രഹിക്കുന്നത് അല്ല ഭക്തന് യോജിച്ചത് ആണ് ഭഗവാൻ തരുന്നത്.
നാമപാരായണപ്രീതാ: കലി  യുഗത്തിൽ നാമസ്മരണ ആണ് മോക്ഷം ലഭിക്കാനുള്ള മാർഗം. അങ്ങനെ നാമസ്മരണ നടത്തുന്നവരിൽ പ്രിയം ഉള്ള ദേവി.  അമ്മയുടെ നിർദേശ പ്രകാരം ആണല്ലോ ലളിതാ സഹസ്രനാമം വശിന്യാദി വാഗ് ദേവതകൾ എഴുതിയത്. ദേവിയുടെ അപാരമായ കരുണ ആണ് അത് കാണിക്കുന്നത്.
 നന്ദിവിദ്യാ:  നന്ദികേശൻ  പിന് തുടരുന്ന ശ്രീ വിദ്യാ ഉപാസന യിൽ സംപ്രീത ആയ ദേവി.
നടേശ്വരീ: നടേശ്വരൻ ശ്രീ പരമേശ്വരൻ ആണ്. അദ്ദേഹത്തിന്റെ പത്നി എന്ന അർത്ഥത്തിൽ ദേവിയെ നടേശ്വരി എന്ന് പേര് വന്നു. ഭഗവാന്റെ നൃത്തത്തിന് താണ്ഡവം എന്നാണ് പറയുന്നത്. ദേവിയുടെ നൃത്തത്തിന് ലാസ്യം എന്നാണ് പറയുന്നത്. 

മിഥ്യാജഗദധിഷ്‌ഠാനാ മുക്തിദാ മുക്തിരൂപിണീ 
ലാസ്യപ്രിയാ ലയകരീ ലജ്‌ജാ രംഭാദിവന്ദിതാ 142 

മിഥ്യാജഗദധിഷ്‌ഠാനാ: മിഥ്യ ആയി ഇരിക്കുന്ന ലോകത്തിന്  താങ്ങായി നിൽക്കുന്നത് ദേവി ആണ്. സ്ഥിരമായി ഇരിക്കുന്ന ഒരു സ്ഥലത്തു ആണ് ഒന്നിന് വന്നു പോകാൻ കഴിയുന്നത്. ദേവി  സ്ഥിരമായി നിൽക്കുന്ന ശക്തി വിശേഷം ആണ്. അവിടെ ആണ് ജീവികൾ വന്നു പോകുന്നത്. 
 മുക്തിദാ:  മുക്തിയെ ദാനം ചെയ്യുന്നതു ദേവിയാണ്. തന്റെ കയ്യിൽ ഉള്ളതാണ് ഒരാളിന് ദാനം ചെയ്യാൻ കഴിയുന്നത്. 
മുക്തിരൂപിണീ: മുക്തി തന്നെ രൂപം എടുത്ത ദേവി.
ലാസ്യപ്രിയാ: ലാസ്യനൃത്തം  ഇഷ്ടപ്പെടുന്ന ദേവി. എല്ലാ കലകളുടേയും ഇരിപ്പിടം ദേവി ആണ്. അത് പോലെ ആ കലകൾ ഒക്കെ ദേവി ആസ്വദിക്കുകയും ചെയ്യുന്നു. അതായത് താൻ ചെയ്യുന്ന  പ്രവൃത്തിയും ദേവി വളരെ ആനന്ദിച്ചാണ് ചെയ്യുന്നത്. ഭക്തനും അതീവ ഭക്തിയോടെ ശ്രദ്ധയോടെ അവയൊക്കെ ഉപാസിക്കണം എന്ന് ദേവിക്ക് നിർബന്ധം ഉണ്ട്.  
ലയകരീ: ഈ പ്രപഞ്ചത്തിന്റെ താള ലയം നിലനിർത്തുന്നത് ദേവിയാണ്.  ഇനി സൃഷ്ടി സ്ഥിതി സംഹാരത്തിനു ശേഷം ദേവി എല്ലാം ഉള്ളിലേക്ക് വലിച്ചെടുത്തു ലയിപ്പിക്കുന്നു അത് കൊണ്ട് ദേവിയെ ലയകരി എന്ന് വിശേഷിപ്പിക്കുന്നു.
ലജ്‌ജാ: മനുഷ്യനിൽ ലജ്ജ ആയി ഇരിക്കുന്നതും ദേവിയാണ്. ലജ്ജ ആണ് നമ്മെ ചീത്ത പ്രവൃത്തിയിൽ നിന്ന് അകറ്റിനിർത്തുന്നത്. ലജ്ജാ ശീലം എന്നത്  കുല സ്ത്രീകൾക്ക് ആഭരണം ആണ്.
രംഭാദിവന്ദിതാ:  രംഭ തുടങ്ങിയ അപ്സരസുകളാൽ ആരാധിക്ക പ്പെടുന്ന ദേവി. സൗന്ദര്യത്തിന്റെ മൂർത്തി ഭാവം ആണ്. ദേവലോകത്തെ നർത്തകികൾ ആണ് രംഭ തുടങ്ങിയവർ. ദേവി ഉപാസന കൊണ്ട് അപ്സരസുകളുടെ കഴിവുകൾക്ക് മിഴിവ്(തിളക്കം) കൂടുന്നു.

ഭവദാവസുധാവൃഷ്‌ടിഃ പാപാരണ്യദവാനലാ 
ദൗർഭാഗ്യതൂലവാതൂലാ ജരാധ്വാന്തരവിപ്രഭാ 143 

ദാവം : കാട്ടുതീയ്‌ 
ഭവദാവസുധാവൃഷ്‌ടിഃ   ഭവ ലോകത്തിൽ കാട്ടുതീ പോലെ നമ്മെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് മുകളിൽ അമൃത വൃഷ്ടി നടത്തുന്ന ദേവി. അങ്ങനെ ദേവി ഭക്തനെ സംരക്ഷിക്കുന്നു.

കാട്ടുതീയ്‌ ഒരിടത്ത് തുടങ്ങിയാൽ വളരെ വേഗം പടർന്നു പിടിച്ചു സകല സസ്യങ്ങളും  ജീവ ജാലങ്ങളും എല്ലാം നശിപ്പിക്കുന്നു. അത് പോലെ തന്നെ ആണ് മനുഷ്യന് എന്തെങ്കിലും ചെറിയ പ്രശ്നം മതി അത് ചിന്തിച്ചു ചിന്തിച്ചു സ്വയം നശിക്കുന്നു. തനിക്ക് താങ്ങായി  അമ്മ ഉണ്ട് എന്ന് ചിന്തിക്കുമ്പോൾ  മനസിന്‌ ഭാരം കുറയുന്നു. അങ്ങനെ സർവം അവിടുത്തേക്ക്‌ സമർപ്പിച്ചു ജീവിച്ചു കഴിഞ്ഞാൽ ബുദ്ധിമുട്ടുകൾ നമ്മെ അധികം ബാധിക്കാതെ കടന്നു പോകും.
പാപാരണ്യദവാനലാ: പാപമാകുന്ന കൊടും കാട്ടിൽ കാട്ടുതീയ്‌  ആയി മാറുന്ന ദേവി. 

തനിക്കു തെറ്റുപറ്റി എന്ന് അറിയുമ്പോൾ അതിൽ  പശ്ചാത്തപിക്കുന്ന ഭക്തനെ ദേവി സംരക്ഷിക്കുന്നു. ഒരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും മറ്റൊരു രീതിയിൽ ചെയ്യാനും ഈശ്വരന് മാത്രമേ കഴിയൂ. നമ്മുടെ പശ്ചാത്താപം അത് സത്യമാണെങ്കിൽ പാപത്തിന്റെ ഗതിയെ മാറ്റി മറിക്കാൻ അമ്മക്ക് കഴിയും. തന്നെ ആശ്രയിക്കുന്ന ഭക്തന്റെ യോഗ ക്ഷേമം തന്റെ കർത്തവ്യമാണ് എന്ന് ഭഗവാൻ ഗീതയിൽ ഉറപ്പു പറയുന്നു. നിഷ്കളങ്കമായി എല്ലാം അവിടുത്തേക്ക്‌ സമർപ്പിച്ചാൽ മാത്രം മതിയാകും.
 
ദൗർഭാഗ്യതൂലവാതൂലാ: ദഃഖങ്ങളുടെ ഭാരം കുറച്ചു പഞ്ഞിപോലെ മാറ്റി തരുന്ന ദേവി. പിന്നീട്   കൊടുംകാറ്റ് ആയി വന്നു ആ പഞ്ഞിയെ കൂടെ കാറ്റിൽ പറത്തി കളയുന്നു.  
ജരാധ്വാന്തരവിപ്രഭാ: ജര ആകുന്ന കൂരിരുട്ടിൽ സൂര്യ പ്രകാശം ചൊരിയുന്ന ദേവി.

ഇന്ന് എല്ലാവരുടെയും  പേടിസ്വപ്നമാണ് വാർധക്യ കാലം. അനാരോഗ്യവും ആശ്രയമില്ലായ്മയും ആണ് വാർധക്യ കാലം ദുരിത പൂർണമാക്കുന്നത്. ദേവിയിൽ സർവവും സമർപ്പിച്ച ശുദ്ധ ഭക്തനെ  ഏതു അവസ്ഥയിലും ദേവി സംരക്ഷിച്ചു  കൊള്ളും. അമ്മ ആ ഭക്തരുടെ മുന്നിൽ നടന്നു കൂരിരുട്ടു മാറ്റി അവിടെ ജ്ഞാന പ്രകാശം പ്രദാനം ചെയ്യുന്നു.

ഭാഗ്യബ്ധിചന്ദ്രികാ ഭക്തചിത്തകേകിഘനാഘനാ രോഗപർവ്വതദംഭോളിർമൃത്യുദാരുകുഠാരികാ 144 

ഭാഗ്യബ്ധിചന്ദ്രികാ: എല്ലാ അനർത്ഥങ്ങളും അകറ്റി ഭക്തന് ഉണ്ടാകുന്ന ഭാഗ്യത്തിന്റെ വേലിയേറ്റത്തിന് പൗർണമി ആയി തീരുന്ന ദേവി.  
ഭക്തചിത്തകേകിഘനാഘനാ: ദേവിയെ കുറിച്ച് ഓർക്കുന്ന ഭക്തന്റെ മനസു മഴക്കാറ് കണ്ടു ആനന്ദ നൃത്തം ചവിട്ടുന്ന മയിലിനെ പ്പോലെ ആനന്ദ നൃത്തമാടുന്നു.
രോഗപർവ്വതദംഭോളി: ഇവിടെ രോഗത്തെ പർവ്വതത്തോട് ആണ് ഉപമിക്കുന്നത്.  ആ പർവ്വതത്തിനു മുകളിൽ വജ്രായുധം ആയി മാറുന്ന ദേവി. രോഗം വരുമ്പോൾ സാമ്പത്തികമായി തകർന്നു പോകുന്നു ദുഃഖ ഭാരം താങ്ങാൻ വയ്യാതെ ആകുന്നു. അങ്ങനെ  ഒരു പർവതം ചുമക്കുന്ന ഭാരം ആണ് മനസിന് ഉണ്ടാകുന്നത്. 

പണ്ട് പർവതങ്ങൾ പറന്നു നടക്കുക ആയിരുന്നു. അങ്ങനെ ലോക ജീവിതം ദുസ്സഹമായപ്പോൾ ഇന്ദ്രൻ തന്റെ വജ്രായുധം ഉപയോഗിച്ച് അവയുടെ ചിറകുകൾ  മുറിച്ചു മാറ്റി എന്നാണ് പറയപ്പടുന്നത്. അതിനു ശേഷം ആണ് പർവതങ്ങൾ ഒരിടത്തു സ്ഥിരമായി നില്ക്കാൻ തുടങ്ങിയത്.

മൃത്യുദാരുകുഠാരിക: മൃത്യു ആകുന്ന വൃക്ഷത്തിനു മുകളിൽ ഒരു മഴു പോലെ വന്നു ചേരുന്ന ദേവി. ദേവീ ഉപാസകൻ ദേവിയിലേക്കു ആണ് ലയിക്കുന്നത്. കുഞ്ഞു അമ്മയുടെ അടുത്തേക്ക് പോകുമ്പോൾ എന്തിനു ഭയക്കണം. അങ്ങനെ മൃത്യു  ഭയം പോലും ഭക്തനിൽ  നിന്ന് അകന്നു പോകുന്നു.

മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാശനാ 
അപർണ്ണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ 145 

പർണ്ണം : ഇല 

മഹേശ്വരീ: സന്തോഷം വന്നാൽ പിന്നെ  സാധകന്റെ മനസ്സിൽ എന്നും ഉത്സവം ആണ്. 
മഹാകാളീ: കാലത്തേ നിയന്ത്രിക്കുന്നവൾ  എന്നും കറുത്ത നിറമുള്ളവൾ എന്നും അർത്ഥം എടുക്കാം.

ബ്രഹ്മാവ് മധുകൈടഭന്മാരെ നശിപ്പിക്കുവാൻ വേണ്ടി സ്തുതിച്ച ദേവിയും
മഹാവിഷ്ണുവിന്റെ യോഗനിദ്രയും തമോഗുണാത്മികയും ആയ ശക്തിയെ
' മഹാകാളി ' എന്നു പറയുന്നു.
മഹാഗ്രാസാ:  സർവ്വചരാചരങ്ങളേയും മഹാപ്രളയ സമയത്ത് ഒന്നാകെ അകത്താക്കുന്നതിനാൽ ദേവിയെ മഹാഗ്രാസാഎന്ന് വിശേഷിപ്പിക്കുന്നു.
മഹാശനാ: മഹത്തായ അശനത്തോടു കൂടിയവൾ..
സർവ്വചരാചരങ്ങളേയും , സർവ്വലോകങ്ങളേയും ദൃശ്യമാക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന മഹത് അവ്യക്തം എന്നറിയപ്പെടുന്ന മൂലതത്ത്വങ്ങളെയെല്ലാം
തന്റെ അകത്ത് അടക്കി വയ്ക്കുന്നതിനാൽ
' മഹാശനാ ' എന്ന് നാമം.
അപർണ്ണാ:  ഒരു ഋണവും ഇല്ലാത്തവൾ...
ഇലകൾകൂടി ഭക്ഷിക്കാതെ ത്യജിച്ചവൾ.

പാർവ്വതീ ദേവി ശിവനെ പതിയായി ലഭിക്കുന്നതിനായി കഠിന തപസ്സനുഷ്ഠിച്ചു.
ആഹാരം ഒന്നൊന്നായി ഉപേക്ഷിച്ച ദേവി
ഇലകൾ (പർണ്ണങ്ങൾ) മാത്രമായി ഭക്ഷണം.
അവസാനം അതും ഉപേക്ഷിച്ചു തപസ്സ് തുടർന്നതിനാൽ ' അപർണ്ണാ ' എന്ന് നാമം.
ചണ്ഡികാ: അസുര നിഗ്രഹ സമയത്തു ഉള്ള പ്രത്യേക ഭാവം. കോപാവേശിത ആയ ദേവി. ദേവിയിൽ ഭക്തിയില്ലാത്ത അധർമ്മികളിൽ വളരെ കോപം പ്രകടമാക്കുന്നു..എന്നാൽ , ഈ ശീലം ലോക നന്മക്കായുള്ളതാണ്.പല ദുഷ്ടരായ അസുരരെയും ദേവി നിഗ്രഹിച്ചു..അതിനായി അത്യന്തം കോപശീലമുള്ള പല അവതാരങ്ങളും ദേവി സ്വീകരിച്ചു.
അതിനാൽ ' ചണ്ഡികാ ' എന്ന് നാമം..

ഏഴു വയസ്സുള്ള ബാലികയെയും ചണ്ഡികാ എന്ന് പറയുന്നതായി പുരാണങ്ങളിലുണ്ട്.
ചണ്ഡമുണ്ഡാസുരനിഷൂദിനീ:  ചണ്ഡമുണ്ഡാസുരരെ നിഗ്രഹിച്ചവൾ.
അസുര നിഗ്രഹത്തിനായി ദേവിയുടെ ലലാടത്തിൽ നിന്നും ' മഹാകാളി ' പ്രത്യക്ഷയായി..
കാളി, ദിഗന്തങ്ങൾ കുലുങ്ങുമാറ് അട്ടഹാസം ചെയ്ത് തന്റെ വലിയ ഖഡ്ഗത്താൽ ചണ്ഡന്റെ മുടിയിൽ പിടിച്ച് തല വെട്ടിയെടുത്തു. പിന്നീട് യുദ്ധത്തിനടുത്ത മുണ്ഡനേയും അതേ പോലെ വധിച്ചു.
ചണ്ഡമുണ്ഡന്മാരുടെ വെട്ടിയെടുത്ത ശിരസ്സുകൾ ദേവിക്ക് സമർപ്പിച്ചപ്പോൾ , ദേവി മഹാകാളിക്ക് 'ചാമുണ്ഡാ ' എന്ന നാമത്തിൽ അറിയപ്പെടുമെന്ന വരം നൽകി അനുഗ്രഹിച്ചു.
' ചണ്ഡമുണ്ഡന്മാരെ ' നിഗ്രഹിച്ചതിനാൽ
' ചണ്ഡമുണ്ഡാസുരനിഷൂദിനി ' എന്ന് നാമം.
മഹാകാളി ദേവിയുടെ അംശാവതാരം തന്നെ.

ക്ഷരാക്ഷരാത്‌മികാ സർവ്വലോകേശീ വിശ്വധാരിണീ 
ത്രിവർഗ്ഗദാത്രീ സുഭഗാ ത്ര്യംബകാ ത്രിഗുണാത്മികാ 146 

അംബകം : കണ്ണ് 
ക്ഷരം : നശിക്കുന്നത് 
അക്ഷരം:  നശിക്കാത്തത്  

ക്ഷരാക്ഷരാത്‌മികാ: ക്ഷരമായിരിക്കുന്നതും അക്ഷരമായിരിക്കുന്നതും ദേവി തന്നെ ആണ്. നമ്മൾ കാണുന്ന ദൃശ്യ പ്രപഞ്ചം ആണ് ക്ഷരം ആയിരിക്കുന്നത്.  പക്ഷേ അതിനെ എല്ലാം നിലനിർത്തുന്ന ചൈതന്യം ഒരിക്കലും നശിക്കുന്നില്ല.   
സർവ്വലോകേശീ: സർവ ലോകത്തിനും ഈശ്വരി ആയ ദേവി.
വിശ്വധാരിണീ: ദേവിയാണ് ഈ വിശ്വത്തെ താങ്ങി നിർത്തുന്നത്.  
ത്രിവർഗ്ഗദാത്രീ: ധർമ്മ അർത്ഥ കാമ ങ്ങൾ നൽകുന്ന ദേവി. 

ഇവിടെ ഓരോ മനുഷ്യനും  ധാർമികമായ രീതിയിൽ അവനവനു വേണ്ട ധനം സമ്പാദിക്കാനും  അത് വച്ചു മിതമായ രീതിയിൽ ജീവിക്കാനും ഉള്ള സ്വാതന്ത്ര്യം ദേവി നൽകിയിട്ടുണ്ട്.
സുഭഗാ: സൗഭാഗ്യം തരുന്ന ദേവി. ദേവിയെ ആരാധിക്കുന്ന ഭക്തന് ഒന്നിനും മുട്ട് വരുന്നില്ല എന്ന് സാരം. ശിവന് പ്രീയപ്പെട്ടവൾ എന്ന് മറ്റൊരു 
ത്ര്യംബകാ: മൂന്നു കണ്ണുകൾ ഉള്ള ദേവി. ത്രിമൂർത്തികളുടെ അമ്മ എന്നും അർത്ഥമെടുക്കാം.
 ത്രിഗുണാത്മികാ: സത്വ രാജ തമോ ഗുണങ്ങൾ ഉള്ള ദേവി, സത്വ ഗുണ പ്രധാന ആകുമ്പോൾ പാർവതി ആയും രാജോ ഗുണ പ്രധാന ആകുമ്പോൾ  ദുര്ഗ ആയും, തമോ ഗുണ പ്രധാന ആകുമ്പോൾ കാളി ആയി ഇരിക്കുന്നതും ശ്രീ ലാളിതാ പരമേശ്വരി ദേവി തന്നെ ആണ്. 

സ്വർഗ്ഗാപവർഗ്ഗദാ ശുദ്ധാ ജപാപുഷ്പനിഭാകൃതിഃ 
ഓജോവതീ ദ്യുതിധരാ യജ്ഞരൂപാ പ്രിയവ്രതാ 147

 അപവര്ഗം:-മോക്ഷം 
ജപാപുഷ്പം : ചെമ്പരത്തി പ്പൂവ് 

സ്വർഗ്ഗാപവർഗ്ഗദാ: ഒരാൾ സ്വർഗത്തെ ആഗ്രഹിച്ചാൽ സ്വർഗം ലഭിക്കും. അയാൾ ചെയ്ത പുണ്യം തീർന്നാൽ വീണ്ടും ജനിക്കുന്നു. അല്ല മോക്ഷം ആണ് ആഗ്രഹിക്കുന്നത് എങ്കിൽ ദേവിയിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത് അതാണ് അപവര്ഗം എന്ന് പറയുന്നത്.     
ശുദ്ധാ: മാലിന്യങ്ങൾ ഒന്നും ഇല്ലാത്ത ദേവി.
 ജപാപുഷ്പനിഭാകൃതിഃ : ചെമ്പരത്തി പൂവിന്റെ കടും ചുമപ്പ് നിറം ആണ് ദേവിക്ക്.
ഓജോവതീ: ഓജസോടെ ഇരിക്കുന്ന ദേവി. ദേവി എന്നും നിത്യ യൗവനത്തിലാണ് അത് കൊണ്ട് തന്നെ എപ്പോഴും ഉത്സാഹവതിയും ആണ്.  തന്നോട് ഇടപെടുന്നവരേയും  അമ്മ ഉത്സാഹികളാക്കുന്നു. 
ദ്യുതിധരാ: പ്രകാശ വലയത്തോട് കൂടിയത്. മിന്നൽ പ്രകാശം ആണ് ദേവിയുടേത്.  
യജ്ഞരൂപാ:  മഹാവിഷ്ണു വിനെയാണ് യജ്ഞരൂപൻ എന്ന് വിശേഷിപ്പിക്കുന്നത്. ഭഗവദ് പാദങ്ങൾ വേദങ്ങളും, കൈകൾ യാഗ ദ്രവ്യങ്ങളും, മുഖം വിറകും,  നാവു അഗ്നിയും,  ഒക്കെ ആയി  വിശേഷിപ്പിക്കാറുണ്ട്. മഹാവിഷ്ണുവിന് ശക്തി നൽകുന്നത് ദേവി ആയതു കൊണ്ട് ആണ് ദേവി യജ്ഞ രൂപ എന്ന് അറിയപ്പെടുന്നത് 
പ്രിയവ്രതാ: ദൃഢ നിശ്ചയത്തോടെ സാധന ചെയ്യുന്നവരിൽ പ്രീതി ഉള്ള ദേവി.

ദുരാരാധ്യാ ദുരാധർഷാ പാടലീകുസുമപ്രിയാ 
മഹതീ മേരുനിലയാ മന്ദാരകുസുമപ്രിയാ 148 

ദുരാരാധ്യാ: ആഗ്രഹങ്ങളോടെ തന്നെ സമീപിക്കുന്നവരിൽ നിന്ന് ഏറെ അകലെ ആണ് ദേവി.
 ദുരാധർഷാ: വേഗത്തിൽ സ്വാധീനിക്കാൻ കഴിയാത്ത ദേവി.  പാടലീകുസുമപ്രിയാ: പാതിരിപ്പൂവ് ഏറെ പ്രീയപ്പെട്ട ദേവി.  
മഹതീ: ഏറ്റവും ശ്രേഷ്ഠ ആയ ദേവി. 
മേരുനിലയാ:  മേരു പർവതത്തെ തന്റെ നിലയം ആക്കിയ ദേവി. 
മന്ദാരകുസുമപ്രിയാ: മന്ദാരപ്പൂവ് ഏറെ ഇഷ്ടപെടുന്ന ദേവി. വെളുത്ത എരുക്കിൻ പൂവ് ഇഷ്ടപ്പെടുന്ന ദേവി എന്നും അർഥം എടുക്കാം.


വീരാരാധ്യാ വിരാഡ്‌രൂപാ വിരജാ വിശ്വതോമുഖീ 
പ്രത്യഗ്രൂപാ പരാകാശാ പ്രാണദാ പ്രാണരൂപിണീ 149

വീരാരാധ്യാ: വീരന്മാരാൽ അരാധിക്കപ്പെടുന്ന ദേവി എന്ന്  അർഥം.  ആത്മീയ പാതയിൽ നിൽക്കാനും ഒരു വീര്യം ആവശ്യമാണ്. എന്ത് കിട്ടിയാലും കിട്ടിയില്ലെങ്കിലും സമചിത്തതയോടെ കഴിയേണ്ടവരാണ് ആത്മീയ പാതയിലേക്ക് ഇറങ്ങുന്നത്. അതിനു ഒരു ധൈര്യം ആവശ്യമാണ്.  
വിരാഡ്‌രൂപാ: പ്രപഞ്ചം തന്നെ ദേവിയുടെ ശരീരം ആയി സങ്കൽപ്പിക്കുന്നു. 
വിരജാ: രജോഗുണത്തിൽ നിന്ന് മുക്ത ആയ ദേവി.  പാപമില്ലാത്തവൾ എന്നും അർഥം പറയാം.
വിശ്വതോമുഖീ : എല്ലാ ദിക്കിലേക്കും മുഖം ഉള്ള ദേവി.
പ്രത്യഗ്രൂപാ: പ്രത്യക് രൂപം -ജീവാത്മാവ് . ഏറ്റവും വലുത് ആകാനും പറ്റുന്നത് ആണ് ആ പരമാത്മ സ്വരൂപം 
പരാകാശാ: പരമാത്മാവ് ആയി ഇരിക്കുന്നതും ജീവാത്മാവ് ആയി ഇരിക്കുന്നതും ദേവി തന്നെ 
പ്രാണദാ:  പ്രാണനെ ദാനം ചെയ്യുന്ന ദേവി. ജീവന്റെ തുടിപ്പ് ദേവി ആണ് തരേണ്ടത്.
പ്രാണരൂപിണീ: പ്രാണ സ്വരൂപം ആയ ദേവി.

 മാർത്താണ്ഡഭൈരവാരാധ്യാ മന്ത്രിണീന്യസ്തരാജ്യധൂഃ 
ത്രിപുരേശീ ജയത്സേനാ നിസ്ത്രൈഗുണ്യാ പരാപരാ 150

ന്യസ്തം: ഏൽപ്പിച്ചിരിക്കുന്നത് 
 മാർത്താണ്ഡൻ : സൂര്യൻ 

 മാർത്താണ്ഡഭൈരവാരാധ്യാ: സൂര്യ ഉപാസകന്മാരെ വിളിക്കുന്ന പേര് ആണ് മാർത്താണ്ഡഭൈരവൻ. അങ്ങനെ ഉള്ളവരാൽ ആരാധിക്ക പ്പെടുന്ന ദേവി. 
മന്ത്രിണീന്യസ്തരാജ്യധൂഃ : ദേവിയുടെ മന്ത്രി ആയി ഇരിക്കുന്നത് മന്ത്രിണി ദേവി ആണ്. ആ മന്ത്രിണി ദേവി ഈ വിശ്വ ക്ഷേമം ആകെ നോക്കി  നടത്തുന്നു.
ത്രിപുരേശീ: മൂന്ന് പുരത്തിനും ഈശ്വരി ആയ ദേവി. 
ജയത്സേനാ: എപ്പോഴും ജയിക്കുന്ന ശക്തി സേന യോട് കൂടിയ ദേവി . 
നിസ്ത്രൈഗുണ്യാ: ത്രിഗുണങ്ങൾ ഇല്ലാത്ത ദേവി. സത്വ രജസ്തമോ ഗുണങ്ങൾ ആണ് ത്രിഗുണങ്ങൾ എന്ന് അറിയപ്പെടുന്നത്. 
 പരാപരാ: ബ്രഹ്മ രൂപം ആണ് ദേവി . ദേവി യുടെ അപരാ പ്രകൃതി ആണ് ഈ ജഗത്.

 സത്യജ്ഞാനാനന്ദരൂപാ സാമരസ്യപരായണാ 
കപർദ്ദിനീ കലാമാലാ കാമധുക്‌ കാമരൂപിണീ 151 

 സത്യജ്ഞാനാനന്ദരൂപാ: സത്യം ജ്ഞാനം ആനന്ദം എല്ലാം ആണ് ദേവി  സാമരസ്യപരായണാ: സമരസം നിലനിർത്തുന്ന ദേവി , സമചിത്തത ഉള്ള ദേവി അല്ലെങ്കിൽ സ്ഥിതപ്രജ്ഞ. ലാഭ നഷ്‌ടങ്ങളും ജയാ പരാജയങ്ങളും എല്ലാം  ഒരേ മനസോടെ കാണാനുള്ള കഴിവ് 
കപർദ്ദിനീ:    ജഡാധാരി  ശിവന് ആണ്. കപർദ്ദിനീ: ശിവ പത്‌നി
കലാമാലാ: കലകളെ ആഭരണം ആക്കിയ ദേവി 
കാമധുക്‌: ആഗ്രഹിക്കുന്നത് എന്തും കൊടുക്കുന്ന ദേവി. ഭക്തിയിൽ പ്രസാദിച്ചു  അമ്മ സ്വയം അറിഞ്ഞു കൊടുക്കുന്നത് ആണ് എല്ലാ അനുഗ്രഹങ്ങളും. 
കാമരൂപിണീ: കാമദേവന് പ്രീയ പ്പെട്ട ദേവി, ഏതു രൂപവും ധരിക്കാൻ സാധിക്കുന്നത്  കൊണ്ട് ദേവിയെ കാമരൂപിണി എന്ന് പറയുന്നു 

കലാനിധിഃ കാവ്യകലാ രസജ്ഞാ രസശേവധിഃ 
പുഷ്‌ടാ പുരാതനാ പൂജ്യാ പുഷ്‌കരാ പുഷ്‌കരേക്ഷണാ 152 

കലാനിധിഃ: ഒളിഞ്ഞു കിടക്കുന്നതാണ് നിധി. ദേവിയിൽ  കലകൾ നിധി പോലെ ഇനിയും ഒളിഞ്ഞിരിപ്പുണ്ട്. 
കാവ്യകലാ: കവിത്വം ദേവി അനുഗ്രഹിച്ചാൽ കിട്ടുന്നതാണ്. കാളിദാസനാണ് അതിന് ഉദാഹരണം. 
രസജ്ഞാ: സഹൃദയൻ ആകാനും ദേവി അനുഗ്രഹിക്കണം. ഒരു കലാരൂപം കണ്ടാൽ  മനസ്സിലാകാനും ആസ്വദിക്കാനും   അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കിലേ സാധിക്കൂ.  
രസശേവധിഃ : എല്ലാ രസങ്ങളുടെയും ഖജനാവ് ആണ് അമ്മ. കലാംശം ഉള്ള സൃഷ്ടികൾ കാണുമ്പോൾ സ്വയം മറന്നു ഇരിക്കാൻ കഴിയുന്ന അവസ്ഥ. ആ ആനന്ദാവസ്ഥ തരുന്നതും ദേവിയാണ്. 
പുഷ്‌ടാ: ദേവി ഭക്തനെ ദേവി പോഷിപ്പിക്കുന്നതു പോലെ  നിഷ്കാമ ഭക്തി കൊണ്ടാണ് ദേവി പുഷ്ടിപ്പെടുന്നത്.  ഭക്തൻ ഉണ്ടെങ്കിലേ ഭഗവാൻ ഉള്ളൂ എന്ന് പറയാറുണ്ട്. 
പുരാതനാ: പണ്ട് മുതൽ ഉള്ളത് ആണ് ദേവി.  
പൂജ്യാ:  സകല ചരാചരങ്ങളാലും ദേവന്മാരാലും പൂജിക്കപ്പെടുന്നവൾ .
 പുഷ്‌കരാ:  പരിപൂർണ്ണ ആയ ദേവി, താമര, പോഷണം എന്നും അർഥം ഉണ്ട്. 

ദേവി എപ്പോഴും പൂർണ്ണ ആണ്. ജ്ഞാനം  പങ്കു വയ്ക്കുന്തോറും വർധിക്കുകയാണ് ചെയ്യുന്നത്.  എടുക്കുന്ന സ്ഥലത്തു  കുറയുന്നില്ല.  

അത്കൊണ്ട് ആണ് ഇങ്ങനെ ഒരുശാന്തി മന്ത്രം തന്നെ ഉള്ളത്.

 ``ഓം പൂർണ്ണമദഃ പൂർണ്ണമിദം 
പൂർണ്ണാത് പൂർണ്ണമുദച്യതേ 
പൂർണ്ണസ്യ പൂർണ്ണ മാദായ 
പൂര്ണാമേവാവശിഷ്യതേ'' 

പൂർണ്ണത്തിൽ നിന്ന് എടുക്കുന്നതും പൂർണ്ണമായിരിക്കും രണ്ടു സ്ഥലത്തും കുറവ് വരുന്നില്ല. ഒരു തിരി നാളത്തിൽ നിന്ന് എത്ര തന്നെ വിളക്ക് കൊളുത്തിയാലും ആദ്യത്തെ നാളം പ്രകാശത്തോടെ തന്നെ ഇരിക്കുന്നു.

പുഷ്‌കരേക്ഷണാ: താമര ദളം പോലുള്ള കണ്ണുകൾ ഉള്ള ദേവി. വിശാഖ നക്ഷത്രത്തോട് ചേർന്ന് സൂര്യനും   കാർത്തിക നക്ഷത്രത്തോടു ചേർന്ന് ചന്ദ്രനും നേർക്ക് നേർ വരുമ്പോൾ ഭൂമിക്കു ഒരു മാറ്റം വരുന്നു. അത് ഒഴിവാക്കാൻ ദേവി കണ്ണ് ചിമ്മാതെ ഇരിക്കുന്നു.  

പരംജോതിഃ പരംധാമ പരമാണുഃ പരാത്‌പരാ 
പാശഹസ്താ പാശഹന്ത്രീ പരമന്ത്രവിഭേദിനീ 153 

പരംജ്യോതിഃ ഏറ്റവും പ്രകാശം ആയതു ആണ് അമ്മ. ആയിരം സൂര്യന്മാർ ഉദിച്ചു ഉയരുന്ന ശോഭയാണ് ദേവിക്ക് ഉള്ളത്.  ശ്രീ ലളിത പരമേശ്വരി ആണ് സൂര്യന് പോലും പ്രകാശം നല്കുന്നത്.
പരംധാമ: എല്ലാ ജീവികളുടെയും ലക്ഷ്യ സ്ഥാനം ദേവിയാണ്. പരമാത്മാവിൽ ലയിക്കാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. 
പരമാണുഃ  അണുവിനേക്കാൾ ചെറുത് ആകാൻ ദേവിക്ക് കഴിയും.                    ദേവി എല്ലാവരിലും  ചൈതന്യം ആയാണ് ഇരിക്കുന്നത്. അത് കൊണ്ട് നഗ്ന നേത്രത്താൽ   കാണാൻ പറ്റില്ല.
പരാത്‌പരാ : ഏറ്റവും വലിപ്പമുള്ളത്. പർവ്വതത്തോളം വലുതാകാൻ  ദേവിക്ക് കഴിയും.

``അണോരണീയാൻ മഹതോ മഹീയാൻ''  എന്നാണ് ഈശ്വരനെ നിർവചിക്കുന്നത്. അണുവിനേക്കാൾ ചെറുത് ആകാനും പർവതത്തോളം വലുത് ആകാനും ദേവിക്ക് സാധ്യമാണ്.

പാശഹസ്താ: ഭഗവതിയുടെ ഒരു കയ്യിൽ പാശം ആണ് ഉള്ളത്. 
പാശഹന്ത്രീ: കെട്ടുപാടുകളെ ഇല്ലാതാക്കുന്ന ദേവിമമത ഇല്ലാതെ ആക്കുന്ന ദേവി. മമത ഉണ്ടാകുമ്പോൾ സാധകന്റെ ആത്മീയ യാത്ര തടസ്സപ്പെടുന്നു.  തന്റെ ഭക്തനെ ലക്ഷ്യത്തിലേക്കു നയിക്കാൻ ആണ് ദേവി ശ്രമിക്കുന്നത്.
 പരമന്ത്രവിഭേദിനീ : സാധകനെ ശത്രുക്കൾ  നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെ വിഭേദിക്കുന്ന ദേവി. സഹസ്രനാമം ചൊല്ലുന്ന ഭക്തന് ചുറ്റും ഒരു കവചം ആയി  ദേവി നിലകൊള്ളുന്നു. അങ്ങനെ ഉപാസകൻ  അനർത്ഥങ്ങൾ ഉണ്ടാകാതെ കാത്തു രക്ഷിക്കപ്പെടുന്നു.

മൂർത്താഽമൂർത്താ നിത്യതൃപ്താ മുനിമാനസഹംസികാ 
സത്യവ്രതാ സത്യരൂപാ സർവാന്തര്യാമിണീ സതീ 154 

മൂർത്താഽമൂർത്താ: രൂപം ഉള്ളതും (പ്രപഞ്ചം) രൂപം ഇല്ലാത്ത ചൈതന്യവും ദേവി തന്നെ ആണ്.  
അനിത്യതൃപ്താ: പത്രം, പുഷ്പം, ഫലം, തോയം  ഇതിൽ എന്ത് കിട്ടിയാലും തൃപ്തി അടയുന്ന ദേവി. ദിവസവും ഒരേ രീതിയിൽ പൂജിക്കണം എന്നല്ലാതെ മാറ്റങ്ങൾ ആഗ്രഹിക്കുന്ന ദേവി എന്ന് മറ്റൊരു അർഥം എടുക്കാം.  
 മുനിമാനസഹംസികാ:  മാനസ സരസിന് തുല്യമാണ് ഒരു യോഗിയുടെ മനസ്. മനസ് അത്രയും നിർമ്മലം ആയി തീരുമ്പോൾ അവിടെ ദേവി നീന്തി  തുടിക്കുന്ന ഹംസമായ്‌ എത്തുന്നു. 
സത്യവ്രതാ: സത്യം വ്രതം ആക്കിയ ദേവി. 
ചിന്ത വാക്ക് പ്രവൃത്തി എല്ലാം ഏകോപിച്ചതാണ്  ദേവി. ചിന്തിക്കുന്നത് പറയുക, പറയുന്നത് ചെയ്യുക. ഇങ്ങനെ മനസ് ഏകോപിച്ചു നിൽക്കുമ്പോൾ ആണ് സത്യ സന്ധത പാലിക്കാൻ കഴിയുന്നു. ഇതെല്ലാം ദേവിയാണ് പറയുന്നത് എന്ന് അറിഞ്ഞു പാലിച്ചാൽ ദേവി അനുഗ്രഹിക്കുന്നു 
സത്യരൂപാ:  സത്യം തന്നെ രൂപം എടുത്ത ദേവി.
സർവാന്തര്യാമിണീ : എല്ലാവരുടെയും ഹൃദയത്തിൽ  കുടികൊള്ളുന്ന ദേവി അതു കൊണ്ട് തന്നെ  എല്ലാം അറിയുന്ന ദേവി. 
സതീ: ദക്ഷ  പുത്രി ആയ സതി ജനിച്ചതും  ശ്രീ ലളിതാ ദേവിയാണ്. 

ബ്രഹ്‌മാണീ ബ്രഹ്‌മജനനീ ബഹുരൂപാ ബുധാർച്ചിതാ 
പ്രസവിത്രീ പ്രചണ്ഡാജ്ഞാ പ്രതിഷ്‌ഠാ പ്രകടാകൃതിഃ 155 

പ്രചണ്ഡ: പ്രകൃഷ്ട ആയ കോപത്തോടു കൂടിയവൾ 

ബ്രഹ്‌മാണീ:  ബ്രഹ്മം സദാശിവൻ ആണ്. ശിവ പത്‌നി ആയതു കൊണ്ട് ദേവിയ്ക്ക്  ബ്രഹ്‌മാണീ എന്ന് പേര് വന്നു.
ബ്രഹ്‌മം: സത്യം ജ്ഞാനം അനന്തം ബ്രഹ്മ എന്നാണ് ബ്രഹ്മത്തെ നിർവചിച്ചിരിക്കുന്നു.
ജനനീ: എല്ലാവരുടെ യും അമ്മ ആയി ഇരിക്കുന്ന ദേവി. 
ബഹുരൂപാ:  ബ്രഹ്മാവു മുതൽ പരമാണു വരെ ദേവിയുടെ രൂപം ആണ്.
ബുധാർച്ചിതാ: ജ്ഞാനികളാൽ  അർച്ചിക്കപ്പെടുന്ന ദേവി. ദേവിയാണ് എല്ലാ  ജ്ഞാനവും  പ്രദാനം ചെയ്യുന്നത്.കലാകാരൻ ആകുന്നത് ദേവിയുടെ അനുഗ്രഹം കൊണ്ടാണ്. മുജ്ജന്മ സുകൃതം കൊണ്ടാണ് കലാകാരൻ ആകുന്നത്.
പ്രസവിത്രീ: ജഗത്തിനെ പ്രസവിച്ചത് അമ്മ ആണ്.
പ്രചണ്ഡ: പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാക്കുന്ന ദേവി. ചൂഷണം അധികമാകുമ്പോൾ ദേവി പ്രകൃതി ക്ഷോഭങ്ങളിലൂടെ പ്രതികരിക്കുന്നു.
ആജ്ഞാ:  വേദ സ്വരൂപിണി ആയ ദേവി. ദേവിയുടെ ആജ്ഞ കളാണ് വേദങ്ങൾ ആയി പരിണമിച്ചത്.
പ്രതിഷ്‌ഠാ: ഇവിടെ എല്ലാത്തിനും അടിസ്ഥാനം തന്നെ ദേവി ആണ്. 
പ്രകടാകൃതിഃ :  പ്രകടമായ ആകൃതി  ഉള്ള ദേവി(ഈ ലോകം തന്നെ തന്റെ രൂപം ആക്കി ഇരിക്കുന്ന ദേവി )  

പ്രാണേശ്വരീ പ്രാണദാത്രീ പഞ്ചാശത്‌പീഠരൂപിണീ 
വിശൃംഖലാ വിവിക്തസ്ഥാ വീരമാതാ വിയത്‌പ്രസൂഃ 156 

പ്രാണേശ്വരീ:  ദേവി പഞ്ച പ്രാണങ്ങൾക്കു ഈശ്വരി ആണ്. പ്രാണൻ, അപാനൻ,  ഉദാനൻ, സമാനനൻ, വ്യാനൻ എന്നിവയാണ് പഞ്ചപ്രാണങ്ങൾ.

.പഞ്ചപ്രാണങ്ങള്‍ ശരീരത്തിന്‍റെ ഏതേതു ഭാഗങ്ങളില്‍ വ൪ത്തിക്കുന്നു?
ഹൃദയത്തില്‍ - പ്രാണന്‍
ഗുദത്തില്‍ (നട്ടെല്ലിനു കീഴറ്റത്തുള്ള മലദ്വാരത്തില്‍) - അപാനന്‍
നാഭിയില്‍ - സമാനന്‍
കണ്ഠത്തില്‍ - ഉദാനന്‍
ശരീരത്തിന്‍റെ സകല ഭാഗങ്ങളിലും - വ്യാനന്‍

.
പ്രാണദാത്രീ : എല്ലാ ജീവാത്മാക്കൾക്കും പ്രാണനെ കൊടുക്കുന്നത് ദേവി ആണ്. ആദ്യം ജഡശരീരം അതിനു ഉള്ളിൽ മനസ് അന്തഃകരണം ബുദ്ധി എന്നിവ കൊടുക്കുന്നു അവസാനം പ്രാണനെ കൊടുക്കുന്നത് ദേവിയാണ്.
പഞ്ചാശത്‌പീഠരൂപിണീ : ഭാരതത്തിൽ എല്ലായിടത്തും ആയി 51  ശക്തി പീഠങ്ങൾ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.
വിശൃംഖലാ: ചങ്ങലയോടു ബന്ധിക്കാതെ സ്വതന്ത്ര  ഇരിക്കുന്ന ദേവി.
വിവിക്തസ്ഥാ:  ദേവി എല്ലായിടത്തും ഉണ്ട് പക്ഷെ ദേവിയോട് ഒന്നും ഒട്ടി ചേരുന്നില്ല 
വീരമാതാ: വീരന്മാരുടെ അമ്മ ആയി ഇരിക്കുന്ന ദേവി. 
 വിയത്‌പ്രസൂഃ: പഞ്ചഭൂതങ്ങളിൽ ആദ്യം ഉണ്ടായതു ആകാശം ആണ്. ആകാശത്തെ പ്രസവിച്ചത് ദേവി തന്നെ. 

മുകുന്ദാ മുക്തിനിലയാ മൂലവിഗ്രഹരൂപിണീ 
ഭാവജ്ഞാ ഭവരോഗഘ്നീ ഭവചക്രപ്രവർത്തിനീ 157 

മുകുന്ദാ: മോക്ഷത്തെ ദാനം ചെയ്യുന്നവൾ ആണ് ദേവി.
മുക്തിനിലയാ:  മുക്തി നൽകി ദേവി സാധകനെ തന്നിലേക്ക് തന്നെ ആണ് എത്തിക്കുന്നത്.
മൂലവിഗ്രഹരൂപിണീ: രാജ രാജേശ്വരി വിഗ്രഹം ആണ് ദേവിയുടെ മൂലവിഗ്രഹം  ആയി കണക്കാക്കുന്നത്.
ഭാവജ്ഞാ: എല്ലാവരുടെയും ചിന്തകൾ  ദേവി ആദ്യം അറിയുന്നു. കാരണം ദേവി നമ്മുടെ ഹൃദയത്തിൽ ഇരുന്നു എല്ലാം പ്രകാശിപ്പിക്കുന്ന്നു. 
ഭവരോഗഘ്നീ: ഭവ രോഗത്തെ ഹനിക്കുന്നത്  അമ്മയാണ്. അമ്മയോട് അടുക്കുമ്പോൾ അജ്ഞാനം അകലുന്നു. അപ്പോളാണ് ദുഃഖം അകലുന്നത്.
ഭവചക്രപ്രവർത്തിനീ : കാല ചക്രം പ്രവർത്തിപ്പിക്കുന്നത് ദേവിയാണ്. ഓരോ സമയത്തും ആവശ്യമായ ബുദ്ധി തന്ന്  ആ സാഹചര്യത്തെ തരണം ചെയ്യാൻ ജീവനെ സഹായിക്കുന്നത് ദേവിയാണ്.

സ്വപ്നത്തിൽ പലതും കണ്ടു പേടിക്കുമ്പോൾ അത് ഇല്ലാതെ ആകാൻ ഉറക്കം വിട്ടു എണീറ്റാൽ മതി. അത് പോലെ ദേവിയോട് അടുക്കുമ്പോൾ ഇതുവരെ കണ്ടത് എല്ലാം സ്വപ്നമായിരുന്നു എന്ന് മനസിലാകും.

ഛന്ദസ്സാരാ ശാസ്ത്രസാരാ മന്ത്രസാരാ തലോദരീ ഉദാരകീർത്തിരുദ്ദാമവൈഭവാ വർണ്ണരൂപിണീ 158

ഛന്ദസ്-വൃത്തം   ഉദ്ദാമം: പരിധിയില്ലാത്തത്  

ഛന്ദസ്സാരാ: ഗായത്രി, അനുഷ്ടുപ്പ് എന്നിവയാണ് സാധാരണ ഉപയോഗിച്ച് കാണുന്ന വൃത്തങ്ങൾ. അതിന്റെ സത്തായിരിക്കുന്ന ദേവി.
 ശാസ്ത്രസാരാ: ദേവിയിൽ നിന്നാണ് എല്ലാ ശാസ്ത്രങ്ങളും ഉണ്ടായത്. അങ്ങനെ എല്ലാ ശാസ്ത്രങ്ങളുടെ സാരം ആയി ഇരിക്കുന്നത് ദേവി ആണ്. 
 മന്ത്രസാരാ: എല്ലാ മന്ത്രങ്ങളെയും സൃഷ്ടിച്ചത് ദേവിയാണ്. അങ്ങനെ മന്ത്രങ്ങളുടെ സാരം ആയി ഇരിക്കുന്നത് ദേവി തന്നെ ആണ്. മന്ത്രം ജപിക്കുമ്പോൾ ഹൃദയം കൊണ്ട് ചൊല്ലണം എന്ന് പറയാറുണ്ട്. 
തലോദരീ: ഒതുങ്ങിയ അരക്കെട്ടു ആണ് ദേവി യുടേത്. 
ഉദാരകീർത്തി: ഉദാരമായ കീർത്തിയെ തരുന്ന ദേവി. കീർത്തി കേട്ടവർ വഴി എല്ലാവരും  ദേവിയെ ക്കുറിച്ചു കേൾക്കും.. അങ്ങനെ ഒരു പാടുപേർക്കു ദേവിയെ അറിയാനും ഈ ഭവസാഗരം സന്തോഷമായി കടന്നു പോകാനും കഴിയും. 
ഉദ്ദാമവൈഭവാ:  വിവരിച്ചു തീർക്കാൻ ആവാത്ത വിധം കഴിവുകൾ ഉള്ള ദേവി.
വർണ്ണരൂപിണീ: അക്ഷരങ്ങൾ ആയി ഇരിക്കുന്നതും ആ ദേവി തന്നെ. അക്ഷരങ്ങളിലൂടെ ആണ് ദേവിയെ നമുക്ക് അറിയാൻ കഴിയുന്നത്.

 ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ 
സർവ്വോപനിഷദുദ്‌ഘുഷ്‌ടാ ശാന്ത്യതീതകലാത്മികാ 159 

 ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ : ജനന മരണ വാർധക്യ ദുഃഖങ്ങളിൽ നിന്ന് അകറ്റി ശാന്തിയെ പ്രദാനം ചെയ്യുന്ന ദേവി. ദുഃഖം ഇല്ലാതെ ആക്കാൻ അല്ല അതിനോടുള്ള സമീപനം ആണ് മാറ്റേണ്ടത്. കർമ്മ ഫലം അനുഭവിച്ചു തന്നെ ആകണം. പക്ഷെ അതും ഭഗവദ് പ്രസാദമായി കണ്ടു സ്വീകരിക്കാൻ നമ്മെ ദേവി പ്രാപ്തനാക്കും. ദുഃഖങ്ങൾ വിഷാദത്തിലേക്കു പോകാതേയും  സന്തോഷങ്ങളിൽ  മതി മറന്നു പോകാതേയും  ഒരു സംതുലന അവസ്ഥയിൽ കൊണ്ടു  പോകുന്നത് ദേവി ആണ്.
ശ്രീ ബുദ്ധന്റെ ജീവിതത്തിൽ ഉണ്ടായ ഒരു കഥ ഓർക്കാം.....

ഒരിക്കൽ ഒരു  സ്ത്രീ ബുദ്ധനെ സമീപിച്ചു ചേതനയറ്റ മകന്റെ ശരീരത്തിന്  ജീവൻ നല്കാൻ അപേക്ഷിച്ചു.
ബുദ്ധൻ പറഞ്ഞു, ഇതുവരെ ബന്ധുക്കൾ ആരും  മരിക്കാത്ത ഒരു വീട്ടിൽ നിന്ന് ഒരു പിടി കടുക് വാങ്ങി വരണം.  അമ്മ എത്ര അന്വേഷിച്ചിട്ടും അങ്ങനെ ഒരു വീട് കണ്ടെത്താൻ ആയില്ല. ആ അമ്മ നിരാശ ആയി ബുദ്ധന്റെ അടുത്ത് തിരിച്ചെത്തി. അദ്ദേഹം പറഞ്ഞു ഇത് എല്ലാവരും അനുഭവിക്കുന്ന ദുഃഖമാണ്. വിധിയെ മാറ്റാൻ സാധിക്കയില്ല. 
സർവ്വോപനിഷദുദ്‌ഘുഷ്‌ടാ: സകല ഉപനിഷത്തുകളും പ്രകീർത്തിക്കുന്നത്‌ ദേവിയുടെ മാഹാത്മ്യത്തെ തന്നെ ആണ്. 
ശാന്ത്യതീതകലാത്മികാ: ശാന്തി അവസ്ഥക്കും മുകളിൽ ഒരു കല ഉണ്ട്. അതാണ് മോക്ഷ നിർവാണം. മോക്ഷം ആഗ്രഹിക്കുന്ന ഭക്തന് അവന്റെ അർഹത  അനുസരിച്ചു മോക്ഷം നൽകുന്നത് അമ്മ ആണ്. 

ഗംഭീരാ ഗഗനാന്തസ്‌ഥാ ഗർവ്വിതാ ഗാനലോലുപാ 
കൽപനാരഹിതാ കാഷ്‌ഠാഽകാന്താ കാന്താർദ്ധവിഗ്രഹാ 160

ഗംഭീരാ: ഗംഭീരമായ ഭാവത്തോടെ ഇരിക്കുന്ന ദേവി. അറിയുംതോറും  പിന്നെയും അറിയാൻ ഒരുപാട് ഉള്ള അവസ്ഥ.
ഗഗനാന്തസ്‌ഥാ: ഭക്തന്റെ ഹൃദയാകാശത്തിൽ ആണ് ദേവി ഇരിക്കുന്നത്.  
ഗർവ്വിതാ: ആഢ്യത്തോടെ ഇരിക്കുന്ന ദേവി. സൃഷ്ടിക്കുന്നു എന്ന അഹംകാരത്തോടെ ഇരിക്കുന്ന ദേവി.  
ഗാനലോലുപാ: ഗാനം ഇഷ്ടപ്പെടുന്ന ദേവി.  
കൽപനാരഹിതാ: ദേവിയോട് കൽപ്പിക്കാൻ ആരുമില്ല. ദേവിയാണ് എല്ലാം നിയന്ത്രിക്കുന്നത്.
കാഷ്‌ഠാ: പരമ കാഷ്ഠ യിൽ ഇരിക്കുന്ന ദേവി 
അകാന്താ: ദുഃഖത്തിന്  ശമനം വരുത്തുന്ന ദേവി. ദേവിയോട് പ്രാർത്ഥിക്കുമ്പോൾ ഒരു പൂവ് വിരിയുന്ന ലാഘവത്തോടെ  പ്രശ്ന പരിഹാരം വന്നു ചേരുന്നു. പക്ഷെ ദേവിയെ ആശ്രയിക്കാൻ തോന്നണമെങ്കിൽ  ദേവി അനുഗ്രഹിച്ചാലേ സാധിക്കൂ.
കാന്താർദ്ധവിഗ്രഹാ: കാന്തന്റെ അർദ്ധ ശരീരം ആയ ദേവി. ഭാര്യാ ഭർതൃ ബന്ധത്തിന്റെ ഏറ്റവും മഹനീയ മായ മാതൃക ആണ് അർദ്ധ നാരീശ്വര സങ്കല്പം.

 കാര്യകാരണനിർമ്മുക്താ കാമകേളിതരംഗിതാ 
കനത്‌കനകതാടംകാ ലീലാവിഗ്രഹധാരിണീ 161 

കാര്യകാരണനിർമ്മുക്താ: കാര്യത്തോടോ കാരണത്തോടോ ബന്ധമില്ലാത്ത അവസ്ഥ.  
കാമകേളിതരംഗിതാ: കുണ്ഠലിനീ ശക്തി ഉണർന്നു സഹസ്രാരത്തിൽ ലയിക്കുന്ന പ്രക്രിയയിൽ  ഉത്സാഹത്തോടെ പങ്കെടുക്കുന്ന ദേവി. 
കനത്‌കനകതാടംകാ: സ്വർണം കൊണ്ടുള്ള തോടകൾ ധരിച്ച ദേവി. 
ലീലാവിഗ്രഹധാരിണീ : നിരവധി ശരീരം എടുത്തു ലീല ആടുന്നതിൽ സന്തോഷിക്കുന്ന ദേവി. 


അജാക്ഷയവിനിർമ്മുക്താ മുഗ്‌ദ്ധാ ക്ഷിപ്രപ്രസാദിനീ അന്തർമ്മുഖസമാരാദ്ധ്യാ ബഹിർമ്മുഖസുദുർലഭാ 162 

അജാ: ജനിക്കാത്തവൾ. 
ക്ഷയവിനിർമ്മുക്താ: ക്ഷയിക്കാത്തത്. ദേവി ജനിക്കാത്തതു കൊണ്ട് തന്നെ നശിക്കുന്നുമില്ല.  
മുഗ്‌ദ്ധാ: ലാവണ്യം രൂപമെടുത്തത് ആണ് ദേവി.  
ക്ഷിപ്രപ്രസാദിനീ: വളരെ വേഗം പ്രസാദിക്കുന്ന ദേവി. അമ്മയെ കാണാൻ വെമ്പൽ കൊള്ളുന്ന ഭക്തന് വേഗം പ്രത്യക്ഷപ്പെടുന്ന ദേവി.  ഭക്ത്യാദരപൂർവ്വം ഭവാനി  എന്ന് വിളിക്കുമ്പോൾ തന്നെ ദേവി അനുഗ്രഹം ചൊരിയുന്നു എന്ന് സൗന്ദര്യ ലഹരിയിൽ വിവരിക്കുന്നു.
അന്തർമ്മുഖസമാരാദ്ധ്യാ: ചിന്തകളും വാക്കുകളും ഒടുങ്ങി മനസ് അന്തർമുഖ മാകുമ്പോൾ ദേവിയെ ലഭിക്കുന്നു.  

സാധാരണ ആയി ക്ഷേത്രങ്ങളിൽ ആമ യുടെ പുറത്തു ആണ് കൊടിമരം സ്ഥാപിച്ചിട്ടുള്ളത്.  ദേവിയെ ലഭിക്കാൻ  ആമ തന്റെ അവയവങ്ങൾ ഉള്ളിലേക്ക് വലിക്കുന്നത് പോലെ സാധകൻ തന്റെ പഞ്ചേന്ദ്രിയങ്ങൾ ഉള്ളിലേക്ക് തിരിക്കണം എന്ന് ഓർമ്മിപ്പിക്കാൻ ആണ് ആമയെ പ്രതിഷ്ഠിക്കുന്നത്.
ബഹിർമ്മുഖസുദുർലഭാ: പുറത്തു അന്വേഷിച്ചാൽ ദേവിയെ കിട്ടുന്നില്ല. 

ത്രയീ ത്രിവർഗ്ഗനിലയാ ത്രിസ്‌ഥാ ത്രിപുരമാലിനീ 
നിരാമയാ നിരാംലംബാ സ്വാത്‌മാരാമാ സുധാസൃതിഃ 163

ത്രയീ: ഋഗ്വേദം, സാമവേദം യജുർവേദം ഇതിന്റെ സാരവത്തായി ഇരിക്കുന്ന ദേവി. 
ത്രിവർഗ്ഗനിലയാ: പ്രണവ മന്ത്രത്തെ മൂന്നായി തിരിക്കുന്നുണ്ട്. അതിന്റെ നിലയം ആയി ഇരിക്കുന്ന ദേവി. 
ത്രിസ്‌ഥാ:  മൂന്നായി എന്തൊക്കെ ഉണ്ടോ അതെല്ലാം ദേവി തന്നെ  ആണ്. 
ത്രിപുരമാലിനീ: ശ്രീ ചക്രത്തിലെ ഒരു ദേവിയാണ് ത്രിപുര മാലിനി. അങ്ങനെ ശ്രീ ചക്രത്തിൽ ത്രിപുരമാലിനി ആയി ഇരിക്കുന്നതും ദേവി തന്നെ ആണ്.
നിരാമയാ: ആമയം ഇല്ലാത്ത ദേവി. ദുഃഖങ്ങൾ ഇല്ലാത്ത അവസ്ഥ.
നിരാംലംബാ: മറ്റാരും ആലംബം ഇല്ലാത്ത ദേവി. ഇവിടെ എല്ലാ കാര്യങ്ങളും ദേവി ഒറ്റയ്ക്ക് ആണ് നോക്കി നടത്തുന്നത്. മറ്റാരെയും ആശ്രയിക്കേണ്ട ആവശ്യമില്ലാത്ത ദേവി.
സ്വാത്‌മാരാമാ: ദേവി തന്റെ ആത്മാവിൽ ലയിച്ചു ഇരിക്കുന്നു. ഉള്ളിൽ നോക്കി സന്തോഷത്തോടെ ഇരിക്കുന്ന ദേവി. ജീവാത്മാവിനാണ് സന്തോഷിക്കാൻ  പുറത്തു നിന്ന് എന്തെങ്കിലും ആശ്രയം വേണ്ടത്. ദേവിക്ക് അതിന്റെ ആവശ്യമില്ല. 
സുധാസൃതിഃ: കുണ്ടലിനി ശക്തി ഉണർന്നു സഹസ്രാര ചക്രത്തിൽ എത്തുമ്പോൾ അമൃതു  വർഷിക്കപ്പെടുന്നതും ദേവിയാൽ ആണ്.

 സംസാരപംകനിർമ്മഗ്നസമുദ്ധരണപണ്ഡിതാ 
യജ്ഞപ്രിയാ യജ്ഞകർത്രീ യജമാനസ്വരൂപിണീ 164 

 സംസാരപംകനിർമ്മഗ്നസമുദ്ധരണപണ്ഡിതാ: ഈ സംസാര സാഗരം ഒരു ചതുപ്പു നിലം പോലെ ആണ്. ദേവിയാണ് ഈ ലോകം സൃഷ്ടിച്ചു സംവിധാനം ചെയ്യുന്നത്.  അപ്പോൾ  ലോകത്തു  നിന്ന് കരകയറ്റാൻ ദേവിക്ക് മാത്രമാണ് കഴിയുക. 
യജ്ഞപ്രിയാ: യജ്ഞങ്ങളിൽ പ്രിയമുള്ള ദേവി. 
യജ്ഞകർത്രീ:  യജ്ഞം ചെയ്യുന്നതും ചെയ്യിക്കുന്നതും ദേവിയാണ്. 
യജമാനസ്വരൂപിണീ: യജ്ഞങ്ങളിൽ യജമാനൻ ആയി ഇരിക്കുന്നതും ദേവി തന്നെ ആണ്. 

ധർമ്മാധാരാ ധനാദ്ധ്യക്ഷാ ധനധാന്യവിവർദ്ധിനീ 
വിപ്രപ്രിയാ വിപ്രരൂപാ വിശ്വഭ്രമണകാരിണീ 165 

ധർമ്മാധാരാ: ധർമ്മത്തിന് അനുസരിച്ചു ആണ് ദേവി ഈ ലോകം ഭരിക്കുന്നത്.  
ധനാദ്ധ്യക്ഷാ: ഇവിടെ ഉള്ള  വിഭവങ്ങൾ എല്ലാവർക്കും തികയുന്നുണ്ടോ എന്ന് ദേവി നിരീക്ഷിക്കുന്നു.  
 ധനധാന്യവിവർദ്ധിനീ: ധന ധാന്യങ്ങൾ വർധിപ്പിക്കുന്ന ദേവി. നമുക്ക് വന്നു ചേരുന്ന  ഐശ്വര്യങ്ങളിൽ ദേവിയെ സ്മരിക്കണം. സമ്പത്തു ഉള്ളപ്പോൾ അത് ദേവിയുടെ കൃപ  കൊണ്ടാണ് എന്ന് മനസിലാക്കി നമ്മൾ മറ്റുള്ളവർക്കും പങ്കു വയ്ക്കാൻ തയാറാകണം.
വിപ്രപ്രിയാ: വിപ്രന്മാരിൽ പ്രിയമുള്ള ദേവി. 
വിപ്രരൂപാ: വിപ്രൻ ആയി ഇരിക്കുന്നതും ദേവി തന്നെ ആണ്.  
വിശ്വഭ്രമണകാരിണീ: ലോകത്തെ ഭ്രമിപ്പിക്കുന്ന മായയും ദേവിയാണ്. ദേവിയെ ആശ്രയിക്കുമ്പോൾ മായ നമ്മെ ഭ്രമിപ്പിക്കുന്നില്ല. ജ്ഞാന പ്രകാശം ഉദിക്കുമ്പോൾ മായ അകന്നു പോകുന്നു.

 ഈ ലോകത്തെ നിയന്ത്രിക്കുന്നതും ദേവി തന്നെ ആണ്.  ആ അർത്ഥത്തിലും വിശ്വഭ്രമണകാരിണീ എന്ന പേര് അന്വർഥമാകുന്നു 

വിശ്വഗ്രാസാ വിദ്രുമാഭാ വൈഷ്‌ണവീ വിഷ്‌ണുരൂപിണീ അയോനിർയോനിനിലയാ കൂടസ്‌ഥാ കുളരൂപിണീ 166 

വിശ്വഗ്രാസാ: വിശ്വത്തെ ഗ്രസിക്കുന്നത് (വിഴുങ്ങുന്നത്).
വിദ്രുമാഭാ:  പവിഴത്തിന് തുല്യമായ ശോഭയാണ് ദേവിയുടേത്. 
വൈഷ്‌ണവീ: വിഷ്ണു സ്വരൂപം ആയി നിലകൊള്ളുന്ന ദേവി.
വിഷ്‌ണുരൂപിണീ: ദേവി സർവ്വവ്യാപി  ആണ്.
അയോനി: ദേവി ഒരു യോനിയിൽ നിന്ന്  അല്ല ജനിച്ചത് അത് കൊണ്ട് ദേവിയെ അയോനി എന്ന് വിളിക്കുന്നു.  എല്ലാ ജീവികളും യോനിജന്മാരാണ്. 
യോനിനിലയാ: എല്ലാ ജീവികളുടെയും യോനി ആയി ഇരിക്കുന്നത് ദേവി ആണ്. എല്ലാ ജീവികളുടേയും ഉല്പത്തി സ്ഥാനം ആയി ഇരിക്കുന്നത് ദേവി ആണ്.  
കൂടസ്‌ഥാ: യാതൊരു മാറ്റവും ഇല്ലാത്ത ദേവി  എന്നും മേരു പർവതത്തിന്റെ കൊടുമുടിയിൽ ഇരിക്കുന്ന ദേവി എന്നും അർഥം പറയാം. ദേവി ശുദ്ധ ചൈതന്യം ആണ്. അത് കൊണ്ട് തന്നെ ഒരു മാറ്റവും വരുന്നില്ല. 

കൂടം കൊണ്ടാണ് നമ്മൾ ഇരുമ്പു അടിച്ചു രൂപം വരുത്തുന്നത്. എന്നാൽ ആ കൂടത്തിനു ഒരു മാറ്റവും ഇല്ലാതെ സ്ഥിരമായി ഇരിക്കുന്നു. 
കുളരൂപിണീ: കൗള മാർഗം എന്ന പൂജാ വിധി ആയി ഇരിക്കുന്ന ദേവി.

വീരഗോഷ്‌ഠീപ്രിയാ വീരാ നൈഷ്‌കർമ്യാ നാദരൂപിണീ 
വിജ്ഞാനകലനാ കല്യാ വിദഗ്ദ്ധാ ബൈന്ദവാസനാ 167 

വീരഗോഷ്‌ഠീപ്രിയാ: വീരന്മാരുടെ ശക്തി പ്രകടനം എല്ലാം ദേവി ഇഷ്ടപ്പെടുന്നു. കാരണം ദേവിയും ഒരു വീര ആണ്. 
വീരാ: ദേവി അത് പോലെ വീര്യം ഉള്ള ശക്തി വിശേഷമാണ്. വീരന്മാരുടെ അമ്മ എന്നും വ്യാഖ്യാനിക്കാം.
നൈഷ്‌കർമ്യാ: നിഷ്കാമ കർമം ചെയ്യുമ്പോൾ എല്ലാം സ്വയം നടക്കുന്നു ഭാവത്തിൽ എത്തി ചേരുന്നു. ചെയ്യുന്ന കർമങ്ങൾ ഒന്നും ദേവിയെ ബാധിക്കുന്നില്ല.
നാദരൂപിണീ : ഈ ലോകത്തിൽ ആദ്യമായി ഉണ്ടായതു ശബ്ദം ആണ്. ആ പ്രണവ നാദം ആയി നിലകൊള്ളുന്നതും  ദേവി തന്നെ ആണ്.
വിജ്ഞാനകലനാ:  ബ്രഹ്മ ജ്ഞാനത്തെ സാക്ഷാത്കരിച്ചു അനുഭവിക്കുന്ന ദേവി. 
കല്യാ: സൃഷ്ടിക്കു കഴിവുള്ള ദേവി 
വിദഗ്ദ്ധാ: സൃഷ്ടി സ്ഥിതി സംഹാരം ലയം അനുഗ്രഹം ഇങ്ങനെ എല്ലാത്തിലും വൈദഗ്ധ്യം ഉള്ള ദേവി. 
 ബൈന്ദവാസനാ: ആജ്ഞാ ചക്രത്തിലെ ബിന്ദു  ആയിട്ടിരിക്കുന്ന ദേവി.

തത്ത്വാധികാ തത്ത്വമയീ തത്ത്വമർത്ഥസ്വരൂപിണീ 
സാമഗാനപ്രിയാ സൗമ്യാ സദാശിവകുടുംബിനീ 168

തത്ത്വാധികാ:  എല്ലാ തത്വങ്ങൾക്കും മുകളിൽ നിൽക്കുന്നവൾ ആണ് ദേവി. എല്ലാ തത്വങ്ങൾക്കും മുകളിൽ നിൽക്കുന്നതാണ് ബ്രഹ്മാനുഭൂതി.   ധ്യാനത്തിലൂടെ മാത്രം അറിയേണ്ടത് ആണ് ബ്രഹ്മാനുഭൂതി. 
തത്ത്വമയീ: ആ ബ്രഹ്മ സ്വരൂപം  ദേവി തന്നെയാണ്. ദേവിയെ അറിയുക എന്ന് പറഞ്ഞാൽ സ്വയം ദേവി  ആയി തീരുക എന്നാണ് അർത്ഥമെടുക്കേണ്ടത്.
തത്ത്വമർത്ഥസ്വരൂപിണീ: തത്വമസി എന്ന വാക്ക് തന്നെ ദേവിയാണ് 
സാമഗാനപ്രിയാ:  സാമവേദത്തിൽ ആണ് സംഗീതം വരുന്നത്. സംഗീതം ഇഷ്ടപ്പെടുന്നതു കൊണ്ട്  ദേവിയെ  സമഗാന പ്രിയ എന്ന് വിളിക്കുന്നു 
സൗമ്യാ: ശാന്ത ഭാവത്തിൽ ഇരിക്കുന്ന ദേവി. 

മക്കൾ എത്ര തന്നെ അനുസരണക്കേട്‌   കാട്ടിയാലും അമ്മമാർ  അത് ക്ഷമിക്കുന്നു. അഥവാ ശിക്ഷ നൽകിയാലും അത് പുറമേക്ക് മാത്രം ആകും ഹൃദയത്തിൽ ഒന്നും കരുതി വക്കില്ല. പിന്നീട് വളരെ സ്നേഹത്തോടെ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.                                        
സദാശിവകുടുംബിനീ: ശ്രീ മഹാദേവന്റെ ധർമ്മ പത്‌നി എന്ന അർത്ഥത്തിൽ ദേവി "സദാശിവ കുടുംബിനി" എന്ന് അറിയപ്പെടുന്നു.

 സവ്യാപസവ്യമാർഗ്ഗസ്ഥാ സർവ്വാപദ്‌വിനിവാരിണീ 
സ്വസ്‌ഥാ സ്വഭാവമധുരാ ധീരാ ധീരസമർച്ചിതാ 169

 സവ്യാപസവ്യമാർഗ്ഗസ്ഥാ: സവ്യം ഇടതു മാർഗം അപസവ്യം വലതു മാർഗം.  രണ്ടുമാർഗത്തിൽ കൂടിയും ആരാധിക്കപ്പെടുന്ന ദേവി.
 സർവ്വാപദ്‌വിനിവാരിണീ:  സകല ആപത്തിൽ നിന്ന് നമ്മെ കാ ത്ത് രക്ഷിക്കുന്ന ദേവി.

ചിലപ്പോൾ ചില യാത്രകൾ നമുക്ക് വയ്ക്കേണ്ടി വരാറുണ്ട്. അത് ദേവിയുടെ നിശ്ചയം ആണ്. യാത്രയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ  ദേവി ചെയ്യുന്ന കരുതൽ ആണ് അത്.
സ്വസ്‌ഥാ: തന്റെ ഉള്ളിൽ നോക്കി സ്വസ്ഥമായി  ഇരിക്കാൻ ദേവിക്ക് കഴിയും.
 സ്വഭാവമധുരാ: ദേവിയുടെ പ്രകൃതം മധുരമാണ്.  ദേവിയെ ആശ്രയിക്കുന്ന സാധകനും ആ ഭാവത്തിൽ എത്തി ചേരാൻ ആണ് ശ്രമിക്കേണ്ടത്. 
ധീരാ: ആത്മ ജ്ഞാനത്തെ പ്രദാനം ചെയ്യുന്ന ദേവി .
ധീരസമർച്ചിതാ: ധീരന്മാരാൽ (പണ്ഡിതന്മാരാൽ) അർച്ചിക്ക പ്പെടുന്ന ദേവി. 

ചൈതന്യാർഘ്യസമാരാധ്യാ ചൈതന്യകുസുമപ്രിയാ 
സദോദിതാ സദാതുഷ്‌ടാ തരുണാദിത്യപാടലാ 170 

 ചൈതന്യാർഘ്യസമാരാധ്യാ: മനസു തന്നെ പൂജാദ്രവ്യങ്ങൾ ആകുന്ന രീതിയിൽ നമുക്ക് ദേവിയെ ആരാധിക്കാം . അതിൽ സന്തോഷിക്കുന്ന ദേവി. കാരണം അവിടെ മനസ് പൂർണ്ണമായി അർച്ചന ചെയ്യപ്പെടുന്നു.    
ചൈതന്യകുസുമപ്രിയാ: മാനസ പൂജയിൽ ഏറ്റവും തൃപ്തി ഉള്ള ദേവി.  

നാമങ്ങൾ അർഥം അറിഞ്ഞു ആസ്വദിച്ചു ചൊല്ലിയാൽ നാമം നാമിയുടെ അടുത്ത് നമ്മെ എത്തിക്കുമെന്ന് ആചാര്യ മതം.  നാമി എന്നാൽ കൃഷ്ണൻ, ശിവൻ എന്നൊക്കെ ഉള്ള പേരിൽ ഇരിക്കുന്ന ഈശ്വരൻ. 
സദോദിതാ:  ഉദിച്ചുയരുന്ന പ്രകാശത്തോടെ ഇരിക്കുന്ന ദേവി. 
സദാതുഷ്‌ടാ:  ദേവി എപ്പോഴും സന്തുഷ്ടാവസ്ഥയിൽ ആണ്. തൃപ്തി അനുഭവിക്കുന്ന അവസ്ഥ. എന്ത് കിട്ടിയാലും ദേവീ പ്രസാദം എന്ന് ചിന്തിച്ചാൽ ഭക്തനും സദാ സന്തുഷ്ടനായി ഇരിക്കാൻ കഴിയും.
തരുണാദിത്യപാടലാ: മധ്യാഹ്ന സൂര്യന്റെ പ്രകാശവും ഇളം ചുമപ്പ് നിറവും ആണ് ദേവിക്ക്. 

ദക്ഷിണാദക്ഷിണാരാധ്യാ ദരസ്മേരമുഖാംബുജാ 
കൗളിനീ കേവലഽനാർഘ്യകൈവല്യപദദായിനീ 171 

ദക്ഷിണാദക്ഷിണാരാധ്യാ: ദക്ഷിണ എന്നാൽ കർമ്മ മാർഗവും അദക്ഷിണ എന്നാൽ ജ്ഞാന മാർഗവും ആണ് പറയുന്നത്.
  ദരസ്മേരമുഖാംബുജാ: താമര വിടരും പോലെ ആണ്  ദേവിയുടെ മന്ദസ്മിതം. 
കൗളിനീ കേവല: കൗല മാർഗത്തിലൂടെ അറിയപ്പെടുന്നത് കേവല സ്വരൂപം ആയ ദേവിയെ ആണ്.  
അനർഘ്യകൈവല്യപദദായിനീ: ഏറ്റവും ശ്രേഷ്ഠമായ ഒരേ ഒരു വരം മോക്ഷമാണ്. അത് തരുന്നത് ദേവിയാണ്. 

സ്തോത്രപ്രിയാ സ്തുതിമതീ ശ്രുതിസംസ്തുതവൈഭവാ 
മനസ്വിനീ മാനവതീ മഹേശീ മംഗളാകൃതിഃ 172 


സ്തോത്രപ്രിയാ: ചൊല്ലുന്നവർക്കും കേൾക്കുന്നവർക്കും ആസ്വദിച്ചു ജപിക്കണം.   ഇഷ്ടമായതിനു തെളിവ് നമ്മുടെ മനസിന് ഉള്ള തൃപ്തി ആണ്.  അങ്ങനെ സ്വയം തൃപ്തി ആയി ജപിക്കുമ്പോൾ ആണ് ദേവിയും  പ്രീതിപ്പെടുന്നത്. 
സ്തുതിമതീ: സ്തുതികളുടെ അന്തഃസത്ത ആയ  ദേവി. 
 ശ്രുതിസംസ്തുതവൈഭവാ: വേദങ്ങളിൽ  വർണിക്കാൻ പോന്ന മഹത്വമുള്ള  ദേവി. 
മനസ്വിനീ: വിശേഷപ്പെട്ട മനസ് ആയി ഇരിക്കുന്ന ദേവി.
മാനവതീ: കീർത്തിശാലി  ആയ  ദേവി. എല്ലാവരാലും മാനിക്ക പ്പെടുന്നവൾ.
മഹേശീ:  മഹേശ്വരന്റെ പത്നി.   
മംഗളാകൃതിഃ  എല്ലാ ഐശ്വര്യവും  പ്രദാനം ചെയ്യുന്ന ദേവി.

വിശ്വമാതാ ജഗദ്ധാത്രീ വിശാലാക്ഷീ വിരാഗിണീ 
പ്രഗല്ഭാ പരമോദാരാ പരാമോദാ മനോമയീ 173 

വിശ്വമാതാ: വിശ്വത്തിനു തന്നെ മാതാവ് ആയ ദേവി.
 ജഗദ്ധാത്രീ: ലോകത്തിന്റെ പോറ്റമ്മയും ലളിത ദേവി തന്നെ ആണ്.  ചിലപ്പോൾ ജന്മം നൽകുന്ന അമ്മ ആയിരിക്കില്ല കുട്ടികളെ പോറ്റി വളർത്തുന്നത്. ഇവിടെ ശ്രീ ലളിതാ  പരമേശ്വരി തന്നെ രണ്ടും ചെയ്യുന്നു.
വിശാലാക്ഷീ: മക്കളുടെ ക്ഷേമം അറിയാൻ അതി വിശാലമായ   കണ്ണുകൾ  ആണ് ദേവിക്ക് ഉള്ളത്.
വിരാഗിണീ: രാഗമില്ലാത്ത അവസ്ഥ. ഒന്നിനോടും പ്രതിപത്തി ഇല്ലാതെ മക്കളെ എല്ലാം  ഒരേ പോലെ കാണുന്ന അമ്മ യാണ് ദേവി. 
പ്രഗല്ഭാ: നിപുണയായ  ദേവി. ആരുടെയും സഹായം ഇല്ലാതെ ഈ ലോകത്തെ സംവിധാനം ചെയ്യാനും  അത് നടപ്പിലാക്കാനും ഉള്ള വൈദഗ്ധ്യം അമ്മക്കു ഉണ്ട്.  
പരമോദാരാ:  ഉദാരശീല ആയ ദേവി. മനസ് അറിഞ്ഞു ഒരു തവണ വിളിച്ചാൽ തന്നെ കാരുണ്യം ചൊരിയുന്ന അമ്മയാണ്.
പരാമോദാ:  കൊടുത്തു തൃപ്തി അടയുന്ന ദേവി. ദേവി എല്ലായ്പ്പോഴും ഭക്തന് അനുഗ്രഹങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്നു. തിരിച്ചു ഒന്നും പ്രതീക്ഷിക്കുന്നില്ല. 
മനോമയീ: മനസിന്റെ  അധികാരി  കൂടി ആയ ദേവി.

വ്യോമകേശീ വിമാനസ്‌ഥാ വജ്രിണീ വാമകേശ്വരീ 
പഞ്ചയജ്ഞപ്രിയാ പഞ്ചപ്രേതമഞ്ചാധിശായിനീ 174 

വ്യോമകേശീ: മേഘങ്ങൾ ആണ് ദേവിയുടെ മുടിച്ചുരുൾ  ആയി ഇരിക്കുന്നത്.
വിമാനസ്‌ഥാ: വിമാന സഞ്ചാരം നടത്തുന്ന ദേവി.
വജ്രിണീ: ഇന്ദ്രാണി  ദേവി ആയി ഇരിക്കുന്നതും ശ്രീ ലളിതാ ദേവി തന്നെ.  
വാമകേശ്വരീ: `വാമകേശ്വരം'  എന്ന തന്ത്ര വിദ്യയുടെ അധി ദേവത ആയി ഇരിക്കുന്നതും ശ്രീ ലളിതാ ത്രിപുര സുന്ദരി തന്നെ.
പഞ്ചയജ്ഞപ്രിയാ: പഞ്ച യജ്ഞങ്ങളിൽ ഏർപ്പെടുന്നവരിൽ പ്രീത ആയ ദേവി. 
പഞ്ചയജ്ഞങ്ങൾ ഇവയാണ്.
ബ്രഹ്മ യജ്ഞം--ആദ്ധ്യാത്മിക സാധനകൾ.
ദേവ യജ്ഞം--യാഗം തുടങ്ങിയ ദേവ പ്രീതിക്കായി ചെയ്യുന്ന സാധന.  
ഭൂത യജ്ഞം-- ചെറു ജീവികൾക്ക് ഭക്ഷണം കൊടുക്കുക. 
പിതൃ യജ്‌ഞം -- ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മശരീരത്തെ പ്രീതിപ്പെടുത്താനാണ്ശ്രാദ്ധവും തര്‍പ്പണവും നടത്തുന്നത്.
മനുഷ്യ യജ്ഞം -- മനുഷ്യന് വേണ്ടി ചെയ്യുന്ന സഹായങ്ങൾ.  ഭക്ഷണം ഇല്ലാത്തവന് ഭക്ഷണം കൊടുക്കുക, വസ്ത്രം ഇല്ലാത്തവന് വസ്ത്രം എന്നിവ നൽകി സഹായിക്കുക എന്നാണ് കൊണ്ട് ഉദ്ദേശിക്കുന്നത്.
പഞ്ചപ്രേതമഞ്ചാധിശായിനീ: ദേവിയുടെ അസാന്നിധ്യത്തിൽ  ദേവിയുടെ ഇരിപ്പിടം  വഹിക്കുന്ന  ത്രിമൂർത്തികളും സദാശിവനും ഈശ്വരനും പ്രേത തുല്യരായി മാറുന്നു. കാരണം  അവരുടെ ശക്തി സ്രോതസ്സ് ദേവിയാണ്.

പഞ്ചമീ പഞ്ചഭുതേശീ പഞ്ചസംഖ്യോപചാരിണീ 
ശാശ്വതീ ശാശ്വതൈശ്വര്യാ ശർമ്മദാ ശംഭുമോഹിനീ 175 

പഞ്ചമീ: അഞ്ചാമത്തേത്. പഞ്ചാബ്രഹ്മങ്ങളിൽ അഞ്ചാമത് വരുന്നത് സദാശിവൻ ആണ്. ആ  സദാശിവന്റെ പത്നി എന്ന അർത്ഥത്തിൽ ദേവിക്ക് പഞ്ചമി എന്ന് പേര് വന്നു.
പഞ്ചഭൂതേശീ:  പഞ്ച ഭൂതങ്ങളുടെ ഈശ്വരി.
പഞ്ചസംഖ്യോപചാരിണീ: അഞ്ചു ഉപചാരങ്ങൾ-- ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം എന്നിവ കൊണ്ട് ആരാധിക്കപ്പെടുന്ന ദേവി.   
ശാശ്വതീ: എന്നും നിലനിൽക്കുന്നത്. ദേവി എല്ലാക്കാലത്തും ഉള്ളത്  ആണ്. 
ശാശ്വതൈശ്വര്യാ: ശാശ്വതമായ ഐശ്വര്യത്തോടു കൂടിയവൾ. 

ദേവി തരുന്നത് എല്ലാം ശാശ്വതം ആയിരിക്കും.  ദേവിയെ ആശ്രയിക്കുന്ന ഭക്തന് എന്നും നിലനിൽക്കുന്ന സമ്പത്ത്, കീർത്തി, ജ്ഞാനം എല്ലാം  ദേവി കനിഞ്ഞു നൽകുന്നു. `യോഗക്ഷേമം വഹാമ്യഹം' എന്ന് ഭഗവദ് ഗീത യിൽ ഭഗവാൻ  പ്രസ്താവിക്കുന്നതും ഇത് തന്നെ ആണ്.
ശർമ്മദാ: മനഃസുഖത്തെ തരുന്നവൾ. 
ശംഭുമോഹിനീ : കാമാരി  എന്ന് ആണ് മഹാദേവന്റെ പേര്. കാമത്തെ ജയിച്ച  ആ   മഹാദേവനെ പ്പോലും ദേവി മോഹിപ്പിക്കുന്നു. 

ധരാധരസുതാ ധന്യാ ധർമ്മിണീ ധർമ്മവർദ്ധിനീ 
ലോകാതീതാ ഗുണാതീതാ സർവ്വാതീതാ ശമാത്മികാ 176

ധരാ: ഭൂമി തത്വം ആയി  ഇരിക്കുന്നതും ദേവി തന്നെ. 
ധരസുതാ: ഹിമവാന്റെ പുത്രി(പാർവതി), സീത  എന്നൊക്കെ അർഥമെടുക്കാം.
ധന്യാ: ധന ധാന്യ സമൃദ്ധി  നല്കുന്ന ദേവി.

നമുക്ക് വിത്ത് വിതക്കാം എന്നല്ലാതെ കീടങ്ങൾ ആക്രമിക്കാതെ സമൃദ്ധമായ വിളവ് ആയി ലഭിക്കണം എങ്കിൽ കൃത്യമായി മഴ പെയ്യണം. കാലാവസ്ഥാ വ്യതിയാനം ഉണ്ടാകാതെ ഇരിക്കണം. ഇതൊക്കെ ദേവിയുടെ അനുഗ്രഹത്തോടെ നടക്കേണ്ടതാണ്. അപ്പോഴാണ് ധന ധാന്യ സമൃദ്ധി ഉണ്ടാകുന്നത്.
ധർമ്മിണീ:  ധർമ്മമാർഗത്തിൽ ചരിക്കുന്നവൾ . ആരാണോ ധർമ്മത്തെ മുറുകെ പിടിക്കുന്നത് അവർക്ക്   അനുകൂലയായി ആണ് ദേവി നില  കൊള്ളുന്നു.
ധർമ്മവർദ്ധിനീ: ധർമ്മത്തെ വർധിപ്പിക്കുന്നവൾ. ധർമ്മത്തിന് ഗ്ലാനി വരുമ്പോൾ ദേവി അവതരിക്കുന്നു.  
ലോകാതീതാ: എല്ലാ ലോകത്തിനും അതീത ആണ് ദേവി. കാരണം എല്ലാ ലോകങ്ങളും ദേവിയിൽ നിന്നാണ് വന്നത്. 
 ഗുണാതീതാ: ത്രിഗുണങ്ങൾക്ക് അതീത ആണ് ദേവി.
 സർവ്വാതീതാ: എല്ലാ ദേവത സങ്കല്പത്തിനും മീതെ നിൽക്കുന്ന ദേവി. 
 ശമാത്മികാ: ശാന്തി സ്വരൂപം ആയി ഇരിക്കുന്ന ദേവി. 

മനോനിയന്ത്രണം ആണ് ശമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.പെട്ടെന്ന് പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണ് ഇത്. എന്ത് തീരുമാനം എടുക്കുമ്പോഴും വളരെ ചിന്തിച്ചു വേണം പ്രവർത്തിക്കാൻ. ദേവിയെ ആശ്രയിച്ചാൽ മനോനിയന്ത്രണം എളുപ്പം സാധ്യമാകും.

 ബന്ധൂകകുസുമപ്രഖ്യാ ബാലാ ലീലാവിനോദിനീ 
സുമംഗലീ സുഖകരീ സുവേഷാഢ്യാ സുവാസിനീ 177

 ബന്ധൂകകുസുമപ്രഖ്യാ: ചെമ്പരത്തിപ്പൂവിന് തുല്യമായ ശോഭയോട് കൂടിയ ദേവി. 
ബാലാ:  നിഷ്കളങ്ക സ്വഭാവത്തോടു കൂടിയ ദേവി. 
ലീലാവിനോദിനീ: തന്റെ ലീലയിൽ വിനോദിച്ചിരിക്കുന്ന ദേവി. 
സുമംഗലീ:  എന്നും സുമംഗലി  ആയി ഇരിക്കുന്ന ദേവി.
സുഖകരീ:  ഭക്തന്മാർക്ക് എല്ലാവര്ക്കും സുഖത്തെ പ്രദാനം ചെയ്യുന്ന ദേവി.
സുവേഷാഢ്യാ:  മനോഹരമായ വേഷ ഭൂഷാദികൾ ധരിച്ചു ആകർഷകമായി ഇരിക്കാൻ ഇഷ്ടപ്പെടുന്ന ശ്രീ ലളിതാ ദേവി.  

ഓരോ അമ്മമാരും അങ്ങനെ ആകണം എന്നാണു വശിന്യാദി ദേവതകൾ  പറയുന്നത്. അമ്മയാണ് മക്കൾക്ക് ഊർജം പകരുന്നത്, അമ്മ തന്നെ ഉത്സാഹം ഇല്ലാതെ ഇരുന്നാൽ മക്കളും അലസരായി മാറുന്നു.
സുവാസിനീ : സദാ ഭർതൃമതി  ആയ ദേവി.

സുവാസിന്യർച്ചനപ്രീതാ  ശോഭനാ  ശുദ്ധമാനസാ 
ബിന്ദുതർപ്പണസന്തുഷ്ടാ പൂർവ്വജാ ത്രിപുരാംബികാ 178 

 സുവാസിന്യർച്ചനപ്രീതാ: ദീർഘ  സുമംഗലികൾ ആകാൻ സ്ത്രീകൾ ആരാധിക്കുന്നതിൽ സംപ്രീത ആകുന്ന ദേവി.
 ആശോഭനാ:  എപ്പോഴും തേജോ രൂപിണി  ആയി ഇരിക്കുന്ന ദേവി.
ശുദ്ധമാനസാ:   സ്ഫടികം പോലെ തിളങ്ങുന്ന മനസ്. ദേവിയോട് അടുക്കുമ്പോൾ എല്ലാവരും ദേവിയെ പോലെ ആകാൻ ശ്രമിക്കണം എന്ന് വ്യംഗ്യം.
ബിന്ദുതർപ്പണസന്തുഷ്ടാ: ശ്രീ ചക്രത്തിലെ ബിന്ദുവിൽ വിധിപൂർവം തർപ്പണം  ചെയ്യുന്നതിൽ സന്തോഷിക്കുന്ന ദേവി.  
പൂർവ്വജാ:  വളരെ മുൻപു ഉള്ളത്. 
ത്രിപുരാംബികാ: ത്രിമൂർത്തികൾ, ത്രിഗുണങ്ങൾ,  ഇങ്ങനെ മൂന്നു ആയി ഇരിക്കുന്നത് എല്ലാം  ദേവിയാണ്. 

 ദശമുദ്രാസമാരാധ്യാ ത്രിപുരാ ശ്രീവശംകരീ 
ജ്ഞാനമുദ്രാ ജ്ഞാനഗമ്യാ ജ്ഞാനജ്ഞേയസ്വരൂപിണീ 179 

ദശമുദ്രാസമാരാധ്യാ:   10  മുദ്രകൾ കൊണ്ട് ആരാധിക്കപ്പെടുന്ന ദേവി.

ദശമുദ്രകൾ ഇവയാണ്.

1. സർവ്വ സംക്ഷേപിണി മുദ്ര 
2. സർവ്വ വിദ്രാവിണി മുദ്ര  
3. സർവ്വകർഷിണി മുദ്ര  
4. സർവ്വ വശoകരി മുദ്ര  
5. സർവ്വോൻമാദിനി മുദ്ര 
6. സർവ്വമഹാങ്കുശ മുദ്ര 
7. സർവ്വ ഖേജരീ മുദ്ര 
8. സർവ്വ ബീജമുദ്ര 
9. സർവ്വ യോനി മുദ്ര 
10.സർവ്വ ത്രിഖണ്ഡ മുദ്ര
ത്രിപുരാശ്രീ  വശംകരീ : ത്രിപുരാശ്രീ--  ശ്രീ ചക്രത്തിലെ ഒരു ദേവത ആണ്. അത് ലളിത പരമേശ്വരി ദേവിക്ക് വശംവദ ആണ്.
ജ്ഞാനമുദ്രാ:  ചിന്മുദ്ര സ്വരൂപം ആയ ദേവി. 
ജ്ഞാനഗമ്യാ:  ജ്ഞാനം കൊണ്ട് പ്രാപിക്കാൻ കഴിയുന്ന ദേവി. 
ജ്ഞാനജ്ഞേയസ്വരൂപിണീ: ജ്ഞാനം ആയിരിക്കുന്നതും ജ്ഞേയം ആയി ഇരിക്കുന്നതും ദേവി തന്നെ ആണ്. അറിവ് ആയിരിക്കുന്നതും അറിയേണ്ടതും ദേവിയെ തന്നെ ആണ്.

യോനിമുദ്രാ ത്രിഖണ്ഡേശീ ത്രിഗുണാംബാ ത്രികോണഗാ അനഘാദ്ഭുതചാരിത്രാ വാഞ്ഛിതാർഥപ്രദായിനീ 180

യോനിമുദ്രാ: ഇതും ഒരു മുദ്ര ആണ് . ഒൻപതാമത്തെ മുദ്ര 
ത്രിഖണ്ഡേശീ:  ത്രിഖണ്ഡക്കു ഈശ്വരി ആയിട്ടുള്ള ദേവി. പത്താമത്തെ മുദ്ര ആണ് ത്രിഖണ്ഡ-ചന്ദ്ര ഖണ്ഡ, സൂര്യ ഖണ്ഡ, അഗ്നി ഖണ്ഡ  മൂന്നു ഖണ്ഡ ങ്ങളിൽ  ആരാധിക്കപ്പെടുന്ന ദേവി.
ത്രിഗുണാ: സത്വ രജ തമോ ഗുണങ്ങൾ ആണ് ത്രിഗുണങ്ങൾ.
അംബാ: ത്രിമൂർത്തികൾക്കു വരെ ആയ ദേവി.   
ത്രികോണഗാ: ശ്രീ ചക്രത്തിലെ ത്രികോണത്തിൽ സ്ഥിതി ചെയ്യുന്ന ദേവി. 
അനഘ: അഘം എന്നാൽ പാപം, അനഘ--പാപരഹിത ആയ ദേവി. 
അദ്ഭുതചാരിത്രാ: ചാരിത്ര്യ ശക്തിയുടെ ഉത്തമ മാതൃക ആണ് ദേവി. മനസ് മാത്രമല്ല ശരീരവും ദേവി ആ കാമേശ്വരനോട് ചേർത്ത് വച്ചിരിക്കുന്നു. 
വാഞ്ഛിതാർഥപ്രദായിനീ: ന്യായമായ ആഗ്രഹങ്ങൾ  തരുന്ന ദേവി. ചോദിക്കുന്നത് എന്തും അല്ല  നമുക്ക് ഹിതമായിട്ടുള്ളത് ആണ്  ദേവി തരുന്നത്. 


അഭ്യാസാതിശയജ്ഞാതാ ഷഡദ്ധ്വാതീതരൂപിണീ അവ്യാജകരുണാമൂർത്തിരജ്ഞാനദ്ധ്വാന്തദീപികാ 181

അഭ്യാസാതിശയജ്ഞാതാ: തീവ്ര മായ ഗ്രഹത്തിൽ നിന്നാണ് തീവ്രമായ സാധനകൾ ഉണ്ടാകുന്നത്. അപ്പോളാണ്  ദേവിയെ കാണാൻ കഴിയുന്നത് 
ഷഡദ്ധ്വാതീതരൂപിണീ: പല രീതിയിൽ ദേവിയെ ഉപാസിക്കാം. ആറുമാര്ഗങ്ങളിൽ ദേവി യെ ആരാധിക്കാം എന്നാണ് പറയുന്നത്. 
1. വാക്കുകളെ  കൊണ്ടു 
2. ലോകങ്ങളിൽ ആരാധിക്കുന്നു 
3. തത്വങ്ങളെ കൊണ്ടു 
4. അക്ഷരങ്ങളെ കൊണ്ടു 
5. സംഗീതം ചിത്ര മെഴുത്തു--കലകളെ കൊണ്ടു 
ദേവി പക്ഷെ ഇതിനൊക്കെ അതീത ആണ് 
അവ്യാജകരുണാമൂർത്തി:  നിഷ്കളങ്കമായ ഭക്തി യിലൂടെ വരുന്ന തെറ്റുകൾ  ദേവി ക്ഷമിക്കും.  അറിയാനുള്ള സാഹചര്യം കിട്ടിയാൽ പിന്നെ തെറ്റാതെ ചൊല്ലി പഠിക്കണം. 
അജ്ഞാനദ്ധ്വാന്തദീപികാ: അജ്ഞാനമാകുന്ന ഇരുട്ടിലെ വെളിച്ചമാണ് ദേവി. ഭക്തന്റെ മനസ് എ പ്പോളാണോ ജ്ഞാനത്തിന് പാക മാകുന്നത് അപ്പോൾ ദേവി ഗുരുവിനെ കൊണ്ട് തരുന്നു.

 ആബാലഗോപവിദിതാ സർവ്വാനുല്ലംഘ്യശാസനാ 
ശ്രീചക്രരാജനിലയാ ശ്രീമത്‌ ത്രിപുരസുന്ദരീ 182 

 ആബാലഗോപവിദിതാ: ആബാലവൃദ്ധം ജനങ്ങൾക്കും പ്രാപിക്കാൻ കഴിയുന്ന ദേവി.
സർവ്വാനുല്ലംഘ്യശാസനാ: സർവ്വരാലും ലംഘിക്കപ്പെടാത്ത ശാസനയോടു കൂടിയ ദേവി. അമ്മയുടെ ശാസനകൾ ഒന്ന്  മാറി നടക്കാൻ ഒരു ദേവതക്കും  സാധിക്കില്ല.  സ്നേഹ നിധി ആയ 'അമ്മ  ഇരിക്കുമ്പോൾ തന്നെ കർക്കശക്കാരി ആയ മഹാരാഞ്ജി കൂടെ ആണ് ദേവി.
ശ്രീചക്രരാജനിലയാ: ശ്രീ ചക്രത്തെ തന്റെ നിലയം ആക്കിയിരിക്കുന്നു ദേവി  ശ്രീമത്‌ ത്രിപുരസുന്ദരീ : ആ കാമേശന്റെ പത്നി 

ശ്രീശിവാ ശിവശക്ത്യൈക്യരൂപിണീ ലളിതാംബികാ 

ശ്രീശിവാ:  സദാ ശിവൻ എപ്പോൾ ഒക്കെ രൂപം മാറുന്നുവോ അപ്പോൾ എല്ലാം ദേവി കൂടെ  രൂപം മാറുന്നു 
ശിവശക്ത്യൈക്യരൂപിണീ: ശിവനും ശക്തിയും ചേർന്നതാണ് ഈ ലോകം ഏതു വസ്തുക്കൾ നോക്കിയാലും അതിലും ശിവശക്തി സംഗമം കാണാം. ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു ആ ശിവ ശക്തി ചൈതന്യം 
ലളിതാംബികാ : ലളിതമായ ഭാവത്തോടെ ഇരിക്കുന്ന ദേവി. ആർക്കും അനായാസം അമ്മയെ സമീപിക്കാം.  എന്നാൽ എല്ലാത്തിനും ഈശ്വരിയും  ആണ്  ദേവി. നിഷ്കളങ്ക ഭക്തി കൊണ്ട് മാത്രം പ്രാപിക്കാൻ കഴിയുന്ന ദേവി. 

***********************************************************************************ഇതി ശ്രീ ബ്രഹ്മാണ്ഡ പുരാണേ ഉത്തരഖണ്ഡേ ശ്രീ ഹയഗ്രീവാഗസ്ത്യ സംവാദേ ശ്രീലളിതാ സഹസ്രനാമസ്തോത്ര കഥനം സമ്പൂർണം നിത്യവും ദേവിയുടെ ലളിതാ സഹസ്രനാമം ജപിച്ചാല്‍ സൗഭാഗ്യം അടിക്കടി വര്‍ദ്ധിച്ചുവരും, നിശ്‌ചയം.


Comments

Popular posts from this blog

udhava

ഗായത്രി