ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം-അർത്ഥ സഹിതം (75-100)

 ക്ഷേത്രസ്വരൂപാ ക്ഷേത്രേശീ ക്ഷേത്രക്ഷേത്രജ്ഞപാലിനീ ക്ഷയവൃദ്ധിവിനിർമുക്താ ക്ഷേത്രപാലസമർച്ചിതാ 76 

 ക്ഷേത്രസ്വരൂപാ: ശരീരം ആകുന്ന ക്ഷേത്രം സ്വന്തം രൂപം ആക്കിയ ദേവി 

 ക്ഷേത്രേശീ: ക്ഷേത്രത്തിലെ ഈശ്വരിയും ആ  'അമ്മ തന്നെ ആണ്.

ക്ഷേത്രക്ഷേത്രജ്ഞപാലിനീ : ശരീരം ആകുന്ന ക്ഷേത്രത്തിൽ വസിച്ചു കൊണ്ട്   ക്ഷേത്രത്തെയും അതിലെ ക്ഷേത്രജ്ഞനെയും പാലിക്കുന്ന ദേവി. 

ക്ഷയവൃദ്ധിവിനിർമുക്താ: ക്ഷയവും വൃദ്ധിയും ഇല്ലാത്തവൾ. ജീവാത്മാവിനു ആണ് ജനിക്കുക, ജീവിക്കുക, മരിക്കുക എന്നീ പ്രക്രിയകൾ ഉള്ളത്. ദേവി ശുദ്ധ ചൈതന്യം ആണ്. അത് കൊണ്ട് തന്നെ അമ്മ ജനിക്കുന്നുമില്ല ഇല്ലാതാവുന്നുമില്ല 

 ക്ഷേത്രപാലസമർച്ചിതാ : ക്ഷേത്ര പാലനാൽ ആരാധിക്കപ്പെടുന്നവൾ.

ക്ഷേത്രപാലൻ ശിവൻ ആണ്. ദാരുക നിഗ്രഹം കഴിഞ്ഞു ക്രോധാവേശത്തിൽ വരുന്ന ദേവിയെ തണുപ്പിക്കാൻ ആയി ശിവൻ ഒരു കുഞ്ഞിന്റെ രൂപം എടുത്ത് ദേവിയുടെ മുന്നിൽ കിടന്നു ഉറക്കെ കരഞ്ഞു. ദേവി ക്രോധം ശമിച്ചു കുഞ്ഞിനെ മടിയിൽ കിടത്തി മുലയൂട്ടാൻ തുടങ്ങി. അങ്ങനെ കുട്ടി മുലപ്പാലിനോടൊപ്പം ദേവിയുടെ ക്രോധത്തെയും വലിച്ചു കുടിച്ചു എന്ന് ആണ് കഥ. അങ്ങനെ ദേവി തികച്ചും ശാന്ത സ്വഭാവ ആയിമാറി. ഇങ്ങനെ ജന്മം എടുത്ത കുഞ്ഞാണ് ക്ഷേത്രപാലൻ. 


വിജയാ വിമലാ വന്ദ്യാ വന്ദാരുജനവത്സലാ 
വാഗ്വാദിനീ വാമകേശീ വഹ്നിമണ്ഡലവാസിനീ 77 

വിജയാ: എപ്പോഴും വിജയിച്ചു മാത്രം ശീലമുള്ള ദേവി.
വിമലാ: യാതൊരു മാലിന്യവും ബാധിക്കാത്ത ദേവി. 
വന്ദ്യാ: എല്ലാവരാലും വന്ദിക്കപ്പെടുന്ന ദേവി. 
വന്ദാരുജനവത്സലാ: തന്നെ വന്ദിക്കുന്നവരിൽ അതിയായ വാത്സല്യം ചൊരിയുന്ന ദേവി 
വാഗ്വാദിനീ: വാക് സാമർഥ്യം അതും ദേവി ആണ് തരുന്നത്.  കവിത്വം എന്ന അവസ്ഥ. നല്ല വാക്കുകൾ പറയാൻ ഉള്ള കഴിവ് നല്കുന്നവൾ ദേവി. 
   
വാങ് മയ തപസ് എന്നാണ് ഗീതയിൽ വാക്കുകളെ ക്കുറിച്ചു പറയുന്നത്.  നാം പറയുന്ന വാക്കുകൾ കൈ വിട്ടു പോയ അമ്പുകളെ പോലെ ആണ് എന്നാണ് പറയുക. വളരെ ശ്രദ്ധയോടെ വേണം വാക്കുകൾ ഉച്ചരിക്കാൻ. ആകാംക്ഷ ഉണ്ടാകാതെ വേണം സംസാരിക്കേണ്ടത്.

``സത്യം  ബ്രൂയാത്  പ്രിയം ബ്രൂയാത് 
     ന ബ്രൂയാത് സത്യമപ്രിയം"

കേൾക്കുന്നവന്  സന്തോഷം ജനിപ്പിക്കുന്ന സത്യം മാത്രമേ പറയാവൂ. ഉത്കണ്ഠ ഉണ്ടാകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അപ്രിയ കരമായ സത്യം പറയരുത്. ഇതൊക്കെ ആണ് വാങ് മയ തപസ്സിന്റെ നിയമങ്ങൾ. ഇവിടെ പറയുന്നത് വാക്കുകൾ വളരെ സൂക്ഷിച്ചു ഉപയോഗിക്കണം കാരണം നാം ഉപയോഗിക്കുന്നത് ദേവിയെ തന്നെ ആണ്.

വാമകേശീ: ഇടതൂർന്ന കേശഭാരത്തോടു കൂടിയ ദേവി.  
 വഹ്നിമണ്ഡലവാസിനീ : അഗ്നി മണ്ഡലത്തിൽ വസിക്കുന്ന ദേവി. മൂലാധാരത്തിലും ആകാശത്തിലും അഗ്നി മണ്ഡലം സ്ഥിതി ചെയ്യുന്നു എന്നാണ് പറയുന്നത് 

ഭക്തിമത്‌കൽപലതികാ പശുപാശവിമോചിനീ 
സംഹൃതാശേഷപാഷണ്ഡാ സദാചാരപ്രവർത്തികാ 78

പാഷണ്ഡാ : വേദത്തെ നിന്ദിക്കുന്നവർ 

ഭക്തിമത്‌കൽപലതികാ: ഭക്തന്മാർക്ക് കല്പ വൃക്ഷമായി തീരുന്ന ദേവി  പശുപാശവിമോചിനീ : പശുക്കളെ  അവരുടെ  പാശം അഴിച്ചു മോചനം നല്കുന്നവൾ.

 ഈ ലോക ജീവിതത്തിൽ ചുറ്റി തിരിയുന്ന ജീവാത്മാവിനെ തന്നിലേക്ക് അടുപ്പിച്ചു മുക്തി കൊടുക്കുന്നത് ദേവിയാണ്.  
സംഹൃതാശേഷപാഷണ്ഡാ: വേദത്തെ നിന്ദിക്കുന്നവരെ ആണ് പാഷണ്ഡൻ എന്ന് വിളിക്കുന്നത്. അങ്ങനെ ഉള്ളവരെ ദേവി സംഹരിക്കുന്നു 
സദാചാരപ്രവർത്തികാ: സദാചാര പ്രവൃത്തി കൊണ്ടുമാത്രമേ ദേവിയെ ലഭിക്കൂ എന്ന് ബോധ്യമാകുമ്പോൾ എല്ലാവരും സജ്ജനങ്ങളായി തീരും 

 താപത്രയാഗ്നിസംതപ്തസമാഹ്ലാദനചന്ദ്രികാ 
തരുണീ താപസാരാദ്ധ്യാ തനുമധ്യാ തമോഽപഹാ 79

താപത്രയാഗ്നിസംതപ്തസമാഹ്ലാദനചന്ദ്രികാ : താപ ത്രയങ്ങളിൽ നിന്ന് ദേവി നമ്മെ രക്ഷിച്ച് അവിടെ അഹ്ലാദത്തിന്റെ ചന്ദ്രിക വിരിയിക്കുന്നു 

താപ ത്രയങ്ങൾ ഇവയാണ്. 
ആധ്യാത്മികം , ആധി ഭൗതികം, ആധി ദൈവികം എന്നീ മൂന്നു ദുഃഖങ്ങളാണ് നമുക്ക് വന്നു ചേരുന്നത്. ആ ദുഃഖ ങ്ങളിൽ നിന്ന് നമ്മെ രക്ഷിച്ചു ആഹ്ലാദത്തിന്റെ നിലാവ് പരത്തുന്നതു ശ്രീ ലളിത പരമേശ്വരി ആണ്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ പീഡകൾക്ക് അദ്ധാത്മികം എന്ന് പറയുന്നു. പഞ്ചഭൂതങ്ങളിൽ നിന്ന് നേരിടുന്ന ബുദ്ധിമുട്ടുകൾ ആണ് ആധി ഭൗതികം.  വിധി വശാൽ അനുഭവിക്കേണ്ട ദുഃഖങ്ങൾ ആണ് ആധി ദൈവികം ഇങ്ങനെ ഉള്ള ദുഖങ്ങളിൽ പെട്ട് ഉഴലുന്ന ജീവനെ സംരക്ഷിച്ചു ആഹ്ലാദത്തിന്റെ നിലാവ് പകരുന്നത് ദേവിയാണ്.
തരുണീ: നിത്യ യൗവന യുക്ത ആയവൾ.   
താപസാരാദ്ധ്യാ: താപസന്മാരാൽ ആരാധിക്കപ്പെടുന്ന ദേവി.
തനുമധ്യാ: ഒതുങ്ങിയ അരക്കെട്ടു ഉള്ള ദേവി 
 തമോഽപഹാ : തമോഗുണങ്ങൾ അകറ്റുന്ന ദേവി, ദേവീ കടാക്ഷം കിട്ടുന്ന ഭക്തന്മാർ അലസതകൾ ഒഴിഞ്ഞു ഊർജസ്വലരായി തീരുന്നു 

 ചിതിസ്തത്‌പദലക്ഷ്യാർത്‌ഥാ ചിദേകരസരൂപിണീ സ്വാത്‌മാനന്ദലവീഭൂതബ്രഹ്‌മാദ്യാനന്ദസന്തതിഃ 80 

ലവീഭൂതം : തുച്ഛം 

 ചിതി: ശുദ്ധ ജ്ഞാന സ്വരൂപിണി, ബോധസ്വരൂപിണി 
തത്‌പദലക്ഷ്യാർത്‌ഥാ: തത് (ആ ബ്രഹ്മ സ്വരൂപിണി ആയ ദേവി ) എന്ന പദത്തിന്റെ ലക്‌ഷ്യം തന്നെ ദേവിയാണ്. 

നാലു മഹാ വാക്യങ്ങൾ ആണ് ഉള്ളത് 
**അഹം ആത്മ ബ്രഹ്മ, 
**പ്രജ്ഞാനം ബ്രഹ്മ, 
**അഹം ബ്രഹ്മാസി 
**തത്വമസി: തത് ത്വം അസി. (അത് നീ തന്നെ ആണ്). ആ പരബ്രഹ്മം അത് നീ തന്നെ ആണ്.
ചിദേകരസരൂപിണീ : ചിത്താകുന്ന ഏക രസം സ്വരൂപമായിട്ടുള്ളവൾ
സ്വാത്‌മാനന്ദലവീഭൂതബ്രഹ്‌മാദ്യാനന്ദസന്തതിഃ ദേവിയുടെ ആനന്ദം എന്നത് ബ്രഹ്മാദി കളായ ദേവന്മാരുടേതിനേക്കാൾ എത്രയോ അധികം ആണ്.  സത്യലോകം, സ്വർലോകം ഇവിടെ ഒക്കെ ആണ് സന്തോഷം എന്ന് നമ്മൾ കരുതുന്നു. അവിടെ ഒക്കെ ആനന്ദത്തിന്റെ വെറും കണികകൾ മാത്രം  ആണ് ലഭിക്കുന്നത്. എന്നാൽ ദേവിയുടെ സമീപം വസിക്കുമ്പോൾ ആണ് അത്യാനന്ദം അനുഭവപ്പെടുന്നത്. 

പരാ പ്രത്യൿചിതീരൂപാ പശ്യന്തീ പരദേവതാ 
മധ്യമാ വൈഖരീരൂപാ ഭക്തമാനസഹംസികാ 81 

പ്രത്യൿ: അവ്യക്തം 

പരാ: എല്ലാത്തിനും ആധാരം ആയ പരമ കാരണ സ്വരൂപിണി ആയിട്ടുള്ള ദേവി. 

ശബ്ദത്തിനു നാലു തലങ്ങൾ ഉണ്ട്.  പരാ, പശ്യന്തി, മധ്യമ, വൈഖരി എന്നിവയാണ് അത്. 

**പരാ: ഏറ്റവും സൂക്ഷ്മമായ നാദം, ഈ ശബ്ദത്തെ പരമാത്മാവിന്റെ ശബ്ദം എന്നും പറയുന്നു. യോഗികൾക്കു മാത്രം അനുഭവിക്കാൻ കഴിയുന്ന അവസ്ഥ യാണ് ഇത്. അങ്ങനെ പരാ ശബ്ദം ആയിട്ടുള്ള  ദേവി. 

ശബ്ദം മൂലാധാരത്തിൽ നിന്ന് തുടങ്ങി (പരാ ) നാഭി (പശ്യന്തി) വഴി അനാഹത ചക്രത്തിൽ എത്തുന്നു. ഇതാണ് മധ്യമ എന്ന് അറിയപ്പെടുന്നത്.  അവിടെ നിന്ന്തൊണ്ടയിൽ (വിശുദ്ധി ചക്രത്തിൽ)  എത്തി   വാക്കുകൾ ആയി പുറത്തേക്കു വരുന്നു.
 പ്രത്യൿചിതീരൂപാ: അവ്യക്തമായ ആത്മസ്വരൂപത്തോടു കൂടിയ ദേവി. ഗൃഹസ്ഥാശ്രമത്തിൽ  മുഴുകി കഴിയുന്ന ഭക്തന് ദേവിയെ അറിയാൻ സാധിക്കുന്നില്ല 
 പശ്യന്തീ : ഋഷി മാർക്ക് വേദം വെളിപ്പെട്ടു കിട്ടുന്നത് പശ്യന്തി തലത്തിൽ ആണ്. നോട്ടം കൊണ്ട് പോലും ആശയ വിനിമയം സാധ്യമാണ്. ഗുരു ശിഷ്യ ബന്ധം അങ്ങനെ ഒരു തലത്തിൽ ആണ്.

പരസ്പരം കലഹിക്കുമ്പോൾ കൂടുതൽ ഒച്ച ഉണ്ടാക്കുന്നത് ഹൃദയങ്ങൾ തമ്മിൽ അകന്നു പോകുന്നത് കൊണ്ടാണ്. ഹൃദയങ്ങൾ അടുത്ത് ഇരിക്കുന്ന അവസ്ഥയിൽ വളരെ നേർത്ത ശബ്ദം പോലും അപരന് കേൾക്കാൻ കഴിയുന്നു.
പരദേവതാ: പരമ ശ്രേഷ്ഠ ആയ ദേവതാ 
മധ്യമാ: സൂക്ഷ്മത്തിൽ നിന്ന് കുറച്ചു കൂടി ഉയർന്ന ശബ്ദത്തിന്റെ അവസ്ഥ യാണ് മധ്യമ.
 വൈഖരീരൂപാ: നാം ശ്രവിക്കുന്ന ശബ്ദം അത്  വൈഖരി തലം  ആണ് 
 ഭക്തമാനസഹംസികാ: ചിത്ത  ശുദ്ധി വന്ന ഭക്തന്റെ മനസ് മാനസ സരസു പോലെപരമ പവിത്രമായി തീരുന്നു. അപ്പോൾ ഹംസ രൂപത്തിൽ ദേവി എത്തി ചേരും എന്ന് പറയുന്നു.

കാമേശ്വരപ്രാണനാഡീ കൃതജ്ഞാ കാമപൂജിതാ 
ശൃംഗാരരസസംപൂർണ്ണാ ജയാ ജാലന്ധരസ്ഥിതാ 82 

കാമേശ്വരപ്രാണനാഡീ: കാമേശ്വരന് ജീവനാഡി ആണ് ദേവി പ്രപഞ്ചത്തിലെ എല്ലാം നശിച്ചാലും ശ്രീ പരമേശ്വരനും ലളിതാ ദേവിയും ഇവിടെ  അവശേഷിക്കുന്നു. അങ്ങനെ കാമേശ്വരന്ഏറ്റവും പ്രീയപ്പെട്ട ദേവി .
കൃതജ്ഞാ: സാധകൻ ചെയ്യുന്ന പ്രവൃത്തികളും ചിന്തകളും ആ നിമിഷം തന്നെ അറിയുന്നവൾ  ആണ് ദേവി. കാരണം ദേവി നമ്മുടെ ഹൃദയത്തിൽ ആണല്ലോ വസിക്കുന്നത. 
കാമപൂജിതാ: കാമ ദേവനാൽ പൂജിക്കപ്പെടുന്ന ദേവി. കാമദേവന് പുനർ ജൻമം കൊടുത്തത് ദേവിയാണല്ലോ. അന്ന് മുതൽ കാമദേവൻ ദേവ്യുപാസകൻ ആയി മാറി. 
ശൃംഗാരരസസംപൂർണ്ണാ: സ്ത്രീ പുരുഷന്മാർക്ക് ഇടയിലെ ശൃംഗാര രസം എന്നത് ദേവിയാണ്. 

ദേവിയും കാമേശ്വരനും ഒരേ ശരീരമായി വർത്തിക്കുന്നു. ഭാര്യാ ഭർതൃ ബന്ധത്തിന്റെ മഹത്തായ മാതൃക ആണ് അർദ്ധ നാരീശ്വര സങ്കൽപം. 

അനാഹത ചക്രത്തിലെ പന്ത്രണ്ടു ഇതൾ ഉള്ള താമരയിൽ ദേവി വസിക്കുന്നു എന്നും ഒരു അർഥം പറയാം.
ജയാ: എ പ്പോഴും ജയിക്കുന്നവൾ. 

ശക്തരായ പല അസുരന്മാരെയും ദേവി നിഗ്രഹിച്ചതായി ദേവി മാഹാത്മ്യം പറയുന്നു. ദേവിയെ ഉപാസിക്കുന്ന ഭക്തർക്കും എപ്പോഴും വിജയം സുനിശ്ചിതമാണ്.
ജാലന്ധരസ്ഥിതാ : ജാലന്ധര പീഠത്തിൽ സ്ഥിതി ചെയ്യുന്ന ദേവി. വിശുദ്ധി ചക്രത്തിൽ നാദസ്വരൂപമായി വർത്തിക്കുന്നവൾ എന്ന് അർഥം.

ഓഡ്യാണപീഠനിലയാ ബിന്ദുമണ്ഡലവാസിനീ 
രഹോയാഗക്രമാരാധ്യാ രഹസ്തർപ്പണതർപ്പിതാ 83 

ഓഡ്യാണപീഠനിലയാ: ആജ്ഞാ ചക്രത്തെ  തന്റെ നിലയം ആക്കിയ ദേവി.  
ബിന്ദുമണ്ഡലവാസിനീ: ശിരസിൽ ബ്രഹ്മ രന്ധ്രത്തിൽ വസിക്കുന്ന ദേവി എന്നും.  ശ്രീ ചക്രത്തിൽ ബിന്ദു രൂപത്തിൽ വസിക്കുന്ന ദേവി എന്നും അർഥം പറയാം. 
രഹോയാഗക്രമാരാധ്യാ: രഹസ്യമായി ചെയ്യുന്നയാഗങ്ങൾ കൊണ്ട് ആരാധിക്കപ്പെടുന്ന ദേവി അല്ലെങ്കിൽ  ദേവ്യുപാസന ഒക്കെ രഹസ്യമായി ചെയ്യേണ്ട താണ്  കുണ്ഠലിനീ ശക്തി യെ ഉണർത്തി എടുക്കുന്നത് യോജിച്ച ഗുരുവിനെ സ്വീകരിച്ചു രഹസ്യമായി ട്ടാണ് ചെയ്യുന്നത്. 
രഹസ്തർപ്പണതർപ്പിതാ: ഗുരു മുഖത്തു നിന്നാണ് തർപ്പണങ്ങൾ പഠിക്കേണ്ടത്. ആ പൂജ വിധികൾ എല്ലാം രഹസ്യമായിട്ടാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്യുന്ന പൂജ വിധികളാൽ സംതൃപ്ത ആയ ദേവി.

സദ്യഃപ്രസാദിനീ വിശ്വസാക്ഷിണീ സാക്ഷിവർജ്ജിതാ 
ഷഡംഗദേവതായുക്താ ഷാഡ്ഗുണ്യപരിപൂരിതാ 84 

സദ്യഃപ്രസാദിനീ : ക്ഷിപ്ര പ്രസാദിനി ആണ് ദേവി.
ഗുരു മുഖത്തു നിന്ന് പഠിച്ച വിദ്യകൾ കൃത്യമായി പാലിക്കുന്ന ശിഷ്യനിൽ തൃപ്‌ത ആയ ദേവി.  ചിത്ത ശുദ്ധി വന്ന ഭക്തനിൽ ദേവി ക്ഷിപ്ര പ്രസാദിനി ആണ് എന്ന് സാരം.
വിശ്വസാക്ഷിണീ: എല്ലാത്തിനും സാക്ഷി ആയി വർത്തിക്കുന്ന ദേവി.  
സാക്ഷിവർജ്ജിതാ : എന്നാൽ ദേവിയെ നിരീക്ഷിക്കാൻ ആരുമില്ല 
ഷഡംഗദേവതായുക്താ: ഷഡൻ എന്നാൽ ശിവൻ എന്ന് ഒരു അർഥം  ഉണ്ട്.
വേദത്തിനു ആറു അംഗങ്ങൾ ഉണ്ട്. കല്പം, വ്യാകരണം, ഛന്ദസ്സ്, നിരുക്തം ശിക്ഷ,  ജ്യോതിഷം.  ഈ ഓരോ അംഗത്തിനും ഓരോ അധി ദേവത ഉണ്ട്. അതിനോട് കൂടി നിൽക്കുന്ന  ദേവി.
 ഷാഡ്ഗുണ്യപരിപൂരിതാ: ശ്രീ, ഐശ്വര്യം, കീർത്തി, വീര്യം, വൈരാഗ്യം, ജ്ഞാനം എന്നീ ആറു ഗുണങ്ങളാൽ പരി പൂർണ്ണ ആയിരിക്കുന്ന ദേവി . 

നിത്യക്ലിന്നാ നിരുപമാ നിർവ്വാണസുഖദായിനീ 
നിത്യാ ഷോഡശികാരൂപാ ശ്രീകണ്ഠാർദ്ധശരീരിണീ 85 

ക്ലിന്നാ: ആർദ്ര ആയ ദേവി (കരുണാപൂർണ്ണ യാണ് ദേവി )

നിത്യക്ലിന്നാ:  എന്നും കരുണാപൂർണ്ണ യാണ് ദേവി എന്ന് ഒരു അർത്ഥമുണ്ട്. 
``സർവോപകാര കരുണാർദ്ര ചിത്ത" എന്നാണ് ദേവി മാഹാത്മ്യവും വർണ്ണിക്കുന്നു.

അമ്മയെ ആശ്രയിക്കുന്ന ഭക്തന്റെ എല്ലാ ദുഃഖങ്ങളും  ഏറ്റെടുത്തു അമ്മ കൈക്കുള്ളിൽ സംരക്ഷിച്ചു കൊള്ളും.   അമ്മ യുടെ കാരുണ്യം കൊണ്ടാണ് നമുക്ക് ഇവിടെ വാസം സാധ്യമാകുന്നത്. 


ശുക്ല പക്ഷത്തിലെ തൃതീയയ്ക്ക് അധിദേവത ആയ  നിത്യക്ലിന്ന ദേവി ആയി വർത്തിക്കുന്നത്  ശ്രീ  ലളിതാ പരമേശ്വരി  തന്നെ ആണ് എന്ന് മറ്റൊരു അർത്ഥം. 
നിരുപമാ: ആരോടും ഉപമിക്കാൻ കഴിയാത്ത ശക്തി വിശേഷം ആണ് ദേവിയുടേത്.  
നിർവ്വാണസുഖദായിനീ: മോക്ഷത്തെ പ്രദാനം  ചെയ്യുന്ന ദേവി. 

ശുദ്ധ ചിത് സ്വരൂപിണി ആയ ദേവി എല്ലാ അഭീഷ്ടങ്ങളും നൽകി അവസാനം ആഗ്രഹിക്കുന്നവർക്ക് ജ്ഞാനവും മോക്ഷവും വരെ നൽകി അനുഗ്രഹിക്കുന്നു.

നിത്യാ ഷോഡശികാരൂപാ: 16  നിത്യാ ദേവതകളാൽ ആരാധിക്ക പ്പെടുന്ന ദേവി. നിത്യാ ദേവതമാരായി ഇരിക്കുന്നതും ലളിതാ പരമേശ്വരി ആണ് 
ശ്രീകണ്ഠാർദ്ധശരീരിണീ : അർദ്ധ നാരീശ്വര രൂപത്തോടു കൂടിയവൾ 

പ്രഭാവതീ പ്രഭാരൂപാ പ്രസിദ്ധാ പരമേശ്വരീ 
മൂലപ്രകൃതിരവ്യക്താ വ്യക്താവ്യക്തസ്വരൂപിണീ 86 

പ്രഭാവതീ: പ്രഭാപൂരത്തോടു കൂടിയ ദേവി 
 പ്രഭാരൂപാ: പ്രകാശമായി ഇരിക്കുന്ന ദേവി 
പ്രസിദ്ധാ: അറിയപ്പടുന്നവൾ ആണ് ദേവ്  
പരമേശ്വരീ: പരമേശ്വരന്റെ പത്നി 
മൂലപ്രകൃതി: എല്ലാത്തിനും ആധാരം ആയി ഇരിക്കുന്ന ദേവി 
അവ്യക്താ: സംസാരികൾക്കു ദേവി അവ്യക്തയാണ് 
വ്യക്താവ്യക്തസ്വരൂപിണീ :  ശുദ്ധ ഭക്തന്മാർക്ക് വ്യക്തയാണ്. സംസാരികൾക്കു  അവ്യക്ത യാണ് ദേവി, അങ്ങനെ ഒരേ സമയം വ്യക്ത ആയും അവ്യക്ത ആയും ദേവി ഇരിക്കുന്നു.

വ്യാപിനീ വിവിധാകാരാ വിദ്യാവിദ്യാസ്വരൂപിണീ മഹാകാമേശനയനകുമുദാഹ്ലാദകൗമുദീ 87

വ്യാപിനീ: എല്ലായിടവും വ്യാപിച്ചിരിക്കുന്ന  ദേവി 
വിവിധാകാരാ: വിവിധ രൂപങ്ങളിൽ ദേവി നില കൊള്ളുന്നു  വിദ്യാവിദ്യാസ്വരൂപിണീ: വിദ്യയും അവിദ്യയും ദേവി തന്നെ ആണ്. എത്ര പണ്ഡിതൻ ആയാലും ദേവി അനുഗ്രഹിച്ചാൽ  മാത്രമേ വേണ്ട സമയത്തു് ആ ജ്ഞാനം ഉപകാരപ്പെടുകയുള്ളൂ. വിദ്യയെ അവിദ്യ ആക്കാനും ദേവിക്ക് കഴിയും എന്ന് സാരം.
 മഹാകാമേശനയനകുമുദാഹ്ലാദകൗമുദീ: ശ്രീ പരമേശ്വരന്റെ കണ്ണുകൾആകുന്ന ആമ്പൽ പൂവിൽ  ആഹ്ലാദം നിറയ്ക്കുന്ന നിലാവ് ആണ് ദേവി.

 ഭക്തഹാർദ്ദതമോഭേദഭാനുമദ്ഭാനുസന്തതിഃ 
ശിവദൂതീ ശിവാരാധ്യാ ശിവമൂർത്തിശ്ശിവംകരീ 88 

 ഭക്തഹാർദ്ദതമോഭേദഭാനുമദ്ഭാനുസന്തതിഃ :ഭക്തന്റെ മനസിലെ ദുർ വിചാരങ്ങൾ അപ്പപ്പോൾ നശിപ്പിച്ചു കോടി സൂര്യ പ്രഭ നിറക്കുന്നത്  ദേവി ആണ് 
ശിവദൂതീ: ശിവനെ ദൂതനാക്കിയവൾ ആണ് ദേവി. ശിവദൂതീ:  ഒരു മന്ത്ര രൂപം കൂടി ആണ്.

കഥ ഇങ്ങനെ ആണ്: 
സുംഭനെയും നിസുംഭനെയും വധിക്കും മുൻപ് ഒരു അവസരം കൂടി അവർക്കു ദേവി കൊടുത്തു. ഒന്നുകിൽ സ്വർഗം ഇന്ദ്രാദികൾക്കു വിട്ടു കൊടുക്കുക അല്ലെങ്കിൽ യുദ്ധത്തിന് തയ്യാറെടുക്കുക. അങ്ങനെ ദൂതനായി അയച്ചത് ശ്രീമഹാദേവനെ ആയിരുന്നു. അത് കൊണ്ട് ദേവി ശിവ ദൂതി എന്ന് അറിയപ്പെടുന്നു. 
ശിവാരാധ്യാ:  ശിവനാൽ ആരാധിക്കപ്പെടുന്നവൾ. ശിവ ദൂതി മന്ത്രത്താൽ ദേവിയെ ആരാധിച്ചിട്ടാണ് ശ്രീ പരമേശ്വരൻ സർവ സിദ്ധികളും നേടിയത്. 
ശിവമൂർത്തി: എല്ലാ മംഗളങ്ങളും തരുന്ന മൂർത്തി എന്ന് അർത്ഥമെടുക്കാം.  ശിവൻ തന്നെ മൂർത്തിയായത്. ശിവശക്തി എന്ന് പറയുന്നത് രണ്ടു അല്ല ഒന്ന് തന്നെ ആണ്.
ശിവംകരീ: എല്ലാം മംഗളമാക്കി തീർക്കുന്നവൾ 

ശിവപ്രിയാ ശിവപരാ ശിഷ്‌ടേഷ്‌ടാ ശിഷ്‌ടപൂജിതാ 
അപ്രമേയാ സ്വപ്രകാശാ മനോവാചാമഗോചരാ 89 

ശിവപ്രിയാ: ശിവന് പ്രീയപ്പെട്ടവൾ  എന്നും തന്റെ ഭക്തരുടെ മംഗളം കാംക്‌ഷിക്കുന്നവൾ എന്നും അർഥമെടുക്കാം  
ശിവപരാ: ശിവനെയും കവിഞ്ഞു നിൽക്കുന്നവൾ. ശിവന് സംഹാരത്തിനു ശക്തി നൽകുന്നത് ദേവി ആണ് അപ്പോൾ ദേവി ശിവനേക്കാൾ ശക്തി ഉള്ളവൾ എന്ന് പറയുന്നു.
ശിഷ്‌ടേഷ്‌ടാ: ശിഷ്ടന്മാരാൽ ഇഷ്ടപ്പെടുന്നവൾ. ശിഷ്ടന്മാരിൽ ഇഷ്ടമുള്ളവൾ  
ശിഷ്‌ടപൂജിതാ: സജ്ജനങ്ങളാൽ ആരാധിക്കപ്പെടുന്നവൾ  
അപ്രമേയാ: ജീവി വർഗത്തിന്  അളക്കാൻ പറ്റാത്തതു ആണ് ദേവിയുടെ ശക്തി വിഷേശങ്ങൾ. 
 സ്വപ്രകാശാ: ദേവി സ്വയം പ്രകാശിക്കുന്നവൾ ആണ്  
 മനോവാചാമഗോചരാ: മനസ് കൊണ്ടും വാക്ക് കൊണ്ടും അറിയാൻ കഴിയാത്തവൾ ആണ് ദേവി. മനസും വാക്കും അടങ്ങുമ്പോൾ ആണ് ദേവിയെ അറിയാൻ കഴിയുക.

ചിച്ഛക്തിശ്ചേതനാരൂപാ ജഡശക്തിർജ്ജഡാത്മികാ 
ഗായത്രീ വ്യാഹൃതിസ്സന്ധ്യാ ദ്വിജവൃന്ദനിഷേവിതാ 90 

ജഡം : ഉണ്ടായി മറയുന്നത് 

ചിച്ഛക്തി: ചിത് + ശക്തി . ജ്ഞാനം ആകുന്ന ശക്തിയോടു കൂടിയവൾ. ദേവിയെ അറിയുമ്പോൾ ആണ് സാധകൻ സ്വയം അറിയുന്നത്. ആത്മാവിനെ അറിയുന്നത് 
ചേതനാരൂപാ: ഓരോ ജീവനും ചൈതന്യം കൊടുക്കുന്നത് ദേവിയാണ്  ജഡശക്തി: ജഡശക്തി ആയി ഇരിക്കുന്ന ദേവി. മായയിൽ നിന്ന് ഉണ്ടാകുന്ന ശരീരം ഒക്കെ ജഡമാണ്. അങ്ങനെ ജഡമായി ഇരിക്കുന്ന ശരീരവും ദേവി തന്നെ ആണ്.
ജഡാത്മികാ:  ജഡപ്രപഞ്ചം തന്നെ ആയിരിക്കുന്ന ദേവി 
ഗായത്രീ: ഗായത്രീ മന്ത്രം സ്വരൂപം ആയ ദേവി  (ഗായന്തം ത്രായതേ ഇതി ഗായത്രി )
വ്യാഹൃതി: വ്യവഹരിക്കുന്ന ശക്തി. വ്യാഹരണ മന്ത്രം ചൊല്ലി സ്തുതിക്കുന്ന ദേവി എന്ന് മറ്റൊരു അർത്ഥം.

ഇഹ ലോക  ജീവിതത്തിൽ ഉള്ള എല്ലാ വ്യവഹാരങ്ങൾക്കും ഭാഷ ആവശ്യമാണ്. അങ്ങനെ ഭാഷ ആയി നിലകൊള്ളുന്ന ദേവി. 
സന്ധ്യാ: രാത്രിയും പകലും ബന്ധിപ്പിക്കുന്നത് ആണ് സന്ധ്യ. ആ സന്ധ്യാ നേരത്തു ആരാധിക്കപ്പെടുന്നവൾ 
 ദ്വിജവൃന്ദനിഷേവിതാ : സാത്വിക ഗുണം കൊണ്ട് ബ്രാഹ്മണൻ  ആയവരാൽ സേവിക്കപ്പെടുന്ന ദേവി. 

ജന്മം കൊണ്ട് അല്ല സ്വന്തം കർമ്മങ്ങൾ കൊണ്ടാണ് ഒരാൾ ബ്രാഹ്മണൻ ആകുന്നത്.  ഉപനയനം കഴിഞ്ഞ ഒരാൾ ആചരിക്കേണ്ടതായ ജീവിത രീതി ഉണ്ട്. അത് ആചരിക്കുന്നവൻ ആണ് ബ്രാഹ്മണൻ. അല്ലാതെ പൂണൂൽ ധാരണം മാത്രമല്ല ബ്രാഹ്മണന്റെ ലക്ഷണം എന്ന് സാരം.


തത്വാസനാ തത്വമയീ പഞ്ചകോശാന്തരസ്ഥിതാ 
നിസ്സീമമഹിമാ നിത്യയൗവനാ മദശാലിനീ 91 

തത്വാസനാ: തത്വത്തെ ആസനം ആക്കിയ ദേവി. ദേവി തത്വങ്ങൾ അണുവിട തെറ്റാതെ പാലിക്കുന്നു.
തത്വമയീ:  തത്+ ത്വം+ അയി (അല്ലയോ അമ്മേ അത് നീ തന്നെ അല്ലേ). ആ ബ്രഹ്മ സ്വരൂപം അത് അമ്മ തന്നെ ആണ്.
പഞ്ചകോശാന്തരസ്ഥിതാ: പഞ്ച കോശങ്ങൾക്ക് ഉള്ളിൽ സ്ഥിതി ചെയ്യുന്നതും ആ ദേവി തന്നെ ആണ്. 

പഞ്ച കോശങ്ങൾ ഇവയാണ്. 
**അന്നമയ കോശം--സ്ഥൂല ശരീരം,  
** പ്രാണ മയ കോശം: കാർമേന്ദ്രിയങ്ങളും പ്രാണനും ചേർന്നത്
** മനോമയ കോശം: ജ്ഞാനേന്ദ്രിയങ്ങളും മനസും ചേർന്ന് മനോമയ കോശം, ** വിജ്ഞാന മയകോശം: ബുദ്ധി യാണ് വിജ്ഞാന മായകോശം എന്ന് അറിയപ്പെടുന്നത്, 
** ആനന്ദമയ കോശം: ആനന്ദസ്വരൂപം ആയ ആത്മാവ് ഉള്ളിൽ പ്രതി ബിംബിക്കുന്ന തലം ആണ് ആനന്ദ മയകോശം  

നിസ്സീമമഹിമാ: അതിരില്ലാത്ത മഹിമാവിശേഷം ആണ് ദേവിയുടേത്  നിത്യയൗവനാ: ദേവി ക്കു നിത്യയൗവനം ആണ് 
മദശാലിനീ : ആനന്ദത്തിൽ ലയിച്ച അവസ്ഥ  

മദഘൂർണ്ണിതരക്താക്ഷീ മദപാടലഗണ്ഡഭൂഃ 
ചന്ദനദ്രവദിഗ്ദ്ധാംഗീ ചാംപേയകുസുമപ്രിയാ 92 

മദഘൂർണ്ണിതരക്താക്ഷീ: ആനന്ദത്തിൽ ലയിച്ച അർദ്ധ നിമീലിത നേത്രത്തോട് കൂടിയ ദേവി 
മദപാടലഗണ്ഡഭൂഃ : ആനന്ദത്തിൽ ഇരിക്കുമ്പോൾ മുഖം അകെ ചുമന്നു തുടുത്തിരിക്കുന്ന അവസ്ഥ 
ചന്ദനദ്രവദിഗ്ദ്ധാംഗീ: ദേവിയുടെ ശരീരം ചന്ദന കുഴമ്പു പുരട്ടിയിരിക്കുന്നു   ചാംപേയകുസുമപ്രിയാ: ചമ്പക പൂവ് ഇഷ്ടപ്പെടുന്ന ദേവി. 

ചമ്പക പൂവിൽ നിന്ന് തേൻ നുകർന്നാൽ വണ്ട് മരിച്ചു പോകും എന്നാണ്. അങ്ങനെ വണ്ട് തൊട്ടു അശുദ്ധമാക്കാത്ത പൂവ് ആയതു കൊണ്ട് ദേവിക്ക് ചമ്പക പൂവ്  വളരെ ഇഷ്ടമാണെന്ന് പറയുന്നു.

കുശലാ കോമളാകാരാ കുരുകുല്ലാ കുളേശ്വരീ 
കുളകുണ്ഡാലയാ കൗളമാർഗ്ഗതത്‌പരസേവിതാ 93 

കുശലാ: ദേവി സമർഥയാണ്. ഭക്തന്റെ ഉള്ളിലെ ആലസ്യം ഒക്കെ ദേവിക്ക് വേഗം മനസിലാകുന്നു.
കോമളാകാരാ: അതി സുന്ദരമായ ആകാര സൗഷ്ഠവം ഉള്ള ദേവി.
കുരുകുല്ലാ: കുരുകുല്ലാ എന്ന ശക്തി ദേവത ആയി നിലകൊള്ളുന്ന ദേവി   കുളേശ്വരീ: കുണ്ഠലിനീ ശക്തി ഉണർത്തി കൊണ്ടു വരുന്ന സാധനാ മാർഗത്തിന്റെ അധീശ്വരി.
കുളകുണ്ഡാലയാ:  മൂലാധാര ചക്രത്തിന്റെ നടുവിലെ ബിന്ദുവിൽ വസിക്കുന്ന ദേവി 
കൗളമാർഗ്ഗതത്‌പരസേവിതാ: കൗളമാർഗ്ഗത്താൽ ആരാധിക്കപ്പെടുന്ന വരാൽ സേവിക്കപ്പെടുന്ന ദേവി 

കുമാരഗണനാഥാംബാ തുഷ്‌ടിഃ പുഷ്‌ടിർമ്മതിർധൃതിഃ 
ശാന്തിഃ സ്വസ്തിമതീ കാന്തിർന്നന്ദിനീ വിഘ്നനാശിനീ 94 

കുമാരഗണനാഥാംബാ: സുബ്രഹ്മണ്യന്റെയും ഗണപതിയുടേയും അമ്മ ആയ ദേവി 
തുഷ്‌ടിഃ :  തൃപ്തി എന്ന അവസ്ഥ ആയി നിലകൊള്ളുന്നത് ദേവി ആണ്. തനിക്ക് എന്താണോ ഉള്ളത് അതിൽ സന്തോഷിച്ചു കഴിയുന്ന അവസ്ഥ ആണ് തൃപ്തി എന്ന് പറയുന്നത്.
പുഷ്‌ടി: ഗര്ഭാവസ്ഥ മുതൽ ഒരു ജീവനെ പോഷിപ്പിക്കുന്നതു ദേവീ ചൈതന്യം ആണ് 
മതി: തെളിഞ്ഞ ബുദ്ധി തരുന്ന ദേവി 
ധൃതിഃ :  ധൈര്യം തരുന്ന ദേവി. ആരെയും ഭയമില്ലാത്ത അവസ്ഥ  
ശാന്തിഃ : സമചിത്തത ഉണ്ടാക്കുന്ന ദേവി 
സ്വസ്തിമതീ: സു + അസ്തി=സ്വസ്തി.   ശോഭനമായ അസ്തിത്വം. ഇവിടെ ഉള്ള ഏക ചൈതന്യം ദേവി മാത്രമാണ്. 
കാന്തിഃ: ആകർഷിച്ചു നിർത്തുന്നവൾ. കാന്തം എങ്ങനെ ഇരുമ്പിനെ ആകർഷിക്കുമോ അതുപോലെ ദേവി തന്റെ മക്കളെ തന്നിലേക്ക് ആകർഷിച്ചു നിർത്തുന്നു. അങ്ങനെ ഈ ലോക ജീവിതം സുഗമമാക്കി തരുന്നു. 
നന്ദിനീ : ആനന്ദിപ്പിക്കുന്നവൾ 
വിഘ്നനാശിനീ: എല്ലാ വിഘ്നങ്ങളും മാറ്റുന്ന ശക്തി 

തേജോവതീ ത്രിണയനാ ലോലാക്ഷീ കാമരൂപിണീ 
മാലിനീ ഹംസിനീ മാതാ മലയാചലവാസിനീ 95 

തേജോവതീ:  അതിയായ തേജസ് കൊടുക്കുന്ന ആധാര ഭൂതയാണ് ദേവി 
ത്രിണയനാ:  മൂന്ന് നയനങ്ങൾ ഉള്ള ദേവി. സൂര്യൻ ചന്ദ്രൻ അഗ്നി എന്നിവയാണ് ദേവി യുടെ നയനങ്ങൾ 
ലോലാക്ഷീ:  ഏറ്റവും സുന്ദരി 
കാമരൂപിണീ:  എല്ലാവരെയും ആകർഷിക്കുന്ന ദേവി എന്ന് ഒരു അർഥം. ദേവിയുടെ ഒരു കണ്ണിൽ ലക്ഷ്മി ദേവിയും മറ്റൊന്നിൽ ദേവിയും ആണ് എന്ന് ഒരു അർത്ഥവും പറഞ്ഞു കാണുന്നു.
മാലിനീ: 51  അക്ഷരങ്ങൾ കൊണ്ടു മാല ചാർത്തിയ ദേവി, മാലിനി ഒരു വൃത്തം കൂടിയാണ്. 
ഹംസിനീ : അജ്ഞാനം  നിറഞ്ഞ ലോകത്തു നിന്ന് പരാമർഥിക മായ സത്ത മാത്രം വേർതിരിച്ചെടുക്കുന്നവളാണ് ദേവി 
മാതാ: 
മലയാചലവാസിനീ: മലയ പർവതത്തിൽ വസിക്കുന്ന ദേവി. ചന്ദനം വളരുന്ന സ്ഥലം ആണ് മലയ പർവതം. ദേവിയെ അറിയുമ്പോൾ ആ കുളിമയും ശുദ്ധിയും നമുക്ക് അനുഭവിക്കാൻ കഴിയുന്നു.

സുമുഖീ നളിനീ സുഭ്രുഃ ശോഭനാ സുരനായികാ 
കാളകണ്ഠീ കാന്തിമതീ ക്ഷോഭിണീ സുക്ഷ്‌മരൂപിണീ 96 

സുമുഖീ: സർവാംഗ സുന്ദരി 
നളിനീ: പൂവ് പോലുള്ള ശരീരം ഉള്ള ദേവി 
 സുഭ്രുഃ: ആകാര സൗഷ്ഠവം ഉള്ള പുരികക്കൊടി 
 ശോഭനാ: പ്രകാശ പൂരിതമായ ശരീരം ഉള്ള ദേവി 
 സുരനായികാ: ദേവന്മാർക്ക് അധീശ ആയിട്ടുള്ളവൾ 
കാളകണ്ഠീ: കാളകൂട വിഷം കുടിച്ചത് കൊണ്ട് കാളകണ്ഠൻ. അദ്ദേഹത്തിന്റെ പത്‌നി കാളകണ്ഠീ.
കാന്തിമതീ: ഏറ്റവും ആകർഷക ആയ ദേവി 
ക്ഷോഭിണീ:  ത്രിഗുണങ്ങൾ ക്ഷോഭിക്കുമ്പോൾ ആണ് സൃഷ്ടി നടക്കുന്നത് അങ്ങനെ ത്രിഗുണങ്ങൾ ക്ഷോഭിപ്പിക്കുന്ന ദേവി. 
സുക്ഷ്‌മരൂപിണീ: പഞ്ചേന്ദ്രിങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത ദേവി

വജ്രേശ്വരീ വാമദേവീ വയോവസ്ഥാവിവർജ്ജിതാ 
സിദ്ധേശ്വരീ സിദ്ധവിദ്യാ സിദ്ധമാതാ യശസ്വിനീ 97 

വജ്രേശ്വരീ: ഷഷ്ഠി ദേവതയുടെ പേരാണ്. ഷഷ്ഠി ദേവത ആയി ഇരിക്കുന്നതും ശ്രീ ലളിതാ പരമേശ്വരി തന്നെ ആണ്.
 വാമദേവീ: ശിവ പരമാത്മാവിന്റെ ഇടതു ഭാഗത്തു വസിക്കുന്ന ദേവി 
വയോവസ്ഥാവിവർജ്ജിതാ: പ്രായം ബാധിക്കാത്ത ദേവി, നിത്യ യൗവന യുക്ത ആയ ദേവി 
സിദ്ധേശ്വരീ: സർവ സിദ്ധികളും ഉള്ള ദേവി  
സിദ്ധവിദ്യാ: ഏതു ആഗ്രഹവും സിദ്ധിക്കുന്ന പഞ്ച ദശാക്ഷരി മന്ത്രം ആയി ഇരിക്കുന്നതും  ദേവി  തന്നെയാണ് 
സിദ്ധമാതാ:  ലൗകിക ജീവിത ത്തിൽ നിന്ന് മനസ് വിട്ടവർക്കു മാതാവ് ആയി ഇരിക്കുന്ന ദേവി 
യശസ്വിനീ : അതുല്യമായ യശ്ശസ് ഉള്ള ദേവി 

വിശുദ്ധിചക്രനിലയാ രക്തവർണ്ണാ ത്രിലോചനാ 
ഖട്വാംഗാദിപ്രഹരണാ വദനൈകസമന്വിതാ 98 

വിശുദ്ധിചക്രനിലയാ: വിശുദ്ധി ചക്രത്തിൽ വസിക്കുന്ന ദേവി. ഡാകിനി എന്നാണ് ആ ദേവിയുടെ പേര് 
രക്തവർണ്ണാ: പാടല വർണ്ണം 
ത്രിലോചനാ: മൂന്നു കണ്ണുകൾ  
ഖട്വാംഗാദിപ്രഹരണാ: അറ്റത്തു തലയോട് പിടിപ്പിച്ച ആയുധം പിടിച്ചിരിക്കുന്ന ദേവി  
വദനൈകസമന്വിതാ: ഏക മുഖം 

പായസാന്നപ്രിയാ ത്വൿസ്ഥാ പശുലോകഭയംകരീ അമൃതാദിമഹാശക്തിസംവൃതാ ഡാകിനീശ്വരീ 99 

പായസാന്നപ്രിയാ: പായസം ഇഷ്ട പ്പെടുന്ന ദേവി 
ത്വൿസ്ഥാ: ത്വക്കിൽ ആണ് ദേവത വസിക്കുന്നത്  
പശുലോകഭയംകരീ: സംസാരികൾക്കു ഭയം ഉളവാക്കുന്ന ദേവി 
അമൃതാദിമഹാശക്തി സംവൃതാ: അമൃത ഇന്ദ്രാണി ഈശാനി എന്നീ ശക്തി ദേവതകളാൽ സേവിക്കപ്പെടുന്ന ദേവി 
 ഡാകിനീശ്വരീ ഇങ്ങനെ ഡാകിനി ദേവി ആയി ഇരിക്കുന്നതും ശ്രീ ലളിത പരമേശ്വരി തന്നെ ആണ്  

അനാഹതാബ്ജനിലയാ ശ്യാമാഭാ വദനദ്വയാ 
ദംഷ്‌ട്രോജ്വലാക്ഷമാലാദിധരാ രുധിരസംസ്‌ഥിതാ 100

അനാഹതാബ്ജനിലയാ: ഹൃദയ പത്മത്തിൽ വസിക്കുന്നു 
ശ്യാമാഭാ: കറുത്ത് പ്രഭയോടെ ഇരിക്കുന്ന ദേവി 
വദനദ്വയാ: രണ്ടു മുഖം 
ദംഷ്‌ട്രോജ്വലാ: ദംഷ്ട്രകൾ ഉള്ള ദേവി 
അക്ഷമാലാദിധരാ: രുദ്രാക്ഷമാല ധരിച്ച ദേവി  
രുധിരസംസ്‌ഥിതാ:ക്തത്തിൽ  സ്ഥിതി ചെയ്യുന്നു 

Comments

Popular posts from this blog

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം-അർത്ഥ സഹിതം (101-183)

udhava

ഗായത്രി