ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം-അർത്ഥ സഹിതം (34-50)

 ശ്രീമദ്‌വാഗ്‌ഭവകൂടൈകസ്വരൂപമുഖപങ്കജാ 34

കണ്ഠാധഃകടിപര്യന്തമധ്യകൂടസ്വരുപിണീ ശക്തികൂടൈകതാപന്നകട്യധോഭാഗധാരിണീ  35 

കൂടം: കൂട്ടം 

സ്വരൂപം: പ്രതി രൂപം 

കണ്ഠം: കഴുത്ത്‌ 

കടിഭാഗം: അരക്കെട്ട് 

അധോഭാഗം: താഴ്ഭാഗം  

ഐശ്വര്യ പൂർണ്ണമായ പഞ്ചദശാക്ഷരി മന്ത്രം  തന്റെ സ്വരൂപം ആയി തീർന്ന ദേവി. 

 ശ്രീമദ്‌വാഗ്‌ഭവകൂടൈകസ്വരൂപമുഖപങ്കജാ:  വാഗ്ഭവ കൂടം എന്ന് പറയുന്ന മന്ത്രം ദേവിയുടെ മുഖം തന്നെ ആണ്.

കണ്ഠാധഃകടിപര്യന്തമധ്യകൂടസ്വരുപിണീ: കഴുത്തു മുതൽ അരക്കെട്ടു വരെ മധ്യകൂടം എന്ന് പറയുന്നു.

ശക്തികൂടൈകതാപന്നകട്യധോഭാഗധാരിണീ: അരക്കെട്ടു മുതൽ പാദം വരെ ശക്തി കൂടം എന്ന് അറിയപ്പെടുന്നു.

ദേവിയുടെ മന്ത്ര ശരീരം  ആണ് ഇനി വർണ്ണിക്കുന്നത്.  

പഞ്ചദശാക്ഷരി മന്ത്രം 

ഹ സ ക ഹ ള ഹ്രീം :: വാഗ്ഭവ കൂടം

സ ക ഹ ള ഹ്രീം:: മദ്ധ്യകൂടം

ക ഈ ള ഹ്രീം :: ശക്തി കൂടം

പഞ്ചദശാക്ഷരി മന്ത്രത്തിലൂടെ ദേവിയെ പൂജിക്കുമ്പോൾ ആദ്യത്തെ ആറു നാമങ്ങൾ വാഗ്ഭവ കൂടം എന്ന് അറിയപ്പെടുന്നു. അടുത്ത അഞ്ചു നാമങ്ങൾ മദ്ധ്യകൂടം എന്ന് അറിയപ്പെടുന്നു. പിന്നീട് ഉള്ള നാലു അക്ഷരങ്ങൾ ശക്തി കൂടം എന്ന് അറിയപ്പടുന്നു.

മൂലമന്ത്രാത്മികാ മൂലകൂടത്രയകളേബരാ 
കുളാമൃതൈകരസികാ കുളസംകേതപാലിനീ 36 

മൂലമന്ത്രാത്മികാ: മൂലമന്ത്രം ആത്മ സ്വരൂപം ആയ ദേവി 

കളേബരം: ശരീരം 

കുളാമൃതൈകരസികാ: കുള എന്ന അമൃതത്തിൽ ആനന്ദിക്കുന്നവൾ 

കുളസങ്കേതപാലിനീ: കുളതന്ത്രശാസ്ത്രത്തിലുള്ള എല്ലാ രഹസ്യങ്ങളേയും പ്രകാശിപ്പിച്ചു രക്ഷിക്കുന്നവള്‍.

മൂലമന്ത്രാത്മികാ: ദേവിയുടെ മൂല മന്ത്രം തന്നെ ആത്മസ്വരൂപം ആയി തീർന്ന ദേവി. 

മൂലകൂടത്രയകളേബരാ:  മൂല മന്ത്രത്തിന്റെ വാഗ്ഭവ-മദ്ധ്യ-ശക്തി എന്ന കൂടത്രയം ശരീരമായുള്ളവള്‍.

കുളാമൃതൈകരസികാ: സഹസ്രാരപത്മത്തില്‍നിന്ന് ഒഴുകുന്ന അമൃതിന്റെ രസത്തെ ആസ്വദിക്കുന്നതില്‍ തല്പരയായിട്ടുള്ളവള്‍.

തന്ത്രശാസ്ത്രപ്രകാരം മൂലാധാരചക്രത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീശക്തി യോഗാഭ്യാസത്തിലൂടെ ഉണര്‍ത്തി, സുഷുമ്നാമാര്‍ഗ്ഗേണ ഷഡാധാരങ്ങ (മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ) ളേയും ഭേദിച്ച് നിറുകയിലുള്ള സഹസ്രാരപത്മത്തില്‍ കൊണ്ടുവന്ന് ശിവ ശക്തി സംഗമം നടത്തി അമൃത്-അമരത്വം സ്രവിപ്പിക്കുന്നു, യഥാര്‍ത്ഥ യോഗിവര്യന്‍മാര്‍. ഈ അമൃതാണ് ''കുളാമൃതം''. സുഷുമ്നാമാര്‍ഗ്ഗത്തിന് 'കുളം' എന്നും പേരുണ്ട്.

കുലാംഗനാ കുളാന്തസ്‌ഥാ കൗളിനീ കുളയോഗിനീ 

 അകുളാ സമയാന്തസ്‌ഥാ സമയാചാരതത്‌പരാ 37 
 
 1. മൂലാധാരം  2. സ്വാധിഷ്ഠാനം 3. മണിപൂരകം 4. അനാഹതം
5 . വിശുദ്ധി  6. ആജ്ഞ 7. സഹസ്രാരം  
 

കുലാംഗനാ: പാതിവ്രത
കുളാന്തഃസ്ഥാ: കുളശാസ്ത്രത്തില്‍ അറിയേണ്ടതായവള്‍.
കൗളിനീ: കൗളമാർഗത്തിൽ പൂജിക്കപ്പെടുന്നവള്‍. കുളയോഗിനീ: കുളം എന്ന സഹസ്രദളപത്മത്തെ സംബന്ധിച്ചിരിക്കുന്നവള്‍. അകുളാ: കുളം എന്ന സഹസ്രാരത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. സമയാന്തഃസ്ഥാ: സമയം എന്ന തന്ത്രങ്ങളാല്‍ പ്രതിപാദിക്കുന്നവള്‍. സമയാചാരതല്പരാ: സമയാചാരം എന്ന പൂജാ സമ്പ്രദായത്തിൽ താല്പര്യമുള്ളവള്‍.

ദേവി ഒരു കുല സ്ത്രീയെ പോലെ തന്റെ മന്ത്ര രഹസ്യങ്ങൾ എല്ലാം പാലിക്കുന്നു.  കൗള മാർഗത്തിൽ ആരാധിക്കുമ്പോൾ പ്രത്യക്ഷയാകുന്ന ദേവി.

തന്ത്രശാസ്ത്രത്തില്‍ മൂന്നുതരത്തിലുള്ള വിധികളാണുള്ളത്....

കൗളം: ഇത് ദേവതയെ ബാഹ്യമായി-പുറത്ത് കണ്ടുകൊണ്ടുള്ള പൂജയാണ്. സമയം: സ്വയം ദേവതയുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട് ദേവതയ്ക്ക് നല്‍കുന്ന സ്വയംപൂജ..

മിശ്രം:രണ്ടും ചേര്‍ന്നത്... ഇതില്‍ സമയാചാരമാണ് ശ്രേഷ്ഠമെന്ന് പണ്ഡിതമതം.)

 കൗളമാർഗ്ഗത്തിലും സമയാചാരത്തിൽ ആരാധിച്ചാലും അവിടെ ദേവി സന്നിഹിതയാകുന്നു.

മൂലാധാരൈകനിലയാ ബ്രഹ്‌മഗ്രന്ഥിവിഭേദിനീ 

 മണിപൂരാന്തരുദിതാ വിഷ്‌ണുഗ്രന്ഥിവിഭേദിനീ 38 


ബ്രഹ്‌മഗ്രന്ഥി 
വിഷ്‌ണുഗ്രന്ഥി 
രുദ്ര ഗ്രന്ഥി 

മൂലാധാരൈകനിലയാ: മൂലാധാരം തന്റെ നിലയം ആക്കിയവൾ.

ബ്രഹ്മഗ്രന്ഥിവിഭേദിനീ: ബ്രഹ്മഗ്രന്ഥി ഭേദിച്ച് മുകളിലേക്ക് ഗമിക്കുന്നവള്‍.

മണിപൂരാന്തരുദിതാ: മണിപൂരക ചക്രത്തിന്റെ അന്തർ ഭാഗത്തു വസിക്കുന്നവൾ വിഷ്ണുഗ്രന്ഥിവിഭേദിനീ: മണിപൂരകചക്രത്തിന്റെ മേല്‍ഭാഗത്തുള്ള വിഷ്ണുഗ്രന്ഥിയെ ഭേദിക്കുന്നവള്‍.


മൂലാധാരചക്രത്തില്‍ കുണ്ഡലിനീശക്തിയായി കുടികൊള്ളുന്നതും ആ പരാശക്തി തന്നെ. സുഷുമ്നാനാഡിയിലുള്ള ആറു ചക്രങ്ങളില്‍ (ഷഡാധാരചക്രം) ഓരോന്നിനും മുകളിലും ചുവട്ടിലുമായി ഓരോ ഗ്രന്ഥി (കെട്ട്) ഉണ്ട്. അവയില്‍ സ്വാധിഷ്ഠാനചക്രത്തിന്റെ രണ്ടു ഗ്രന്ഥികള്‍ക്ക് ''ബ്രഹ്മഗ്രന്ഥി'' എന്നു പേര്‍. മൂലാധാരത്തിൽ നിന്ന് ഉയരുന്ന കുണ്ഡലിനി ശക്തി ബ്രഹ്മഗ്രന്ഥിയെ പൊട്ടിച്ചു കൊണ്ട് മുകളിലേക്ക് സഞ്ചരിച്ചു മണിപൂരക ചക്രത്തിന് ഉള്ളിൽ സ്ഥിതി ചെയ്യുന്ന വിഷ്ണുഗ്രന്ഥിയെയും ഭേദിച്ച് മുന്നോട്ടു സഞ്ചരിക്കുന്നു.

ആജ്ഞാചക്രാന്തരാളസ്‌ഥാ രുദ്രഗ്രന്ഥിവിഭേദിനീ 

 സഹസ്രാരാംബുജാരൂഢാ സുധാസാരാഭിവർഷിണീ 39

ആജ്ഞാചക്രാന്തരാളസ്ഥാ: ആജ്ഞാചക്രത്തിനുള്ളിലേറിയിരിക്കുന്നവള്‍. രുദ്രഗ്രന്ഥി വിഭേദിനീ: രുദ്രഗ്രന്ഥിയെ ഭേദിക്കുന്നവള്‍. സഹസ്രാരാംബുജാരൂഢാ: സഹസ്രദളപത്മത്തില്‍ ഇരിക്കുന്നവള്‍. സുധാസാരാഭിവര്‍ഷിണീ: സഹസ്രദളത്തില്‍നിന്ന് അമൃതധാര പൊഴിക്കുന്നവള്‍.

യോഗശാസ്ത്രത്തില്‍ കുണ്ഡലിനീശക്തി, മൂലാധാരം തുടങ്ങി ഷഡാധാരചക്രങ്ങളില്‍കൂടി കടന്ന് നിറുകയിലുള്ള സഹസ്രാരപത്മത്തില്‍ എത്തിച്ചേരുമ്പോൾ ശിവ ശക്തി സംഗമം നടക്കുന്നു. അതാണ് പരമാനന്ദാവസ്ഥ. അപ്പോൾ അവിടെ നിന്ന് അമൃത് വർഷിക്കപ്പെടുന്നു. ഭഗവാനും ഭക്തനും ഒന്നായി തീരുന്ന ആ അവസ്ഥയാണ് സായൂജ്യം. ഇതെല്ലാം അനുഭവിക്കണം എങ്കിൽ ദേവ്യുപാസന കൊണ്ട് മാത്രമേ സാധ്യമാകൂ.


 തടില്ലതാസമരുചിഃ ഷട്ചക്രോപരിസംസ്‌ഥിതാ
മഹാസക്തിഃ കുണ്ഡലിനീ ബിസതന്തുതനീയസീ 40

തടിത്: മിന്നൽപിണർ 
ഉപരി: മുകളിൽ 
സംസ്‌ഥിതാ: സ്ഥിതി ചെയ്യുന്നവൾ 

 തടില്ലതാസമരുചിഃ  മിന്നൽപിണർ പോലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ചൊരിയുന്ന ശരീരം ആണ് ദേവിയുടേത്. കുണ്ഠലിനി ശക്തി ഉണർന്നാൽ ഒരു മിന്നൽ പിണർ പോലെ മുകളിലേക്ക് ഗമിക്കുന്നു അറിവിന്റെ എല്ലാ വാതിലുകളും ഭക്തന്റെ മുന്നിൽ തുറക്കപ്പെടുന്നു എന്നും അർഥമെടുക്കാം. 
ഷട്ചക്രോപരിസംസ്‌ഥിതാ: ഷഡാധാരങ്ങൾക്ക് മേലെ--സഹസ്രാര പത്മത്തിൽ--ആണ് ദേവി സ്ഥിതി ചെയ്യുന്നത്. 
മഹാസക്തിഃ: തന്റെ മക്കളെ ഒരേ ആസക്‌തിയോടെ  ആണ് ദേവി കാണുന്നത്. ധനികനെന്നോ ദരിദ്രനെന്നോ ലിംഗ ഭേദങ്ങളോ ഒന്നും ദേവിയെ സ്വാധീനിക്കുന്നില്ല.
ബിസതന്തുതനീയസീ: താമര നൂല് പോലെ വളരെ നേർത്ത ശരീരത്തോടെ  കുണ്ഠലിനീ ശക്തി ആയി നമ്മുടെ ഉള്ളിൽ ഇരിക്കുന്നതും ആ ദേവി തന്നെയാണ്. കുണ്ഠലിനി ശക്തി സർപ്പാകൃതിയിൽ ചുരുണ്ടു കൂടി മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്നു എന്നാണ് യോഗ ശാസ്ത്രം പറയുന്നത്.

ഭവാനീ ഭാവനാഗമ്യാ ഭവാരണ്യകുഠാരികാ 
 ഭദ്രപ്രിയാ ഭദ്രമൂർത്തിർ ഭക്തസൗഭാഗ്യദായിനീ 41

ഭവാൻ: ശ്രീ പരമേശ്വരൻ 
അഗമ്യ: പ്രാപിക്കാവുന്ന 
ആരണ്യം: കാട് 
കുഠാരം: മഴു 

ഭവാനീ : ശ്രീ പരമേശ്വന്റെ പത്‌നി ആണ്  ദേവി . 
ഭാവനാഗമ്യാ: ഭാവന കൊണ്ട്  ദേവിയെ  പ്രാപിക്കാവുന്നതുമാണ് . 
ഭവാരണ്യകുഠാരികാ : ഈ സംസാര ചക്ര മാകുന്ന കാട്ടിൽ അകപ്പെട്ടു പോയ ജീവാത്മാവിനെ ഒരു മഴുവായി വന്ന് രക്ഷിക്കുന്നതും ദേവി തന്നെ  ആണ്.
ഭദ്രപ്രിയാ: നല്ലതു മാത്രം കാണുകയും നല്ലതു ചെയ്യുകയും ചെയ്യുന്ന ഭക്തരിൽ പ്രിയമുള്ള ദേവി. 
ഭദ്രമൂർത്തിർ: എല്ലാ മംഗളങ്ങളും അരുളുന്ന മൂർത്തിയാണ് ദേവി. 
ഭക്തസൗഭാഗ്യദായിനീ:  ഭക്തരുടെ ആഗ്രഹങ്ങൾ എല്ലാം നൽകി കനിഞ്ഞു അനുഗ്രഹിക്കുന്നവളാണ് ദേവി. 


ഭക്തിപ്രിയാ ഭക്തിഗമ്യാ ഭക്തിവശ്യാ ഭയാപഹാ 
 ശാംഭവീ ശാരദാരാധ്യാ ശർവ്വാണീ ശർമ്മദായിനീ 42

ഭക്തിപ്രിയാ: തന്റെ ഭക്തന്മാരിൽ പ്രിയ മുള്ളവൾ. സാധനാ മാർഗത്തിൽ അവരുടെ എല്ലാ തടസങ്ങളും മാറ്റി കൊടുക്കുന്നതും ദേവിയാണ്. 
ഭക്തിഗമ്യാ: ഭക്തി കൊണ്ട് മാത്രമേ ദേവിയെ പ്രാപിക്കാൻ നമുക്ക് കഴിയൂ. 
ഭക്തിവശ്യാ: ഒന്നിനും വശംവദ ആകാത്ത ദേവിയെ ഭക്തി കൊണ്ട് മാത്രമേ വശീകരിക്കാൻ കഴിയൂ. 
ഭയാപഹാ: എല്ലാ ഭയങ്ങളും അകറ്റുന്നവൾ. നമ്മുടെ എല്ലാ ഭയങ്ങളെയും മാറ്റി തരുന്നതും ആ അമ്മ തന്നെ ആണ്. അത്രമാത്രം കരുതൽ ദേവിക്ക്  തന്റെ ഭക്തരിൽ ഉണ്ട് എന്ന് സാരം. എന്ത് തന്നെ സംഭവിക്കട്ടെ തനിക്ക് ആശ്രയമായി ആ കരുണാമയി ഉണ്ട് എന്ന ചിന്ത തന്നെ വലിയ ധൈര്യമാണ് ഭക്തന് നൽകുന്നത്.
ശാംഭവീ : ശംഭുവിന്റെ പത്‌നി 
ശാരദാരാധ്യാ: സരസ്വതി  ദേവിയാൽ ആരാധിക്കപ്പെടുന്നവൾ എന്നും. വിവിധ രംഗത്തു വൈദഗ്ധ്യം നേടിയവരാൽ(വിശാരദന്മാരാൽ  ആരാധിക്കപ്പെടുന്നവൾ എന്നും ശരത് കാലത്തു ആധിക്കപ്പെടുന്നവൾ എന്നും അർത്ഥമെടുക്കാം. ദേവിയുടെ പ്രധാന പ്പെട്ട ആരാധന ആയ നവരാത്രി പൂജ ശരത് കാലത്തു ആണല്ലോ/.
ശർവ്വാണീ: ശർവന്റെ പത്‌നി 
 ശർമ്മദായിനീ:  സുഖത്തെ പ്രദാനം ചെയ്യുന്നവൾ 


 ശാംകരീ ശ്രീകരീ സാധ്വീ ശരച്ചന്ദ്രനിഭാനനാ 
 ശാതോദരീ ശാന്തിമതീ നിരാധാരാ നിരഞ്ജനാ 43 

ശാംകരീ: ശങ്കരന്റെ പത്‌നി (ശം എന്നാൽ മംഗളം എന്നും അർത്ഥമുണ്ട്). 

ശ്രീകരീ : എല്ലാ ഐശ്വര്യവും പ്രദാനം ചെയ്യുന്നവൾ 
സാധ്വീ: പതിവ്രത  
ശരച്ചന്ദ്രനിഭാനനാ: ശരത് കാലത്തെ തെളിഞ്ഞ ആകാശത്തെ ചന്ദ്രനെ പോലെ ശോഭിക്കുന്ന ദേവി 
ശാതോദരീ : കൃശമായ ഉദരം ഉള്ള ദേവി 
ശാന്തിമതീ: ശാന്തിയെ പ്രദാനം ചെയ്യന്നവൾ  
നിരാധാരാ: ആരും ആധാരമായി ഇല്ലാത്തവൾ 
നിരഞ്ജനാ:  അജ്ഞാനമില്ലാത്തവൾ 

ദേവി ശങ്കര പത്‌നി ആയതു കൊണ്ട് ശങ്കരി എന്ന് അറിയപ്പെടുന്നു. എല്ലാ വിധ ഐശ്വര്യവും തന്നു നമ്മെ സംരക്ഷിക്കുന്നതും ആ ദേവി തന്നെ. എപ്പോഴും ശങ്കരനെ മാത്രം ഭജിച്ചു അവിടുത്തെ ആഗ്രഹം അറിഞ്ഞു പ്രവർത്തിക്കുന്ന അവിടുത്തെ അർദ്ധശരീരിണി ആയ പതിവ്രതാ രത്‌നം ആണ് ദേവി. 
ശരത് കാലത്തെ തെളിഞ്ഞ ആകാശത്തു കാണുന്ന ചന്ദ്രനെ പോലെ ശോഭിക്കുന്ന ദേവി. ദേവിയുടെ ഉദരം വളരെ കൃശമാണ്. ദേവിയോട് അടുക്കുംതോറും  ദേവിയെ നേടുന്നതാണ് ഏക ലക്ഷ്യം എന്ന ചിന്ത വരുമ്പോൾ ആഗ്രഹങ്ങൾ കുറഞ്ഞു വരുന്നു. ആഗ്രഹങ്ങൾ കുറയുമ്പോൾ ശാന്തി അനുഭവിക്കാൻ കഴിയുന്നു.  ജഗദംബ ആണ് എല്ലാത്തിനും ആധാരം. ദേവി സർവ തന്ത്ര സ്വതന്ത്രയാണ്. എല്ലാ വിജ്ഞാനങ്ങളും ദേവിയിൽ നിന്നാണ് തുടങ്ങുന്നത് അത് കൊണ്ട് തന്നെ ദേവി നിരഞ്ജനയാണ്.

 നിർല്ലേപാ നിർമ്മലാ നിത്യാ നിരാകാരാ നിരാകുലാ 
 നിർഗുണാ നിഷ്‌കളാ ശാന്താ നിഷ്‌കാമാ നിരുപപ്ലവാ44 

നിർല്ലേപാ: കർമ്മ  ബന്ധത്തിന്റെ കെട്ടുപാടുകൾ ഇല്ലാത്ത ദേവി 
നിർമ്മലാ: യാതൊരു വിധ മാലിന്യങ്ങളും  ബാധിക്കാത്ത ദേവി  
നിത്യാ: എന്നും ഉള്ളവൾ.   
നിരാകാരാ: പ്രത്യേക രൂപമില്ലാത്തവൾ ദേവി ശുദ്ധ ചൈതന്യം ആണ്. സാഹചര്യത്തിന് അനുസരിച്ചു ദേവി ഓരോ രൂപം സ്വീകരിക്കുന്നു  
നിരാകുലാ: എപ്പോഴും സന്തുഷ്ട യാണ് ദേവി. യാതൊരു ആകുലതകളും ദേവിയെ ബാധിക്കുന്നില്ല.
 നിർഗുണാ: ത്രിഗുണങ്ങൾക്ക് അതീതയാണ് ദേവി. സത്വ-രജ-തമോ ഗുണങ്ങൾക്ക് അതീതയായ ദേവി.  ദേവിയിൽ നിന്നാണ് ത്രിഗുണങ്ങൾ ആരംഭിക്കുന്നത് 
നിഷ്‌കളാ:  അംശാവതാരം ഒന്നും ഇല്ലാതെ പൂർണ്ണാവതാരം ആയ ദേവി 
ശാന്താ: ദേവി ശാന്ത സ്വരൂപിണി ആണ് ദേവി 
നിഷ്‌കാമാ: യാതൊരു കാമനകളും ഇല്ലാത്ത ദേവി.
നിരുപപ്ലവാ: നാശമില്ലാത്തവൾ 

 നിത്യമുക്താ നിർവ്വികാരാ നിഷ്‌പ്രപഞ്ചാ നിരാശ്രയാ 
 നിത്യശുദ്ധാ നിത്യബുദ്ധാ നിരവദ്യാ നിരന്തരാ 45 

വികാരം: മാറ്റം 
അന്തരം: വിടവ് 

 നിത്യമുക്താ: യാതൊരു ബന്ധനങ്ങളും ഇല്ലാത്ത അമ്മ. മായയ്ക്ക് അതീതയാണ് ദേവി. 
നിർവ്വികാരാ: മാറ്റങ്ങൾക്ക്  അതീതയായ അമ്മ. ജനിക്കുക ജീവിക്കുക മരിക്കുക എന്നത് ഒക്കെ മായയ്ക്ക് അധീനരായവർ ക്ക് ആണ് ഉള്ളത്    
നിഷ്‌പ്രപഞ്ചാ:  ഈ ലോകം എന്നത് ഒരു മായ ആണ്. പഞ്ചേന്ദ്രിയങ്ങളാൽ   അറിയുന്നത് കൊണ്ട് ആണ് പ്രപഞ്ചം എന്ന പേര് വന്നത്. ദേവി ഇതിനെല്ലാം അതീത യാണ് 
നിരാശ്രയാ: ആശ്രയം ആവശ്യമില്ലാത്ത ദേവി. സ്വതന്ത്രയാണ്‌ അമ്മ 
 നിത്യശുദ്ധാ: ദേവി ശുദ്ധ ചൈതന്യമാണ് ദേവി  
നിത്യബുദ്ധാ: ജ്ഞാനത്തിനു അതീതയാണ് ദേവി. എല്ലാ അറിവുകൾക്കും ഇരിപ്പിടമാണ് ദേവി.
നിരവദ്യാ:  വന്ദനീയ ആണ് ദേവി 
നിരന്തരാ: എങ്ങും  നിറഞ്ഞു നിൽക്കുന്ന ദേവി 

 നിഷ്‌കാരണാ നിഷ്‌കളങ്കാ നിരുപാധിർന്നിരീശ്വരാ 
 നീരാഗാ രാഗമഥനാ നിർമ്മദാ മദനാശിനീ 46 

നിഷ്‌കാരണാ: കാരണ രഹിതയാണ് ദേവി. ദേവിയാണ് എല്ലാത്തിനും കാരണ സ്വരൂപമായി നില കൊള്ളുന്നത് 
നിഷ്‌കളങ്കാ: കളങ്കമില്ലാത്തവൾ   
നിരുപാധി: ജീവാത്മാവിന് ആണ് കർമ്മം ചെയ്യാൻ ശരീരം എന്ന ഉപാധി വേണ്ടത് . ദേവിക്ക് അതിന്റെ ആവശ്യമില്ല.
നിരീശ്വരാ: അമ്മയാണ് എല്ലാത്തിനും മുകളിൽ വരുന്നത് അപ്പോൾ ദേവിക്ക് ആശ്രയിക്കാൻ ഒരു ഈശ്വരൻ ഇല്ല. 
 നീരാഗാ: രാഗം ഇല്ലാത്തവൾ. എല്ലാ ഐശ്വര്യങ്ങളും ദേവിയിൽ നിന്ന് തുടങ്ങുമ്പോൾ ആ അമ്മയ്ക്കു പുതുതായി എന്തിനോട് എങ്കിലും ആഗ്രഹം തോന്നാൻ ഇടയില്ലല്ലോ. 
രാഗമഥനാ:  രാഗമാണ് കെട്ടുപാടുകൾ ഉണ്ടാക്കുന്നത്. ദേവിയോട് അടുക്കും തോറും ഈ രാഗത്തെ കുറച്ചു കൊണ്ട് വരുന്നു ദേവി. ആരോടും രാഗമോ ദ്വേഷമോ കൂടാതെ സ്നേഹിക്കാൻ ഭക്തൻ പ്രാപ്തനാകുന്നു 
നിർമ്മദാ : എല്ലാം തന്നിൽ നിന്ന് തുടങ്ങുമ്പോൾ തന്നെ അതോർത്തു ദേവി അഹങ്കരിക്കുന്നില്ല.  
മദനാശിനീ : ഭക്തന്റെ ഉള്ളിലെ അഹങ്കാരത്തെ നശിപ്പിക്കുന്നതും അമ്മ തന്നെ ആണ്.

 നിശ്ചിന്താ നിരഹങ്കാരാ നിർമ്മോഹാ മോഹനാശിനീ 
 നിർമ്മമാ മമതാഹന്ത്രീ നിഷ്‌പാപാ പാപനാശിനീ 47 
 
നിശ്ചിന്താ : ഉത്കണ്ഠകൾ  ഇല്ലാത്ത അവസ്ഥ. ദേവി സർവജ്ഞയാണ്. ഭൂത- ഭാവി-വർത്തമാനങ്ങൾ എല്ലാം അറിയുന്നത് കൊണ്ട് ദേവിക്ക് യാതൊരു ഉത്കണ്ഠയുടെയും ആവശ്യം വരുന്നില്ല.
നിരഹങ്കാരാ: നമ്മുടെ കഴിവുകൾ നേട്ടങ്ങൾ എല്ലാം ദേവിയുടെ അനുഗ്രഹം ആണെന്ന് അറിയുന്ന ഭക്തന് യാതൊരു അഹങ്കാരവും ഉണ്ടാകുന്നില്ല. വളരെ സങ്കുചിതമായ ചിന്തയുടെ ഫലമാണ് അഹങ്കാരം.
നിർമ്മോഹാ:  ഈ ലോക ജീവിതം തന്നെ ഒരു മായയാണ് എന്ന് അറിയുന്നത് കൊണ്ട് ദേവി യാതൊരു മോഹ വലയത്തിലും  പെടാതെ നിൽക്കുന്നു.
മോഹനാശിനീതന്നെ ആശ്രയിക്കുന്ന ഭക്തന്റെ ആസക്തികൾ എല്ലാം ദേവി നശിപ്പിക്കുന്നു.  അങ്ങനെ ഈ സംസാര ചക്രത്തിലെ മോഹ വലയങ്ങളിൽ നിന്ന് ഭക്തൻ മുക്തനാകുന്നു.
നിർമ്മമാ: മമത ഇല്ലാത്ത അവസ്ഥ. എല്ലാം എന്റേത് എന്ന ചിന്ത വരുമ്പോൾ ഒരു വസ്തുവിനോട് ഒരു വ്യക്തിയോട് മാത്രം ഒരു ഒട്ടി ചേരൽ ഉണ്ടാകുന്നില്ല. എല്ലാവരെയും ഒന്നായി  സ്നേഹിക്കുന്ന അവസ്ഥയാണ് നിർമമത്വം എന്ന് പറയാം.  
 മമതാഹന്ത്രീ: സ്വാർഥതയെ ഇല്ലാതാക്കുന്ന ദേവി. ദേവ്യുപാസന കൊണ്ട് ഭക്തനും മമത ഇല്ലാത്തവനായി ഭവിക്കുന്നു. 
നിഷ്‌പാപാ: പാപമില്ലാത്തവൾ. ഈശ്വരൻ എല്ലാറ്റിനും സാക്ഷി മാത്രമാണ്.
പാപനാശിനീ :  ഭക്തന്റെ പാപത്തെ നശിപ്പിക്കുന്ന ദേവി. ആരെയൊക്കെ കബളിപ്പിച്ചു എന്ന് ചിന്തിച്ചാലും താൻ ചെയ്യുന്നതിന് ഭഗവാൻ സാക്ഷിയാണ് എന്ന ബോധം ഒരുവനെ എല്ലാ തിന്മയിൽ നിന്നും  പാപങ്ങളിൽ നിന്നും അകറ്റി നിറുത്തുന്നു.

നിഷ്‌ക്രോധാ ക്രോധശമനീ നിർല്ലോഭാ ലോഭനാശിനീ 
 നിസ്സംശയാ സംശയഘ്നീ നിർഭവാ ഭവനാശിനീ 48 

 നിഷ്‌ക്രോധാ: ക്രോധമില്ലാത്തവൾ . അനീതി കാണുമ്പോൾ ദേവി എതിർക്കുന്നു എങ്കിലും അതു തൽക്കാലത്തേക്ക് മാത്രം ഉള്ള അവസ്ഥയാണ്.
ക്രോധശമനീ: തന്നെ ആശ്രയിക്കുന്നവരുടെ ഉള്ളിലെ ക്രോധത്തെ നശിപ്പിക്കാൻ അമ്മ സഹായിക്കുന്നു.  ദേവിയോട് അടുക്കുംതോറും ചിത്ത ശുദ്ധി വന്നു ചേരുന്നു. അത്കൊണ്ട്   തന്നെ ആഗ്രഹങ്ങൾ കുറഞ്ഞു വരുന്നു. ആഗ്രഹങ്ങൾ കുറയുമ്പോൾ ക്രോധവും കുറഞ്ഞു വരുന്നു.
നിർല്ലോഭാ: എത്ര കിട്ടിയാലും മതിയാകാത്ത അവസ്ഥയാണ് ലോഭം എന്നു പറയുന്നത്. ദേവി കാമദായിനി ആണ് അത് കൊണ്ടു തന്നെ യാതൊരു ലോഭവും ദേവിയെ ബാധിക്കുന്നില്ല . 
ലോഭനാശിനീ: ദേവിയെ ആശ്രയിക്കുന്ന സാധകനെ എല്ലാ വിധ ദുർഗുണങ്ങളിൽ നിന്നും ദേവി സംരക്ഷിക്കുന്നു.  അമ്മയെ ആശ്രയിച്ചാൽ നമ്മുടെ ഉള്ളിലെ എല്ലാ മാലിന്യങ്ങളും അകറ്റി സംരക്ഷിക്കപ്പെടുന്നു.
നിസ്സംശയാ:   എല്ലാം അറിയുന്നആളിന് സംശയങ്ങൾ ഉണ്ടാകില്ലല്ലോ.  ദേവി സർവജ്ഞയാണ് അത് കൊണ്ട് തന്നെ യാതൊരു സംശയവും ഇല്ല.
 സംശയഘ്നീ :  സാധകന്റെ ഉള്ളിലെ സംശയങ്ങൾ അകറ്റുന്നതും ദേവി യാണ്.  അത് കൊണ്ട് തന്നെ ദേവി സംശയഘ്നീ എന്ന് അറിയപ്പെടുന്നു 
നിർഭവാ: ദേവി ഈ ഭവ സാഗരത്തിൽ പെടുന്നില്ല. ഉല്പത്തി നാശങ്ങൾ ഇല്ലാത്ത ദേവി.
ഭവനാശിനീ : അമ്മയെ ആശ്രയിക്കുന്നവർക്കു ഈ ലോകം തന്നെ ഈശ്വര കല്പിതം എന്ന് ചിന്തിക്കാൻ പ്രാപ്‌തി ഉണ്ടാകുന്നു.


നിർവികൽപാ നിരാബാധാ നിർഭേദാ ഭേദനാശിനീ 
 നിർന്നാശാ മൃത്യുമഥനീ നിഷ്‌ക്രിയാ നിഷ്പരിഗ്രഹാ 49 

നിർവികൽപാ:   എല്ലാം ഒന്നാണ് എന്ന് ചിന്തിക്കാൻ കഴിയുന്ന അവസ്ഥ.
നിരാബാധാ: ദേവിയോട് അടുക്കുന്നവരുടെ യാതൊരു ദുർഗുണങ്ങളും ദേവിയെ ബാധിക്കുന്നില്ല. ദേവി സർവ തന്ത്ര സ്വതന്ത്രയാണ്.
നിർഭേദാ: ദേവിക്ക് യാതൊരു ഭേദ ചിന്തയും ഇല്ല. തന്റെ മക്കളെ എല്ലാം ഒരേ രീതിയിൽ സ്നേഹിക്കാൻ ഒരു അമ്മക്ക് മാത്രമേ കഴിയൂ. വിശ്വ ജനനി ആയ ശ്രീ ലളിതാ പരമേശ്വരിയുടെ കാര്യം പിന്നെ പറയാനുണ്ടോ.
ഭേദനാശിനീ:  നമ്മൾ ദേവിയോട് അടുക്കും തോറും ജീവാത്മാവും ദേവിയെ പോലെ തന്നെ ആയി തീരുന്നു. എല്ലാ ഭേദ ചിന്തകളും മറന്നു നാം ഒന്നാണ് എന്ന ചിന്ത വന്നു ചേരുന്നു.
 നിർന്നാശാ: ആഗ്രഹങ്ങൾ കുറയുന്നു 
മൃത്യുമഥനീ: മൃത്യുവിനെ മഥിയ്ക്കുന്നവൾ. സാധകർക്ക് 
മൃത്യു ഭയം അകലുന്നു. ഒരു ഉടുപ്പ് മാറുന്നത് പോലെ ആണ് മൃത്യു വന്നു ചേരുന്നത് എന്ന് ഗീതയിൽ പറയുന്നു. വിദ്വാന്മാർ അതിൽ ദുഖിക്കുന്നില്ല. ദേവിയെ ഉപാസിക്കുന്ന ഭക്തന് മൃത്യു ഭയം അകന്നു പോകുന്നു. തന്നെ ആശ്രയിക്കുന്ന ഭക്തനെ തന്നിലേക്ക് ലയിപ്പിച്ചു മുക്തനാക്കുകയാണ് ശ്രീ ഭഗവതി  ചെയ്യുന്നത്.  
നിഷ്‌ക്രിയാ: ദേവിക്ക് ചെയ്യേണ്ടതായ ഒരു കർമ്മവും ഇല്ല. ദേവി സ്വയം ലീല ആടുകയാണ് ചെയ്യുന്നത്. അത് കൊണ്ട് ദേവിയെ നിഷ്ക്രിയ എന്ന് വിളിക്കുന്നു  
നിഷ്പരിഗ്രഹാ: പരിഗ്രഹം ഇല്ലാത്തവൾ. സ്വീകരിയക്കല് ഇല്ലാത്തവൾ‍. ദേവിയ്ക്ക് സ്വികരിയ്ക്കേണ്ടായി ഒന്നും തന്നെ ഇല്ലല്ലോ. 
ഭർത്താവിനും പരിഗ്രഹം എന്നു വരാം. ഭർ‍ത്താവില്ലാത്തവള്. പരാശക്തിയെ ഭരിയ്ക്കുന്ന ഭത്താവ് ആരാണുള്ളത്?

നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ 
 ദുർല്ലഭാ ദുർഗ്ഗമാ ദുർഗ്ഗാ ദുഃഖഹന്ത്രീ സുഖപ്രദാ 50 

നിസ്തുലാ:  തുലനം ചെയ്യാൻ കഴിയാത്തവൾ. ദേവിക്ക് തുല്യയായി ദേവി  മാത്രമേ  ഉള്ളൂ. 
നീലചികുരാ: നീല നിറമാർന്ന മുടിയിഴകൾ ആണ് ദേവിയുടേത്
നിരപായാ:  അപകടങ്ങൾ ബധിക്കാത്തവൾ 
നിരത്യയാ: അതിക്രമങ്ങൾ ബാധിക്കാത്തവൾ 
 ദുർല്ലഭാ: ഭഗവതി എല്ലാവർക്കും അനുഭവ വേദ്യയാകുന്നില്ല. 
ദുർഗ്ഗമാ :എല്ലാവർക്കും പ്രാപിക്കാൻ കഴിയാത്തവൾ. ഭക്തന്മാർക്ക് മുന്നിൽമാത്രമേ  സഹസ്ര നാമം ജപിക്കാൻ പാടുള്ളൂ എന്ന് ലളിതാ പരമേശ്വരി തന്നെ പറഞ്ഞിട്ടുണ്ട്.
ദുർഗ്ഗാ : ആസുരിക ചിന്തയിൽ നിന്ന് അകറ്റി ഭക്തനെ സംരക്ഷിക്കുന്നത് കൊണ്ട് ദുർഗ്ഗ എന്ന് വിളിക്കുന്നു.
ദുഃഖഹന്ത്രീ : നൊന്തു വിളിക്കുന്ന ഭക്തന്റെ എല്ലാ വിധ ദുഖങ്ങളും അമ്മ അകറ്റുന്നു.
സുഖപ്രദാ : ദുഃഖങ്ങൾ അകലുമ്പോൾ സ്വാഭാവികമായും സുഖം അനുഭവ വേദ്യമാകും. ഭക്‌തക്കു എല്ലാ ഐശ്വര്യങ്ങളും പ്രദാനം ചെയുന്ന ദേവി 

ദേവിക്കു തൂല്യം എന്നു കരുതാവുന്ന വേറെ ഒന്നും തന്നെയില്ല. കറുകറുത്ത് അഴകിയന്ന മുടിയാര്ന്നവളാണ് (നീലചികുരാ).  നീലകേശി എന്നൊരു നാമം  പ്രശസ്തമാണ്. ഒരപായവും ബാധിക്കാത്തവളാകയാല് എല്ലാ അപായങ്ങളെയും ഒഴിവാക്കുന്നു. ഒരതിക്രമവും ദേവിയെ ബാധിക്കില്ല (സ്വന്തം നിയമങ്ങളെ അമ്മ അനുസരിക്കുന്നു). വശപ്പെടുത്താനോ സ്വാധീനിക്കാനോ ആര്ക്കും എളുപ്പമല്ലാത്തവളാണു ദേവി. അതുപോലെ തന്നെ അമ്മയെ സമീപിക്കാനും എളുപ്പമല്ല. ദുര്ലഭാ – ദുര്ഗമാ എന്നു പദം പിരിച്ചാല് ദേവി നിഷ്‌കളങ്ക ഭക്തര്ക്ക് സമീപിക്കാന് വിഷമമില്ലാത്തവളാണ് എന്ന അര്ത്ഥം കിട്ടും. തന്നെ ആശ്രയിച്ചു ഭജിക്കുന്നവർക്ക് മാത്രമാണ് ദേവിയെ അനുഭവിക്കാൻ കഴിയുന്നത്. അമ്മ എപ്പോഴും എല്ലാവരിലും ഒരു പോലെ കൃപ ചൊരിയുന്നുണ്ട്. എപ്രകാരമാണോ സൂര്യപ്രകാശം വാതിൽ അടച്ചിട്ടാൽ അനുഭവിക്കാൻ കഴിയാത്തത് അപ്രകാരം ദേവിയുടെ  കൃപ നമ്മിലേക്ക്‌ ഒഴുകി എത്തുന്നത് അറിയണമെങ്കിൽ നമ്മൾ ഹൃദയ വാതിലുകൾ തുറന്നു വയ്ക്കണം. ആസുരിക ചിന്തയിൽ നിന്ന് അകറ്റി ഭക്തനെ സംരക്ഷിക്കുന്നത് കൊണ്ട് ദുർഗ്ഗ എന്ന് വിളിക്കുന്നു. സമസ്തജീവജാലങ്ങൾക്കും ഉണ്ടാവുന്ന എല്ലാത്തരം ദുഃഖങ്ങളെയും നശിപ്പിക്കുകയും സർവവിധസുഖങ്ങളെയും നല്കുകയും ചെയ്യുന്നവളാണ്.

 ദുഷ്‌ടദൂരാ ദോഷവർദുരാചാരശമനീ ജ്ജിതാ 
 സർവ്വജ്ഞാ സാന്ദ്രകരുണാ സമാനാധികവർജ്‌ജിതാ 51 

ദുഷ്‌ടദൂരാ: സ്വാർത്ഥതയോടെ തന്നെ ഭജിക്കുന്നവരിൽ നിന്ന് എത്രയോ അകലെ ആണ് ദേവി 
 ദുരാചാരശമനീ: തന്റെ ഭക്തന്മാർക്ക് നേരെ വരുന്ന എല്ലാ ദുരാചാരങ്ങളും അകറ്റുന്നവൾ ആണ് ദേവി.
 ദോഷവർജ്ജിതാ : ദോഷങ്ങൾ അകറ്റുന്ന ദേവി 
 സർവ്വജ്ഞാ: ദേവി എല്ലാം അറിയുന്നവളാണ് 
സാന്ദ്രകരുണാ: കരുണ തന്നെ ഉറഞ്ഞതാണ് ദേവി. ദേവിയോട് അടുക്കും തോറും ആ കരുണാസാഗരം ഭക്തന് അനുഭവിക്കാൻ കഴിയുന്നു. ഭക്തന് മുന്നിൽ നടന്നു വഴി കാട്ടുന്ന കരുണാമയി ആണ്
 സമാനാധികവർജ്‌ജിതാ :ദേവിക്ക് തുല്യ ആയിട്ടോ അതിനു മുകളിലോ മറ്റൊന്നും ഇല്ല 

 സർവ്വശക്തിമയീ:സർവ്വമംഗളാ സദ്ഗതിപ്രദാ 
 സർവ്വേശ്വരീ സർവ്വമയീ സർവ്വമന്ത്രസ്വരൂപിണീ 52

 സർവ്വശക്തിമയീ:  ദേവിയാണ് എല്ലാ ദേവീദേവന്മാരിലെയും ശക്തി രൂപം അത് കൊണ്ട് ദേവി സർവ ശക്തയാണ്.

സർവ്വമംഗളാ: എല്ലാ മംഗളങ്ങളും ചൊരിയുന്നവൾ ആണ് ശ്രീ ഭഗവതി 

സദ്ഗതിപ്രദാ: ദേവിയെ ആശ്രയിക്കുന്ന ഭക്തന് സദ്ഗതി ലഭിക്കും എന്ന് ദേവി തന്നെ ഉറപ്പു പറയുന്നു 
 സർവ്വേശ്വരീ : ദേവിക്ക് ആരാധിക്കാൻ ഒരു ഈശ്വരൻ ഇല്ല എല്ലാവരും ദേവിയെ  ആണ് സ്തുതിക്കുന്നത്. 
 സർവ്വമയീ : എല്ലാ ചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്ന ദേവി 
സർവ്വമന്ത്രസ്വരൂപിണീ : എല്ലാ മന്ത്രരൂപങ്ങളും ദേവിയിൽ നിന്നാണ് തുടങ്ങുന്നത്. മനനാത്  ത്രായതേ ഇതി മന്ത്രം.



 

Comments

Popular posts from this blog

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം-അർത്ഥ സഹിതം (101-183)

udhava

ഗായത്രി