ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം-അർത്ഥ സഹിതം (51-75)

ദുഷ്‌ടദൂരാ ദുരാചാരശമനീ ദോഷവർജ്ജിതാ 
 സർവ്വജ്ഞാ സാന്ദ്രകരുണാ സമാനാധികവർജ്‌ജിതാ 51 

ദുഷ്‌ടദൂരാ: സ്വാർത്ഥതയോടെ തന്നെ ഭജിക്കുന്നവരിൽ നിന്ന് എത്രയോ അകലെ ആണ് ദേവി 
 ദുരാചാരശമനീ: തന്റെ ഭക്തന്മാർക്ക് നേരെ വരുന്ന എല്ലാ ദുരാചാരങ്ങളും അകറ്റുന്നവൾ ആണ് ദേവി.
 ദോഷവർജ്ജിതാ :  സാധകന്റെ  എല്ലാ ദോഷങ്ങളും അകറ്റുന്ന ദേവി 
 സർവ്വജ്ഞാ: ദേവി എല്ലാം അറിയുന്നവളാണ് 
സാന്ദ്രകരുണാ: കരുണ തന്നെ ഉറഞ്ഞതാണ് ദേവി. ദേവിയോട് അടുക്കും തോറും ആ കരുണാസാഗരം ഭക്തന് അനുഭവിക്കാൻ കഴിയുന്നു. ഭക്തന് മുന്നിൽ നടന്നു വഴി കാട്ടുന്ന കരുണാമയി ആണ്.
 സമാനാധികവർജ്‌ജിതാ :ദേവിക്ക് തുല്യ ആയിട്ടോ അതിനു മുകളിലോ മറ്റൊന്നും ഇല്ല.

 സർവ്വശക്തിമയീ:സർവ്വമംഗളാ സദ്ഗതിപ്രദാ 
 സർവ്വേശ്വരീ സർവ്വമയീ സർവ്വമന്ത്രസ്വരൂപിണീ 52

 സർവ്വശക്തിമയീ: ദേവിയാണ് എല്ലാ ദേവീദേവന്മാരിലെയും ശക്തി രൂപം അത് കൊണ്ട് ദേവി സർവ ശക്തയാണ്.
സർവ്വമംഗളാ: എല്ലാ മംഗളങ്ങളും ചൊരിയുന്നവൾ ആണ് ശ്രീ ഭഗവതി. 
സദ്ഗതിപ്രദാ: ദേവിയെ ആശ്രയിക്കുന്ന ഭക്തന് സദ്ഗതി ലഭിക്കും എന്ന് ദേവി തന്നെ ഉറപ്പു പറയുന്നു. ഭൗതിക വസ്തുക്കൾ ആഗ്രഹിക്കുന്നവർക്ക്  അവ നൽകുന്നു . സ്വര്ഗം ആണ്  വേണ്ടത്  എങ്കിൽ അത്,  മുക്തി ആഗ്രഹിക്കുന്ന ഭക്തന് മുക്തി നൽകി ദേവി അനുഗ്രഹിക്കുന്നു.
 സർവ്വേശ്വരീ : ദേവിക്ക് ആരാധിക്കാൻ ഒരു ഈശ്വരൻ ഇല്ല എല്ലാവരും ദേവിയെ  ആണ് സ്തുതിക്കുന്നത്. 
 സർവ്വമയീ : എല്ലാ ചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്ന ദേവി.
സർവ്വമന്ത്രസ്വരൂപിണീ : എല്ലാ മന്ത്രരൂപങ്ങളും ദേവിയിൽ നിന്നാണ് തുടങ്ങുന്നത്. ``മനനാത്  ത്രായതേ ഇതി മന്ത്രം'' -മനനം ചെയ്യുന്ന ഭക്തനെ രക്ഷിക്കുന്നത് ആണ് മന്ത്രം. ഓരോ മന്ത്രവും ഓരോ ദേവി ആയിട്ടാണ്  ഋഷി മാർക്ക് പ്രത്യക്ഷമാവുന്നത്. 
 

സർവ്വയന്ത്രാത്മികാ സർവ്വതന്ത്രരൂപാ മനോന്മനീ 
മാഹേശ്വരീ മഹാദേവീ മഹാലക്ഷ്‌മീർമൃഡപ്രിയാ 53

സർവ്വയന്ത്രാത്മികാ: ദേവതയെ ചിത്ര രൂപത്തിലും ചക്രരൂപത്തിലും ആലേഖനം ചെയ്യുന്നത് ആണ് യന്ത്രം എന്ന് പറയുന്നത്. എല്ലാ യന്ത്രങ്ങളിലും ജീവനായിട്ടുള്ളത് ദേവി തന്നെ ആണ്.

സർവ്വതന്ത്രരൂപാ: എല്ലാ തന്ത്രങ്ങളുടെയും ജീവ ബിന്ദു  ആയിട്ടുള്ളവൾ. എല്ലാ താന്ത്രിക വിദ്യയുടെയും പ്രാപ്യസ്ഥാനം ആണ് ദേവി. 64 തന്ത്രങ്ങൾ ആവിഷ്കരിച്ചത് ശ്രീ പരമേശ്വരന് ആണ്. അവയെല്ലാം ഇഹലോക വാസത്തിന് ഉതകുന്നവയാണ് എന്ന് കണ്ടിട്ട് ദേവിയുടെ അഭ്യർഥന പ്രകാരമാണ്  മുക്തി നൽകുന്നതിനായി  ശ്രീ ചക്രം രൂപപ്പെടുത്തിയത്. അത് കൊണ്ട് ദേവിയെ  സർവ തന്ത്ര രൂപ എന്ന് പറയുന്നു. 

മനോന്മനീ: മനസിനെ ഉയർത്തി കൊണ്ടു വരുന്ന ദേവി. 

തന്റെ ഭക്തനെ പടി പടി ആയി ഉയർത്തി മോക്ഷത്തിലേക്കു നയിക്കുന്നത് ദേവിയാണ്. ദേവിയോട്  അടുക്കുമ്പോൾ ഓരോ ഭക്തനും വിശാലമായ ഒരു കാഴ്ചപ്പാട് ഉണ്ടാകുന്നു. ഒരു ഭക്തന് ദേശ കാല ലിംഗ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരോടും സ്നേഹം പ്രകടിപ്പിക്കാൻ കഴിയണം. 

മാഹേശ്വരീ: മഹേശ്വരന്റെ പത്നി. 

മഹേശ്വരൻ സംഹാര മൂർത്തി ആകുമ്പോൾ രുദ്രൻ  ആകുന്നു. രജോഗുണ പ്രധാനനാകുമ്പോൾ ബ്രഹ്മാവ് ആയി ത്തീരുന്നു. സത്വ ഗുണ പ്രധാനൻ ആകുമ്പോൾ ശ്രീ നാരായണൻ ആകുന്നു. അതു കൊണ്ടു എല്ലാം ഒന്ന് തന്നെ എന്ന് സാരം. അങ്ങനെ ഭഗവാൻ സ്വീകരിക്കുന്ന ഓരോ ഭാവത്തിനു അനുസരിച്ചു ദേവിയും പത്നി ആയി അവതരിക്കുന്നു.

മഹാദേവീ : മറ്റുള്ള ദേവീ ദേവന്മാർക്ക് ശക്തി കൊടുക്കുന്നത് ശ്രീ ലളിതാ പരമേശ്വരി ആണ്. അത് കൊണ്ട് മഹാദേവി എന്ന് പറയുന്നു. മഹത്തായ ദേഹത്തോട് കൂടിയവൾ എന്നും അർത്ഥമെടുക്കാം. എല്ലാ ദേവിമാരിലും വച്ച് ശ്രേഷ്ഠയായ ദേവി എന്നും അർത്ഥമെടുക്കാം.

മഹാലക്ഷ്‌മീ:  മഹത്തായ ഐശ്വര്യങ്ങളോട് കൂടിയ ദേവി . അഷ്‌ടൈശ്വര്യങ്ങൾ ദേവിയെ പൊതിഞ്ഞു നിൽക്കുന്നു എന്നാണ് വർണ്ണിക്കുന്നത്.

മൃഡപ്രിയാ: മൃഡനു പ്രിയ ആയ ദേവി.  ശ്രീ പരമേശ്വരന്റെ സാത്വിക ഭാവം ആണ് മൃഡൻ എന്നു   പറയപ്പെടുന്നു. 

മഹാരൂപാ മഹാപൂജ്യാ മഹാപാതകനാശിനീ 
മഹാമായാ മഹാസത്ത്വാ മഹാശക്തിർമ്മഹാരതിഃ 54 

 മഹാരൂപാ: മഹത്തായ രൂപത്തോടു കൂടിയ ദേവി. ദേവി ഈ ലോകം മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ശക്തി ആണ്.

മഹാപൂജ്യാ: എല്ലാ ദേവി ദേവന്മാരാലും ആരാധിക്കപ്പെടുന്ന ദേവി. ത്രി മൂർത്തികളിലും മേലെ ആണ് ദേവിയുടെ സ്ഥാനം. 

മഹാപാതകനാശിനീ :  മനസ് ഉരുകി  വിളിച്ചാൽ   മഹാപാപങ്ങൾ പോലും നശിപ്പിക്കുന്ന ദേവി. തെറ്റു പറ്റി എന്ന് ബോധ്യമായാൽ അതിൽ പശ്ചാത്തപിച്ചു ക്ഷമ യാചിച്ചാൽ ക്ഷമിക്കുന്ന അമ്മയാണ് ദേവി. കാരണം തന്റെ മക്കളുടെ തെറ്റുകൾ പൊറുത്തു അവരെ നേർ വഴി നടത്താൻ കഴിയുന്നത് അമ്മക്ക് ആണ്.

മഹാമായാ: ബ്രഹ്മാദികളെപ്പോലും മായാബന്ധത്തിൽ ആഴ്ത്താൻ ദേവിക്ക് കഴിവുണ്ട്.  
മഹാസത്ത്വാ:  ബലം, ചൈതന്യം, ബുദ്ധി, സത്വ ഗുണം എന്നൊക്കെ അർഥമെടുക്കാം മഹത്തായ സത്വ ഗുണങ്ങളോട് കൂടിയ ശ്രീ ലളിതാ പരമേശ്വരി. ദേവി ഏതു രൂപം എടുത്താലും അത് സത്വ ഗുണപ്രധാനം ആയിരിക്കും. 
മഹാശക്തി: മഹത്തായ ശക്തി വിശേഷങ്ങളോട് കൂടിയ ദേവി . സൃഷ്ടി സ്ഥിതി സംഹാരം ഒക്കെ ദേവിയുടെ നിയന്ത്രണത്തിൽ ആണ്. അതിനു മഹത്തായ ശക്തി വിശേഷം ആവശ്യമാണ്.
മ ഹാരതി: ദേവി  എപ്പോഴും അതിയായ ആനന്ദത്തിൽ ആണ്.

മഹാഭോഗാ മഹൈശ്വര്യാ മഹാവീര്യാ മഹാബലാ മഹാബുദ്ധിർമ്മഹാസിദ്ധിർമ്മഹായോഗീശ്വരേശ്വരീ 55 

മഹാഭോഗാ: മഹത്തായ ഭോഗങ്ങൾ പ്രദാനം ചെയ്യുന്നവൾ. ദേവിയെ പ്രീതി പ്പെടുത്തുന്നവർക്കു എല്ലാ ഐശ്വര്യങ്ങളും ദേവി പ്രദാനം ചെയ്യുന്നു.
മഹൈശ്വര്യാ: മഹത്തായ ഐശ്വര്യത്തോട് കൂടിയ ദേവി. ഈശ്വരന്റെ ഭാവം ആണ് ഐശ്വര്യം.
മഹാവീര്യാ: മഹത്തായ വീര്യ ബലങ്ങൾ ഉള്ള ദേവി.  ജയിക്കാൻ പ്രയാസം ഉള്ള പല അസുരന്മാരെയും ദേവി വധിക്കുന്നതായി കാണാം. അത്രയ്ക്ക് വീര്യം--ശക്തി--ദേവിക്ക് ഉണ്ട്.
മഹാബലാ: മഹത്തായ ബലങ്ങളോട് കൂടിയ ദേവി. ഇവിടെ ആത്മ ബലം ആണ് ഉദ്ദേശിക്കുന്നത്.
മഹാബുദ്ധി: മഹത്തായ ബുദ്ധിയോട് കൂടിയ ദേവി. ദേവിയാണ് ബുദ്ധിയെ പ്രചോദിപ്പിക്കുന്നത്. ദേവിയോട് അടുക്കാൻ നമ്മെ സഹായിക്കുന്നത് ബുദ്ധി ആണ് . എത്ര അറിഞ്ഞു വച്ചാലും സമയത്തിന് ഉപകാരപ്പെടുന്നത് ദേവി ഉള്ളിൽ നിന്ന് ഉണർത്തി വിടുമ്പോൾ മാത്രം ആണ്.   
മഹാസിദ്ധി:   സകല സിദ്ധികളും  ഉള്ള ദേവി എന്നർത്ഥം. അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രാകാശ്യം എന്നിവയാണ് അഷ്ട സിദ്ധികൾ. 
അണിമ : അണുപ്രായം ആകാൻ-- ഏറ്റവും സൂക്ഷ്മം ആകാൻ-- ദേവിക്ക് കഴിയും.
മഹിമ: വിശ്വ  രൂപം പ്രാപിക്കാനും ദേവിക്ക് കഴിവുണ്ട്.
ലഘിമ: പഞ്ഞി പോലെ ലഘുവാകാൻ-- ഭാരം ഇല്ലാത്ത അവസ്ഥ--യിൽ ആകാൻ ദേവിക്ക് സാധിക്കും.
ഗരിമ:  പർവത തുല്യം ഭാരം ആകാൻ സാധിക്കുന്നത് ആണ് ഗരിമ. 
ഈശിത്വം: എന്തിനും അധീശത്വം വഹിക്കാൻ കഴിയുന്നതാണ് ഈശിത്വം.
വശിത്വം: ആരെയും തന്നിലേക്ക് ആകർഷിച്ചു നിർത്താൻ കഴിയുന്നതാണ് വശിത്വം.
പ്രാപ്തി: ദേവി സങ്കല്പിക്കുന്ന സ്ഥലത്തു മനോവേഗത്തിൽ എത്താൻ കഴിയുന്നതാണ് പ്രാപ്തി 
പ്രാകാശ്യം: ആരുടെ മുന്നിലും പ്രത്യക്ഷപ്പെടാൻ സാധിക്കുന്നതാണ്  പ്രാകാശ്യം.

അമ്മക്ക് ഈ സിദ്ധികൾ എല്ലാം ഉണ്ട്. അതുകൊണ്ടു ദേവി മഹാ സിദ്ധി എന്ന് അറിയപ്പെടുന്നു.

മ ഹായോഗീശ്വരേശ്വരീ: മഹാ യോഗികൾക്കും ഈശ്വരി ആയ ദേവി .

മഹാതന്ത്രാ മഹാമന്ത്രാ മഹായന്ത്രാ മഹാസനാ 
മഹായാഗക്രമാരാധ്യാ മഹാഭൈരവപുജിതാ 56

മഹാതന്ത്രാ: എല്ലാ തന്ത്രങ്ങളും ദേവിയിൽ നിന്ന് ആണ് തുടങ്ങുന്നത്. 64  തന്ത്രങ്ങൾ മഹാദേവനാണ് ആവിഷ്കരിച്ചത്. അതെല്ലാം പോരാ എന്ന് തോന്നിയിട്ടാണ് ശ്രീ വിദ്യാ മന്ത്രം ദേവി ആവിഷ്കരിക്കാൻ ഭഗവാനോട് നിർദേശിച്ചത്.
മഹാമന്ത്രാ: മഹത്തായ മന്ത്ര സിദ്ധികളോട് കൂടിയ ദേവി. എല്ലാ മന്ത്രങ്ങളിലും വച്ച് സർവ ശ്രേഷ്ഠമായതു ശ്രീ വിദ്യാ മന്ത്രം ആണ്. അത് ദേവിയുടെ സ്വരൂപം തന്നെ ആകുന്നു.
മഹായന്ത്രാ: മഹത്തായ യന്ത്രമായ ശ്രീ ചക്രം തന്നെ സ്വരൂപം ആയ ദേവി.
മഹാസനാ: എല്ലാ സ്ഥലങ്ങളും ദേവി യുടെ ഇരിപ്പിടം ആണ്. ശുദ്ധ ഭക്തന്റെ ഹൃദയം ആണ് ദേവിക്ക് ഏറ്റവും ഇഷ്ടമുള്ള ഇരിപ്പിടം. തൂണിലും തുരുമ്പിലും വരെ ദേവി ഉണ്ട് എന്നാണല്ലോ നമുക്ക് തെളിഞ്ഞിട്ടുള്ളത്. അപ്പോൾ കാലുഷ്യങ്ങൾ ഒഴിഞ്ഞു നിർമലമായ ഹൃദയം ഉള്ള സാധകന്റെ ഹൃദയത്തിൽ ദേവി വന്നു വിളയാടുന്നു.
മഹായാഗക്രമാരാധ്യാ: അതി വിപുലമായ ഒരുക്കങ്ങളോടെ ക്രമത്തിൽ ആചരിക്കുന്ന പൂജാവിധികളെ ആണ് യാഗം എന്ന് പറയുന്നത്. അങ്ങനെ മഹത്തായ യാഗങ്ങൾ കൊണ്ട് ആരാധിക്കപ്പെടുന്ന ദേവി . 
മഹാഭൈരവപുജിതാ: ആ കാലഭൈരവനാൽ പോലും പൂജിക്കപ്പെടുന്ന ശ്രീ  ലളിത പരമേശ്വരി.

 മഹേശ്വരമഹാകൽപമഹാതാണ്ഡവസാക്ഷിണീ 
മഹാകാമേശമഹിഷീ മഹാത്രിപുരസുന്ദരീ 57 

കല്പം:  ബ്രഹ്മാവിന്‍റെ ഒരുദിവസം. 1000 യുഗങ്ങള്‍ ചേര്‍ന്നത്.
1 നോട് 12 പൂജ്യങ്ങൾ വരുന്നത് 

 മഹേശ്വരമഹാകൽപമഹാതാണ്ഡവസാക്ഷിണീ 
ആ മഹാപ്രളയ കാലത്തു മഹേശ്വരന്റെ താണ്ഡവത്തിനു സാക്ഷ്യം വഹിച്ചത്  ദേവിയാണ്. ദേവി  നിത്യ ആണല്ലോ.  പ്രളയ കാലത്തും ഇവിടെ സാക്ഷി ആയി ദേവി ഉണ്ടാകും എന്ന് പറയുന്നു.
മഹാകാമേശമഹിഷീ:   കാമേശന്റെ പട്ടമഹിഷി ആണ്  ദേവി.
മഹാത്രിപുരസുന്ദരീ: ത്രിപുരങ്ങളിലും വച്ച് ഏറ്റവും സുന്ദരി ആണ് ദേവി. ശരീരം തന്നെ ഒരു പുരം ആയിട്ടാണ് പറയുന്നത്. 

ചതുഃഷഷ്‌ട്യുപചാരാഢ്യാ ചതുഃഷഷ്‌ടികലാമയീ മഹാചതുഃഷഷ്‌ടികോടിയോഗിനീഗണസേവിതാ 58 

ചതുഃഷഷ്‌ട്യുപചാരാഢ്യാ: 64 ഉപചാരങ്ങൾ കൊണ്ട് ആരാധിക്കുന്ന ദേവി. 

64 ഉപചാരങ്ങൾ ആണ് ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ദേവിയുടെ നിർദേശത്താൽ ആണ്  ഇവ എല്ലാം ആവിഷ്കരിച്ചത്. അതിൽ ഏറ്റവും പ്രധാനം 16 ആണ്. അതിനാണ് ഷോഡശോപചാരങ്ങൾ എന്ന് പറയുന്നത്.
 ചതുഃഷഷ്‌ടികലാമയീ: 64 കലകൾ ഉണ്ട്. അതെല്ലാം ദേവിയിൽ നിന്നാണ് ആവിർഭവിച്ചത്.  
അവ ഇനി പറയുന്നവയാണ് 

1. ഗീതം = വാദ്യോപകരണങ്ങള് ഇല്ലാത്ത തനി സംഗീതം.

2. വാദ്യം = വാദ്യോപകരണം കൊണ്ടുള്ള സംഗീതം.

3. നൃത്യം = നടനഭേദങ്ങള്.

4. ആലേഖ്യം = ചിത്രരചന

.5. വിശേഷകച്ഛേദ്യം = തിലകാദി അംഗരാഗങ്ങള്.

6. തണ്ഡുല കുസുമബലിവികാരം = അരി, പൂവ് മുതലായവ കൊണ്ട് കളം വരയ്ക്കല്.

7. പുഷ്പാസ്തരണം = കിടക്കയില് പൂവിതറി ആകര്ഷകമാക്കല്.

8. ദര്ശനവസനാംഗരാഗം = ഓഷ്ഠങ്ങളില് അംഗരാഗങ്ങള് പുരട്ടല്.

9. മണിഭൂമികാകര്മ്മം = രത്നക്കല്ലുകള്പതിച്ച് വീടിന്റെ തറ മോടിയാക്കല്.

10.ശയനരചനം = കിടക്കയുടെ ക്രമീകരണം.

11.ഉദകവാദ്യം = ജലം വാദ്യമാക്കല്.

12.ഉദഘാതം = കുളിക്കുമ്പോള്ജലം തെറിപ്പിക്കുന്നവിദ്യ.

13.ചിത്രയോഗം - മുഖവും മുടിയും ഭംഗിയാക്കല്.

14.മാല്യഗ്രഥനവികല്പ്പം = മാലകെട്ടല്.

15.ശേഖരകാപീഡയോചനം = കേശാലങ്കരണം.

16.നേപഥ്യപ്രയോഗം = വേഷഭൂഷകള് അണിയുന്നത്.

17.കര്ണ്ണപത്രഭാഗങ്ങള് = കര്ണ്ണാഭരണ നിര്മ്മാണം.

18.ഗന്ധയുക്തി = അംഗരാഗനിര്മ്മാണം.

19.ഭൂഷണയോചനം = ആഭരണം അണിയല്.

20.ഐന്ദ്രജാലം = കണ്കെട്ടുവിദ്യ.

21.കൗചുമാരയോഗം = കുചുമാരന്റെ കൃതിയില് പറയുന്ന സൌന്ദര്യവര്ധക പ്രയോഗങ്ങള്.

22.ഹസ്തലാഘവം = ചെപ്പടിവിദ്യ.

23.വിചിത്രശാകയുഷ ഭകഷ്യവികാരക്രിയ= ശാകം (ഇലക്കറി), യുഷം (പരിപ്പ്) തുടങ്ങിയവകൊണ്ടുള്ള ഭക്ഷണനിര്മ്മാണം.

24.പാനകരസരാഗാസവയോചനം = ലഹരിയുള്ള പേയ (കുടിക്കാന്) വസ്തുക്കളുടെ നിര്മ്മാണം.

25.സുചിവാനകര്മ്മം = നെയ്ത്തുവിദ്യ.

26.സൂത്രക്രീഡ = ഞാണിന്മേല്കളി

.27.വീണാഡമരുകവാദ്യം = വീണ, ഡമരു എന്നിവയുടെ ഉപയോഗം.

28.പ്രഹേളിക = കടംകഥ പറയാനുള്ള സാമര്ത്ഥ്യം.

29.പ്രതിമാല = സമസ്യാപുരാണംപോലുള്ള മറ്റൊരു വിദ്യ.

30.ദുര്വാചകയോഗം = പറയാന്വയ്യാത്തകാര്യങ്ങള് വക്രോക്തിയിലൂടെഅവതരിപ്പിക്കല്.

31.പുസ്തകവാചനം = ഗ്രന്ഥപാരായണം.

32.നാടകാഖ്യായികാദര്ശനം = നാടകാസ്വാദനം.

33.കാവ്യസമസ്യാപൂരണം = പാട്ടുപാടുന്നതും ആസ്വദിക്കുന്നതും.

34.പട്ടികാവേത്രവാനവികല്പ്പം =ചൂരല്കൊണ്ട് ഹൃഹോപകരണങ്ങള് ഉണ്ടാക്കല്.

35.തക്ഷകര്മ്മം= ആശാരിപ്പണി.

36.വാസ്തുവിദ്യ = ഗൃഹനിര്മ്മാണപരിജ്ഞാനം.

37.തക്ഷണം = തടിപ്പണി.

38.രൂപ്യരത്നപരീക്ഷ = വെള്ളി, രത്നം എന്നിവ പരീക്ഷിച്ചറിയാനുള്ള കഴിവ്.

39.ധാതുവാദം = രസതന്ത്രവിജ്ഞാനം.

40.മണിരാഗാങ്കരജ്ഞാനം = രത്നം മിനുക്കാനുള്ള അറിവ്.

41.വൃക്ഷായുര്വ്വേദം = വൃക്ഷശാസ്ത്രജ്ഞാനം.

42.മേഷകുക്കുടലാവകയുദ്ധം = ആട്, കോഴി എന്നിവയുടെ പോരുമുറകള്

43.ശുകശാരികപ്രലാപം = തത്തയെക്കൊണ്ട് പറയിപ്പിക്കല്.

44.ഉത്സാകനാദികൗശലം = ഉഴിച്ചില് മുതലായ കര്മ്മം.

45.അക്ഷമുഷ്ടികാകഥനം = കൈവിരല് കൊണ്ട് സന്ദേശം നല്കല്.

46.മ്ലേച്ഛിതവികല്പ്പം = ഇംഗ്ലീ ഷില് spoonarisam എന്നു പറയുന്ന മറിച്ചുചൊല്ലല്.

47.ദേശഭാഷാജ്ഞാനം = ബഹുഭാഷാജ്ഞാനം

48.പുഷ്പശകടിക = എവിടെ നിന്നെന്നറിയാന് മറ്റുള്ളവര്ക്ക് കഴിയാത്തവിധം പുഷ്പവൃഷ്ടി നടത്തല്.

49.നിമിത്തജ്ഞാനം = ശകുനം, ലക്ഷണം ആദിയായവ പറയല്.

50.യന്ത്രമാത്രുക = യന്ത്രനിര്മ്മാണകുശലത.

51.ധാരണമാത്രുക = ഓര്മശക്തി.

52.സംപാര്യം = അക്ഷരശ്ലോകത്തിനു തുല്യമായ ഒരു വിദ്യ.

53.മാനസകാവ്യക്രിയ = കാവ്യരചാനാസാമര്ത്ഥ്യം.

54.ഛന്ദോജ്ഞാനം = വൃത്തശാസ്ത്രപരിജ്ഞാനം.

55.അഭിധാനകോശം = നിഘണ്ടുവിജ്ഞാനം.

56.ക്രിയാകല്പ്പം = കാവ്യശാസ്ത്രജ്ഞാനം.

57.ഛലിതകയോഗങ്ങള് = ആള്മാറാട്ടം.

58.വസ്ത്രഗോപനം = വസ്ത്രധാരണസാമര്ത്ഥ്യം.

59.ദ്രുതവിശേഷങ്ങള് = ചൂത്, ചതുരംഗം മുതലായ കളികളിലുള്ള സാമര്ത്ഥ്യം.

60.ആകര്ഷകക്രീഡ= വിവിധയിനം കളികള്.

61.ബാലക്രീഡ = കുട്ടികളെ കളിപ്പിക്കാനുള്ള സാമര്ത്ഥ്യം.

62.വൈനയികവിദ്യ = പക്ഷിമൃഗാദികളെ മെരുക്കിവളര്ത്തല്.

63.വൈജയവിദ്യകള് = വിജയം പ്രദാനം ചെയ്യുന്ന വിദ്യകള്.

64.വ്യായാമികവിദ്യകള് = വ്യായാമമുറകള്.


 മഹാചതുഃഷഷ്‌ടികോടിയോഗിനീഗണസേവിതാ: 64 കോടി യോഗിനി ഗണങ്ങൾ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. അവരാൽ ആരാധിക്കപ്പെടുന്ന ദേവി. ആദ്യ എട്ടു യോഗിനിമാർ ഇവരാണ്  ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, മാഹേന്ദ്രി, ചാമുണ്ഡി, മഹാലക്ഷ്മി എന്നിവരാണ്. ഇവർക്ക് ഓരോരുത്തർക്കും എട്ടു യോഗിനി മാർ ഉണ്ട് എന്നാണ് പറയുന്നത്. ഇതെല്ലം ദേവിയുടെ പല ഭാവങ്ങൾ ആണ്. ഇനി ഓരോ യോഗിനിക്കും ഒരു കോടി യോഗിനി മാർ ഉണ്ട് എന്ന് പറയപ്പെടുന്നു.  അങ്ങനെ ഉള്ള യോഗിനി ഗണത്താൽ സേവിക്കപ്പെടുന്ന അമ്മ. 

മനുവിദ്യാ ചന്ദ്രവിദ്യാ ചന്ദ്രമണ്ഡലമധ്യഗാ 
ചാരുരൂപാ ചാരുഹാസാ ചാരുചന്ദ്രകലാധരാ 59 

പന്ത്രണ്ടു ഭക്തന്മാരാണ് ദേവീ ഉപാസകരായ പ്രമുഖർ ആയി കണക്കാക്കുന്നത്. മനു, ചന്ദ്രൻ, കുബേരൻ, ലോപാമുദ്ര (അഗസ്ത്യന്റെ പത്നി ), അഗസ്ത്യൻ, കാമദേവൻ, അഗ്നി, സൂര്യൻ, ഇന്ദ്രൻ, സ്കന്ദൻ, ശിവൻ, ദുർവാസാവ് അങ്ങനെ ശ്രീ വിദ്യാ ഉപാസകരായി പല യോഗികളും ഉണ്ട് എന്ന് ആണ് സങ്കൽപം. ഓരോരുത്തരും അവരുടെ രീതിയിലാണ് ശ്രീ വിദ്യാ ഉപാസന ചെയ്തിരുന്നത്. അങ്ങനെ ഓരോരുത്തരും ആചരിച്ച ശ്രീ വിദ്യാ ഉപാസനാ ക്രമങ്ങളും  അവരുടെ പേരോട് കൂടിയാണ് അറിയപ്പെടുന്നത്.

മനുവിദ്യാ: മനു ആചരിച്ച ശ്രീ വിദ്യാ ഉപാസനാ രീതി 
ചന്ദ്രവിദ്യാ: ചന്ദ്രന്റെ ശ്രീ വിദ്യാ ഉപാസന രീതി 
ചന്ദ്രമണ്ഡലമധ്യഗാ: ശ്രീ ചക്രത്തിലെ ചന്ദ്രമണ്ഡലത്തിനു മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ദേവി  

ചാരുരൂപാ: ഒരിക്കലും മാറ്റം ഉണ്ടാകാത്ത സൗന്ദര്യം ഉള്ളത് കൊണ്ട് ചാരു രൂപ എന്ന് സ്തുതിക്കുന്നു.
ചാരുഹാസാ: എപ്പോഴും ഒരേ പോലെ പുഞ്ചിരി തൂകുന്ന ദേവി.
ചാരുചന്ദ്രകലാധരാ: ദേവിയുടെ കിരീടത്തിലെ ചന്ദ്രന് വൃദ്ധി ക്ഷയങ്ങൾ ഉണ്ടാകുന്നില്ല. എപ്പോഴും ഒരു പോലെ ഇരിക്കുന്ന ചന്ദ്രക്കലയോടു കൂടിയ ശ്രീ ലളിതാ പരമേശ്വരി.   

ചരാചരജഗന്നാഥാ ചക്രരാജനികേതനാ 
പാർവ്വതീ പദ്‌മനയനാ പദ്‌മരാഗസമപ്രഭാ 60 

ചരാചരജഗന്നാഥാ: സകല ചരാചരങ്ങളുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യം ആണ് ദേവി. 
ചക്രരാജനികേതനാ : ശ്രീ ചക്രത്തെ ചക്ര രാജൻ ആയിട്ടാണ് കണക്കാക്കുന്നത്. അങ്ങനെ ഉള്ള ശ്രീ ചക്രം തന്നെ തന്റെ വാസ സ്ഥലം ആക്കിയ ദേവി.
പാർവ്വതീ: പർവത രാജന്റെ പുത്രി ആയ പാർവതിയും ദേവി തന്നെ ആണ്. 
പദ്‌മനയനാ: താമര ഇതൾ പോലെ നീളമേറിയതും സുന്ദരവും ആയ കണ്ണുകൾ ആണ് ദേവിയുടേത്.  ദേവീ ദേവന്മാരുടെ കണ്ണുകളെ താമര ഇതളിനോട്  ആണ് എപ്പോഴും ഉപമിക്കുന്നത്.  
പദ്‌മരാഗസമപ്രഭാ: പത്മരാഗം ചുമന്ന നിറത്തിലുള്ള ഒരു രത്നം ആണ്. അതിനു തുല്യമായ ശോഭയോടെ ചുമന്നു തുടുത്ത  ദേവി. 

പഞ്ചപ്രേതാസനാസീനാ പഞ്ചബ്രഹ്‌മസ്വരൂപിണീ 
ചിന്മയീ പരമാനന്ദാ വിജ്ഞാനഘനരൂപിണീ 61 

പഞ്ചപ്രേതാസനാസീനാ: ത്രിമൂർത്തികളും രുദ്രനും സദാശിവനും  ആണ് ദേവിയുടെ ഇരിപ്പിടത്തിന്റെ കാലുകൾ എന്ന് നേരത്തെ പഠിച്ചു.  ഇപ്പോൾ ഇവിടെ പഞ്ച പ്രേതങ്ങൾ എന്ന് പറയാൻ കാരണം ദേവിയുടെ ശക്തി ഇല്ലാതെ ത്രിമൂർത്തികൾക്ക് പോലും ഒന്നും ചെയ്യാൻ സാധ്യമല്ല.അപ്പോൾ ദേവീ സാന്നിധ്യം ഇല്ല എങ്കിൽ എല്ലാ ജീവജാലങ്ങളും പ്രേത തുല്യം എന്നാണ് ഇവിടെ പറയുന്നത്.

പഞ്ചബ്രഹ്‌മസ്വരൂപിണീ: പഞ്ച ബ്രഹ്മങ്ങൾ എന്നത് ഈശാനൻ, തത്പുരുഷൻ,അഘോരി, വാമദേവൻ, സദ്യോ ജാതൻ ഇതെല്ലാം ശ്രീ പരമേശ്വരന്റെ പല ഭാവങ്ങൾ ആണ്. ഇത് സ്വരൂപം ആയ ദേവി. ജീവൻ അന്തഃകരണം, പഞ്ച ജ്ഞാനേന്ദ്രിയങ്ങൾ, പഞ്ച കർമേന്ദ്രിയങ്ങൾ ശബ്ദാദി വിഷയങ്ങൾ ഇവയാണ് മറ്റൊരു പഞ്ച ബ്രഹ്മങ്ങൾ ആയി പറയുന്നത്. 
ചിന്മയീ:  ചിത് എന്നാൽ ബോധം. ജീവാത്മാവിലെ ബോധ സ്വരൂപം ആണ് ദേവി. 
പരമാനന്ദാ: ദേവി എപ്പോഴും നിറഞ്ഞ ആനന്ദ സ്വരൂപം ആണ്. നേരത്തെ പറഞ്ഞു ദേവിക്ക് ഒന്നിനെ കുറിച്ചും ആകുലതകൾ ഇല്ല അത് കൊണ്ട് തന്നെ ദേവി ആനന്ദ സ്വരൂപം തന്നെ ആകുന്നു. തന്നോട് അടുക്കുന്ന ഭക്തന്മാരെയും ദേവി ആ തലത്തിലേക്ക് ഉയർത്തുന്നു. പരമാനന്ദം അനുഭവിക്കാനുള്ള എളുപ്പ വഴി ദേവ്യുപാസന തന്നെയാണ്.
വിജ്ഞാനഘനരൂപിണീ: വിഞ്ജാനം  ഘനീഭവിച്ചത് അതാണ് ദേവി. അതായതു ദേവി ആണല്ലോ എല്ലാ ജ്ഞാനത്തിനും ഇരിപ്പിടം അപ്പോൾ സകല അറിവുകളും ദേവിയിൽ നിന്ന്  തുടങ്ങുന്നു. ദേവിയെ അറിഞ്ഞാൽ ബ്രഹ്മത്തെ അറിയാം.

ധ്യാനധ്യാതൃധ്യേയരൂപാ ധർമ്മാധർമ്മവിവർജ്ജിതാ 
വിശ്വരൂപാ ജാഗരിണീ സ്വപന്തീ തൈജസാത്മികാ 62 


ധ്യാനധ്യാതൃധ്യേയരൂപാ:  ധ്യാനം എന്ന സാധന ദേവി തന്നെ ആണ്. ധ്യാന വസ്തുവും ദേവിയാണ് ധ്യാനത്തിലൂടെ നേടേണ്ടതും ദേവിയെ തന്നെ ആണ്. അപ്പോൾ എല്ലാം ഒന്ന് തന്നെ ആണ് എന്നാണ് വിവക്ഷിക്കുന്നത്.

ധർമ്മാധർമ്മവിവർജ്ജിതാ:  ധർമ്മാധർമ്മങ്ങൾ ഒന്നും ബാധിക്കാത്ത ദേവി. ദേവി മായാതീതയാണ് അത് കൊണ്ട് എല്ലാം ബ്രഹ്മമയമാണ്. ദേവി ശുദ്ധ ചൈതന്യം ആണ്. എല്ലാത്തിനും സാക്ഷി മാത്രമാണ് ദേവി. അത് കൊണ്ട് ദേവിക്ക് ധർമ്മാധർമ്മ  വിവേചനങ്ങൾ ഇല്ല.  

വിശ്വരൂപാ: വിശ്വത്തോളം വളരുന്ന താണ് ദേവിയുടെ സ്ഥൂലരൂപം. അതുകൊണ്ടു വിശ്വരൂപ എന്ന് ദേവിയെ സ്തുതിക്കുന്നു. 
ജാഗരിണീ: നമ്മൾ ഉറങ്ങുമ്പോഴും ഉള്ളിൽ ദേവീ ചൈതന്യം ഉണർന്നിരിക്കുന്നു. എപ്പോഴും നമ്മുടെ ഉള്ളിൽ ഉണർന്നിരിക്കുന്ന ദേവി എല്ലാ ശാരീരിക പ്രവർത്തികളും നിയന്ത്രിക്കുന്നു. 
സ്വപന്തീ : സ്വപ്നവസ്ഥയെ അനുഭവിക്കുന്ന ജീവനും ദേവി തന്നെയാണ് 
തൈജസാത്മികാ:  സ്വപ്നാവസ്ഥയിൽ ഇരിക്കുന്ന ജീവൻ തൈജസൻ എന്ന് അറിയപ്പെടുന്നു. സ്വപ്നാവസ്ഥയിലും ഉള്ളിൽ തേജസ് ആയി ദേവി ഉണർന്നിരിക്കുന്നു. അതു കൊണ്ട് തൈജ സാത്മീക എന്ന് പറയുന്നു.

സുപ്താ പ്രാജ്ഞാത്മികാ തുര്യാ സർവ്വാവസ്ഥാവിവർജ്ജിതാ സൃഷ്‌ടികർത്രീ ബ്രഹ്‌മരൂപാ ഗോപ്‌ത്രീ ഗോവിന്ദരൂപിണീ 63 

സുപ്താ: ഗാഢ നിദ്രയിലും ശരീരത്തിന് ഉള്ളിൽ എല്ലാ പ്രവർത്തനങ്ങളും കാര്യ ക്ഷമമായി നടക്കുന്നുണ്ട്. അത് സാധ്യമാകുന്നത് ദേവീ ചൈതന്യം ഉള്ളത് കൊണ്ടാണ്. 
പ്രാജ്ഞാത്മികാ:  സുപ്താവസ്ഥയിലെ ജീവന്റെ പേരാണ് പ്രാജ്ഞൻ. അങ്ങനെ പ്രാജ്ഞനായി ഇരിക്കുന്നതും ദേവി ആണ്.
തുര്യാ: തുര്യാവസ്ഥ എന്നത് നാലാമത്തെ അവസ്ഥ ആണ്. ജാഗ്രത്, സ്വപ്ന, സുഷുപ്തി അവസ്ഥയെക്കാൾ മുകളിൽ ഉള്ള സമാധി അവസ്ഥ ആണ് തുര്യാവസ്ഥ. യോഗികൾക്കു മാത്രം അനുഭവിക്കാൻ കഴിയുന്ന അവസ്ഥയാണ് ഇത്.
സർവ്വാവസ്ഥാവിവർജ്ജിതാ: തുര്യാവസ്ഥ കഴിഞ്ഞു വരുന്ന അവസ്ഥയാണ് ഇത്. എല്ലാ സ്വന്ത ബന്ധങ്ങളും വിട്ടു ദേവിയുടെ സ്വരൂപം തന്നെ ആയി മാറുന്ന അവസ്ഥയാണ് ഇത്. ആ നിലയിൽ എത്താൻ നമ്മെ സഹായിക്കുന്നതും ദേവി ആണ്. 
സൃഷ്‌ടികർത്രീ : പരമാത്മാവിന്റെ ആഗ്രഹപ്രകാരം സൃഷ്ടി നടത്തുന്നത് ദേവിയാണ്.  അതുകൊണ്ടു ദേവി സൃഷ്‌ടികർത്രീ എന്ന് അറിയപ്പെടുന്നു.
ബ്രഹ്‌മരൂപാ: ദേവി പ്രദാനം ചെയ്യുന്ന ശക്തി  ഉപയോഗിച്ചാണ് ബ്രഹ്മാവ് സൃഷ്ടി നടത്തുന്നത്. അതുകൊണ്ടു ദേവിയും ബ്രഹ്മരൂപ തന്നെ ആകുന്നു.
ഗോപ്‌ത്രീ :  ലോകത്തിന്റെ അവസ്ഥ എന്നും രഹസ്യമാണ്. അത് ദേവി കാത്ത് സൂക്ഷിക്കുന്നു. 
ഗോവിന്ദരൂപിണീ : പരിപാലകൻ ആയ ശ്രീ നാരായണന് ശക്തി കൊടുക്കുന്നതും ദേവി ആണ്. അത് കൊണ്ട് ദേവി  ഗോവിന്ദ രൂപിണി എന്നറിയപ്പെടുന്നു. 

സംഹാരിണീ രുദ്രരൂപാ തിരോധാനകരീശ്വരീ 
സദാശിവാഽനുഗ്രഹദാ പഞ്ചകൃത്യപരായണാ 64 

സംഹാരിണീ: സംഹാരം നടത്തുന്ന രുദ്രന് ശക്തി പ്രദാനം ചെയ്യുന്ന ശക്തി സ്വരൂപിണി ആണ് ദേവി. 
രുദ്രരൂപാ: മഹാദേവൻ രുദ്രനായി മാറുമ്പോൾ സംഹാരത്തിനു വേണ്ട ശക്തി പ്രദാനം ചെയ്തു കൊണ്ട് ദേവി രുദ്ര ആയി നില കൊള്ളുന്നു.  
തിരോധാനകരി: സൃഷ്ടി സ്ഥിതി സംഹാരം കഴിഞ്ഞു എല്ലാം അപ്രത്യക്ഷമാകുന്നു.  അത് ചെയ്യുന്നതും ദേവി ആണ് 
ഈശ്വരി: ഈ ലോകം ആകുന്ന മായാ നാടക വേദി സൃഷ്ടിക്കുന്നത് ഈശ്വരൻ ആണ്. ആ ഈശ്വരന് ശക്തി കൊടുക്കുന്നവൾ ആണ് ദേവി.
സദാശിവാ: സൃഷ്ടി, സ്ഥിതി, സംഹാരം കഴിഞ്ഞു എല്ലാം ലയിച്ചു ചേരുന്നത് സദാശിവനിൽ ആണ്. ആ സദാശിവന്റെ ശക്തി രൂപം ആയതുകൊണ്ട് ദേവിയെ സദാശിവ എന്ന്അറിയപ്പെടുന്നു.
അനുഗ്രഹദാ: പുനഃ സൃഷ്ടിക്കായി എല്ലാ  തന്മാത്രകളും  സൃഷ്ടിക്കുന്നതും ദേവി ആണ്.
പഞ്ചകൃത്യപരായണാ: സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, പുനഃസൃഷ്ടി ഈ അഞ്ചു കൃത്യങ്ങളും ചെയ്യുന്നത് ദേവിയാണ്.

ഭാനുമണ്ഡലമധ്യസ്‌ഥാ ഭൈരവീ ഭഗമാലിനീ 
പദ്‌മാസനാ ഭഗവതീ പദ്‌മനാഭസഹോദരീ 65

ഭാനുമണ്ഡലമധ്യസ്‌ഥാ: സൂര്യ മണ്ഡലത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്നവൾ എന്നും ഹൃദയാന്തർഭാഗത്തെ  അനാഹത ചക്രത്തിലെ  പദ്മ ദളത്തിൽ സ്ഥിതി ചെയ്യുന്ന ദേവി  എന്നും പറയാറുണ്ട്. 
ഭൈരവീ: ഭൈരവന്റെ പത്നി. 
ഭഗമാലിനീ : ഭഗം എന്നാൽ ശ്രീ, ഐശ്വര്യം, കീർത്തി, വീര്യം, വൈരാഗ്യം, ജ്ഞാനം  എന്നിവ ഒരു മാല ആയി ധരിച്ചവൾ. ദേവിയെ ഉപാസിക്കുമ്പോൾ ഈ ഐശ്വര്യങ്ങൾ തന്ന് നമ്മെ അനുഗ്രഹിക്കുന്നു.
പദ്‌മാസനാ: താമരപൂവിൽ സ്ഥിതി ചെയ്യുന്നവൾ എന്നും യോഗാവസ്ഥയിൽ ഒന്ന് ആയ `പദ്മാസന'ത്തിൽ ഇരിക്കുന്ന ദേവി എന്നും അർഥം എടുക്കാം.
ഭഗവതീ: തന്നെ ഭജിക്കുന്നവരെ രക്ഷിക്കുന്നവൾ.
പദ്‌മനാഭസഹോദരീ: ശ്രീ കൃഷ്ണാവതാരത്തിൽ കൃഷ്ണന്റെ സഹോദരി ആയി പ്രത്യക്ഷയാകുന്നതും ആ ദേവി തന്നെ ആകുന്നു.

കഥ ഇങ്ങനെ ആണ്.
``ദേവകിയുടെ എട്ടാമത്തെ പുത്രൻ കംസനെ വധിക്കും'' എന്ന അശരീരി കേട്ട് ദേവകിയെയും വസുദേവരേയും കംസൻ കാരാഗൃഹത്തിൽ അടച്ചു. കൃഷ്ണ ജനനം നടക്കുമ്പോൾ ആൺകുട്ടിയെ യശോദയുടെയും നന്ദ ഗോപരുടെയും അടുത്ത് കൊണ്ടു കിടത്തിയിട്ട് അവർക്കു ജനിച്ച പെൺ കുഞ്ഞിനെ ദേവകിയുടെ അടുത്ത് കിടത്തുന്നു. കംസൻ കുഞ്ഞിനെ നശിപ്പിക്കാൻ  ശ്രമിക്കുമ്പോൾ 
`പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ, നിന്റെ അന്തകൻ ജനിച്ചിട്ടുണ്ട് പോയി തിരഞ്ഞു കൊള്ളുക' 
എന്ന് പറഞ്ഞു കൊണ്ട് യോഗമായ ദേവി ആയ പെൺകുഞ്ഞു ആകാശത്തേക്ക് ഉയർന്നു പോകുന്നതായി ഭാഗവതത്തിൽ വിവരിക്കുന്നു. ഇതാണ് ഇവിടെ ഓർക്കേണ്ട കഥാ സന്ദർഭം.

 ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലീ 
സഹസ്രശീർഷവദനാ സഹസ്രാക്ഷീ സഹസ്രപാത്‌ 66 

 ഉന്മേഷം : കണ്ണ് തുറക്കുക 
നിമേഷം : കണ്ണ് അടയ്ക്കുക 
ഉത്പന്നം : പ്രത്യക്ഷപ്പെടുന്നു 
വിപന്നം : അപ്രത്യക്ഷമാകുന്നു 
ഭുവനാവലീ : ഈരേഴ് പാതി നാലു ലോകങ്ങൾ 

ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലീ :  അമ്മ കണ്ണ് തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ ഈരേഴ് പാതി നാലു ലോകങ്ങളും  സൃഷ്ടിക്കപ്പെടുന്നു 
സഹസ്രശീർഷവദനാ: അനേകം  മുഖങ്ങൾ ഉള്ള ദേവി. 
സഹസ്രാക്ഷീ: അനേകം കണ്ണുകൾ ഉള്ള ദേവി
സഹസ്രപാത്‌: അനേകം പാദങ്ങൾ ഉള്ള ദേവി

നമ്മുടെ ചുറ്റുപാടും കാണുന്ന എല്ലാ ജീവജാലങ്ങളും ദേവിയുടെ പ്രതിരൂപങ്ങൾ തന്നെ എന്ന് സാരം.


ആബ്രഹ്മകീടജനനീ വർണ്ണാശ്രമവിധായിനീ 
നിജാജ്ഞാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ 67 

ആബ്രഹ്മകീടജനനീ : സൃഷ്ടികർത്താവ് ആയ  ബ്രഹ്മാവിനും ഒരു കീടത്തിനും വരെ അമ്മ ആയ ദേവി. 
വർണ്ണാശ്രമവിധായിനീ : ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിങ്ങനെ ഗുണ കർമങ്ങൾക്കു അനുസരിച്ചു വർണാശ്രമ ധർമ്മങ്ങളെ സൃഷ്ടിച്ചത് ദേവി ആണ്. 

നിജാജ്ഞാരൂപനിഗമാ : ദേവിയുടെ അരുളപ്പാട് ആണ് വേദങ്ങൾ ആയി  പരിണമിച്ചത്. 
പുണ്യാപുണ്യഫലപ്രദാ: ഒരാൾ ചെയ്യുന്ന പ്രവൃത്തി അനുസരിച്ചു കർമ്മ ഫലം കൊടുക്കുന്നത് ദേവി തന്നെ ആണ്.  

ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്‌ജധൂളികാ സകലാഗമസന്ദോഹശുക്തിസംപുടമൗക്തികാ 68 

ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്‌ജധൂളികാ: ശ്രുതികൾ എന്നാൽ വേദം. വേദത്തെ ഇവിടെ ദേവതമാരായി സങ്കൽപ്പിച്ചരിക്കുന്നു. ദേവി വേദം സൃഷ്ടിച്ചു എന്ന് പറഞ്ഞല്ലോ. ഈ ദേവതമാർ ദേവിയെ സാഷ്ടംഗം പ്രണമിക്കുമ്പോൾ ദേവിയുടെ പാദമാകുന്ന താമരയുടെ പൂമ്പൊടി  അവരുടെ സീമന്ത രേഖയിലെ സിന്ദൂരം ആയി മാറുന്നു. അങ്ങനെ ആ വേദാംഗന മാരും അനുഗൃഹീതരാകുന്നു.  

സകലാഗമസന്ദോഹശുക്തിസംപുടമൗക്തികാ : വേദങ്ങൾ എല്ലാം ചേർത്ത് ഒരു മുത്തുച്ചിപ്പി ആയി കണക്കാക്കിയാൽ അതിനു ഉള്ളിലെ മുത്ത് ആണ് ശ്രീ ലളിതാംബിക ദേവി.

പുരുഷാർഥപ്രദാ പൂർണ്ണാ ഭോഗിനീ ഭുവനേശ്വരീ 
അംബികാഽനാദിനിധനാ ഹരിബ്രഹ്മേന്ദ്രസേവിതാ 69 

 പുരുഷാർഥപ്രദാ: ധർമാർത്ഥ കാമ മോക്ഷങ്ങൾ ആണ് പുരുഷാർത്ഥങ്ങൾ എന്ന് പറയുന്നത്. സകല പുരുഷാർത്ഥങ്ങളും  പ്രദാനം ചെയ്യുന്നത് ദേവി ആണ്.  
പൂർണ്ണാ: ദേവി പൂർണ്ണയാണ്. സകല വിദ്യകളും ദേവിയിൽ നിന്ന് തുടങ്ങുന്നു. എന്നാൽ ആ വിദ്യ ആർക്കെങ്കിലും പകർന്നു കൊടുത്താൽ ദേവിയിൽ ഒരു കുറവും വരുന്നില്ല . അത് കൊണ്ട് ദേവിയെ ആശ്രയിക്കുന്നവരും പൂർണരാകുവാൻ ദേവി സഹായിക്കുന്നു.
ഭോഗിനീ: ജീവാത്മാവിൽ ഇരുന്നു കൊണ്ട് എല്ലാ ഭോഗങ്ങളും അനുഭവിക്കുന്നതും ദേവിയാണ്.
ഭുവനേശ്വരീ:  ഈ ഭുവനത്തിന് തന്നെ അമ്മയാണ് ദേവി.
അംബികാ: ബ്രഹ്മാവ്   മുതൽ സകല ജീവ രാശിക്കും അമ്മ ആയ ദേവി.
അനാദിനിധനാ: ആദിയും അന്തവും ഇല്ലാത്ത ദേവി. അനാദി കാലങ്ങളായി ഇവിടെ ഉള്ള ശക്തി ആണ് ദേവി. 
ഹരിബ്രഹ്മേന്ദ്രസേവിതാ: ശ്രീ നാരായണനാലും ബ്രഹ്മാവിനാലും ഇന്ദ്രനാലും വന്ദിക്കപ്പെടുന്ന ദേവി.

നാരായണീ നാദരൂപാ നാമരൂപ വിവർജ്ജിത 
ഹ്രീംകാരീ ഹ്രീമതി ഹൃദ്യാ ഹേയോപാദേയവർജ്ജിതാ 70

നാരായണീ: നാരം എന്നാൽ ജലം അയനം ശയിക്കുക. ആ പാലാഴിയിൽ പള്ളി കൊള്ളുന്ന ശ്രീ നാരായണനെ സേവിക്കുന്ന മഹാ ലക്ഷ്മിയും ശ്രീ ലളിതാ പരമേശ്വരി തന്നെ ആകുന്നു  
നാദരൂപാ: ആ പ്രണവ നാദം ആയ `ഓം' ആയി  നിലകൊള്ളുന്നതും ദേവി തന്നെ ആണ്. 

പരാ, പശ്യന്തി,  മദ്ധ്യമ, വൈഖരി എന്നിവയാണ് നാദത്തിന്റെ നാലു ഘട്ടങ്ങൾ അതെല്ലാം ദേവിയിൽ നിന്ന് തുടങ്ങുന്നു. 
ശബ്ദം മൂലാധാരത്തിൽ നിന്നുമാരംഭിക്കുമ്പോൾ അതിനെ `പരാ' എന്നാണ്  അറിയപ്പെടുന്നത്. 
* പരാ: പരമാത്മാവിന്റെ ശബ്ദം ആണ് ഇത്. യോഗികൾക്കു മാത്രം കേൾക്കാൻ കഴിയുന്നതാണ് ഈ ശബ്ദം. 
*പശ്യന്തി : മൗന ഭാഷയാണ് പശ്യന്തി എന്ന് അറിയപ്പെടുന്നത് 
*മധ്യമ: ശബ്ദം മണിപൂരകത്തിൽ എത്തുമ്പോൾ മധ്യമ എന്ന് വിളിക്കുന്നു.
*വൈഖരി: ശബ്ദങ്ങൾ വിശുദ്ധി ചക്രം കടന്നു വായിലൂടെ പുറത്തു വരുമ്പോൾ വൈഖരി എന്ന് അറിയപ്പെടുന്നു. സാധാരണക്കാരന് കേൾക്കാൻ കഴിയുന്നത് വൈഖരി ശബ്ദമാണ്.

നാമരൂപവിവർജ്ജിതാ: നാമവും രൂപവും നഷ്ടമാകുമ്പോൾ പിന്നെ അവശേഷിക്കുന്നത് ആ ചൈതന്യം മാത്രമാകും. അങ്ങനെ സച്ചിദാനന്ദ സ്വരൂപിണി ആയിരിക്കുന്ന ദേവി. 
ഹ്രീംകാരീ: മന്ത്രത്തിന്റെ ബീജാക്ഷരം ആണ് ഹ്രീം എന്ന നാമം. അങ്ങനെ ആ ബീജാക്ഷരം ആയി ഇരിക്കുന്ന ദേവി. 
ഹ്രീമതി: ദേവി ലജ്ജാ ശീല ആണ്. സാധകന്റെ മുന്നിൽ അത്ര വേഗത്തിൽ ഒന്നും ദേവി പ്രത്യക്ഷപ്പെടുന്നില്ല അതാണ് ദേവി  ലജ്ജാ ശീലയാണ് എന്ന് പറയാൻ കാരണം.  
ഹൃദ്യാ: ഹൃദയത്തിൽ വസിക്കുന്നവൾ എന്നും. എല്ലാവരെയും ആകര്ഷിക്കുന്നവൾ എന്നും അർഥം.
ഹേയോപാദേയവർജ്ജിതാ: ദേവിക്ക് ഉപേക്ഷിക്കേണ്ടതായും സ്വീകരിക്കേണ്ട തായും ഒന്നും ഇല്ല. ദേവി സമ്പൂർണ്ണയാണ്.

 രാജരാജാർച്ചിതാ രാജ്ഞീ രമ്യാ രാജീവലോചനാ 
രഞ്ജിനീ രമണീ രസ്യാ രണത്‌കിംകിണിമേഖലാ 71 

രണത്‌: മുഴക്കുന്ന 

 രാജരാജാർച്ചിതാ: ചക്രവർത്തിമാരാൽ ആരാധിക്കപ്പെടുന്നവൾ. വളരെ നീതിമാനായ രാജാവ് ആയിരുന്നു മനു, ഏറ്റവും വലിയ ധനികൻ ആണ് കുബേരൻ, എന്നാൽ ഇവരെല്ലാം ദേവീ ദാസനായി ഇരിക്കാൻ ആഗ്രഹിച്ചവർ  ആയിരുന്നു. അങ്ങനെ  പ്രശസ്തരായ     ദേവ്യുപാസകരായിരുന്നു ഇവരെല്ലാം.  
രാജ്ഞീ:  ദേവി മഹാരാജ്ഞി ആയി വാഴുന്നു. രാജരാജേശ്വരന്റെ പട്ട മഹിഷി ആയതു കൊണ്ട് മഹാരാജ്ഞി ആണ് ദേവി. 
മ്യാ: മറ്റുള്ളവരെ രമിപ്പിക്കുന്നവൾ.  ദേവിയുടെ സാന്നിധ്യം ഭക്തരെ അത്രയ്ക്ക് ആഹ്ലാദ ചിത്തരാക്കുന്നു.
രാജീവലോചനാ: താമര ഇതൾ പോലെ ഉള്ള കണ്ണുകളോട് കൂടിയ ദേവി  
രഞ്ജിനീ: കൂട്ടി യോജിപ്പിക്കുന്നവൾ. ദേവി ഭക്ത മാനസങ്ങളെ പരസ്പരം യോജിപ്പിച്ചു നിര്ത്തുന്നു.   
രമണീ:  സർവ്വസംഗ പരിത്യാഗി ആയ കാമേശനെ പ്പോലും തൻറെ രൂപ സൗകുമാര്യം കൊണ്ട് സന്തോഷിപ്പിക്കുന്ന ദേവി.
രസ്യ: ബ്രഹ്മാനന്ദത്തിൽ ഇരിക്കുന്ന ദേവി 
രണത്‌കിംകിണിമേഖലാ: അരക്കെട്ടിൽ  കിലുങ്ങുന്ന ആഭരണം ധരിച്ച ദേവി. ദേവിയുടെ  ശബ്ദായമാനമായ നടത്തം ഇവിടെ ഉൾക്കണ്ണിൽ കാണാൻ ശ്രമിക്കാം.

രമാ രാകേന്ദുവദനാ രതിരൂപാ രതിപ്രിയാ 
രക്ഷാകരീ രാക്ഷസഘ്നീ രാമാ രമണലമ്പടാ 72

രമാ: ലക്ഷ്മി ദേവിയും സരസ്വതിയും ആയി വർത്തിക്കുന്ന അമ്മ.
രാകേന്ദുവദനാ: പൂർണ്ണ ചന്ദ്രന്റെ ശോഭ ഉള്ള കവിൾത്തടം ആണ് ദേവിയുടേത്.
രതിരൂപാ: കാമദേവന്റെ പത്നി ആയ രതിയുടെ രൂപം പ്രാപിച്ചവൾ എന്നും ജീവികളുടെ വംശ വർദ്ധനവിന് വേണ്ട ധാർമികമായ വികാരം ആയി ഇരിക്കുന്നതും അമ്മ തന്നെ ആണ്. 
രതിപ്രിയാ : രതിക്ക് പ്രിയപ്പെട്ടവൾ എന്നും രതിയോടു പ്രിയമുള്ളവൾ എന്നും രണ്ടു അർഥമുണ്ട്.
രക്ഷാകരീ : ലോകത്തെ മുഴുവൻ സംരക്ഷിക്കുന്ന ദേവി .
രാക്ഷസഘ്നീ: രാക്ഷസ കുലത്തെ നശിപ്പിക്കുന്നവൾ, ദേവി ജീവാത്മാവിനു ഉള്ളിലെ ദുർഗുണങ്ങൾ അകറ്റി അവനെ ശുദ്ധനാക്കുന്നു 
രാമ: രമി പ്പിക്കുന്നവൾ എന്ന് അർഥം.
രമണലമ്പടാ: കാമേശ്വരനിൽ അനുരക്ത ആയ ദേവി. 


കാമ്യാ കാമകലാരൂപാ കദംബകുസുമപ്രിയാ 
കല്യാണീ ജഗതീകന്ദാ കരുണാരസസാഗരാ 73 

കാമ്യാ: ഒരുജീവാത്മാവിനും ലക്ഷ്യമായിട്ടുള്ളവൾ  
കാമകലാരൂപാ: ജീവന്റെ നിലനിൽപ്പിനു സ്ത്രീ പുരുഷ അനുരാഗം അത്യാവശ്യമാണ്. അങ്ങനെ ജീവികളെ പരസ്പരം ആകർഷണം സാധ്യമാക്കുന്നതും ദേവിയാണ് 
 കദംബകുസുമപ്രിയാ: കടമ്പിന് പൂക്കളോടു വളരെ മമത ഉള്ള ദേവി 
കല്യാണീ: മംഗളം പ്രദാനം ചെയ്യുന്നവൻ 
ജഗതീകന്ദാ: ജഗത്തിനു തന്നെ വിത്ത് ആയിട്ട് ഉള്ള ദേവി  കരുണാരസസാഗരാ :കാരുണ്യ പൂർണ  ആയ ദേവി 


കലാവതീ കലാലാപാ കാന്താ കാദംബരീപ്രിയാ 
വരദാ വാമനയനാ വാരുണീമദവിഹ്വലാ 74 

കലാവതീ: കലകൾക്ക് ഇരിപ്പിടം ആയ ദേവി , ചന്ദ്രക്കല ചൂടുന്നവൾ എന്ന് മറ്റൊരു നാമം 
കലാലാപാ:  മധുര നാദം ആലപിക്കുന്ന ദേവി, ഒപ്പം മധുര സംഗീതം പൊഴിക്കുന്ന ഭക്തരെ അനുഗ്രഹിക്കുന്നു 
കാന്താ: എല്ലാവരെയും തന്നിലേക്ക് ആകർഷിക്കുന്നവൾ 
കാദംബരീപ്രിയാ: കടമ്പിന് പൂവിൽ നിന്ന് എടുക്കുന്ന രസത്തിൽ പ്രിയമുള്ളവൾ 
വരദാ: ദേവിയെ പ്രീതി പ്പെടുത്തിയാൽ എല്ലാ വരങ്ങളും സിദ്ധിക്കുന്നു  വാമനയനാ: മനോഹരമായ കണ്ണുകളോട് കൂടിയ ദേവി  വാരുണീമദവിഹ്വലാ: മുന്തിരി ചാറിൽ മദി ച്ചിരിക്കാൻ ആഗ്രഹിക്കുന്നവൾ, ബ്രഹ്മാനന്ദത്തിൽ ലയിച്ചു ഇരിക്കാൻ ആഗ്രഹിക്കുന്ന ദേവി. 

വിശ്വാധികാ വേദവേദ്യാ വിന്ധ്യാചലനിവാസിനീ 
വിധാത്രീ വേദജനനീ വിഷ്‌ണുമായാ വിലാസിനീ 75 

വിശ്വാധികാ: വിശ്വത്തേക്കാൾ  വളർന്ന ശക്തി വിശേഷം ആണ് ദേവി  വേദവേദ്യാ: വേദാർത്ഥങ്ങളാൽ മാത്രം അറിയാൻ കഴിയുന്നവൾ. ഗുരുവിന്റെ  സമീപം വസിച്ചു ഗുരു മുഖത്തു നിന്ന് കേട്ട് ദേവീ കടാക്ഷത്തോടെ മാത്രം അറിയേണ്ടവൾ ആണ് ദേവി.   
വിന്ധ്യാചലനിവാസിനീ: വിന്ധ്യ പർവതത്തിൽ വസിക്കുന്നവൾ. 

വൈവസ്വത മന്വന്തരത്തിൽ നന്ദ ആയി അവതരിച്ചു ശുംഭ നിസുംഭ വധം കഴിഞ്ഞു ദേവി വിന്ധ്യാചലത്തിൽ വാസം തുടങ്ങി എന്ന് ദേവി മാഹാത്മ്യത്തിൽ  പറയുന്നു.
വിധാത്രീ: ഈ ലോകത്തെ സംരക്ഷിക്കുന്നവൾ എന്നും, വിധാതാവിന്റെ പത്നി എന്നും അർഥം എടുക്കാം.
വേദജനനീ: വേദത്തെ സൃഷ്ടിച്ചവൾ, അത് കൊണ്ട് വേദ ജനനി എന്ന് ദേവിക്കു പേര്.
വിഷ്‌ണുമായാ: എങ്ങും നിറഞ്ഞ ശക്തി ആയ വിഷ്ണുവിന്റെ പത്നി യും ആ ദേവി തന്നെ. 
വിലാസിനീ: ദൃശ്യ പ്രപഞ്ചം മുന്നിൽ കാണിച്ചു നമ്മെ വിഭ്രമിപ്പിക്കുന്ന ദേവി.

Comments

Popular posts from this blog

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം-അർത്ഥ സഹിതം (101-183)

udhava

ഗായത്രി